റണാകുളത്തിനും മട്ടാഞ്ചേരിക്കും ഇടയ്ക്കുള്ള ഒരു ദ്വീപാണ് 'വെണ്ടുരുത്തി'. വില്ലിങ്ടണ്‍ ദ്വീപ് ഉണ്ടാകുന്നതിന് മുമ്പ് വെണ്ടുരുത്തിയും പോഞ്ഞിരക്കരയും പരസ്പരം അഭിമുഖമായി കിടന്നിരുന്ന തുരുത്തുകളായിരുന്നു. ഇപ്പോള്‍ വെണ്ടുരുത്തി വില്ലിങ്ടണ്‍ ദ്വീപിന്റെ ഭാഗംതന്നെയാണ്.

ജനവാസം ആരംഭിക്കുന്നതിനു മുമ്പ് 'വെളുത്ത മണല്‍' നിറഞ്ഞ തുരുത്തായിരുന്നതിനാല്‍ ഇത് 'വെണ്‍തുരുത്ത്' എന്നറിയപ്പെട്ടിരുന്നുവെന്നും പിന്നീട് 'വെണ്‍തുരുത്തി'യും 'വെണ്ടുരുത്തി'യും ആയി മാറിയെന്നുമാണ് ദ്വീപിന്റെ പേരുണ്ടായതിനെക്കുറിച്ചുള്ള കഥ.

Venduruthy 1

'വെണ്‍' എന്നതിന് 'ഒഴിഞ്ഞ', 'ശൂന്യമായ' എന്നൊക്കെ അര്‍ഥമുണ്ട്. 'വെളിമ്പറമ്പി'ന് 'വെണ്‍പറമ്പ്' എന്ന് പഴയ പ്രയോഗവുമുണ്ട്. ആനിലയ്ക്ക് ആള്‍വാസമില്ലാത്ത തുരുത്തായിരുന്നതിനാലുമാവാം 'വെണ്‍തുരുത്ത്' എന്ന പേരുവീണത്.

പക്ഷേ, പഴയ രേഖകളില്‍ കാണുന്ന പേര് 'വെണ്ടുത്തുരുത്ത്' എന്നാണ്. 1663-ലെ 'പാലിയം ചെപ്പേടി'ല്‍ 'വട്ടെഴുത്ത്' ലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 'വെണ്ടുത്തുരുത്ത്' എന്നാണ്. കൊച്ചി രാജാവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഉണ്ടാക്കിയ പ്രമാണത്തില്‍ 'വെണ്ടുത്തുരുത്ത്', 'പാതിരിതുരുത്ത്', 'പോട്ടത്തുരുത്ത്' എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്നു.

Venduruthy 2വെണ്ടുരുത്തി ആദ്യം പോര്‍ച്ചുഗീസുകാരുടേയും പിന്നീട് ഡച്ചുകാരുടെയും അധീനതയിലായിരുന്നുവെങ്കിലും 1790-ല്‍ ഡച്ചുകാര്‍ ഇത് കൊച്ചി രാജാവിന് വിട്ടുകൊടുത്തതായി രേഖയുണ്ട്. 1503-ല്‍ കൊച്ചി ആക്രമിച്ച സാമൂതിരിയുടെ സൈന്യത്തെ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഡച്ച് നാവികര്‍ വകവരുത്തിയത് വെണ്ടുരുത്തി കായലില്‍ വച്ചായിരുന്നു.

അറുപതോളം ആംഗ്ലോ ഇന്ത്യന്‍ കുടുംബങ്ങളുണ്ടായിരുന്നു ആദ്യകാലത്ത് വെണ്ടുരുത്തിയില്‍. എന്നാല്‍, നാവികത്താവളത്തിനും പോര്‍ട്ട് ട്രസ്റ്റിനും വേണ്ടി സ്ഥലമെടുത്തപ്പോള്‍ പലര്‍ക്കും സമീപത്തുള്ള തേവര, നെട്ടൂര്‍, സൗദി തുടങ്ങിയ പ്രദേശങ്ങളിലേക്ക് താമസം മാറ്റേണ്ടിവന്നു.

പോര്‍ച്ചുഗീസുകാരുടെ കാലത്ത് പണിതീര്‍ന്ന സെയ്ന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ചര്‍ച്ച്, തടിയിലുള്ള പഴയ കൊത്തുപണികളാലും കലാപരമായി രൂപകല്പന ചെയ്ത അള്‍ത്താരയാലും പ്രസിദ്ധമാണ്.

