സോഷ്യല്‍ മീഡിയ വഴി പ്രശസ്തമായ ഒരുപാട് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേരളത്തില്‍. അതിലൊന്നാണ് ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉറുമ്പിക്കര. അതി മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷന്‍ കൂടിയാണ് ഉറുമ്പിക്കര.
വാഗമണ്ണിന്റെ നേരെ എതിര്‍വശത്തായാണ് ഉറുമ്പിക്കരയുടെ കിടപ്പ്. ഒരു വാഹനത്തിനുമാത്രം പോകാന്‍ കഴിയുന്ന തരത്തിലുള്ള ഉറുമ്പിക്കരയിലേക്കുള്ള വഴി. എതിര്‍വശത്ത് നിന്നും ഏതെങ്കിലും വാഹനം വന്നാല്‍ പെട്ടത് തന്നെ. മുണ്ടക്കയം വഴി വരുമ്പോള്‍ എന്തയാര്‍ എന്നൊരു ഗ്രാമമുണ്ട്. ഇവിടെ നിന്നും ജീപ്പില്‍ മാത്രമേ ഉറുമ്പിക്കരയിലേക്കുള്ള യാത്ര സാധ്യമാവൂ. കോണ്‍ക്രീറ്റ് ചെയ്ത റോഡാണെങ്കില്‍ക്കൂടി അല്‍പ്പം ദുര്‍ഘടം പിടിച്ചതാണ് വഴി എന്നതാണ് അതിന് കാരണം. മുണ്ടക്കയത്തുനിന്നും ഏകദേശം 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എന്തയാറിലെത്താം. അവിടെ നിന്നാണ് ഉറുമ്പിക്കരയിലേക്കുള്ള യാത്ര തുടരേണ്ടത്.
എന്തയാര്‍ പിന്നിട്ടാല്‍ റോഡരികില്‍ നിന്ന് തന്നെ മലകള്‍ തലയെടുപ്പോടെ നില്‍ക്കുന്ന കാഴ്ചകാണാം. മഴക്കാലത്താണ് പോകുന്നതെങ്കില്‍ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികളുടെ കണ്ണിന് വിരുന്നേകും. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളും റബ്ബര്‍ കൃഷിയുമെല്ലാം ഉണ്ടായിരുന്നയിടമാണ് ഇവിടം. പോകുന്ന വഴിയേ തന്നെ കാണാം പ്രതാപകാലത്തെ ഓര്‍മകളും പേറി നില്‍ക്കുന്ന തേയില ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍. ഓരോ സ്ഥലത്തുനിന്ന് നോക്കുമ്പോഴും ഓരോ രീതിയിലാണ് പ്രകൃതിയുടെ സൗന്ദര്യം അനുഭവപ്പെടുക.
റബ്ബറിനും തേയിലയ്ക്കും പുറമേ ഏലവും ഉറുമ്പിക്കരയുടെ മണ്ണില്‍ വിളയുന്നുണ്ട്. ഉറുമ്പിക്കരയില്‍ നിന്നും ഏലപ്പാറയ്ക്ക് പോകും വഴിയാണ് അത്തരത്തില്‍ ഒരു തോട്ടമുള്ളത്. ഉറുമ്പിക്കരയില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ 'ഓഫ് റോഡായി' സഞ്ചരിച്ചാല്‍ ഈ തോട്ടത്തിലെത്താം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3000 അടി ഉയരത്തിലാണീ അമ്പതേക്കര്‍ സുഗന്ധവ്യഞ്ജന തോട്ടം. കറുത്ത്, ഉരുണ്ട, ദേഹത്ത് വെള്ളനിറം അവിടവിടെയായി പടര്‍ന്നിരിക്കുന്ന പാറക്കല്ലുകളോട് മുട്ടിയുരുമ്മി വളര്‍ന്നുനില്‍ക്കുന്നു നല്ല ഓജസ്സുള്ള ഏലച്ചെടികള്‍. തല കുമ്പിട്ട് 'നമസ്‌കാരം' പറഞ്ഞുനില്‍ക്കുന്ന ചെടികള്‍ക്കിടയിലൂടെ അതിലും വിനീതവിധേയനായി നടക്കാന്‍ തോന്നും.
ഉറുമ്പിക്കരയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ് ഇരുമലച്ചിപ്പാറ. ഉറുമ്പിക്കരയില്‍ നിന്ന് മദാമ്മക്കുളത്തിലേക്ക് പോകുംവഴിയാണ് ഈ സ്ഥലമുള്ളത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമായതിനാല്‍ ടോപ്പ് സ്റ്റേഷന്‍ എന്നും ഇവിടം അറിയപ്പെടുന്നു. ചുറ്റും വിവിധ വലിപ്പത്തിലുള്ള പാറകള്‍ നിലകൊള്ളുന്നു. പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. നാല്‍പ്പതാം വെള്ളിയാഴ്ച കുരിശുമലകയറ്റം നടക്കുന്നതിന്റെ ഭാഗമായി ഒരു കുരിശും പാറയ്ക്ക് മുകളില്‍ കാണാം.
ആഗസ്റ്റ് മാസമാകുമ്പോഴായിരിക്കും മഴയെല്ലാം അല്‍പ്പം ശമിച്ച് പരിസരമെല്ലാം പച്ചപ്പ് നിറയുക. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനും പറ്റിയ സമയം ഇത് തന്നെയാണ്.
(കപ്പ ടി.വിയില്‍ ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് അവതരിപ്പിക്കുന്ന ഓപ്പണ്‍ റോഡില്‍ നിന്ന്)
Content Highlights: Urumbikkara Travel, Open Road, Irumalachippara