വേനലിലും കളിരുള്ള തണലാണ് തുഷാരഗിരി. ഒരു പ്രളയകാലത്തിന്റെ അനന്തരമുള്ള വേനലിലും കടുത്ത ചൂടിനെയും തോല്‍പ്പിച്ച് ഈ കാടുകള്‍ പച്ചപ്പിന്റെ ഇലച്ചാര്‍ത്തണിയുന്നു. പശ്ചിമഘട്ടത്തിന്റെ നെറുകെയില്‍ നിന്നും മലവെള്ളം കുതിച്ചിറങ്ങിയപ്പോഴും പറക്കെട്ടുകളെ മുറുകെ പിടിച്ച വന്‍ വൃക്ഷങ്ങള്‍. ഈ ഹരിതലോകം മറ്റൊരു വിനാശകാലത്തെയാണ് അതിജീവിച്ചത്. ഇരുണ്ട വനത്തിലെ അടിക്കാടുകളെ പോലും പിഴുതെറിയാന്‍ കഴിയാതെ മലവെള്ളം താഴ്‌വാരങ്ങളെ മുക്കി എങ്ങോട്ടോ കടന്നുപോയി. പാറക്കെട്ടുകളില്‍ തല തല്ലിയമര്‍ന്ന കാട്ടരുവികള്‍ ഹുങ്കാരങ്ങളെ കൈവിട്ട് മെലിഞ്ഞു നീണ്ട് ശാന്തമായി യാത്രകള്‍ അവസാനിപ്പിക്കുന്നു. ഒരേ സമയം വിസ്മയവും സാഹസികവുമായ ഈ വെളളച്ചാട്ടങ്ങളും മലനിരകളുമാണ് സഞ്ചാരികളെ വിളിക്കുന്നതെങ്കില്‍ തുഷാരഗിരിക്ക് കത്തുന്ന വേനലിലും പങ്ക് വെക്കാനുണ്ട് ഹരിതാഭമായ കാഴ്ചകള്‍.

Thusharagiri 1

ആകാശത്തേക്ക് ആവുന്നത്രയും നീണ്ടുവളര്‍ന്ന അനേകം വൃക്ഷങ്ങള്‍. അവയുടെ നോട്ടമെത്താത്ത ശിഖരങ്ങളില്‍ നിന്നും മുടിയിഴകള്‍ പോലെ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങിയ കാട്ടുവള്ളികള്‍. കുത്തനെയുള്ള ചെരിവുകളില്‍ നിന്നും അടര്‍ന്നുപോകാതിരിക്കാന്‍ ഭൂമിയെ മുറുകെ പിടിച്ച കൂറ്റന്‍മരങ്ങളുടെ വേരുകള്‍. ചുട്ടുപൊള്ളുന്ന പാറകള്‍ക്കിടയിലൂടെ നൂലുപോലെ നൂണ്ടിറങ്ങുന്ന അരുവികള്‍. പുറത്ത് ആവി പറത്തുന്ന ഉഷ്ണക്കാറ്റ് വീശിയടിക്കുമ്പോഴും സൂര്യപ്രകാശം ഒരു തരിപോലും ഇറക്കിവിടാത്ത കുളിരിന്റെ കൂടാരങ്ങള്‍.

