പൊന്നുണ്ണിക്ക് പതിനാറ് തികയും മുൻപ് മൃകണ്ഡുവും മരുദ്വതിയും ഒരു വേളയെങ്കിലും ചിന്തിച്ചിട്ടുണ്ടാകും, ഇതേക്കാൾ എത്രയോ ഭേദമായിരുന്നു അനപത്യദുഃഖമെന്ന്. സ്ഫടികം സ്ഫുടം ചെയ്തെടുത്തതു പോലൊരുണ്ണി. മനഃശുദ്ധിയും കർമ്മശുദ്ധിയും ഒരേ പോലെ ഒത്തിണങ്ങിയ കന്നിക്കുരുന്ന്. സാക്ഷാൽ മഹാദേവൻ കനിഞ്ഞനുഗ്രഹിച്ചുണ്ടായ മാർക്കണ്ഡേയൻ! തങ്ങളുടെ കണ്ണടയും മുൻപേ അവന്റെ ജീവനറ്റ ശരീരം കാണേണ്ടി വരുമോ?

അമ്മയുടെയും അച്ഛന്റെ യും ദുഃഖം ഉറഞ്ഞുകൂടിയ മുഖം കണ്ട് മാർക്കണ്ഡേയൻ കാരണം ആരാഞ്ഞു. സന്താനലബ്ധിയ്ക്കായി മൃകണ്ഡു മഹർഷിയും പത്നിയും പരമശിവനെ തപം ചെയ്ത കഥ വീണ്ടും ചുരുൾ നിവർന്നു. പ്രത്യക്ഷനായ ദേവൻ രണ്ടു കാര്യങ്ങൾ മുന്നോട്ടു വെച്ചു, ദീർഘായുസ്സുള്ള, ദുർബലനും ദുഷ്ടബുദ്ധിയുമായ മകനെയാണോ അതോ സദ്ബുദ്ധിയും ജ്ഞാനിയുമായ അല്പായുസ്സായ പുത്രനെയാണോ അവർക്ക് ആവശ്യം? സംശയമെന്ത്, അല്പായുസ്സെങ്കിലും സദ്ഗുണങ്ങൾ ചേർന്ന ഉണ്ണിയെ മതി. ഉണ്ണിയ്ക്ക് പതിനാറ് വയസ്സുവരെയേ ആയുസ്സുണ്ടാകൂ എന്നോർമ്മപ്പെടുത്തി മഹാദേവൻ മറഞ്ഞു. അങ്ങനെ അവന് പതിനാറ് തികയുന്ന ദിനമെത്തുകയാണ്. എന്നാൽ ശിവഭക്തനായ മാർക്കണ്ഡേയനെ തൊടാനാകാതെ കാലദൂതന്മാർ മടങ്ങി. ഒടുവിൽ സാക്ഷാൽ കാലൻ തന്നെ എഴുന്നള്ളുകയായി. കാലന്റെ വരവു കണ്ട മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. “മരണത്തെ തടയാൻ എനിക്കാവതില്ല, തൃപ്രങ്ങോട്ടപ്പനെ കണ്ടോളൂ" എന്ന നാവാമുകുന്ദന്റെ വാക്കനുസരിച്ച് മാർക്കണ്ഡേയൻ തൃപ്രങ്ങോട്ടോയ്ക്ക് ഓടി.

Triprangode 4

കഥ പാതിയിൽ മുറിയുമ്പോൾ ഞങ്ങൾ തൃപ്രങ്ങോട്ടേയ്ക്ക് വഴികാട്ടുന്ന ചെറിയ കമാനത്തിന് താഴെയെത്തിയിരുന്നു. കാലം തെറ്റി പെയ്ത മഴയിൽ ആ നാട്ടിൻപുറവും അവിടുത്തെ കണ്ണ് കുളിർപ്പിക്കുന്ന ഇളംപച്ചപ്പും നനഞ്ഞൊട്ടി നിൽക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽനിന്ന് ഗുരുവായൂർ -ചമ്രവട്ടം റൂട്ടിൽ ആലത്തിയൂർ ജംഗ്ഷൻ വഴി ഏതാണ്ട് ഒൻപത് കിലോ മീറ്റർ സഞ്ചരി ക്കേണ്ടതുണ്ട് തൃപ്രങ്ങോട് ശിവക്ഷേത്രത്തിലേയ്ക്ക്.

