കാട് മറ്റൊരു രാജ്യമാണ്. സ്വന്തം അതിർത്തികൾ, നാട്ടുരാജ്യങ്ങൾ, പടയാളികൾ, പുരോഹിതൻമാർ മഴ, വേനൽ വഴികൾ, അടയാളങ്ങൾ...!!! അകത്തേക്ക് കടക്കുന്തോറും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു അതിന്റെ ആഴവും ഉയരവും. കാണുംതോറും തിടംവച്ച് വളരുന്ന പച്ചപ്പ് ചെവിയോർത്തിരിക്കേ കനത്തുവരുന്നു ശബ്ദധ്വനികൾ... 

ആ കാട്ടിൽ രണ്ടുദിവസം കഴിയാനായിരുന്നു യാത്ര. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി വഴി ആറളത്തെ വന്യജീവി സംക്ഷണ കേന്ദ്രത്തിലേക്ക് 5500 ഹെക്ടറിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച മറ്റൊരു രാജ്യം കാണാൻ. ആറളം എന്ന് വെറുതെ പറഞ്ഞാൽപ്പോലും ആറളം ഫാം എന്നാണ് ആളുകൾ കേൾക്കുക. ആറളവുമായി “ഫാമിന് അത്ര അടുത്ത ബന്ധമുണ്ട്. എന്നാൽ ഈ യാത്ര ഫാമും കടന്ന് പശ്ചിമഘട്ടത്തോട് തൊട്ടുകിടക്കുന്ന ആറളം വന്യജീവി സങ്കേതത്തിലേക്കാണ്. കാടും കാട്ടാനയും കുന്നുകളും മരുതും മലമുഴക്കിയും മലയണ്ണാനും രാജവെമ്പാലയും പൂമ്പാറ്റകളും പച്ചയുടുപ്പിട്ട ആയിരം സസ്യജാലങ്ങളും അതിനുകാവലിരിക്കുന്ന ചീങ്കണ്ണിപ്പുഴയും ചേർന്ന ആറളം വന്യജീവി സങ്കേതത്തിലേക്ക്.

വനമധ്യത്തിൽ രണ്ടുദിവസം തങ്ങാനും മകരത്തണുപ്പിൽ കാൽനടയായി കാടുകയറാനും ഒരു യാത്ര.

ആറുകളുടെ അളം

കർണാടക സംസ്ഥാനത്തിന്റെ ഭാഗമായ ബ്രഹ്മഗിരി സാങ്ച്വറിയുടെ തുടർച്ചയായി കുടക് മലകൾക്ക് കീഴിൽ 5500 ഹെക്ടറിൽ (13750 ഏക്കർ) പടർന്നുകിടക്കുന്ന ആറളം വന്യജീവി സങ്കേതം കണ്ടുപിടിച്ചതിനെക്കുറിച്ചുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടുത്തെ പ്രബലൻമാരായി വാഴുന്നോർ ജൻമിയുടെ കീഴിലായിരുന്ന വന്യജീവി സങ്കേതം ഉൾപ്പെട്ട പ്രദേ ശം. ഓടന്തോട് മലവാരം' എന്നാണ് അന്ന് ഈ പ്രദേശം അറിയപ്പെട്ടത്. വാഴുന്നോർ തറവാട്ടുകാർക്ക് വൃദ്ധിക്ഷയം സംഭവിച്ചപ്പോൾ തെക്കുദേശത്തുനിന്നെത്തിയ അതിസ പന്നനായ കുഞ്ഞമ്മാൻ ഹാജി അവരുടെ 100 ഏക്കർ വിലയ്ക്കുവാങ്ങി. കാട്ടിലേക്ക് വഴിതുറക്കുന്ന 100 ഏക്കർ കൈയിലായതോടെ കുഞ്ഞമ്മാൻ ഹാജി അകത്തേക്കുള്ള വഴിയടച്ചു. പിന്നീട് ആരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. പിന്നിൽ ഉറങ്ങിക്കിടക്കുന്ന 13750 ഏക്കർ വനത്തെ ഹാജി 100 ഏക്കർകൊണ്ട് മറച്ചു പിടിച്ചു. ഇത്ര വിശാലമായ പ്രദേശം ഇവിടെയുണ്ടെന്നുപോലും പിന്നീട് ആർക്കും അറിയാതായി.

