അലഞ്ഞുതിരിയണം, കാട്ടരുവിയില്‍ കുളിക്കണം, മലമുകളില്‍ കൂടൊരുക്കണം, മഴയും മഞ്ഞുമേല്‍ക്കണം, നക്ഷത്രങ്ങളെ നോക്കി കിടക്കണം... ഏറെ നാളായി മനസില്‍ കിടക്കുന്ന ഈ യാത്രാമോഹം ഞങ്ങളെ കൊണ്ടെത്തിച്ചത് ഉറുമ്പിക്കരയിലാണ്. കോട്ടയം-ഇടുക്കി അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിയുടെ മനോഹരലോകത്ത്... 

ഞങ്ങള്‍ നാലുപേരും കൂടി നേരെയങ്ങ് വിട്ടു; കോട്ടയം, പാലാ, പൂഞ്ഞാര്‍ വഴി ഉറുമ്പിക്കരയുടെ അടിവാരമായ യേന്തയാറിലേക്ക്. ബ്രിട്ടീഷ് പ്ലാന്ററായ ജെ.ജെ. മര്‍ഫി, ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ റബര്‍ തോട്ടങ്ങള്‍ ആരംഭിച്ച സ്ഥലമെന്നതാണ് യേന്തയാറിന്റെ പ്രത്യേകത. മര്‍ഫി സായിപ്പിന്റെ ശവകുടീരവും അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവുമെല്ലാം കോട്ടയം ജില്ലയിലെ ഈ കൊച്ചുഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.

Urumbikkara

യേന്തയാറില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ മലകയറണം ഉറുമ്പിക്കര മലമുകളിലേക്ക്. ഒരു വീട്ടില്‍ കാറിട്ട്, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിലാണ് മലകയറ്റം. ബിജുച്ചേട്ടനാണ് സാരഥി. ഉച്ചഭക്ഷണം കഴിച്ച്, രാത്രിഭക്ഷണം ചൂടാറാപ്പെട്ടിയില്‍ പാഴ്‌സലാക്കി, ഞങ്ങള്‍ യാത്ര ആരംഭിച്ചു. രാത്രിവാസത്തിനുള്ള ടെന്റും അവിടെ നിന്നുതന്നെ തരപ്പെടുത്തി.

ചെറിയൊരു പാലം കടന്നാല്‍ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്താണ്. ടാറിട്ട റോഡിലൂടെ സഞ്ചരിച്ച് റബര്‍തോട്ടങ്ങള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വലിയൊരു വെള്ളച്ചാട്ടത്തിനു മുന്നില്‍ എത്തിച്ചേര്‍ന്നു. പാപ്പാഞ്ഞിവെള്ളച്ചാട്ടം എന്നാണ് വിളിപ്പേര്. നല്ല ഉയരമുള്ള ആ വെള്ളച്ചാട്ടം കാണാന്‍ ധാരാളം ആളുകള്‍; വണ്ടി നേരെ താഴേയ്ക്ക് വിട്ടു. ആളും ബഹളവും ഇല്ലാത്ത ഒരു ചെറുഅരുവിയിലേക്ക് ഇറങ്ങി. ആരമണിക്കൂറോളം വെള്ളത്തില്‍ തിമിര്‍ത്തു.

Urumbikkara

Urumbikkara

ഇല്ലാത്ത വഴിയിലൂടെ 

ടാറൊക്കെ അപ്രത്യക്ഷമായി, ജീപ്പ് കുണ്ടും കുഴിയും നിറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചു. റബര്‍തോട്ടങ്ങള്‍ അവസാനിച്ചു, ചെറുകാടുകളും ഇടയ്ക്കിടയ്ക്ക് വീടുകളും കാണാം. 

Urumbikkara

ഉറുമ്പിക്കരയിലെ ഏക ചായക്കടയുടെ മുന്നിലാണ് പിന്നെ വണ്ടി നിര്‍ത്തിയത്. തോട്ടംതൊഴിലാളികള്‍ നടത്തുന്ന ആ ചായക്കടയില്‍ രാവിലെ 11 വരെയും വൈകുന്നേരവും ഭക്ഷണം ലഭിക്കും. ശരീരമൊന്ന് ചൂടാക്കി വീണ്ടും ജീപ്പിലേക്ക്.

