മഹാരാഷ്ട്രയിലെ കോലാപ്പുര്‍ നഗരത്തില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പട്ടാന്‍ കൊടോളി ഗ്രാമം. ബിര്‍ദേവ് ക്ഷേത്രം കേന്ദ്രീകരിച്ച് വൈശാഖ മാസത്തില്‍ പട്ടാന്‍ കൊടോളി ഉത്സവം ആഘോഷിക്കപ്പെടുന്നു. ആട്ടിടയ സമുദായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ഈ മഞ്ഞള്‍ ഉത്സവത്തില്‍ പങ്കെടുക്കാനും തങ്ങളുടെ ബാബയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനും പതിനായിരങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു.
വൈഷ്ണവാവതാരമായി കരുതുന്ന ശ്രീ വിറ്റല്‍ ബിര്‍ദേവ് മഹാരാജാവിന്റെ ജന്മദിനാഘോഷമായിട്ടാണ് പട്ടാന്‍ കൊടോളി ഉത്സവം കൊണ്ടാടുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആട്ടിടയസമുദായത്തില്‍ പെടുന്നവര്‍ ഉത്സവാഘോഷത്തിനായി ഇവിടെ ഒത്തുചേരുന്നു. ദൈവദൂതനായി കരുതപ്പെടുന്ന ബാബ രാവിലെ പതിനൊന്നു മണിയോടുകൂടി ക്ഷേത്രത്തില്‍ നിന്ന് വെളിയിലുള്ള മൈതാനത്ത് ഭക്തരെ നേരിട്ട് അനുഗ്രഹിക്കാന്‍ എത്തും. വര്‍ഷംതോറും വിശ്വാസികളുടെ എണ്ണം കൂടിവരുകയാണ് എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസിനെ സഹായിക്കാന്‍ അര്‍ധസൈനിക വിഭാഗവും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും നന്നേ പാടുപെടേണ്ടിവന്നു. തൃശ്ശൂര്‍ പൂരത്തിന് സമാനമായ ആള്‍ക്കൂട്ടം, അധഃകൃതന്റെ ആഘോഷമായതിനാലാവാം ഈയൊരു ജനസഞ്ചയത്തെ ഉള്‌ക്കൊള്ളാനുള്ള സൗകര്യങ്ങളൊന്നുംതന്നെ ഒരുക്കിയിരുന്നില്ല. അടിസ്ഥാനസൗകര്യങ്ങള്‍ നന്നേ കുറവാണ്. എങ്കിലും ഉത്സവത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള ഫോട്ടോഗ്രാഫര്‍മാര്‍ എത്തിച്ചേരുന്ന ഒരിടംകൂടിയാണ് ഇവിടം.
ഭണ്ഡാര എന്നറിയപ്പെടുന്ന മഞ്ഞക്കുറി തന്നെയാണ് പ്രസാദമായി നല്‍കുന്നത്. ദര്‍ശനസമയത്ത് ബാബയില്‍ അര്‍പ്പിക്കുന്ന ഭണ്ഡാര അവിടെനിന്നും പ്രസാദമായി സ്വീകരിച്ച് ഓരോരുത്തരും അവരുടെ ഭവനങ്ങളില്‍ കൊണ്ടുപോയി സൂക്ഷിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രസാദമായി വാങ്ങിയ ഭണ്ഡാര പൂജാമുറിയില്‍ സൂക്ഷിക്കുന്നതിനുള്ളതാണ്. മുറിവിനും മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നായും അവര്‍ ഇതിനെ കാണുന്നു.
2020 ജനുവരി ലക്കം യാത്രാ മാസികയിൽ സുധീഷ് കോമത്ത് എഴുതിയ യാത്രാവിവരണത്തിൽ നിന്നും....
മഞ്ഞള്‍ ഉത്സവത്തെക്കുറിച്ചും മഹാരാഷ്ട്രയിലെ മറ്റുകാഴ്ചകളെക്കുറിച്ചും കൂടുതലറിയാന്‍ 2020 ജനുവരി ലക്കം യാത്രാ മാസിക വായിക്കൂ
Content Highlights: manjal utsavam Maharashtra yathra magazine