അൽ സോഹ്റ പ്രകൃതിസംരക്ഷണകേന്ദ്രം
യു.എ.ഇ.യില്‍ ശൈത്യകാലം എത്തിയതോടെ പുതിയ ഇടങ്ങള്‍ തിരഞ്ഞുപിടിച്ച് യാത്രയ്ക്കൊരുങ്ങുകയാണ് ജനങ്ങള്‍. അടുത്തിടെ ആരംഭിച്ച യു.എ.ഇ. ഹിഡ്ഡന്‍ ജെംസ് എന്ന പ്രചാരണത്തിലൂടെ രാജ്യത്തെ മറഞ്ഞിരിക്കുന്ന ഒട്ടേറെ കൗതുകകരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരക്കേറിയിരുന്നു. ശൈത്യകാലത്ത് യു.എ.ഇ.യിലെ ഭരണാധികാരികള്‍ യോഗംചേരാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രിയ ഇടമായിക്കൊണ്ടിരിക്കുകയാണ്.
വടക്കന്‍ എമിറേറ്റുകള്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ശൈത്യകാല ലക്ഷ്യസ്ഥാനമാണ്. പ്രകൃതിദത്ത കണ്ടല്വനങ്ങള്കൊണ്ട് സമൃദ്ധമായ അല്‍ സോഹ്റ പ്രകൃതിസംരക്ഷണകേന്ദ്രമാണ് അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച ഒരു ശൈത്യകാല വിനോദകേന്ദ്രം. ഇത്തിഹാദ് റോഡില്‍നിന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇവിടെ 10 ലക്ഷം ചതുരശ്രമീറ്ററിലേറെ സ്ഥലത്ത് കണ്ടല്വനങ്ങളുണ്ട്. കൂടാതെ ഫ്ളെമിംഗോ, ഈഗ്രേറ്റ്സ്, ഹെറോണുകള്‍ എന്നിങ്ങനെ 58-ഇനം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്. സന്ദര്‍ശകര്‍ക്ക് കണ്ടല്‍കാടുകള്‍ക്കിടയിലൂടെ കയാക്കിങ്ങിനും ഇവിടെ അവസരമുണ്ട്.

ഹത്തയ്ക്ക് സമീപമുള്ള മാസ്ഫൗട്ട് പര്‍വതനിരയാണ് മറ്റൊരു ആകര്‍ഷണം. ദുബായില്‍നിന്ന് ഇവിടേക്ക് ഒന്നരമണിക്കൂര്‍ യാത്രയുണ്ട്. ശൈത്യകാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണിത്. ദുബായില്‍നിന്ന് ഒരു മണിക്കൂര്‍കൊണ്ട് എത്തിച്ചേരാവുന്ന അല്‍ മനാമയാണ് മറ്റൊരിടം. ചരിത്രപരമായ കോട്ടകളുടെ മനോഹരകാഴ്ചകള്‍ ഇവിടെ കാണാം. കൂടാതെ കാട്ടുതേനിനും ഇവിടം പേരുകേട്ടയിടമാണ്. തേനീച്ചകളെ ആകര്‍ഷിക്കുന്ന അക്കേഷ്യ, ഗാഫ്, സിദ്ര്, സിംര് മരങ്ങള്‍കൊണ്ട് സമ്പുഷ്ടമാണിവിടം.
'ലോകത്തിലെ ഏറ്റവുംമികച്ച ശൈത്യകാലം' എന്ന പ്രചാരണത്തിന്റെ മൂന്നാം സീസണ് യു.എ.ഇ.യില്‍ ഈമാസം ആദ്യമാണ് തുടക്കംകുറിച്ചത്. മികച്ച ശൈത്യകാല ലക്ഷ്യസ്ഥാനമായി യു.എ.ഇ.യെ മാറ്റിയെടുക്കാന്‍ ഫെഡറല്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്.
Content Highlights: al zorah nature reserve UAE travel destinations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..