വെസ്റ്റിങ് ആൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം 1971-ൽ ഈ ഭൂമി കേരളസർക്കാർ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആറളത്തിന്റെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് 1984-ൽ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയിട്ടാണ് തുടങ്ങിയത്. 1998-ൽ പ്രത്യേക ഡിവിഷൻ ആക്കി മാറ്റി.

തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കർണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂർ ഡിവിഷന്റെ ഭാഗമായ വനങ്ങളുമാണ് ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം. സമുദ്രനിരപ്പിൽനിന്ന് 10 മുതൽ 1589 മീറ്റർ വരെ ഉയർന്നുകിടക്കുന്ന ആറളം ആയിരത്തിലേറെ സപുഷ്പികളായ സസ്യജാലങ്ങളാൽ സമൃദ്ധം. 49 ഇനം സസ്തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേർന്ന ജൈവമണ്ഡലം. കണ്ണിൽ കാണാത്തതും തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ ജീവികളും സസ്യങ്ങളും ഇനിയുമെത്രയോ ഇടതൂർന്നു നിൽക്കുന്ന വനപ്രദേശം. നിത്യഹരിത വനങ്ങളും ആർദ്ര ഇലപൊഴിയും വനങ്ങളും ചോലവനങ്ങളും പുൽമേടുകളുമെല്ലാം ചേർന്ന വൈവിധ്യം. വർഷത്തിൽ ശരാശരി 400 സെ.മീ മഴ ലഭിക്കുന്നു. 1589 മീറ്റർ ഉയരത്തിലുള്ള അമ്പലപാറയാണ് ഏറ്റവും ഉയർന്ന പ്രദേശം.

കുരങ്ങുവർഗത്തിൽപ്പെട്ട അഞ്ചുജീവികൾ -സിംഹവാലൻ, ഹനുമാൻ, നാടൻ, കരിങ്കുരങ്ങ്- ആറളത്തുണ്ട്. അതുപോലെ മലമുഴക്കി, കോ ഴിവേഴാമ്പൽ, പാണ്ടൻ, നാട്ടു വേഴാമ്പൽ എന്നീ വേഴാമ്പലുകളും. കുട്ടിത്തേവാങ്ക് ഏറ്റവും കൂടുതലുള്ള മേഖലയാണിത്. പൂമ്പാറ്റകളുടെ ദേശാടനമാണ് മറ്റൊരു പ്രത്യേകത. വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളിൽ ആദിവാസി പുനരധിവാസ മേഖലയുണ്ട്. ചീങ്കണ്ണിപ്പുഴ കടന്നാൽ അക്കരെ കേളകം പഞ്ചായത്താണ്. ആറളം തൂക്കുപാലം കടന്നാൽ കേളകത്ത് എത്താം. കുടിയേറ്റ കർഷകർ മണ്ണിൽ പണിയെടുത്ത് ഉണ്ടാക്കിയ മറ്റൊരു ലോകം.