Thusharagiri 2

ഒരു വേനല്‍പാതിയില്‍ തമരശ്ശേരിയില്‍ നിന്നും സുഹൃത്ത് ഇ.പി.ജിനീഷാണ് തുഷാരിഗിരയിലെ നട്ടുച്ചകളിലേക്ക് ക്ഷണിക്കുന്നത്. ഇടതടവില്ലാത്ത കൃഷി തോട്ടങ്ങള്‍ക്ക് നടുവിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള ഉഗ്രന്‍പാതയിലൂടെ തുഷാരഗിരി ലക്ഷ്യമാക്കിയായിരുന്നു യാത്ര. കുടിയേറ്റകാലത്തിന് മുമ്പ് കാടുമൂടിക്കിടന്നിരുന്ന ഈ മലയോരമെല്ലാം ഇന്ന് കഠിനാധ്വാനത്തിന്റെ അനന്തരമുള്ള സമൃദ്ധമായ കൃഷിത്തോട്ടങ്ങളാണ്. റബര്‍ മുതല്‍ ജാതിക്ക വരെയുള്ള സമ്മിശ്ര വിളകളുടെ അവസാനമില്ലാത്ത കാഴ്ചകള്‍. തെങ്ങിന്‍ തോപ്പുകളും കവുങ്ങുതോട്ടങ്ങളും ഉച്ചവെയിലിന് നിഴല്‍ വിരിക്കുന്നു. ആഡംബരം കൊണ്ടുമൂടുന്ന വീടുകള്‍ അനവധിയായി പാതയോരങ്ങള്‍ക്ക് അല്‍പ്പം അകലങ്ങളിലേക്ക് ഒതുങ്ങി നിരനിരയായി കാണാം. എല്ലാം ഒരു കാലത്ത് മണ്ണില്‍ വിയര്‍പ്പൊഴുക്കി ഇവര്‍ നേടിയതാവാം.

Thusharagiri 3

പ്രധാനവഴികളില്‍ നിന്നും രണ്ടു മൂന്ന് തവണ വഴിതെറ്റിയെങ്കിലും എല്ലാ വഴികളും തുഷാരിഗിരിയിലേക്ക് എന്നതിനാല്‍ അലോസരങ്ങള്‍ ഒട്ടുമില്ലായിരുന്നു. മുമ്പ് മലനെറുകയിലുള്ള ആനക്കാംപൊയിലിലേക്ക് ആനവണ്ടിയില്‍ യാത്ര ചെയ്തിട്ടുള്ളതിനാല്‍ അത്രയധികം കയറ്റങ്ങള്‍ ഈ വഴിക്കുണ്ടാവുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. മലമ്പാതകളാണെങ്കിലും തുഷാരഗിരിയിലേക്കുള്ള റോഡെല്ലാം നന്നാക്കിയിരിക്കുന്നു. അടുക്കും തോറും മുന്നിലും പിന്നിലുമായി അനേകം വാഹനങ്ങള്‍. ഒരു അവധി ദിനത്തില്‍ സമയം ചെലവിടാന്‍ തുഷാരഗിരിയെ ലക്ഷ്യമാക്കിയവരാണെല്ലാം. വലിയ കയറ്റം കഴിഞ്ഞ് തൊട്ടുമുന്നില്‍ വലിയൊരു മലയുടെ അടിവാരത്ത് പാത അവസാനിക്കുന്നു. നിറയെ സഞ്ചാരികളുടെ വാഹനങ്ങള്‍ വഴിമുട്ടി പാര്‍ക്ക് ചെയ്തിരിക്കുന്നു. വീതികൂടിയ പുതിയ പാത എതിര്‍ദിശയില്‍ മലയിറങ്ങി പോകുന്നു. ചുട്ടുപൊള്ളുന്ന കനല്‍ക്കാലത്തില്‍ കുറച്ച് മാറി പാതയരികിലെ തണലിലാണ് വണ്ടിയിറങ്ങിയത്. അത്രയധികം ചെങ്കുത്തനെയുള്ള തുഷാരഗിരിക്ക് അപ്പോഴും കടും  പച്ച നിറം.