വടക്കുവശത്തെ ആ ചെറിയ കമാനം കടന്ന് മുന്നോട്ടിറങ്ങുമ്പോൾ വലതു ഭാഗത്ത് വലിയ ക്ഷേത്രച്ചിറ കാണാം. തൃപ്രങ്ങോട്ടപ്പന്റെ ആറാട്ട് കടവ്! സോപ്പുപയോഗിച്ചുള്ള അലക്കും കുളിയും മീൻപിടുത്തവുമൊക്ക നിരോധിച്ചിരിക്കുന്നതായി ബോർഡ് വെച്ചിട്ടുണ്ട്. ഇറക്കിക്കെട്ടിയ കല്പടവുകൾക്ക് താഴെ ജലപ്പരപ്പിൽ പുള്ളിമീനുകൾ സധൈര്യം മുത്തമിട്ട് ഊളിയിട്ടു പോയി. ഒരു കടവിൽ നീന്തൽ പഠിക്കാനിറങ്ങിയ കുട്ടിക്കൂട്ടം ആർക്കുന്നുണ്ടായിരുന്നു. അങ്ങേക്കടവിൽ തട്ടി ഇങ്ങേക്കടവിൽ മുട്ടി ആ കളിയൊച്ചകൾ പുലർകാലത്തിന് മീതെ പ്രതിധ്വനിച്ചു. മാമ്പഴമഞ്ഞനിറമുള്ള പട്ടുപാവാടയിട്ട് ഒരു കുഞ്ഞേച്ചിയും അവളുടെ കുഞ്ഞനുജത്തിയും അച്ഛനമ്മമാരോടൊപ്പം ക്ഷേത്രത്തിലേയ്ക്ക് നടക്കുന്നു. അവരുടെ പിന്നാലെ വെച്ചുപിടിച്ചു.

Triprangode 2
ക്ഷേത്രച്ചിറയിലെ കുട്ടിക്കൂട്ടം

കാഴ്ചവട്ടത്തെങ്ങും ക്ഷേത്രത്തിന്റെ പൂർണരൂപം തെളിയുന്നുണ്ടായിരുന്നില്ല. പടിപ്പുരക്കെട്ട് കണ്ടെങ്കിലും ആനപ്പള്ള മതിലിന്റെ ഒടുക്കം അകലത്തെവിടെയോ ആണ് അവസാനിക്കുന്നത്. കിഴക്കേ പടിപ്പുരയ്ക്ക് മുന്നിൽ അംഗഭംഗം വന്നൊരു പേരാൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. നാവായിൽനിന്ന് തൃപ്രങ്ങോട്ടേയ്‌ക്കോടിയ മാർക്കണ്ഡേയന് പിന്നാലെ കാലപാശവുമായി യമദേവനെത്തി. തൃപ്രങ്ങോട് ക്ഷേത്രത്തിന് കിഴക്കുവശത്തെ വലിയ പേരാൽ രണ്ടായി പിളർന്ന് മുനികുമാരന് വഴിയൊരുക്കി. തന്നെ വലം വെച്ച് ഓടുമ്പോഴേയ്ക്കും കാലപാശം അവന്റെ കഴുത്തിൽ വീഴുമെന്ന് ആൽമരവും ശങ്കിച്ചിരിക്കാം. കരുണയുടെ തണൽ നീർത്തിയ ആ പേരാൽമരത്തിന്റെ വേരിൽ പൊടിഞ്ഞതാണ് ഇന്നു കാണുന്ന മരം.

