ഴ തൂങ്ങി നിൽക്കുന്ന പകൽ.
നരിനടയിൽ ഒരു തോണി യാത്രികരെ കാത്തിരിക്കുന്നു.
മലകളാൽ ചുറ്റപ്പെട്ട ദേശം.
അവിടെ ശാന്തമായി പരന്ന് കിടക്കുന്നു പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണി.

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണിയുടെ ഭാഗമായ പ്രദേശം

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽനിന്ന് നരിനടയിലേക്കുള്ള പാതയിൽ അധികം വൈകാതെ റിസർവോയർ കാണാം. കനത്ത മഴക്കാലത്ത് അവിടെയും വെള്ളം കയറും. ഇപ്പോൾ ഈ ഇടത്ത് നിറയെ പുല്ല്, നല്ല കാഴ്ച. വണ്ടി നിർത്തിയ മരച്ചുവട്ടിൽനിന്ന് കാണാം ആ തോണി. നിഖിലിന്റെ തോണിയാണ്. വാങ്ങിയിട്ട് അധികം കാലമായില്ല. വെള്ളത്തിലേക്ക് വളഞ്ഞ് ചാഞ്ഞു കിടക്കുന്ന ആ തൊടി നിറയെ വാഴയും കപ്പയുമാണ്. ഒരു പാത്രത്തിൽ ചായയും രണ്ടു ഗ്ലാസുമായി നിഖിൽ ആ തൊടിക്കിടയിലെ ഒറ്റയടിപ്പാതയിറങ്ങി വന്ന് തോണി തള്ളി, തുഴയിട്ട് അതാ വരുന്നു ഞങ്ങടെ നേർക്ക്.

കൈയുയർത്തി അഭിവാദ്യം,
കൈകളുയർത്തി മൂന്ന് പേരുടെ പ്രത്യഭിവാദ്യം.
അജ്മൽ ആദ്യം കയറി. അവനീ നാട്ടുകാരനാണ്. ഈ ഇടത്തേയും വെള്ളത്തേയും അറിയാവുന്നവൻ. രണ്ടാമത്തെ മാത്രം തോണിയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഞാൻ രണ്ടാമതായി കയറി. പ്ലസ് വൺ കാലത്തെ ആദ്യ തോണിയാത്ര മറന്നിട്ടില്ല. വേളൂർ വെസ്റ്റിലെ കടവിൽനിന്ന് തോരായിക്കടവിലേക്കുള്ള ആ വലിയ തോണിയിൽ ഞങ്ങൾ കുറേപ്പേരുണ്ടായിരുന്നു. 

Peruvannamuzhi

എനിക്കു പിന്നാലെ ഹരിയും കയറി. ജലയാത്ര തുടങ്ങി. ഒരു ഭാഗത്ത് അക്കേഷ്യയാണ്. പ്ലാന്റേഷൻ. തീരത്തോട് ചേർന്ന് ഏറെ മരങ്ങൾ വെള്ളത്തിൽ വീണ് കിടക്കുന്നു. പഴകി ദ്രവിച്ച് തുടങ്ങിയ ആ തടികൾക്ക് കറുപ്പു നിറം. ചിലത് പാതി മുറിഞ്ഞ് വെള്ളത്തിൽ വീണതാണ്. ചിലത് വേരോടെ മറിഞ്ഞു വീണു. അടുത്തത് ഞാനെന്ന ഭാവത്തിൽ വേറെ ചിലത്. തീരത്തിന്റെ സൗന്ദര്യം ഈ വീഴ്ചകൾ കൂടിയാണെന്ന് തോന്നുന്നു. നിറഞ്ഞ പച്ചപ്പിനിടയിലെ കറുത്ത, സുന്ദര കാഴ്ചകൾ.

