ബാണാസുരസാഗറിന് എന്നും മനോഹാരിതയാണ്. ആര്‍ത്തുപെയ്യുന്ന മഴക്കാലത്ത് മാത്രമല്ല കടുത്ത വേനലിലും അണക്കെട്ട് പരിസരം സഞ്ചാരികളെ കൊണ്ട് നിറയും. ചുവന്ന കുന്നുകള്‍ക്ക് താഴെ വെള്ളത്തിലമര്‍ന്ന് പോയ റോഡുകളെയും പാലങ്ങളെയും തിരികെ വിളിച്ച് ബാണാസുര സാഗറിന്റെ തീരം സഞ്ചാരികളെ തലോടും. പ്രധാന കവാടങ്ങള്‍ ഒഴുക്കി അണക്കെട്ടിന്റെ തുറസ്സായ വൃഷ്ടി പ്രദേശങ്ങളിലേക്കായിരുന്നു സഞ്ചാരികളുടെ യാത്രകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തരിയോട് എന്ന ഗ്രാമത്തെയും ആയിരക്കണക്കിന് കുടുംബങ്ങളെയും വെള്ളത്തില്‍ മുക്കിയ അണക്കെട്ടിന്റെ അടിത്തട്ടുകള്‍ കാഴ്ചകളിലേക്ക് തെളിഞ്ഞു. പഴയ റോഡുകളും പാലങ്ങളും വിദ്യാലയവും പോലീസ് സ്റ്റേഷനും പള്ളിയും അമ്പലവുമെല്ലാം അടിത്തട്ടില്‍ നിന്നും ഒരിക്കല്‍ക്കൂടി ഓര്‍മകള്‍ക്ക് ജീവന്‍ നല്‍കി.

Banasurasagar 1

മലനിരകള്‍ക്ക് താഴെ വിശാലമായ പ്രദേശം. ധാരാളം വയലുകളും പൊന്നുവിളയുന്ന കൃഷിയിടങ്ങളും. വിയര്‍പ്പൊഴുക്കിയ മണ്ണില്‍ ജീവിതം വേരാഴ്ത്തി നിന്നപ്പോള്‍ അപ്രതീക്ഷിതമായിരുന്നു ആ കേള്‍വികള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതും ആദ്യത്തേതുമായ മണ്ണണ ഇവിടെ വരുന്നു. എല്ലാവരും ഒഴിഞ്ഞുപോകണം. അതുവരെയും തലമുറകളായി ഗതകാല വയനാടിന്റെ ബ്രിട്ടീഷ് അധിനിവേശത്തിനെല്ലാം സാക്ഷ്യമായി നിന്നവരുടെ തലമുറകള്‍ക്കെല്ലാം ഈ വാര്‍ത്ത അവിശ്വസനീയമായി തോന്നി. അത് സത്യമാകാന്‍ നാളുകള്‍ വേണ്ടി വന്നില്ല. വര്‍ഷത്തില്‍ കോരിച്ചൊരിഞ്ഞ പെയ്യുന്ന മഴയുടെ ആരവങ്ങളില്‍ നിറഞ്ഞു നിന്ന ഗ്രാമത്തിന് മുകളിലേക്ക് ഒരു ജലാശയം കൈനീട്ടാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുകയായി. തരിയോട് മലനിരകളില്‍ നിന്നും  സദാസമയം അലയടിച്ച് കുതിച്ചെത്തിയ കാട്ടരുവികള്‍ ജീവന്‍ നല്‍കിയ കരമാന്‍ തോടിനെ തടയാന്‍ പദ്ധതികളായി. ഒഴിയാന്‍ മനസ്സുകൊണ്ട് മടിച്ചവര്‍ക്കെല്ലാം പിടിച്ചു നില്‍ക്കാന്‍  കഴിയാതെയായി. ഇങ്ങനെ ഒരിക്കല്‍ ഈ ഗ്രാമങ്ങളെയും അവര്‍ പങ്കുവെച്ച സൗഹൃദങ്ങളെയും പാതിവഴിയില്‍ ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയവരുടെ ഓര്‍മകള്‍ കൂടിയാണ് ഇന്ന് ഈ ജലാശയം.