പടിപ്പുരക്കെട്ട് കടന്ന് മുന്നോട്ട്. തൃപ്രങ്ങോട്ടപ്പന് പടിഞ്ഞാറേയ്ക്കാണ് ദർശനം. പിൻവിളക്ക് തെളിഞ്ഞു കത്തുന്നു. ഏതാണ്ട് ആറ് ഏക്കറിൽ വിസ്തൃതമായിക്കിടക്കുന്ന ക്ഷേത്രഭൂമി. ഇടതുമാറി ആകാശം മറയ്ക്കുന്ന വലിയ ഇലഞ്ഞിമരം ഇലപ്പച്ച കടുപ്പിച്ച് നിൽക്കുണ്ട്. കാറ്റൊന്നു തൊട്ടപ്പോൾ കാത്തുവെച്ച മഴത്തുള്ളികളെ ചെറുമഴയായി താഴേയ്ക്ക് പൊഴിച്ചിട്ടു. വലത് ഭാഗത്ത് കൂവളത്തറയുണ്ട്.

Triprangode 5

വടക്കേയറ്റത്തുള്ള കാരണത്തിൽ ശിവക്ഷേത്രത്തിലേയ്ക്ക് നടന്നു. തൃപ്രങ്ങോട്ടപ്പന്റെ മൂലസ്ഥാനമായ അവിടെ തൊഴുത ശേഷമാണ് പ്രധാന ക്ഷേത്രത്തിൽ കടക്കേണ്ടത്. ചെറിയ ചതുര ശ്രീകോവിലിന്റെ ചുവരുകളിൽ പ്രകൃതിദത്തമായ ചായക്കൂട്ടുകളിൽ ജീവസ്സുറ്റ ചുവർചിത്രങ്ങൾ. നമസ്കാരമണ്ഡപത്തിന് നേരെ മുൻപിലായി സാമാന്യം വലിപ്പമുള്ള ക്ഷേത്രക്കുളം കാണാം. ഈ നടയ്ക്ക് മുൻപിലാണ് അന്ന് മാർക്കണ്ഡേയൻ ഓടിയെത്തിയത്. തൃപ്രങ്ങോട്ടെ ശ്രീകോവിലിനുള്ളിൽ ശിവലിംഗത്തെ പുണർന്ന് പ്രാർഥിച്ച കുമാരന് നേരെ കാലൻ പാശമെറിഞ്ഞു. മാർക്കണ്ഡേയനൊപ്പം ശിവലിംഗത്തെയും ചുറ്റിയാണ് അത് ചെന്ന് വീണത്. കോപാകുലനായ പരമശിവൻ ത്രിശൂലം കൊണ്ട് കാലന്റെ മാറു പിളർന്നു. അങ്ങനെ തൃപ്രങ്ങോട്ടെ സദാശിവമൂർത്തി രുദ്രനായി, കാലകാലനായി.

Karanathil Temple
കാരണത്തിൽ ശിവക്ഷേത്രം

ചിരഞ്ജീവിയായിരിക്കാൻ മാർക്കേണ്ഡേയനെ അനുഗ്രഹിച്ച് ഭഗവാൻ ശ്രീകോവിൽ വിട്ടിറങ്ങി. ഇന്നത്തെ പ്രധാന ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് മൂലയിലുള്ള കുളത്തിൽ ചോര പുരണ്ട ത്രിശൂലം കഴുകി. പിന്നെ കോപം ശമിക്കാൻ മൂലക്ഷേത്രത്തിനടുത്തുള്ള തീർഥക്കുളത്തിൽനിന്ന് ശംഖിൽ ജലമെടുത്ത് നെറുകയിലൊഴിച്ചു. എല്ലാ ദിനവും ശംഖാഭിഷേകം നടക്കുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട് എന്നത് ഓർമ്മ വന്നു. അപൂർവമാണിത്. ക്ഷേത്രം തന്ത്രിയാണ് ശംഖാഭിഷേകം നടത്തുക. തന്ത്രിയ്ക്ക് പുല വന്നാൽ ശംഖാഭിഷേകം നടക്കുകയില്ല. എല്ലാ ദിവസവും തന്ത്രി പൂജ ചെയ്യുന്ന ക്ഷേത്രം എന്ന അപൂർവതയും തൃപ്രങ്ങോടിനുണ്ട്.