Urumbikkara

അധികം ദൂരമില്ല, ഉപേക്ഷിപ്പെട്ട നിലയിലുള്ള ഒരു തേയിലഫാക്ടറിയുടെ മുന്നിലേക്ക് വഴി ചെന്നെത്തും. കരിങ്കല്ലുകളാലും ഇരുമ്പ് തകിടുകളാല്‍ നിര്‍മിച്ച കെട്ടിടം. അഴികള്‍ക്ക് ഇടയിലൂടെ ഉള്‍ഭാഗം കാണാം, അകത്ത് യന്ത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ കിടക്കുന്നുണ്ട്.

Urumbikkara

നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച ജലസംഭരണിയും ഉപയോഗമില്ലാതെ കിടക്കുന്ന ദേവാലയവും തോട്ടങ്ങള്‍ക്ക് ഇടയിലെ റിസോര്‍ട്ടും കടന്ന്, ഏലത്തോട്ടങ്ങള്‍ക്ക് ഇടയിലേക്ക് ജീപ്പ് പ്രവേശിച്ചു.

കാലാവസ്ഥമാറിത്തുടങ്ങി. വെളിച്ചം മങ്ങി, മഞ്ഞ് വീണുതുടങ്ങി.

Urumbikkara

Urumbikkara

ഉരുളന്‍കല്ലുകളുമായി മല്‍പ്പിടുത്തം നടത്തി, ഏതാനും ബൈക്കുകള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. ഓവര്‍ഹീറ്റായി പുതിയൊരു ബുള്ളറ്റ് വഴിയില്‍ കിടക്കുന്നു. പരിഭ്രാന്തനായി നില്‍ക്കുന്ന യാത്രികനോട്, തണുക്കുമ്പോള്‍ ശരിയാകുമെന്ന് പറഞ്ഞ് ഞങ്ങളുടെ ജീപ്പ് ഡ്രൈവര്‍ ആശ്വസിപ്പിച്ചു.

ജീപ്പ് സമതലത്തിലേക്ക് മുരണ്ടു കയറി. ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും ചെറിയ അരുവിയും പുല്‍മേടുകളും താണ്ടി, ചെറിയൊരു ക്ഷേത്രത്തിന്റെ മുന്നിലൂടെ വഴി പുരോഗമിക്കുകയാണ്. മാസത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഇരുമുലച്ചിയമ്മ ക്ഷേത്രമാണത്. വര്‍ഷത്തിലൊരിക്കലുള്ള ഉത്സവത്തിന് മല കയറി ഭക്തജനങ്ങള്‍ എത്തിച്ചേരും.

അടുത്തുള്ള പാറക്കെട്ടുകള്‍ നല്ല കാഴ്ചാമുനമ്പുകളാണ്. ഇന്നിനി സമയമില്ല, നാളെ പകല്‍ അങ്ങോട്ടേയ്ക്ക് വരാം.

ഏതാനും മീറ്ററുകള്‍ കൂടി സഞ്ചരിച്ച് ടെന്റടിക്കാനുള്ള സ്ഥലത്തേക്ക് ഞങ്ങളെ ബിജുച്ചേട്ടന്‍ എത്തിച്ചു. ചില സ്വകാര്യസംഘങ്ങള്‍ ഇവിടെ ക്യാംപുകള്‍ നടത്താറുണ്ട് എന്ന് നേരത്തെ അറിഞ്ഞിരുന്നു. ഭാഗ്യത്തിന് ഇന്ന് ആരുമില്ല. ഞങ്ങള്‍ നാലുപേര്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ ഒരു വലിയ മല.

ഉറുമ്പിക്കര മലയുടെ ഒരറ്റമാണിതെന്ന് ബിജുച്ചേട്ടന്‍ പറഞ്ഞു. വൈകുന്നേരം അഞ്ചുമണിയോട് അടുക്കുന്നതേയുള്ളൂ എങ്കിലും മഞ്ഞും ഇരുട്ടും മൂടിയിരുന്നു.

