എടക്കര: കാലമേറെ കഴിഞ്ഞിട്ടും എങ്ങുമെത്താതെ വഴിക്കടവിലെ 'ഗേറ്റ് വേ ഓഫ് മലബാര്‍' പദ്ധതി. വിനോദസഞ്ചാരമേഖലയില്‍, ജില്ലയുടെ വികസനക്കുതിപ്പിന് സഹായകരമാകുമെന്ന് കരുതി തുടക്കമിട്ട പദ്ധതിയാണ് പാതിവഴിയില്‍ മുടങ്ങികിടക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം സര്‍വേ വകുപ്പിന്റെ ഫയലുകളില്‍ ഇപ്പോഴും  നിദ്രയിലാണ്.

കാരക്കോടന്‍ പുഴയിലെ കെട്ടുങ്ങല്‍ കടവില്‍ വിനോദസഞ്ചാരവകുപ്പിന്റെ സഹായത്തോടെ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം അഞ്ചുവര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന അതിര്‍ത്തിയിലുള്ള പ്രദേശം നിലമ്പൂര്‍ ടൂറിസം ഇടനാഴിയുടെ ഭാഗമായ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇടത്താവളമെന്ന നിലയിലാണ് പദ്ധതി തയ്യാറാക്കപ്പെട്ടത്.

കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലകളെക്കുറിച്ച് വിവരംനല്‍കുന്ന കേന്ദ്രം, ബോട്ടിങ്, നീന്തല്‍ക്കുളം, പ്രദര്‍ശന ഹാള്‍, നിലവിലുള്ള പാലത്തിന് മേല്‍ക്കൂര, ആറടി വീതിയില്‍ ഫുട്പാത്ത്, വനവിഭവങ്ങളുടെ വില്‍പ്പനകേന്ദ്രം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോധോപാധികളുടെ കേന്ദ്രം, പൂന്തോട്ടം മുതലായവയാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്.

മൂന്നരക്കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ച് കെട്ടുങ്ങലില്‍ പുഴയുടെ ആഴവും വീതിയും കൂട്ടുകയും സംരക്ഷണഭിത്തി നിര്‍മിക്കുകയും ചെയ്തിരുന്നു. പഴയ നടപ്പാലത്തിനു പകരമായി പുതിയ പാലം ,മണിമൂളി പാടശേഖരത്തേക്ക് ജലസേചന കനാല്‍ എന്നിവ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു.

കാരക്കോടന്‍ പുഴയോടുചേര്‍ന്ന് നടപ്പാത പണിയാന്‍ മൂന്നുമീറ്റര്‍ വീതിയില്‍ സ്ഥലം നല്‍കാനുള്ള അനുമതിപത്രം 33 ആളുകള്‍ നല്‍കിയിരുന്നുവെങ്കിലും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാരണത്താല്‍ സൗജന്യമായി കിട്ടിയ സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ സര്‍വേ വിഭാഗം തയ്യാറായിട്ടില്ല. തുടര്‍ന്ന് 2019 ഫെബ്രുവരി മൂന്നിന് അന്നത്തെ ജില്ലാകളക്ടര്‍ അമിത് മീണ സ്ഥലം സന്ദര്‍ശിക്കുകയും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതിക്കുള്ള സ്ഥലം അളന്നുതിട്ടപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

കളക്ടര്‍ സ്ഥലം മാറിപ്പോയതോടെ പദ്ധതിയുടെ ഗതി മാറി. ദാനംകിട്ടിയ സ്ഥലം അളക്കാന്‍ ആളില്ല എന്ന തലക്കെട്ടില്‍ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ, മുന്‍ ജില്ലാ കളക്ടറും വഴിക്കടവ് സ്വദേശിയുമായ എം.സി. മോഹന്‍ദാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി പ്രവര്‍ത്തിച്ചത്.

പദ്ധതി തുടങ്ങാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം വിട്ടുനല്‍കിയ ആളുകളുടെ യോഗം അടിയന്തരമായി വിളിച്ചുകൂട്ടി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുംപടി, വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍ എന്നിവര്‍ പറഞ്ഞു.

Content Highlights: 'gateway of malabar' project reaches nowhere