Banasurasagar 2

1962 മുതലാണ് ഇവിടെ ഇങ്ങനെയൊരു അണക്കെട്ടിന്റെ സാധ്യതകളിലേക്ക് അധികൃതരുടെ നോട്ടം വീഴുന്നത്. പതിയെ പതിയെ ഇതിന്റെ സാധ്യതകളിലേക്ക് ഇവര്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.80 കളില്‍ പദ്ധതിക്ക് അംഗീകാരമായി. ആദ്യമൊക്കെ ഈ വാര്‍ത്തകള്‍ ബലപ്പെട്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ ചെറുത്തുനില്‍പ്പും പ്രതിഷേധങ്ങളുമായി നിന്നു. ഒടുവില്‍ ഇതിനെയെല്ലാം മറികടന്ന് 1982 മുതല്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി. ഇവിടെ നിന്നും പിന്നെ മുറിവുണങ്ങാത്ത പലായനത്തിന്റെ വ്യഥകളും തുടങ്ങുകയായി.

Banasurasagar 3

ആറു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. അണക്കെട്ടിന്റെ ഉയരം മൂന്ന് മീറ്റര്‍ കൂടി ഉയര്‍ത്താന്‍ ധാരണയായതോടെ പിന്നെയും സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി. അതോടെ തരിയോട് എന്ന ദേശത്തിന്റെ മുക്കാല്‍ഭാഗവും വെളളത്തില്‍ മുങ്ങുമെന്നുറപ്പായി. രാപ്പകല്‍ യന്ത്രങ്ങള്‍ മുരളുന്ന രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍  ബാണാസുരസാഗര്‍  എന്ന അണക്കെട്ട് രൂപപ്പെടുകയായി. ചൂരാണി, താണ്ടിയോട് മുതല്‍ അനേകം ഗ്രാമക്കവലകളും വെളളത്തിനടിയിലായി. എണ്ണൂറോളം വീടുകളും ഒഴിഞ്ഞുപോയി. പ്രാതപങ്ങളെല്ലാം ഓര്‍മ്മയായി. പഴയ ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ എല്ലാം വഴിപിരിഞ്ഞുപോയപ്പോള്‍ ഇതിനെല്ലാം മീതെ ബാണാസുരസാഗറിന്റെ ഓളങ്ങളെ മാത്രം നാടെല്ലാമറിയുന്നു.

Banasurasagar 4

ശിശിരവും മഴക്കാലവും വേനലും മാറിമാറി വരുമ്പോഴും ഈ തീരത്ത് സഞ്ചാരികള്‍ ഒഴിയുന്നില്ല. ഏതുസീസണിലും വരാന്‍ പറ്റുന്ന കേരളത്തിലെ അപൂര്‍വ്വം ഇടങ്ങളില്‍ ഒന്നായി വയനാട്ടിലെ ബാണാസുരസാഗറിനെ പരിഗണിക്കാം. പടിഞ്ഞാറത്തറയില്‍ നിന്നും അല്‍പ്പം ബാണാസുരമലയെ ലക്ഷ്യമാക്കി മുന്നോട്ട് പോയാല്‍ ഇടതു ഭാഗത്തായി മലനിരകള്‍ക്ക് കുറുകെ ഉയര്‍ത്തിയ കൂറ്റന്‍ മണ്ണണ കാണാം. ഒരുഭഗാത്ത്‌നെടുനീളയുള്ള ചെരുവില്‍ പച്ച പുല്ലുകള്‍ പിടിപ്പിച്ചിരിക്കുന്നു. അതിനുമുകളില്‍ വിശാലമായ റോഡ്. ഇതിലൂടെയാണ് സഞ്ചാരികള്‍ക്കായുള്ള പാതയും. സായാഹ്നമാകുമ്പേഴേക്കും അഭ്യന്തര സഞ്ചാരികളും മറുനാടന്‍ സഞ്ചാരികളുമായി പ്രദേശമാകെ നിറഞ്ഞു കവിയും.