1940-ലാണ് എറണാകുളത്തെ വെണ്ടുരുത്തി ദ്വീപുമായി ബന്ധിപ്പിക്കുന്ന 'വെണ്ടുരുത്തി പാലം' നിര്‍മിച്ചത്. പൂര്‍ണമായും ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉരുക്കില്‍ തീര്‍ത്ത പാലംപണി പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണ്ടിവന്നു. അര കിലോമീറ്റര്‍ നീളമുള്ള ഈ 'റെയില്‍-റോഡ്' പാലം വന്നതോടെയാണ് കൊച്ചി തുറമുഖത്തേക്കുള്ള റെയില്‍ ഗതാഗതം സാധ്യമായത്. 'സര്‍ റോര്‍ബര്‍ട്ട് ബ്രിസ്റ്റോ' എന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ ആയിരുന്നു നിര്‍മാണച്ചുമതല വഹിച്ചത്. വില്ലിങ്ടണ്‍ ദ്വീപിന്റെ ശില്പിയായ അതേ 'ബ്രിസ്റ്റോ സായിപ്പ്' തന്നെ. എന്നാല്‍, നിരവധി വര്‍ഷങ്ങള്‍ക്കുശേഷം കായലിന്റെ ആഴംകൂട്ടാന്‍ വന്ന മണ്ണുമാന്തിക്കപ്പലുകള്‍ ഇടിച്ച് മൂന്നുതവണ പാലത്തിന് ബലക്ഷയം സംഭവിച്ചു. പാലം അപകടാവസ്ഥയിലായതോടെ 2004-ല്‍ ഇതുവഴിയുള്ള തീവണ്ടിഗതാഗതം നിര്‍ത്തലാക്കി. തൂണുകള്‍ തുരുമ്പെടുക്കാന്‍ തുടങ്ങിയതോടെ പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുകയും ചരിത്രപ്രാധാന്യമുള്ള പഴയ പാലം കാലത്തിന്റെ മൂകസാക്ഷിയായി മാറുകയും ചെയ്തു.

Venduruthy 3

ഇന്ത്യന്‍ നാവിക സേനയുടെ ദക്ഷിണ കമാന്‍ഡ് ആസ്ഥനമായ 'ഐ.എന്‍.എസ്. വെണ്ടുരുത്തി' ആണ് വെണ്ടുരുത്തി ദ്വീപിന്റെ പേര് പുറംലോകത്തെത്തിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊച്ചി രാജാവിനെ സഹായിക്കാനെത്തിയ ഡച്ച് കപ്പല്‍പ്പട കോഴിക്കോട്ട് നിന്നെത്തിയ സാമൂതിരിയുടെ നാവികരുമായി പൊരിഞ്ഞ കടല്‍യുദ്ധം നടത്തിയ സ്ഥലംതന്നെ നമ്മുടെ നാവികസേന ആസ്ഥാനമായി തിരഞ്ഞെടുത്തത് ഒരുപക്ഷേ, ചരിത്രത്തിന്റെ നിയോഗമാവാം.

1943-ല്‍ ആരംഭിച്ച ഇത് ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ്. ഇതിനടുത്തുള്ള സ്ഥലം തന്നെയാണ് 'ഐ.എന്‍.എസ്. ഗരുഡ' എന്ന നേവല്‍ എയര്‍ സ്റ്റേഷനും. സാധാരണ വിമാനവും ജെറ്റ് വിമാനവും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുമൊക്കെ പറത്താന്‍ പരിശീലിപ്പിക്കുന്ന നേവല്‍ ഏവിയേഷന്‍ പരിശീലന കേന്ദ്രമാണിത്.

ഇവിടെ നാവിക വിമാനത്താവളവും ഉണ്ട്. നെടുമ്പാശ്ശേരിയില്‍ അന്താരാഷ്ട്ര വിമാനത്താവളം വരുന്നതുവരെ, അതായത് 1999 വരെ, നാവികസേനയുടെ ഈ വിമാനത്താവളമാണ് കൊച്ചിയുടെ വിമാനത്താവളമായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അത്യാവശ്യ ഘട്ടങ്ങളില്‍ വി.വി.ഐ.പി.കള്‍ ഈ താവളം ഉപയോഗപ്പെടുത്താറുണ്ട്.

അടുത്തത്: വില്ലിങ്ടണ്‍ ഐലന്‍ഡ്

Content Highlights: Venduruthy, History of Venduruthy, Sthalanaamam