ടെന്റ് അടിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ടെന്റ് അടിക്കാനറിയാവുന്ന ഒരാള്‍ പോലുമില്ല. കിറ്റ് തുറന്ന്  സാധനങ്ങളൊക്കെ പുറത്തെടുത്തു, പടമൊക്കെ നോക്കി ഒരു വിധത്തില്‍ പണി തുടങ്ങി. എന്തൊക്കെയോ മിച്ചം വന്നെങ്കിലും കിടന്നുറങ്ങാന്‍ പാകത്തിന് ഒരു രൂപം റെഡിയാക്കി.

നാളെ വരാമെന്നു പറഞ്ഞ് ബിജുച്ചേട്ടന്‍ യാത്രയായി. പോകുന്നതിന് മുമ്പ് ഒരു വെട്ടുകത്തി ഞങ്ങള്‍ക്കു തന്നു. കുറച്ചു പശുക്കള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ വന്യമൃഗങ്ങളൊന്നും അവിടില്ലെന്നും എന്നാലും ഒരു ധൈര്യത്തിന് ഇരിക്കട്ടെയെന്നും പറഞ്ഞാണ് ആയുധം നല്‍കിയത്.

ഒരു ടെന്റും ഞങ്ങള്‍ നാലുപേരും ഒരു മലമുഴുവനും

Urumbikkara

Urumbikkara

മഞ്ഞുകാരണം ഒന്നും കാണാനില്ല. ആറുമണിയോടെ നല്ല ഇരുട്ടും. ചെറിയൊരു എല്‍ഇഡി ലൈറ്റാണ് ടെന്റിലെ ആകെയുള്ള വെളിച്ചം; ഒപ്പം മൊബൈലിലെ വെളിച്ചവും.

ഏകദേശ ധാരണയില്‍ മലയുടെ അറ്റത്തേക്ക് ഞങ്ങള്‍ നടന്നു. അകലെ നിന്നു വലിയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം. 

മഞ്ഞുമാറി മഴ തുടങ്ങി. അങ്ങനെ കുളിയും അവിടെ നിന്നു തന്നെ കഴിഞ്ഞു.

രാത്രിയായതോടെ മൂടല്‍മഞ്ഞ് മാറി, ആകാശം തെളിഞ്ഞു. ഭക്ഷണം കഴിച്ച ശേഷം, നക്ഷത്രങ്ങളെ നോക്കി ഞങ്ങള്‍ മണിക്കൂറുകളോളം കിടന്നു. തണുപ്പിന്റെ കാഠിന്യം വര്‍ധിച്ചതോടെ ടെന്റിനുള്ളിലേക്ക് ഞങ്ങള്‍ കയറി. 

Urumbikkara

പ്രകൃതിയുടെ വിസ്മയലോകം കണികണ്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്‌. വിശാലമായ മലമുകള്‍. പുല്‍മേടുകളും പാറക്കൂട്ടങ്ങളും. അധികം അകലെയല്ലാതെ, വാഗമണ്‍ മലനിരകള്‍. 

രാത്രിയില്‍ ശബ്ദത്തിലൂടെ ഞങ്ങളെ മോഹിപ്പിച്ച വെള്ളച്ചാട്ടം തേടിയാണ് ഇനിയുള്ള യാത്ര. മദാമക്കുളം എന്ന പേരില്‍ അറിയപ്പെടുന്ന ആ ഭാഗത്തേക്ക് പോകാനുള്ള ഏകദേശ വഴി ഞങ്ങള്‍ ചോദിച്ചുവെച്ചിരുന്നു.

മൊട്ടക്കുന്നുകളും മദാമക്കുളവും

ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ നടന്നു. ചെറിയൊരു അരുവിയും കടന്ന് കുറേ ദൂരം നടന്നു. 

ഷോലവനത്തിന് സമാനമായ ഭൂപ്രകൃതിയാണെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇവിടം വനമേഖലയല്ല; റവന്യൂഭൂമിയാണ്.

