അബുദാബി: അബുദാബി നാഷണൽ അക്വേറിയം വെള്ളിയാഴ്ച്ച പൊതുജനങ്ങൾക്കായി തുറക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം എന്ന ഖ്യാതിയുമായാണ് അക്വേറിയം പ്രവർത്തനമാരംഭിക്കുന്നത്. സന്ദർശകർക്ക് സാഹസികത നിറഞ്ഞതും കൗതുകമുണർത്തുന്നതുമായ വിനോദങ്ങളിലേർപ്പെടാനാവും എന്നതാണ് ഇവിടത്തെ പ്രത്യേകത. അൽ ഖാനയിലാണ് ഈ അക്വേറിയം നിർമിച്ചിരിക്കുന്നത്.

25 ഇനത്തിലുള്ള 200 വമ്പൻ സ്രാവുകൾ, 46,000 മറ്റ് ജീവജാലങ്ങൾ എന്നിവയെ കാണാനാവും. ഇന്ന് ജീവിച്ചിരിക്കുന്നതിൽ ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പും സമുദ്ര ജീവിവർ​ഗങ്ങളുടെ അപൂർവ കാഴ്ചകളും അക്വേറിയത്തിന്റെ പ്രത്യേകതയാണ്.

വെള്ളത്തിലിറങ്ങി രണ്ട് മീറ്ററോളം നീളമുള്ള സ്രാവുകൾക്ക് ഭക്ഷണം നൽകാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. കണ്ണാടി പാലത്തിലൂടെയുള്ള സാഹസിക നടത്തം, ​ഗ്ലാസ് ബോട്ട് ടൂർ, അക്വേറിയം ടൂർ, തുടങ്ങിയ വ്യത്യസ്ത വിനോദപരിപാടികളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇടയ്ക്ക് മത്സ്യങ്ങൾക്ക് തീറ്റ നൽകുകയുമാവാം.

 

2000-ഓളം കടലാമകൾക്ക് ഇവിടെ സംരക്ഷണവുമൊരുക്കിയിരിക്കുന്നത്.105 ദിർഹമാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് ജീവജാലങ്ങളേക്കുറിച്ച് പഠിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ നൽകുന്ന അക്വേറിയത്തിലേക്ക് പ്രതിവർഷം 50,000 വിദ്യാർത്ഥികളേയാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Abu Dhabi to open National Aquarium, UAE tourism, Al Qana