Thusharagiri 3
 
പ്രവേശന കവാടം കടന്ന് തൂക്കുപാലത്തിലൂടെ കാട്ടരുവി കടന്നപ്പോഴേക്കും പുറത്തുള്ള ചൂടെല്ലാം എവിടയോ പോയ്മറഞ്ഞു. ഇല്ലിക്കാടുകളും ഇലച്ചാര്‍ത്തുകളും കുട പിടിച്ച ഈ ഹരിതവനത്തിനുള്ളില്‍ നട്ടുച്ചയിലും കുളിര്‍കാറ്റ്. ഇടതൂര്‍ന്ന വൃക്ഷ തലപ്പുകള്‍ക്കിടയിലൂടെ നൂലുപോലെ മെലിഞ്ഞ വെള്ളച്ചാട്ടം തൊട്ടരികില്‍ തെളിഞ്ഞുവന്നു. അങ്ങകലെ വൈത്തിരിക്കുന്നുകളില്‍ നിന്നടര്‍ന്ന് താഴേക്ക് പതിക്കുന്ന കാട്ടുരവികള്‍ സംഗമിച്ചുണ്ടായ വെള്ളച്ചാട്ടം. ഒരിക്കല്‍ ഒരുകാലത്ത് പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന പ്രകൃതിയുടെ ഈ വിസ്മയം ഇന്ന്  പതിനായിരക്കണക്കിന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഈരാറ്റുമുക്ക്, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളും പാറ, തേന്‍പാറ എന്നിങ്ങിനെ നാല് വെള്ളച്ചാട്ടങ്ങളാണ് തുഷാരിഗരിയിലുള്ളത്. മഴക്കാലം മുതല്‍ നവംബര്‍ അവസാനം വരെയും ഈ വെള്ളച്ചാട്ടങ്ങള്‍ക്ക് കുതിച്ചും നുരഞ്ഞും പാഞ്ഞുപോകാനുള്ള ഊര്‍ജമുണ്ട്. അവിടന്നങ്ങോട്ട് പിന്നെ ഇഴഞ്ഞു പോകാനുള്ള ജീവന്‍ മാത്രമാണ് പിന്നൊയൊരു മഴക്കാലം വരുന്നതുവരെയും. മഴപെയ്തുതുടങ്ങുമ്പോഴേക്കും കിലോമീറ്ററുകള്‍ താഴെ വരെയും തുഷാരഗിരിയുടെ മര്‍മരങ്ങള്‍ അലയടിക്കും. സാഹസിക സഞ്ചാരികള്‍ കയാക്കിങ്ങിനായി അപ്പോഴാണ് ഈ മലകയറുക.

Thusharagiri 4

തേന്‍പാറയ്ക്കാണ് ഏറ്റവും കൂടുതല്‍ ഉയരം.  240 അടി ഉയരത്തില്‍ നിന്നാണ് തേന്‍പാറയില്‍ നിന്നും കാട്ടരുവി താഴേക്ക് പതിക്കുന്നത്. തേന്‍പോലെ ശുദ്ധമായ മനുഷ്യസ്പര്‍ശമില്ലാത്ത വെള്ളമാണ് വനാന്തര്‍ഭാഗത്ത് നിന്നും ഇവിടേക്ക് എത്തുന്നത്. കാടിനുള്ളിലൂടെ കുത്തനെയുള്ള കയറ്റം കയറി അഞ്ച് കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലാണ് ഈ വെള്ളച്ചാട്ടത്തിനരികിലെത്താന്‍. മഴക്കാലമായാല്‍ ഇവിടേക്ക് പോകുന്നത് ദുഷ്‌കരമാവും. അത്രയധികം കുത്തൊഴുക്കും അപടകം  നിറഞ്ഞതുമാണ് ഈ പാറക്കെട്ടുകള്‍. രണ്ടു കൈവഴിയായി വന്ന് ഈരാറ്റുമുക്കില്‍ സംഗമിച്ച ശേഷം ചാലിപ്പുഴ എന്ന പേര് സ്വീകരിച്ചാണ് താഴ്‌വാരത്തേക്ക് ഈ കാട്ടരുവിയുടെ പോക്ക്. മഴവില്‍ വെള്ളചാട്ടത്തിലേക്ക് 500 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. വള്ളിപ്പടര്‍പ്പുകള്‍ക്കും കാട്ടുചോലകള്‍ക്കും ഇടയിലൂടെയാണ് ഇവിടേക്ക് പോകാനാവുക.

