ട്രാമില്‍ വരെ മ്യൂസിയം നിര്‍മിച്ച് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുകയാണ് കൊല്‍ക്കത്ത. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ കൊല്‍ക്കത്തയിലെ ചില ട്രാമുകള്‍ ചെറിയ മ്യൂസിയങ്ങളായി മാറി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളെല്ലാം ട്രാമിലുള്ളില്‍ കയറിയാല്‍ കാണാം.

വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റും കൈകോര്‍ത്താണ് ഈ പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി ഫിര്‍ഹാദ് ഹക്കിം മ്യൂസിയം ഉദ്ഘാടനം ചെയ്തു. ചക്രത്തിലോടുന്ന ഈ മ്യൂസിയം ജനുവരി വരെ ഇതുപോലെ സംരക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ബംഗാള്‍ നല്‍കിയ മഹത്തരമായ സംഭാവനകളും ട്രാമുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. രണ്ട് ട്രാമുകളിലായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 1900 നും 1947 നും ഇടയിലുള്ള ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട എല്ലാ മുന്നേറ്റങ്ങളും ട്രാമില്‍ കാണാനാകും. 

ട്രാമിലേക്കുളള പ്രവേശനം സൗജന്യമാണ്. സഞ്ചാരികള്‍ കയറിക്കഴിഞ്ഞാല്‍ ട്രാം നഗരത്തിലൂടെ സഞ്ചാരം നടത്തും. ഇതുപോലെ നിരവധി ട്രാമുകള്‍ പുതിയ രീതിയില്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

Content Highlights: A museum based on Indian freedom struggle opened inside the trams of Kolkata