ബുദാബി: അന്താരാഷ്ട്ര യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് ഭാഗമായി ഇത്തിഹാദ് എയര്‍വേയ്സ് അയാട്ട ട്രാവല്‍ പാസ് വിപുലമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യമായി വരുന്ന യാത്രാ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഡിജിറ്റല്‍ പരിഹാര മാര്‍ഗമായാണ് അയാട്ട ട്രാവല്‍ പാസ് വികസിപ്പിച്ചിരിക്കുന്നത്. അബുദാബിയില്‍നിന്ന് ബാങ്കോക്ക്, ബാഴ്സലോണ, ജനീവ, മാഡ്രിഡ്, മിലാന്‍, ന്യൂയോര്‍ക്ക്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് അയാട്ട ട്രാവല്‍ പാസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍, പി.സി.ആര്‍. പരിശോധനാ ഫലങ്ങള്‍ തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വിമാനകമ്പനികള്‍ക്കും ഓരോ രാജ്യങ്ങളുടെയും എന്‍ട്രി പോയന്റുകളിലും കൈമാറുന്നതിനും സഹായകരമായ ഡിജിറ്റല്‍ ആപ്ലിക്കേഷനാണ് അയാട്ട പാസ്.

2021 ഏപ്രിലില്‍ ആഗോളതലത്തില്‍ അയാട്ട ട്രാവല്‍ പാസ് പരീക്ഷിക്കാന്‍ ആരംഭിച്ച ആദ്യത്തെ എയര്‍ലൈനുകളില്‍ ഒന്നാണ് ഇത്തിഹാദ് എയര്‍വേയ്സ്. യാത്രക്കാര്‍ക്ക് ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍നിന്ന് അയാട്ട ട്രാവല്‍ പാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത്തിഹാദ് എയര്‍വേസിലെ യാത്രാവിവരങ്ങളും കോവിഡ് വാക്‌സിന്‍, പി.സി.ആര്‍. വിവരങ്ങളും അപ്ലോഡ് ചെയ്താല്‍ മതിയാകും. ആഗോളതലത്തില്‍ വാക്‌സിനുകള്‍ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അയാട്ട ട്രാവല്‍ പാസ് തയ്യാറാക്കിരിക്കുന്നത്.

Content highlights : abu dhabi's etihad allows iata travel pass in now york and singapore