തോണി മുന്നോട്ട് തന്നെ. ചെറു തുരുത്തുകൾ, തീരത്തെ പാറക്കൂട്ടങ്ങൾ. ദേശാടനപ്പക്ഷികളുടെ ഒരു കൂട്ടം അകലെ പറന്നു പോകുന്നു. അരികെ കാട്ടിൽ പക്ഷികളുടെ നേർത്ത ശബ്ദം. കാട് വെള്ളത്തോട് ചേരുന്ന പലയിടങ്ങളിൽ ആനപ്പിണ്ടം കണ്ടു, അധികം പഴക്കമില്ലാത്തത്. അതിനടുത്തെ കുറ്റിക്കാടുകളിൽ ചെടികളെല്ലാം വകഞ്ഞുമാറ്റി ആന വന്നു പോയ വഴികൾ. ആന കൂടുതലായി പ്ലാന്റേഷൻ ഭാഗത്തേയ്ക്ക് പോകുന്നുണ്ടെന്ന് നിഖിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പോത്തിനെ കടുവ അക്രമിച്ചെന്നും നാട്ടിൽ വാർത്തയുണ്ട്. അതിന്റെ ഭീതിയും ജനങ്ങൾക്കുണ്ട്. ഇതിനും പുറമെയാണ് മാവോയിസ്റ്റ് കഥകൾ.

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണിയുടെ ഭാഗമായ പ്രദേശം

അതാ.... നിഖിൽ ചൂണ്ടിക്കാട്ടി. അവിടെയാണ് കുറച്ച് ദിവസം മുൻപ് മാവോയിസ്റ്റുകൾ വന്നത്. തോക്കൊക്കെ കയ്യിലുണ്ടായിരുന്നു. താമസക്കാരെ ആകെ വിളിച്ചിരുത്തി യോഗവും നടത്തിയാണ് അവര് പിരിഞ്ഞു പോയതെന്ന്  പറയുന്നു. എന്താണ് മാവോയിസ്റ്റുകൾ ജനങ്ങളോട് പറഞ്ഞതെന്ന് നിഖിലിനോട് ചോദിച്ചു. ചക്കിട്ടപ്പാറയിലെ മലകൾ തുറന്ന് പരിസ്ഥിതിയെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു, ഇവിടെ ടൂറിസം സജീവമാക്കി ജനങ്ങളുടെ സ്വസ്ഥമായ ജീവിതം ഇല്ലാതാക്കാനുള്ള ശ്രമവുമുണ്ട് എന്ന് മാവോയിസ്റ്റുകൾ ജനങ്ങളോട് പറഞ്ഞതായി കേട്ടുവെന്ന് നിഖിൽ.

ഇവിടത്തെ മലനിരകളിൽനിന്ന് ഇരുമ്പയിര് ഖനനം നടത്താനുള്ള ഒരു പദ്ധതിയെക്കുറിച്ച് കേട്ടിരുന്നു. അത് വന്നാൽ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതു ശരിതന്നെ. പക്ഷേ, ടൂറിസത്തെ എന്തുകൊണ്ടാണ് മാവോയിസ്റ്റുകൾ എതിർക്കുന്നത് എന്ന ചോദ്യം ബാക്കി കിടക്കുന്നു. നിഖിലിനെപ്പോലെ നിരവധി പേർക്ക് അവരുടെ ജീവിതം കൂടുതൽ സുന്ദരമാക്കാൻ പുതിയ ടൂറിസം പദ്ധതികൾ ഗുണം ചെയ്യും.