Thusharagiri 5

ഒരു കിലോമീറ്ററോളം കുത്തനെ കയറ്റം കയറിയാല്‍ തുമ്പി തുള്ളും പാറയിലേക്കുമെത്താം. എല്ലാം സാഹസിക നിറഞ്ഞതാണ്. ഒറ്റയടിക്ക് ഓടിയെത്തി ഇറങ്ങി പോകാമെന്ന് ആരും കരുതേണ്ട. വന്‍മരങ്ങളുടെ വേരുകള്‍ പടി പടിയായുള്ളതിനാല്‍ പിടിച്ചുകയാറാന്‍ എളുപ്പമാണ്. എങ്കിലും ചെങ്കുത്തായ കയറ്റങ്ങള്‍ കീഴടക്കാന്‍ കുറച്ച് പ്രയാസങ്ങള്‍ നേരിടേണ്ടിവരും. വനസമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട്. കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം.ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല. ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്. ചാലിയാറിന്റെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍.

Thusharagiri 6
 
Thusharagiri 7നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് രണ്ടുതവണ സാക്ഷിയായ ഒരു മരമുത്തശ്ശി തുഷാരഗിരിയിലുണ്ട്. ഇത്തവണ മലമുഴക്കി ഒഴുകി വന്ന മലവെള്ളത്തെയും ഈ താന്നിമരം അതിജീവിച്ചു. തുഷാരഗിരി വെള്ളച്ചാട്ടം കാണാന്‍ വരുന്നവര്‍ക്ക് അത്ഭുതമാണ് കാലത്തെ തോല്‍പ്പിക്കുന്ന ഈ അത്ഭുത വൃക്ഷം. 120 വര്‍ഷത്തെ പഴക്കമാണ് ഈ താന്നിമരത്തിന് കണക്കാക്കുന്നത്. വന്‍മരത്തിന്റെ ഏറ്റവും താഴത്തുള്ള പൊത്തില്‍ കയറി മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണും വിധം വലിയ ദ്വാരമുണ്ട്. ഉള്ളൂപൊള്ളയായ ഈ മരം എങ്ങിനെ ശിഖരങ്ങളെയും താങ്ങി കാലത്തിനെ പിന്നിലാക്കുന്നു എന്ന ചോദ്യമാണ് എല്ലാവര്‍ക്കും തോന്നുക. ചുറ്റിലും ഇരുമ്പുവേലി ഒരുക്കി ഈ ഭീമന്‍ മരത്തിനെ സംരക്ഷിക്കാനും അധികൃതര്‍ മറന്നില്ല. പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന വിസ്മയങ്ങളില്‍ ഈ താന്നിമരത്തിന്റെ പേരും എഴുതിചേര്‍ക്കപ്പെട്ടിരിക്കുന്നു. ചിത്രശലഭങ്ങളുടെ സഞ്ചാരപഥങ്ങളും തുഷാരഗിരിയുടെ പ്രത്യേകതയാണ്. പശ്ചമിഘട്ടത്തിലെ ശലഭങ്ങളുടെ താഴ്‌വരയായും ഇവിടം അറിയപ്പെടുന്നു. നാല്‍പ്പത്തിയഞ്ചിലധികം ഇനം പൂമ്പാറ്റകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അറുപത് വര്‍ഷം മുമ്പ് അപ്രത്യക്ഷമായി എന്നു കരുതുന്ന ട്രാവന്‍കൂര്‍ ഈവനിങ്ങ് ബ്രൗണ്‍ എന്ന ചിത്രശലഭങ്ങളെയും ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. വസന്തകാലത്തില്‍ കുറ്റിച്ചെടികളുടെ പൂക്കാലത്തിന് താളമിട്ട് ശലഭങ്ങള്‍ യാത്രതുടങ്ങുമ്പോള്‍ തുഷാരിഗിരിയും നിറമണിയും. ഇടവിട്ടുള്ള വേനല്‍മഴയിലാണ് തുഷാരഗിരി പ്രതീക്ഷകള്‍ നിറയ്ക്കുന്നത്. പ്രകൃതിയിലേക്കുള്ള ഒരോ യാത്രകളും അങ്ങിനെയെല്ലാം പാഠപുസ്തകമാകുന്നു.

Content Highlights: Thusharagiri Waterfalls, Kozhikode Tourist Spots, Kodanchery