Urumbikkara

Urumbikkara

Urumbikkara

കുറേ ദൂരം നടന്നു. ഇരുവശങ്ങളിലും പുല്‍മേടുകള്‍. ഇടയ്ക്കിടയ്ക്ക് അരുവികള്‍. ഉയരമുള്ള ഒരു സ്ഥലത്തുചെന്നപ്പോള്‍, മദാമക്കുളം വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു ഭാഗം ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു. പ്രഭാതഭക്ഷണമായി കൊണ്ടുവന്ന ബ്രഡ്ഡും പഴവും കഴിച്ച് ഒരല്‍പനേരം ഇരുന്ന് വിശ്രമിച്ചു. ഇനി മദാമക്കുളത്തിലേക്ക്.

ദൂരെ നിന്നു കണ്ട വെള്ളച്ചാട്ടത്തിലേക്ക് ഏകദേശ ധാരണവെച്ച് നടന്നു. വഴിക്ക് കുറുകേ അരുവി ഒഴുകുന്നിടത്ത് നിന്ന് തിരിഞ്ഞു. കുറ്റക്കാടും പുല്‍മേടും ചേര്‍ന്ന, ചെങ്കുത്തായ മണ്‍പാതയിലേക്ക് പ്രവേശിച്ചു.

അല്‍പം ദുര്‍ഘടമാണ് ഇവിടം. ട്രെക്കിങ് നടത്തി പരിചയമില്ലാത്തവര്‍ ഒപ്പം ഒരു മാര്‍ഗദര്‍ശിയെ നിര്‍ബന്ധമായും കൂട്ടണം. വെള്ളമടിച്ചു ഓളംവെച്ചു നടക്കാനാണേല്‍ ഇങ്ങോട്ട് വരികയുമരുത്.

Urumbikkara

അതിമനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. തെന്നിക്കിടക്കുന്ന പാറയില്‍ പിടിച്ച് ഇറങ്ങണം. മഴക്കാലമാണെങ്കില്‍ ഇറങ്ങാതിരിക്കുക. മുന്നില്‍ അതുപോലെ ആഴമാണ്.

മദാമക്കുളം എന്ന് പേരുണ്ടെങ്കിലും കുളിക്കാന്‍ അനുയോജ്യമല്ല ഇവിടം. ചെറിയൊരു ഇടുക്കിലേക്കാണ് ജലധാര വന്നുപതിക്കുന്നത്. അവിടെ നിന്ന് വലിയ താഴ്ചയിലേക്കും. പാറപ്പുറത്തിരുന്ന് പ്രകൃതിയുടെ ആ സൗന്ദര്യം കണ്ടാസ്വദിക്കുക മാത്രം ചെയ്ത് ഞങ്ങള്‍ മുകളിലേക്ക് കയറി.

ഇവിടം വരെ വന്നിട്ട് കുളിക്കാതെ എങ്ങനാ പോകുന്നത്? വെള്ളച്ചാട്ടത്തിലേക്ക് ഒഴുകുന്ന ആരുവിയില്‍ നേരെ ചെന്നങ്ങ് ഇറങ്ങി. ആഴം ഒട്ടുമില്ല. നല്ല തെളിഞ്ഞ വെള്ളവും. ഏങ്കില്‍പിന്നെ അരുവിയിലൂടെ ഒരു നടത്തമാകാം എന്നായി. കൂര്‍ത്തകല്ലുകള്‍ കാലില്‍ കുത്തിക്കയറിയെങ്കിലും വെള്ളച്ചാട്ടത്തിന്റെ മുകളില്‍ വരെ നടന്നെത്തി.

കൂറേ നേരം വെള്ളത്തിലങ്ങനെ കിടന്നു. വെള്ളത്തിന്റെ തണുപ്പും ഇളംവെയിലിന്റെ ചൂടും ചേരുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. അത് അനുഭവിച്ചു തന്നെ അറിയണം.

Urumbikkara

Urumbikkara

ബിജു ചേട്ടന്‍ തിരിച്ചെത്താനുള്ള സമയമായി. മൊബൈലുകള്‍ പരിധിക്ക് പുറത്തായതിനാല്‍ പുള്ളിക്ക് ബന്ധപ്പെടാനും സാധിക്കില്ല. മനസില്ലാ മനസോടെ ഞങ്ങള്‍ കരയ്ക്കു കയറി. വേഗത്തില്‍ ടെന്റിന്റെ അടുത്തേക്ക് നടന്നു.