മീൻമുട്ടിയിലേക്കുള്ള കാട്ടുപാത

കാട്ടിനുള്ളിലൂടെയുള്ള ഒരു ദിവസത്തെ ട്രക്കിങ്... കാടുകാണുക എന്നാൽ മരങ്ങൾ കാണുക എന്നുമാത്രമല്ല, വേരുകളും ചില്ലകളും കാണണം. അരിച്ചെത്തുന്ന സൂര്യരശ്മികളെയും അകന്നുപോകുന്ന ശബ്ദങ്ങളെയും മരത്തിനുചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന പ്രാണികളെയും അറിയണം. അടിക്കാടിൽനിന്നുള്ള അനക്കങ്ങൾ കാണണം. അതു മാത്രം പോരാ, നല്ല കരുതലും വേണം. ആഴ്ചയിൽ രണ്ടും മൂന്നും രാജവെമ്പാലകളെ ഇറക്കിവിടുന്ന സ്ഥലമാണ്. കടുവ തന്റെ അതിരുകൾ (Territory) വരച്ചു വച്ചതിന്റെ അടയാളവും ഒരാഴ്ച മുമ്പ് കണ്ടെത്തിയിരുന്നു.

പതിനഞ്ച് കിലോമീറ്റർ അകലെ കുന്നിൻമുകളിലുള്ള മീൻമുട്ടി വെള്ളച്ചാട്ടം ലക്ഷ്യമാക്കിയാണ് നടക്കാനിറങ്ങുന്നത്. അതിരാവിലെതന്നെ യാത്രയ്ക്ക് തയ്യാറായി. നാലു മണിക്കൂറെങ്കിലും വേണം അവിടെയെത്താൻ. കൂടെ വൈൽഡ്ലൈഫ് വാച്ചർ സുശാന്ത് മടപ്പുരക്കലുമുണ്ട്. ആവിപാറുന്ന രണ്ടുകുറ്റിപുട്ടും ചെറുപയറും ചൂടുവെള്ളവുമായി നേരം പുലർന്നപ്പോൾത്തന്നെ നടത്തം തുടങ്ങി. രാത്രി മലയിറങ്ങുന്ന ആനയെ തുരത്താനായി വഴിയുടെ ഇരുവശവും മരങ്ങൾ കൂട്ടിയിട്ട് കത്തിക്കും. അവ ഇനിയും കത്തിത്തീർന്നിട്ടില്ല. രാത്രി ആന നാട്ടിലേക്കിറങ്ങുന്നതിനെ പ്രതിരോധിക്കാൻ കെട്ടിവെച്ചിരിക്കുന്ന കമ്പിവേലികളുമുണ്ട്. 30 സെക്കൻഡിൽ ഒരു പൾസ് എന്ന നിലയിൽ 5000 വാട്സ് കറണ്ടാണ് കടത്തി വിടുന്നത്. ചാർജ്ജ് ചെയ്യുന്ന സമയത്ത് കമ്പിയിൽ തട്ടിയാൽ ആന തെറിച്ചുപോകും. മനുഷ്യർക്കും ബാധകമാണത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കല്ലാ തെ മറ്റാർക്കും രാത്രി കാട്ടിനകത്തേക്ക് പ്രവേശനമില്ല.