കാലവധം കഴിഞ്ഞ് ശിവൻ മൂന്നു ചുവടു വെച്ച് പ്രധാന ക്ഷേത്രത്തിൽ കുടിയിരുന്നു എന്നാണ് ഐതിഹ്യം. തൃപ്പാദം പതിഞ്ഞു എന്നു കരുതുന്നിടത്ത് മൂന്നു ശിവലിംഗ പ്രതിഷ്ഠകൾ കൂടി കാണാം. തൃപ്പദംകോടാണ് തൃപ്പങ്ങോടായത് എന്നും വ്യാഖ്യാനമുണ്ട്. വൃദ്ധരൂപം പൂണ്ട ശിവൻ തീർഥക്കുളത്തിൽനിന്ന് തലയിൽ വെള്ളം കോരിയൊഴിക്കുന്നത് കണ്ട ഒരു ബ്രാഹ്മണബാലൻ അദ്ദേഹത്തെ സഹായിച്ചു കൊടുത്തു. തന്നെ ഇനി ഇവിടെ കണ്ടില്ലെങ്കിൽ അക്കാണുന്ന ശിവലിംഗത്തിൽ മുടങ്ങാതെ ശംഖാഭിഷേകം നടത്തണമെന്ന് അദ്ദേഹം അവനോട് പറഞ്ഞു. മന്ത്രവും ഉപദേശിച്ചു. ആ ബ്രാഹ്മണബാലന്റെ പിന്മുറക്കാരായ കല്പുഴ ഇല്ലക്കാർക്ക് ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം നല്കപ്പെട്ടു. ഇന്ന് കല്പുഴ ഇല്ലം, തെക്കേടത്ത്, വടക്കേടത്ത് എന്നിങ്ങനെ വീണ്ടും ശാഖകളായി പിരിഞ്ഞെങ്കിലും മൂന്ന് ഇല്ലക്കാരും ഊഴം വെച്ച് ക്ഷേത്രത്തിന്റെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നു. 

ഈ ശ്രീകോവിലുകൾക്കടുത്തു തന്നെ നാവാമുകുന്ദനും വേട്ടക്കരനും ഭദ്രകാളിയും ഉപദേവതകളായുണ്ട്. കിഴക്കുവശം ചുറ്റി നടന്നു. പ്രദക്ഷിണവഴിയിൽ അപസ്മാരയക്ഷന്റെ തലയിൽ ചവിട്ടി നിൽക്കുന്ന പരമശിവന്റെ ശിലാരൂപം. തൊട്ടടുത്താണ് അയ്യപ്പന്റെ കോവിൽ. തെക്കു പടിഞ്ഞാറായി ഗോശാല കൃഷ്ണക്ഷേത്രം. കണ്ണനെ തൊഴുത് മതിൽക്കെട്ടിനരികിലേക്ക് നടന്നു. അവിടെ പുറത്തായി ത്രിശൂലം കഴുകി എന്നു പറയപ്പെടുന്ന കുളം കാണാം. അവിടേയ്ക്ക് കടക്കാനാവില്ല. ആ കുളത്തിലിറങ്ങിയാൽ പിന്നെ ക്ഷേത്രഭൂമിയിൽ പ്രവേശിക്കരുതെന്നാണ് നിഷ്ഠ.