ജീപ്പൊന്നും കാണുന്നില്ല. കഴിഞ്ഞദിവസം രാത്രി റേഞ്ച് പിടിച്ച സ്ഥലത്ത് നിന്ന് വിളിച്ചുനോക്കി. പുള്ളിക്കാരന്‍ ഔട്ട് ഓഫ് കവറേജ്! അപ്പോള്‍ ആള് വന്നുകൊണ്ടിരിക്കുകയാണെന്ന് കരുതാം.

നനഞ്ഞ തുണികള്‍ പാറപ്പുറത്ത് വിരിച്ചിട്ടു, മറ്റു സാധനങ്ങള്‍ ബാഗിലാക്കി, ടെന്റ് പൊതിഞ്ഞെടുത്തു... മടക്കയാത്രയ്ക്കുള്ള തയാറെടുപ്പുകളായി.   വെയിലുണ്ടെങ്കിലും തണുപ്പുണ്ട്. വാഗമണ്ണും താഴ് വാരവുമെല്ലാം വ്യക്തം. വാഗമണ്ണിലെ പാരാഗ്ലൈഡിങ് നടക്കുന്ന മുനമ്പും മറ്റും നേരെ മുന്നിലായി കാണാം.

അതാ ഞങ്ങള്‍ക്കുള്ള ജീപ്പ് വരുന്നു. 

കാഴ്ചകളുടെ കൊടുമുടികള്‍

ഇരുമുലച്ചിയമ്മ ക്ഷേത്രത്തിന് സമീപത്തുള്ള പാറക്കെട്ടുകള്‍ക്കു സമീപം ബിജുച്ചേട്ടന്‍ വണ്ടി നിര്‍ത്തി. ഓരോ പാറകളിലും കയറിയിറങ്ങി. ഇരുമുലച്ചിക്കല്ല് എന്ന് അറിയപ്പെടുന്ന പാറക്കെട്ടുകളിലേക്ക് കയറാന്‍ കാലുകള്‍ മാത്രം പോരാ, കൈകളും ഉപയോഗിക്കണം. കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായ പാറയുടെ മുകളില്‍ അങ്ങനെയാരും കയറാറില്ല. കയറി അഭ്യാസപ്രകടനം നടത്തിയ യുവാക്കളുണ്ട്. ഫെയ്‌സ്ബുക്കില്‍ ഉറുമ്പിക്കര എന്നു പരതിയാല്‍ കാണാം അവരുടെ ചിത്രങ്ങള്‍. ലൈക്കുകളൊക്കെ കുറേ കിട്ടിയതാ, എന്നാല്‍ ജീവന്‍വെച്ചുള്ള ഇതുപോലത്തെ പ്രശസ്തി വേണോ എന്ന് എല്ലാരും ചിന്തിച്ചാല്‍ നല്ലത്.

Urumbikkara

Urumbikkara

Urumbikkara

ഏകദേശം ഒരു മണിക്കൂറോളം കാഴ്ചകള്‍ ആസ്വദിച്ച് തിരികെ ജീപ്പില്‍ കയറി. മഞ്ഞും തണുപ്പും പതുക്കെ പതുക്കെ ഇല്ലാതായി. തേയിലത്തോട്ടവും ചായക്കടയുമെല്ലാം വീണ്ടും കണ്ണിനുമുന്നിലൂടെ കടന്നുപോയി. ജീവിതത്തിലെ വലിയൊരു യാത്രാഗ്രഹം അങ്ങനെ പൂര്‍ത്തിയായി. യേന്തയാര്‍ ടൗണില്‍ ചെന്ന് ബിജുച്ചേട്ടനോട് വിട പറഞ്ഞു; അകലെ കാണുന്ന ഉറുമ്പിക്കരമലയോടും... 

ടെന്റ് - 9895444473

ബിജു ( ജീപ്പ് ) - 9895686113