ന്യൂഡല്‍ഹി: ബിസിനസ് ക്ലാസ് ക്യാബിനില്‍ വവ്വാലിനെ കണ്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലെ നെവാര്‍ക്കിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് വൗവാലിനെ കണ്ടെത്തിയത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും നെവാര്‍ക്ക് ലക്ഷ്യമാക്കി പുലര്‍ച്ചേ 2.20 ന് വിമാനം പറന്നു. എന്നാല്‍ ടേക്ക് ഓഫ് ചെയ്തതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് ബിസിനസ് ക്ലാസ്സില്‍ വവ്വാലിനെ കണ്ടത്. ഇതോടെവിമാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കേണ്ടിവന്നു. 

ടേക്ക് ഓഫിന് മുന്‍പ് വവ്വാലിനെ ആരും കണ്ടിരുന്നില്ല. ടേക്ക് ഓഫിന് ശേഷം വവ്വാലിനെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളറെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് വിമാനം തിരിച്ച് ഡല്‍ഹിയില്‍ തന്നെ ഇറക്കിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ വവ്വാല്‍ പുറത്തേക്ക് പറന്നു. 

വിമാനം തിരിച്ചിറക്കിയ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ കയറ്റിവിട്ടു. യാത്രക്കാര്‍ രാവിലെ പതിനൊന്നരയോടെ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. 

Content Highlights: Air India flight returns after crew spots bat in cabin