തൃശ്ശൂര്‍: ചിത്രന്‍ നമ്പൂതിരിപ്പാടിന് വയസ്സ് 98. ഒപ്പമുള്ള 106 പേരില്‍ നാല്‍പ്പതില്‍ താഴെയുള്ളത് 15 പേര്‍. ബാക്കിയെല്ലാം അറുപതുമുതല്‍ തൊണ്ണൂറിലേറെവരെ പ്രായമുള്ളവര്‍. 45 സ്ത്രീകള്‍. 44ാം ഹിമാലയയാത്രയാണ് ഇത്തവണ ഈ കൂട്ടായ്മയുടേത്. ആണ്ടുതോറുമുള്ള ഈ സഞ്ചാരം മുടക്കാത്ത സംഘം കേരളത്തിലെ ഏറ്റവും വലിയ ഹിമാലയന്‍ യാത്രാക്കൂട്ടായ്മയാണ്.

എഴുപതിലെത്തിയ നാഗര്‍കോവിലുകാരന്‍ കൃഷ്ണന്‍ നായരാണ് കണ്‍വീനര്‍. വിദ്യാഭ്യാസചിന്തകനും മുന്‍ അധ്യാപകനുമായ തൃശ്ശൂരില്‍നിന്നുള്ള പി. ചിത്രന്‍ നമ്പൂതിരിപ്പാട് സംഘത്തിലെ ഏറ്റവും മുതിര്‍ന്ന അംഗവും. പ്രായമിത്രയായിട്ടും മഞ്ഞുമലകളിലെ തണുപ്പോ വഴികളില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളോ ഒന്നും നമ്പൂതിരിപ്പാടിനും കൂട്ടര്‍ക്കും പ്രശ്‌നമല്ല. കൂട്ടായ്മയിലെത്തി തുടര്‍ച്ചയായി 28ാം കൊല്ലമാണ് നമ്പൂതിരിപ്പാടിന്റെ യാത്ര. അതിനുമുമ്പ് നാലുവട്ടം അദ്ദേഹം ഹിമവാനെ കണ്ടിട്ടുണ്ട്. അങ്ങനെ ആകെ 32 തവണ.

രണ്ടാഴ്ച വൈകിയായിരുന്നു ഇത്തവണത്തെ യാത്ര തുടങ്ങിയതെങ്കിലും കാലാവസ്ഥ അനുകൂലമായിരുന്നെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. വഴിയിലും തടസ്സമൊന്നും ഉണ്ടായില്ല. സംഘത്തിലെ അഞ്ചുപേര്‍ പാചകപ്പണി ഏറ്റെടുത്തതിനാല്‍ നാട്ടിലെ വിഭവങ്ങള്‍ ഒരുക്കി. ഭക്ഷ്യസാധനങ്ങള്‍ കരുതിയിരുന്നു. ചിലര്‍ക്ക് ജലദോഷത്തിന്റെ പ്രയാസം മാത്രമേയുണ്ടായുള്ളൂവെന്ന് പെരുമ്പാവൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഇടത്താവളമായ രാംപുര്‍ ഗ്രാമത്തില്‍നിന്ന് കേദാര്‍നാഥിലേക്ക് ഹെലികോപ്റ്ററിലായിരുന്നു യാത്ര. യമുനോത്രിയിലേക്ക് കുതിരപ്പുറത്തും. കേരളത്തില്‍നിന്ന് ഡല്‍ഹിവരെ തീവണ്ടിയിലും അവിടന്ന് വാഹനമെത്തുന്ന സ്ഥലങ്ങളിലേക്ക് ബസുകളിലുമായിരുന്നു സഞ്ചാരം. ബദരീനാഥ്, ഗംഗോത്രി, ഉത്തരകാശി, മഥുര തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയ യാത്രയ്ക്ക് രണ്ടാഴ്ചയാണ് ഇവര്‍ മാറ്റിവെച്ചത്. വൈകാതെ ഇവര്‍ കേരളത്തിലേക്ക് തിരിക്കും.

ഗാന്ധിശിഷ്യനായിരുന്ന അംബികാനന്ദസ്വാമിയാണ് സംഘടിതമായ യാത്ര ഇത്തരത്തില്‍ രൂപപ്പെടുത്തിയതും ആദ്യം നയിച്ചിരുന്നതും. പിന്നീടത് വിപുലമാവുകയായിരുന്നു. കാസര്‍കോട് മുതല്‍ എല്ലാ ജില്ലകളിലെയും ആള്‍ക്കാരുണ്ട് യാത്രയ്ക്ക്. കൂടുതല്‍പേര്‍ തിരുവനന്തപുരത്തുനിന്ന്. രണ്ടാമത് തൃശ്ശൂരുകാരും.