അക്ഷയ് കുമാർ ബദരീനാഥിൽ
ഷൂട്ടിങ് തിരക്കുകള്‍ക്കിടെ ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം സന്ദര്‍ശിച്ച് ബോളീവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായെത്തിയ താരത്തെ കണ്ട് ആരാധകര്‍ തടിച്ചുകൂടി. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് അക്ഷയ് കുമാര്‍ ഉത്തരാഖണ്ഡിലെത്തിയത്. നേരത്തെ പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രത്തിലും അക്ഷയ് കുമാര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പോലീസിന്റെയും സ്വകാര്യ സുരക്ഷ ജീവനക്കാരുടെയും കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്ര ദര്‍ശനം. ക്ഷേത്രത്തിലേക്കുള്ള ഹെലിക്കോപ്റ്റര്‍ യാത്രയുടെ വീഡിയോ അക്ഷയ് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ അക്ഷയ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാഴ്ചയിലേറെയായി ഉത്തരാഖണ്ഡിലുള്ള അക്ഷയ് കുമാര്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വോളിബോള്‍ കളിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ബദരീനാഥ് ക്ഷേത്രം
ചാര്‍ധാമുകളിലൊന്നായ ബദരീനാഥ് ക്ഷേത്രം ഉത്തരാഖണ്ഡില്‍ അളകനന്ദാ നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനായി സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം 108 വൈഷ്ണവാലയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. വൈഷ്ണവ വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ബദരിനാഥ് യാത്ര. സമുദ്രനിരപ്പില്‍ നിന്ന് 10,200 അടി ഉയരത്തിലുള്ള ഈ ക്ഷേത്രം, ജോഷിമഠില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ്. ശൈത്യകാലത്ത് മഞ്ഞുമൂടി കിടക്കുന്നതിനാല്‍ ആറ് മാസത്തേക്ക് ക്ഷേത്രം അടച്ചിടും.
എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിശാലപുരി, ഋഷീ ക്ഷേത്രം എന്ന പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ നിന്നുള്ള പൂജാരിമാരാണ് ഇവിടെ പൂജ നടത്തുക. ക്ഷേത്ര പ്രദേശം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Content Highlights: After Kedarnath, Akshay Kumar visits Badrinath temple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..