കോട്ടയം: ആലപ്പുഴ-കുമരകം ടൂറിസം ബോട്ട്‌ സർവീസ്‌ വിജയകരമായതോടെ കൂടുതൽ ടൂറിസം സർവീസ് തുടങ്ങാൻ ജലഗതാഗതവകുപ്പ്‌ ഒരുങ്ങുന്നു.

എറണാകുളം, പയ്യന്നൂർ, കൊല്ലം, കോട്ടയം, ആലപ്പുഴ, എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ പുതിയ പാസഞ്ചർ കം ടൂറിസം സർവീസുകൾ തുടങ്ങാനാണ്‌ ജലഗതാഗതവകുപ്പിന്റെ തീരുമാനം. ഇതിന് റൂട്ട്‌ സർവേ തുടങ്ങിയതായി ജലഗതാഗതവകുപ്പ്‌ ഡയറക്‌ടർ ഷാജി വി.നായർ അറിയിച്ചു.

ബജറ്റിൽ ഇതിനായി 28 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌.

കൊല്ലത്ത്‌ അഷ്‌ടമുടിക്കായൽ പയ്യന്നൂരിൽ കവ്വായി കായൽ എന്നിവ കേന്ദ്രീകരിച്ചാണ്‌ സർവീസ്‌ പരിഗണിക്കുന്നത്‌.

എറണാകുളത്ത്‌ വൈപ്പിൻ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടിപാലസ്‌, മറൈൻഡ്രൈവ്‌ എന്നിവിടങ്ങളിൽകൂടി രണ്ടര മണിക്കൂർ യാത്രയാണ്‌ ഉദ്ദേശിക്കുന്നത്‌.

ആലപ്പുഴ കേന്ദ്രീകരിച്ച്‌ വേമ്പനാട്ടുകായലിൽ ‘നൈറ്റ്‌ ക്രൂയിസ്‌’ ആണ്‌ പരിഗണിക്കുന്നത്‌. ഉച്ചയ്ക്ക് പുറപ്പെട്ട്‌ വൈകീട്ട്‌ കായലിൽ സൂര്യാസ്‌തമയം കണ്ട്‌ സഞ്ചാരികൾക്ക്‌ മടങ്ങാവുന്ന തരത്തിലാണ്‌ സർവീസ്‌.

ഡിസംബർ അവസാനമാണ്‌ ആലപ്പുഴ-കുമരകം ടൂറിസം ബോട്ട്‌ സർവീസ്‌ ആരംഭിച്ചത്‌. ഒരുമാസംകൊണ്ട്‌ പത്തുലക്ഷത്തിനടുത്താണ് വരുമാനം ലഭിച്ചത്‌.

നിലവിലെ സർവീസ്‌

രാവിലെ 11 മണിക്ക് ആലപ്പുഴയിൽനിന്നു ആരംഭിച്ച് പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി. ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം തുടങ്ങിയ സ്ഥലങ്ങളിലൂടെ വൈകീട്ട് അഞ്ചിന് തിരികെ ആലപ്പുഴയിൽ എത്തും. 40 എ.സി. സീറ്റുകളും 80 നോൺ-എ.സി. സീറ്റുകളുമാണ് ബോട്ടിലുള്ളത്.

എ.സി.സീറ്റിന് 600 രൂപയും നോൺ എ.സി. സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ, ബോട്ടിൽ നാടൻ വിഭവങ്ങളുടെ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്‌. ലൈഫ്‌ ജാക്കറ്റ് അടക്കം എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഉണ്ട്. ബോട്ടിൽ 120 പേർക്ക്‌ യാത്രചെയ്യാം.

Content Highlights: Alappuzha Kumarakom Tourism Boat Service, Kerala Water Transport Department, Kerala Tourism, Travel News