Apasmarayakshan

വില്യം ലോഗന്റെ മലബാർ മാനുവലിൽ പരാമർശിക്കപ്പെടുന്ന തൃപ്രങ്ങോട് ക്ഷേത്രം 10-ാം നൂറ്റാണ്ടിൽ തന്നെ നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചേര രാജാവായിരുന്ന ഗോദ രവിവർമ്മയുടെ കാലത്തെ ശിലാലിഖിതങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും പഴയ വിളക്കുമാടത്തറയുടെ അവശേഷിപ്പുകൾ കാണാം. പടിഞ്ഞാറെ നടയിൽ പുരാതനമായ ഗോപുരത്തിന്റെയും കൂത്തമ്പലത്തിന്റെയും സ്മൃതികൾ ശേഷിക്കുന്നുണ്ട്. മാമാങ്കം നടന്നിരുന്ന കാലത്ത് സാമൂതിരിയുടെ സൈന്യം ഇവിടെയാണ് തമ്പടിച്ചിരുന്നത്. വെട്ടത്ത് രാജാവിന്റെ കീഴിലായിരുന്ന ക്ഷേത്രഭരണം പിന്നീട് സാമൂതിരിയുടെ പക്കലെത്തിച്ചേർന്നു. ഇന്നും മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ സാമൂതിരി രാജാ ട്രസ്റ്റിയായാണ് തൃപ്രങ്ങോട്ട് ക്ഷേത്രഭരണം നടത്തുന്നത്.

പുറത്തെ പ്രദക്ഷിണം പൂർത്തിയാക്കി പടിഞ്ഞാറ് വശത്തുകൂടി ക്ഷേത്രത്തിനുള്ളിൽ കടക്കാം. കൊടിമരം ചുറ്റി ബലിക്കൽപ്പുര കടന്ന് ഉള്ളിലേയ്ക്ക്. മരത്തിൽ തീർത്ത നന്ദിമണ്ഡപത്തിനപ്പുറം ഗജപൃഷ്ഠാകൃതിയിൽ ഇരു നിലയിൽ പണിത് ചെമ്പു മേഞ്ഞ ശ്രീകോവിൽ. അതി നുള്ളിൽ മൃത്യുഞ്ജയൻ കുടികൊളളുന്നു. വാമഭാഗത്തായി ശ്രീപാർവതിയ്ക്കും ഇരിപ്പിടമുണ്ട്. കാലനെ വധിച്ച് രൗദ്രഭാവം പൂണ്ട ശിവമൂർത്തിയെ ശാന്തനാക്കുന്നതിനാണ് ശ്രീപാർവതിയെയും ഒപ്പം പ്രതിഷ്ഠിച്ചത്. നാലമ്പലത്തിനുള്ളിൽ തൊട്ടിലുകൾ തൂക്കിയിരിക്കുന്നത് കാണാം. സന്താനസൗഭാഗ്യത്തിനായുള്ള പ്രാർഥനകളാണ് അവയോരോന്നും. ഗണപതിയെയും ദക്ഷിണാമൂർത്തിയെയും തൊഴുത് പുറത്തിറങ്ങി.

Triprangode 3
വടക്കേനട. മൂന്നുശിവക്ഷേത്രങ്ങളും നാവാമുകുന്ദന്റെ ശ്രീകോവിലും കാണാം

മൃത്യുവിനെ ജയിച്ച മൂർത്തിയാണ് ഇവിടെ കുടികൊള്ളുന്നത് എന്നതിനാൽ തന്നെ തൃപ്രങ്ങോട്ടെ മൃത്യഞ്ജയ ഹോമം അതിവിശേഷപ്പെട്ടതാണ്. 144 ഉരു മന്ത്രങ്ങളുടെ അകമ്പടിയോടെ അത്രയും പ്രാവശ്യം കറുകയും പേരാൽമൊട്ടും ചമതവള്ളിയും തുടങ്ങി വിശേഷപ്പെട്ട ഒൻപത് ദ്രവ്യങ്ങൾ ഹോമിച്ചാണ് ഇത് നടത്തുന്നത്. ഉമാമഹേശ്വര പൂജയാണ് മറ്റൊരു പ്രധാന ചടങ്ങ്. മുൻപ് ശിവരാത്രിയായിരുന്നു പ്രധാനമായി ആഘോഷിച്ചിരുന്നത്. അന്ന് തെക്കേകുളത്തിലെ ജലം ചുവക്കുമെന്നുള്ള പഴമൊഴി മുൻപേ കേട്ടിരുന്നു. ഇന്നും മൂന്നു ദിവസത്തെ ആഘോഷമായി ശിവരാത്രി കൊണ്ടാടുന്നു.

