കൊച്ചി ആസ്ഥാനമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് 14 വര്‍ഷം. 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയ ഖ്യാതി എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മാത്രം അവകാശപ്പെട്ടതാണ്. നിലവില്‍ ദിവസേന തൊണ്ണൂറ്റിമൂന്നും ആഴ്ചയില്‍ അറുന്നൂറ്റി നാല്‍പ്പത്തൊമ്പത് സര്‍വീസുകളും നടത്തുന്നുണ്ട് ഈ അന്താരാഷ്ട്ര വിമാന കമ്പനി.

അന്താരാഷ്ട്രാ വിമാന സര്‍വ്വീസുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളങ്ങളിലെ ഏറ്റവും വലിയ സര്‍വ്വീസ് നടത്തുന്നുണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അതില്‍ തിരുവനന്തപുരത്തു നിന്ന് മുപ്പത്തിമൂന്നും കൊച്ചിയില്‍ നിന്ന് നാല്‍പ്പത്തൊമ്പതും കോഴിക്കോട്ട് നിന്ന് അമ്പത്തിനാലും കണ്ണൂരില്‍ നിന്ന് ഇരുപത്തിമൂന്നും മംഗലാപുരത്ത് നിന്ന് മുപ്പതും  സര്‍വ്വീസുകള്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ 20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂരിലേക്കുമാണ് പ്രധാന സര്‍വ്വീസുകള്‍. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം - കൊച്ചി, തിരുവന്തപുരം - ചെന്നൈ, കൊച്ചി - കോഴിക്കോട് തുടങ്ങിയ സെക്ടറുകളിലാണ് ആഭ്യന്തര സര്‍വ്വീസുകള്‍.

Air India Express

2018 -19 വര്‍ഷം 4.34 ദശലക്ഷം പേരെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. കേരളത്തില്‍ നിന്നുള്ളവരായിരുന്നു ഇതില്‍ മുക്കാല്‍ പങ്കും. 25 ബോയിംഗ് 737- 800 വിമാനങ്ങള്‍, 17 സ്വന്തം വിമാനങ്ങളും പാട്ടത്തിനെടുത്ത എട്ട് വിമാനങ്ങളുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ മുതല്‍ക്കൂട്ട്. സീറ്റിംഗ് കപ്പാസിറ്റി 189. 2017 -18 ല്‍ 3647 കോടി വരുമാനം, കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷവും അറ്റാദായം എന്നിവ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് മാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങളാണ്. ശരാശരി എയര്‍ക്രാഫ്റ്റ് ഉപയോഗം 13.3 മണിക്കൂര്‍. 

പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിപുലമായ മുഖംമിനുക്കല്‍ പ്രവര്‍ത്തനങ്ങളാണ് കമ്പനി ചെയ്തത്. മുഴുവന്‍ വിമാനങ്ങളുടേയും സീറ്റുകള്‍ മാറ്റി ഏറ്റവും പുതിയ ടെക്‌നോളജിയിലുളള സീറ്റുകള്‍ സ്ഥാപിച്ചു. ഇന്‍ സീറ്റ് പവറുളള ഈ സീറ്റുകളില്‍ യാത്രക്കാര്‍ക്ക് മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാനുളളതടക്കമുളള സൗകര്യങ്ങളും ഉള്‍പ്പെടുത്തി. ഇ-ലെതര്‍ കവചമുള്ള പുതിയ സീറ്റുകള്‍ കൂടുതല്‍ ലെഗ്‌റൂം സൗകര്യവും ശുചിത്വവും ഉറപ്പാക്കുന്നു.

മറ്റ് ബജറ്റ് വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം, ചായ, കാപ്പി തുടങ്ങിയവ നല്‍കുന്നുണ്ട് ഈ അന്താരാഷ്ട്ര വിമാന കമ്പനി. നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പടെ തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ യാത്രപുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുളള സൗകര്യം, അധിക ബാഗേജ്, ഇഷ്ടപ്പെട്ട സീറ്റ് തുടങ്ങിയവ ഓണ്‍ലൈനായി വാങ്ങാനുളള സൗകര്യം എന്നിവയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉറപ്പാക്കുന്നു. 

വിമാനങ്ങള്‍ റദ്ദാക്കാതെ ഷെഡ്യൂളുകളില്‍ കൃത്യത പാലിച്ചതിനേ തുടര്‍ന്ന് 2018 -19 വര്‍ഷം 100 ശതമാനമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഷെഡ്യൂള്‍ ഇന്റഗ്രിറ്റി.

Content Highlights : Air India Express, 14th Anniversary