Banasurasagar 5

പതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടം പ്രതിദിനം സന്ദര്‍ശിച്ചു മടങ്ങുന്നത്. ഇന്ന് സഞ്ചാരികളുടെ പറുദീസയായി ഈ ജലാശയം മാറിക്കഴിഞ്ഞു. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനെ തൊട്ടുരുമ്മി നില്ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍ നിന്നും വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഒട്ടേറെ പേര്‍  ഇവിടെയെത്തുന്നുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇവിലെ ഏറ്റവും കൂടുതലായി ഇവിലെ ഈ അവധിക്കാലത്ത് എത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഇവിടെ നിന്നും പ്രതിമാസം ലഭിക്കുന്നത്. അണക്കെട്ടില്‍ നിന്നുള്ള വിദൂര ദൃശ്യങ്ങളും ബോട്ടുയാത്രയും ഒഴികെ മറ്റു പ്രധാനപ്പെട്ട വിനോദ ഉപാധികളൊന്നുമില്ലാത്ത ഇവിടം പരിമിതകള്‍ക്കിടയിലും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

Banasurasagar 6

ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പൂക്കോട് തടാക കരയില്‍ നിന്നും ഇതിലും എളുപ്പത്തില്‍ തിരക്കൊഴിഞ്ഞ പാതയുമുണ്ട് ഇവിടെയെത്താന്‍. ഏതു സീസണിലും ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. തടാകത്തിലൂടെ ഏഴുകിലോമീറ്ററോളം പിന്നിടുന്ന ബോട്ടു സവാരിയാണ് ഏറെ ആകര്‍ഷകം. വൈകിട്ട് മൂന്നുമണിയോടെ ബോട്ടിങ്ങിനുള്ള ടിക്കറ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്കും കുട്ടികളുടെ ഉദ്യാനവും നാണയ ഗാലറിയും കുതിരസവാരിയുമെല്ലാം ഇവിടെയുണ്ട്. പടിഞ്ഞാറത്തറയില്‍നിന്ന് മൂന്നു കിലോമീറ്ററോളം പിന്നിടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും.  ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്.

Banasurasagar 7

പ്രകൃതി സന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് തരിയോട് നിന്നുമുള്ള ബാണാസുര സാഗറിന്റെ മുഖം. വയനാട്ടിലെത്തുന്നവര്‍ക്ക് ഈ കേന്ദ്രം സന്ദര്‍ശിക്കാതെ മടങ്ങുക എന്നത് നിരാശജനകമാണ്. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഒട്ടനവധി റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ഹോം സ്റ്റേകളിലും താമസിക്കാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ നമ്പര്‍ വണ്‍ ഹൈഡല്‍ ടൂറിസം കേന്ദ്രമായി ബാണാസുരസാഗര്‍ മാറിക്കഴിഞ്ഞു. മറ്റു കേന്ദ്രങ്ങളില്‍ നിന്നും വിഭിന്നമായുള്ള  ഭൂമി ശാസ്ത്രപരമായ വേറിട്ട കാഴ്ചകളാണ് ഇവിടെ ആസ്വാദനത്തെ സമ്പന്നമാക്കുന്നത്. വൈദ്യുതി ഉത്പാദനത്തിന് ജലവിതാനത്തിന് മുകളില്‍ ഒഴുകുന്ന സോളാര്‍ പാനല്‍  ഇവിടെയുണ്ട്.

Banasurasagar 8

കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന അനേകം കുന്നുകള്‍. നിറഞ്ഞ വെള്ളിപാത്രങ്ങള്‍ പോലെ അനേകം ദ്വീപുകള്‍. ഇതിനു അഭിമുഖമായി ആകാശ ചുംബിയായ ബാണാസുരന്‍മല. വയനാട്ടില്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്നത് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നുമുള്ള മഴക്കാഴ്ചകള്‍ കാണാനാണ്. പടിഞ്ഞാറന്‍ കാറ്റിനെ തടയുന്ന ഗിരി പര്‍വ്വതത്തില്‍ നിന്നും മഴ അണക്കെട്ടിലേക്ക് ഉതിര്‍ന്നു വീഴും. കാറ്റിന്റെ ഗതിയനുസരിച്ച് വട്ടം ചുറ്റുന്ന വയനാടന്‍ മഴയെ വിദൂരത്ത് നിന്നും ആസ്വദിക്കണമെങ്കില്‍ ഇവിടെ തന്നെ വരണം.

Content Highlights: Banasurasagar Dam, Wayanad, Wayanad Tourism, Tourists Spots in Wayanad