എങ്ങോട്ട് നോക്കിയാലും തലയുയർത്തിനിൽക്കുന്ന മരത്തലപ്പുകൾ, കാരാഞ്ഞലി, പാലി, വയനാവ്, കമ്പകം, വെള്ളപൈൻ, മൂട്ടിപ്പഴം... വഴിയിലേക്ക് ചാഞ്ഞും ചരിഞ്ഞും ഇഞ്ച, കഴഞ്ചി, കറുത്തോടൽ, പുല്ലാഞ്ഞി തുടങ്ങിയ വള്ളിപ്പടർപ്പുകൾ. വഴിയിൽ മിന്നിമറയുന്ന കാട്ടുകോഴികൾ. മരംകൊത്തിയുടെയുടെയും മലമുഴക്കിയുടെയും ശബ്ദധ്വനി കൾ. ഒരു ചിലപ്പിട്ട് കടന്നുപോ കുന്ന കുരുവികൾ. കാട്ടിലൂടെ നടക്കുമ്പോൾ നിങ്ങൾക്ക് മറ്റാരോടും ഒന്നും പറയാനുണ്ടാകില്ല. "കാട്ടിലെത്തിയാൽ നിശ്ശബ്ദനാകുന്ന കൂട്ടുകാരനോടൊപ്പമേ ഞാൻ വരൂ..' എന്ന കവിത ഓർമ്മിച്ചു. കടുവ അടക്കമുള്ള മൃഗപാനത്തിൽ ഉണ്ടെങ്കിലും കാണാനാകുമെന്ന ഉറപ്പൊന്നുമില്ലെന്ന് സുശാന്ത് ആദ്യമേ പറഞ്ഞതിനാൽ ആകാംക്ഷയോടെ വഴിക്ക് ഇരുവശവും നോക്കിക്കൊണ്ടിരുന്നു. ചില വഴികൾ ചൂണ്ടി അദ്ദേഹം ആനത്താരയെന്ന് പരിചയപ്പെടുത്തി. അവിടെ അന്തരീക്ഷത്തിൽ ചൂര് മണത്തു. ചില മരങ്ങൾ മാത്രം അടിയേ പിഴുതെടുത്ത് മറ്റൊരിടത്തു വച്ചപോലെ. തലേന്നുരാത്രി ഇറങ്ങിയ ആനയുടെ കുസൃതിയാണ്.

രണ്ടുമണിക്കൂർ നടത്തം കഴിഞ്ഞപ്പോൾ കുരുക്കത്തോട് എത്തി. അവിടെ എന്തോ കാത്തിരിക്കുന്നുണ്ടെന്ന് സുശാന്ത് നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹം വഴിചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ജീവനുള്ള തിരമാലകളെപ്പോലെ പൂമ്പാറ്റകളുടെ ഇളകിയാട്ടം. ഒറ്റനോട്ടത്തിൽ ഇലകൾ മുഴുവൻ കരിഞ്ഞുണങ്ങിയ കാട്ടുമരം എന്നേ തോന്നു. നോക്കിയിരിക്കേ ഉണങ്ങിയ ഇലകളുടെ അതേ നിറത്തിലും രൂപത്തിലും മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പാറ്റകൾ ഇളകിത്തുടങ്ങി. നൂറായും ആയിരമായും ചിതറിത്തെറിക്കുന്നു നീലക്കടുവ (Blue tiger) യുടെയും അരളി ശലഭത്തിന്റെയും (Common Crow) ചിറകുകൾ, ഞൊടിയിട കഴിയുമ്പോൾ തിരിച്ച് അതേ മരത്തിൽ അതേ സ്ഥലത്ത് വന്നിരിക്കുകയും ചെയ്യും. മരങ്ങളിൽ പൂമ്പാറ്റകളുടെ കൂട്ടംചേരൽ (Congregation) കാലമാണിത്. പൂമ്പാറ്റകളുടെ ദേശാടനം (Migration) നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ആറളം.

Meenmutti
മീൻമുട്ടി വെള്ളച്ചാട്ടം

കാടിന്റെ ഗംഭീരമായ നിശ്ശബ്ദതയിൽ മധുരാജിന്റെ ക്യാമറയും ഇടവിടാതെ ചിലച്ചുകൊണ്ടിരുന്നു. ഞങ്ങൾ കാലുകൾ സമതലങ്ങളിൽനിന്ന് കുന്നിൻമുകളിലേക്ക് നീട്ടിവെച്ചു. ഇതിനകം എട്ടു കിലോമീറ്ററോളമായി. ഇനിയുമുണ്ട് ഏഴു കിലോമീറ്റർ കൂടി. പട്ടംപ്ലാവിലാണ് വന്യജീവിസ ങ്കേതത്തിന്റെ വാച്ച് ടവർ. 35 മീറ്റർ ഉയരത്തിലുള്ള വാച്ച് ടവറിൽനിന്ന് നോക്കുമ്പോൾ നമ്മുടെ കാലുകൾ കണ്ണൂർ ജില്ലയിലാണെന്ന കാര്യം മറ ന്നുപോകും. അപരിചിതമായ മറ്റേതോ സ്ഥലത്ത് എത്തിയപോലെ. കിഴക്ക് കൊട്ടിയൂരിന്റെ ഭാഗമായ പാലുകാച്ചി മല, വടക്ക് ബ്രഹ്മഗിരി സാങ്ച്വറിയുടെ ഭാഗമായ മലനിരകൾ, തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴ, പടിഞ്ഞാറ് ആറളം. ഞങ്ങൾ പുറപ്പെട്ടുവന്ന ആറളം ഇപ്പോൾ എത്രയോ കീഴെയാണ്!!

