Photo: screengrab
മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഗായത്രി അരുണ്‍. അഭിനയത്തിന് പുറമെ വായനെയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന ഗായത്രിയുടെ ആദ്യ പുസ്തകം സമീപകാലത്ത് പുറത്തിറങ്ങിയിരുന്നു. യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന ഗായത്രി കുടുംബത്തോടൊപ്പം നടത്തുന്ന യാത്രകളുടെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. തന്റെ കുടുംബത്തോടൊപ്പം നടത്തിയ ഉത്തരേന്ത്യന്‍ യാത്രയുടെ വിശേഷങ്ങളാണ് ഗായത്രി ഇത്തവണ പങ്കുവെച്ചരിക്കുന്നത്.
ലൈഫ് സ്റ്റോറീസ് വിത്ത് ഗായത്രി എന്ന യൂടൂബ് ചാനലൂടെയാണ് ഗായത്രി തന്റെ യാത്ര സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തത്. മകളോടൊത്ത് പാരഗ്ലൈഡിങ് നടത്തുന്നതും വീഡിയോയിലുണ്ട്. ഹിമാചലിലെ ബിര്‍ ഗ്രാമത്തിലാണ് ഗായത്രി പാരാഗ്ലൈഡിങ് നടത്തുന്നത്. പാരാഗ്ലൈഡിങിന്റെ പറുദീസയെന്നാണ് ബിര്‍ അറിയപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള പാരാഗ്ലൈഡിങ് സൈറ്റ് കൂടിയാണ് ബിര്‍.
എന്നും തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന കാര്യമായിരുന്നു പാരാഗ്ലൈഡിങെന്ന് ഗായത്രി വീഡിയോയില്‍ പറയുന്നു. സുരക്ഷ കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഏറ്റവും മികച്ച പൈലറ്റുമാരും ട്രെയിനര്‍മാരുമാണ് ഇവിടെ ഉള്ളതെന്നും ഗായത്രി വ്യക്തമാക്കുന്നുണ്ട്. പാരാഗ്ലൈഡിങിന് ശേഷം രാത്രി ബിറില്‍ തന്നെ ക്യാംപിങും ചെയ്താണ് ഗായത്രിയും കുടുംബവും മടങ്ങിയത്. മാണ്ഡിയാണ് ഇവരുടെ അടുത്ത ലൊക്കേഷന്‍.
ബിര്‍ | സഞ്ചാരികളുടെ സ്വപ്‌നം
സഞ്ചാരികളുടെ പറുദീസയായ ഹിമാചലിലെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് ബിര്‍. ടിബറ്റന്‍ അഭയാര്‍ഥികളാണ് ബിര്‍ നിവാസികളില്‍ കൂടുതലും. സാഹസിക വിനോദ സഞ്ചാരത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ബിര്‍. ഇന്ത്യയുടെ പാരഗ്ലൈഡിങ് തലസ്ഥാനമെന്നും ബിര്‍ അറിയപ്പെടാറുണ്ട്.
എല്ലാ വര്‍ഷവും ഒക്ടോബറില്‍ ബിറില്‍ നടക്കുന്ന പാരാഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പ് ലോകത്തിലെ തന്നെ പ്രധാന പാരാഗ്ലൈഡിങ് മത്സരങ്ങളിലൊന്നാണ്. ഇതില്‍ പങ്കെടുക്കാനും കാണാനുമായി നിരവധി സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്താറുണ്ട്. ഹാങ് ഗ്ലൈഡിങാണ് മറ്റൊരു പ്രധാന ഇനം. എല്ലാ കാലാവസ്ഥകളിലും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഹിമാചലിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബിര്‍.
Content Highlights: actress gayathri arun paragliding bir himachal pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..