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണിയുടെ ഭാഗമായ പ്രദേശം

മഴമേഘം മാറി. വെയിൽ കനത്തു. യാത്ര തുടരുക തന്നെ. തോണിയാത്രയുടെ ഭയം മാറിയിട്ടുണ്ട്. വലതുവശത്താകെ കടുംപച്ചയിൽ കാട്. ഇടതൂർന്ന കാട്. ഗംഭീര കാഴ്ച. വഴിയിൽ വെള്ളത്തിൽ പൊങ്ങിനിന്ന് കമ്പുകൾ താൽക്കാലിക തുഴയാക്കി ഞങ്ങളെല്ലാം തുഴഞ്ഞ് തുടങ്ങി. അകലെ ഒരു ഒഴുക്കിന്റെ ശബ്ദം. എവിടെ നിന്നോ ഒഴുകിയെത്തുന്ന വെള്ളം റിസർവോയറിൽ പതിക്കുന്നതാണ്. ഇവിടെ ആഴം കുറവാണ്, ചളി നിറഞ്ഞ ചതുപ്പെന്ന് നിഖിൽ. ഇപ്പോൾ കാഴ്ചയിൽ എല്ലായിടത്തും നല്ല കാടാണ്. നടുവിൽ ശാന്തതയോടെ, തെളിഞ്ഞ വെള്ളം. ആ ശബ്ദം അടുത്തു വരുന്നു. ഏതോ പാറയിടുക്കിൽനിന്ന് തുള്ളികളായ് തുടങ്ങി അരുവിയായൊഴുകി, തോടായി, ചെറുപുഴയായി ഈ സംഭരണിയിൽ പതിക്കുന്നു ഒരു സുന്ദര കാഴ്ച.

തോണി ആ കാഴ്ചയിലേക്ക് അടുത്തു കൊണ്ടേയിരിക്കുന്നു. വശങ്ങളിൽ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നാലാൾപ്പൊക്കത്തിൽ വളർന്ന മരങ്ങൾ, അവയിൽ തൂങ്ങിയാടുന്ന വള്ളികൾ, അവിടെ ഒച്ചവെയ്ക്കുന്ന കിളികൾ. ഹാ... എന്തൊരു കാഴ്ച...! അനുഭൂതി. തോണിയടുപ്പിച്ച് ആ തെളിനീരിലേക്ക് ചാടി. ആ കാടിന്റെ തണുപ്പ് മുഴുവൻ ഞങ്ങളേ തഴുകി ഒഴുകി. ആ വെള്ളം വാരിക്കുടിച്ചു. അകലേയ്ക്ക് അതു വഴിയേ നടന്നു പോയി.

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണിയുടെ ഭാഗമായ പ്രദേശം

ഈ വനമധ്യത്തിലെ നിറഞ്ഞ തണുപ്പിൽ, ഈ പച്ചപ്പിൽ, ഈ തെളിനീരിൽ ഞങ്ങൾ മാത്രം. സമയമെത്രയോ കടന്നു പോയി. തിരികെ തോണി കയറുമ്പോഴേക്ക് ഈ ഇടത്തേയ്ക്ക് തന്നെയുള്ള അടുത്ത യാത്രയ്ക്കുള്ള പദ്ധതി തയ്യാറാണ്. ആ വരവിൽ ഞങ്ങൾ മാത്രമല്ല, കുറച്ച് പേർ കൂടി. ഒരു രാവും ഒരു പുലർകാലവും ഈ ഇടത്ത്.

Peruvannamuzhi

റെയ്ഞ്ച് തീരെ കിട്ടിയിരുന്നില്ല. തോണി നീങ്ങിയപ്പോഴാണ് ഉമ്മയുടെ വിളി വന്നത്. ''ഇതിവിടെ ഉണ്ടാക്കി വെച്ചിട്ട് കുറച്ച് നേരമായി'' എന്ന് ഓർമ്മപ്പെടുത്താനാണ് ഉമ്മ വിളിച്ചത്. ഹരിക്ക് തൈര് വാങ്ങാൻ മറക്കണ്ട എന്നും പറഞ്ഞു. അജ്മലിന്റെ ഉമ്മയാണ്. മൂപ്പര് ബീഫിന്റെ എല്ല് ഇട്ട് റെഡിയാക്കിയ കപ്പ ബിരിയാണി കാത്തിരിപ്പാണ്. തൈരില് മുളകും ഇഞ്ചിയും ചതച്ചിട്ടതും കൂട്ടി ബീഫ് ബിരിയാണി കഴിച്ച് യാത്ര പൂർത്തിയാക്കി.

സന്തോഷം.
നന്ദി, നരിനടയ്ക്കും
നിഖിലിനും.

 

Content Highlights: Peruvannamuzhi Reservoir boat journey