ഇനി കുത്തനെയുള്ള കയറ്റമാണ്. കാടിന്റെ ഞരമ്പുപോലെ മലമുകളിൽനിന്ന് പൊട്ടി ചീങ്കണ്ണിപ്പുഴയോട് കണ്ണിചേരുന്ന അരുവികൾ പലവട്ടം ഞങ്ങൾ മുറിച്ചുകടന്നു. ഇത്തിരിനേരം അതിന്റെ ചുറ്റിലും ഇരുന്നു. അരുവിയിലെ വെള്ളത്തിൽ കൈകഴുകി പുട്ടും ചെറുപയറും കഴിച്ചു. അരുവിക്ക് കുറു കേയുള്ള ചെറിയ നടപ്പാലത്തിന്റെ പേര് "കുര്യാക്കോസ് പാലം എന്നാണ്!! മറ്റൊന്നുമല്ല, പാലം പണിത കോൺട്രാക്റ്ററുടെ പേരാണ്.

പതിനൊന്നു മണിയോടെ കുന്നിൻ മുകളിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിനുമുന്നിലെത്തി. കർണാടകയിലെ വീരഗത്തുനിന്ന് വേരുപൊട്ടിയൊഴുകുന്ന വെള്ളപ്പാച്ചിൽ ബ്രഹ്മഗിരി സാങ്ച്വറിയിലൂടെ വന്ന് ആറളം വന്യജീവി സങ്കേതത്തിലൂടെ താഴോട്ട്... അവിടെയെത്തുമ്പോൾ അത് ചീങ്കണ്ണിപ്പുഴയാകും. ശേഷം കൊട്ടിയൂരിൽ നിന്ന് വരുന്ന ബാവലിപ്പുഴയുമായി ചേർന്ന് ഇരിട്ടി പുഴയിലേക്ക്. അപ്പോൾ ജലപ്രവാഹം വളപട്ടണം പുഴയായി മാറുന്നു. ഏതു വേനലിലും വറ്റാതെ കണ്ണൂരിന്റെ ജീവനാഡിയായി നിൽക്കുന്ന പുഴയിലേക്കുള്ള കുതിപ്പിലാണ് മീൻമുട്ടിയിലെ ജലപ്രവാഹം. നെടുങ്കൻ വെള്ളച്ചാട്ടം. മീൻമുട്ടിയുടെ ഉത്തുംഗത്തിൽ നിന്ന് വന്യതാളത്തിൽ വെള്ളം കുതിക്കുമ്പോൾ ജൂൺ, ജൂലായ് മാസങ്ങളിൽ സമീപത്തൊന്നും ആളുകൾക്ക് നിൽക്കാൻ പോലും പറ്റില്ല. ജൂൺ മുതൽ നവംബർ വരെ എല്ലാ ദിവസവും ഇവിടെ തോരാത്ത മഴയായിരിക്കും.

വെള്ളച്ചാട്ടം കണ്ടതോടെ ഞങ്ങളുടെ ട്രക്കിങിന്റെ ഒന്നാംഘട്ടം കഴിഞ്ഞു. അതിനു മുകളിലേക്ക് പോകാനാകില്ല. ഇനിയുള്ള വഴികൾ കാടിനും കാട്ടുജീവികൾക്കും മാത്രമേ അറിയൂ. കിഴക്കോട്ട് കുടക് മലകളാണ്. വന്യജീവി സങ്കേതത്തിന്റെ കവാടത്തിലെത്താൻ ഇനി നാലുമണിക്കൂർ മടക്കയാത്ര.