ശിവരാത്രി ദിനത്തിൽ ശയനപ്രദക്ഷിണം നടത്തുന്നത് തൃപ്രങ്ങോട്ട് വിശേഷപ്പെട്ട വഴിപാടാണ്. അന്നേ ദിവസം പുലർച്ചെ മൂന്നു മണി തൊട്ട് ഭക്തർ ശയനപ്രദക്ഷിണം നടത്താനെത്തുന്നു. പ്രദക്ഷിണവഴിയിൽ അപസ്മാരയക്ഷനെ ചവിട്ടി നിൽക്കുന്ന പരമേശ്വരന്റെ ശില്പത്തെ സ്പർശിക്കാതെയാവണം ശയനപ്രദക്ഷിണം പൂർത്തിയാക്കേണ്ടത്. 2009-നു ശേഷം ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരും വിധം എട്ടു ദിവസം നീളുന്ന ഉത്സവം നടത്തിവരുന്നു. മൂന്നു ദിവസം മുൻപ് ദ്രവ്യകലശമുണ്ടാകും. അഷ്ടമിരോഹിണി ദിനത്തിൽ ഗോശാലകൃഷ്ണ ക്ഷേത്രവും ആഘോഷത്തിലാഴും.

ശനിയാഴ്ചയായതു കൊണ്ടാകാം സാമാന്യത്തിലേറെ തിരക്കുണ്ടായിരുന്നു. അല്ലലും ആവലാതികളും മോഹങ്ങളും ഈശ്വരനിൽ അർപ്പിക്കുവാൻ എത്തിയവർ. മാമ്പഴമഞ്ഞ നിറമുള്ള പട്ടുപാവാടയിട്ട കുഞ്ഞേച്ചിയും അമ്മയുടെ ഒക്കത്തേറി അവളുടെ കുഞ്ഞനുജത്തിയും ഗോശാലകൃഷ്ണനെ കാണാൻ പ്രസരിപ്പോടെ എത്തുന്നു. മരത്തൊട്ടിലുമായി പ്രാർഥനകളുമായി ചിലർ നാലമ്പലത്തിനുള്ളിലേയ്ക്ക് പോകുന്നു. മരണത്തെ കൊന്ന് മൃകണ്ഡുവിനും മരുദ്വതിയ്ക്കും അവരുടെ ഉണ്ണിയെ തിരികെക്കൊടുത്ത ദേവദേവൻ അവരുടെ പ്രാർഥനകളും കേൾക്കില്ലേ?

YATHRA TRAVEL INFO

The Triprangode Siva temple is one of the oldest Hindu temples dedicated to Lord Shiva. Spanning across an area of 6 acres, this ancient shrine is located in Triprangode in Malappuram: district of Kerala. It exhibits the best example of Kerala's mural paintings. The temple has a serene pond and various holy sub-shrines. Kokila Sandesa of Uddanta Sastrigal (15th century) mentions Triprangode among other major destinations in the region.

Getting there

By Air: Calicut International Airport (47 kms) By Rail: Tirur (9 km), Thirunavaya (5 kms, only limited number of trans stops here), Kuttippuram (11 km).

By Road: Bus and taxi services available from Tirur. The temple is only 2 km from Alathiyoor junction via Guruvayur-Chamravattam route.

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

Sites around

Alathiyoor Hanuman Temple (3.8 km) Chamravattam Ayyappa Temple (5km) Thunchan Parambu (8 km)

Contact: Troprangode Shiva Temple, Triprangode PO, Tirur, Malappuram, Kerala 676108, Alathiyoor - Kodakkal Rd, Triprangode, Phone: 0494 256 6046

Useful links: www.triprangodesivatemple.org

(മാതൃഭൂമി യാത്ര 2021 നവംബറിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Triprangode Temple, pilgrimage, spiritual travel, mathrubhumi yathra