കേരളത്തിൽത്തന്നെ രാജവെമ്പാലകൾ ഏറ്റവും കൂടുതലുള്ള സാങ്ച്വറികളിലൊന്നാണ് ആറളം. സമീപപ്രദേശങ്ങളിൽ നിന്ന് പിടിയിലാകുന്ന പാമ്പുകളുടെ രാജാക്കൻമാരെ കൊണ്ടു വിടുന്നത് ഇവിടെയാണ്. എല്ലാ ആഴ്ചയിലും രണ്ടുമൂന്ന് പാമ്പുകൾ എത്താറുണ്ടെങ്കിലും ഞങ്ങളുടെ വഴിയിൽ രാജവെമ്പാല എവിടെയും കണ്ണിൽപ്പെട്ടില്ല. മൂർഖൻ അടക്കമുള്ള പാമ്പുകളെത്തന്നെ ഭക്ഷിച്ച് കഴിയുന്ന ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ ഉൾക്കാടുകളിൽ മാത്രമേ കാണാൻ കിട്ടൂ എന്ന് സുശാന്ത് പറഞ്ഞു.

പക്ഷികളുടെ പാട്ടും അജ്ഞാതജീവികളുടെ അടയാളങ്ങളും അപായസൂചനകളും കേട്ട് മരങ്ങളുടെ മൗനമന്ദഹാസങ്ങൾ കണ്ട് ആ പകൽ അറി സാനിച്ചു. ഒരു ദിവസത്തെ ട്രക്കിങ്ങിന് സമാപനം.

പൂമ്പാറ്റകളുടെ ദേശാടനം 

കേരളത്തിലെ മറ്റൊരു വനമേഖലയിലും കാണാത്ത ചിത്രശലഭങ്ങളുടെ കേന്ദ്രമാണ് ആറളം. പിരിഡേ (വെണ്ണശലഭങ്ങൾ) വിഭാഗത്തിൽപ്പെട്ട അൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ആറളത്തിലൂടെയാണ്. മലനിരകളിൽ നിന്ന് നദികളിലൂടെയും തോടുകളിലൂടെയും ഒന്നിനുപുറകെ ഒന്നായി ഒഴുകിവരുന്ന ചിത്രശലഭങ്ങളുടെ കൂട്ടം ചേരലും (Congregation) മഡ് പഡ് ലിങും (Mud puddling) ആറളത്തിന് മറ്റൊരു നിറംപകരുന്നു. അഞ്ചുമിനിറ്റിൽ അയ്യായിരത്തോളം പൂമ്പാറ്റകൾ ഇങ്ങനെ കടന്നുപോകുന്നതായി കണക്കാക്കിയിട്ടുണ്ട്.

Aralam Butterflies

കുടക് മലനിരകളിൽ നിന്ന് വരുന്ന ഈ പൂമ്പാറ്റക്കൂട്ടം നദിക്കരയിലെ നനഞ്ഞമണ്ണിൽ പ്രാർഥനാപൂർവ്വം ഇരിക്കുന്നു. വിശ്രമിക്കാനും തുടർ യാത്രയ്ക്കുള്ള ഊർജ്ജം സംഭരിക്കാനുമാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് കരുതുന്നു. ഇങ്ങനെ ആയിരക്കണക്കിന് ശലഭങ്ങളാണ് നദിക്കരയിൽ ഒരേസമയം ഉണ്ടാവുക. പിന്നീട് ഇവ എങ്ങോട്ടുപോകുന്നു വെന്ന് അറിയില്ല. ഊട്ടിയിലേക്കുള്ള യാത്രയിലാണ് ഇവയെന്ന് കരുതുന്നു. നവംബർ മുതൽ ജനുവരി വരെയാണ് പൂമ്പാറ്റകളു ടെ ദേശാടനത്തിന്റെ സീസൺ. കൃഷ്ണശലഭം, ചുട്ടിക്കറുപ്പൻ, ഭൂപടശലഭം, വനദേവത, ഓക്കില ശലഭം തുടങ്ങി 249 തരം പൂമ്പാറ്റകളെ ആറളം വന്യജീവി സങ്കേതത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. 334 തരം ശലഭങ്ങളെയാണ് പശ്ചിമഘട്ടത്തിലാകെ തിരിച്ചറിഞ്ഞിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴേ ഇവിടുത്തെ ശലഭസമ്പത്ത് എത്രയെന്നറിയൂ.

ഇന്ത്യയിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ഗരുഡശലഭം മുതൽ ഏറ്റവും ചെറിയ രത്നനീലിവരെയുള്ളവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 

 

ചുറ്റുവട്ടം

സെന്റ് ആഞ്ജലോസ് കോട്ട: പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ് അൽമേഡയുടെ നേതൃത്വത്തിൽ 1505-ൽ പണിത സെന്റ് ആഞ്ജലോസ് കോട്ട കണ്ണൂർ നഗരത്തിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ്. ആറളം ഫാമിൽനിന്ന് 71 കി.മീറ്റർ അകലം.

Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

തലശ്ശേരി കോട്ട: 1700-ൽ ബ്രിട്ടീഷുകാർ പണിത തലശ്ശേരി കോട്ട തലശ്ശേരി നഗരത്തിൽ തന്നെയാണ്. കോട്ടയിൽനിന്ന് ആറളം വന്യജീവി സങ്കേതത്തിലേക്കുള്ള ദൂരം 57 കി.മീ 

മുഴപ്പിലങ്ങാട് ബീച്ച്: കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് കണ്ണൂരിനും തലശ്ശേരിക്കുമിടയിലാണ്. നാലു കി.മീറ്ററാണ് ബീച്ചിന്റെ നീളം. ദേശീയപാതയിൽ നിന്ന് ബീച്ചിലേക്ക് വലിയ ദൂരമില്ല. കണ്ണൂരിൽനിന്ന് 15 കി.മീറ്ററും തലശ്ശേരിയിൽനിന്ന് എട്ടു കിലോമീറ്ററുമാണ് ബീച്ചിലേക്കുള്ള ദൂരം

ഏഴിമല: പ്രകൃതി സുന്ദരമായ ഏഴിമലയും അവിടെയുള്ള നാവിക അക്കാദമിയും കണ്ണുരിൽനിന്ന് 37 കിലോമീറ്റർ വടക്കാണ്. ആറളത്തുനിന്ന് ഇരിട്ടി, തളിപ്പറമ്പുവഴി ഏഴിമലയിലേക്ക് 104 കി.മീറ്റർ ദൂരമുണ്ട്.

പൈതൽമല: സമുദ്രനിരപ്പിൽനിന്ന് 4,500 അടി ഉയരത്തിലുള്ള പൈതൽമല കണ്ണൂർ നഗരത്തിൽനിന്ന് 65 കി.മീറ്റർ വടക്കുകിഴ ക്കായി കേരള-കർണാ ടക അതിർത്തിയിലാണ്. ആറളത്തുനിന്ന് പെട്ടെന്ന് ചെന്നെത്താവുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പൈതൽമല. പേരാവൂർ-ഇരിട്ടി ഉള്ളിക്കൽ വഴി പൈതൽമലയിലേക്കുള്ള ദൂരം 67 കി.മീറ്ററാണ്.

(മാതൃഭൂമി യാത്രയിൽ 2014 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: travel to Aralam wildlife sanctury, trekking to meenmutti waterfall