കേരളതലസ്ഥാനമായ തിരുവനന്തപുരത്തിന് അഹങ്കരിക്കാനേറെയുണ്ട്. രാജവംശപ്പെരുമകളുടെ നിധികുംഭങ്ങളാണ് പദ്മനാഭനഗരിയിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ അതിനേക്കാളേറെ അമൂല്യവും അമ്പരപ്പിക്കുന്നതുമായ പ്രകൃതിയുടെ നിഗൂഢ സൗന്ദര്യത്തിന്റെ കലവറയാണ് തിരുവനന്തപുരം. ബീച്ചുകളേറെയുള്ള തിരുവനന്തപുരത്ത് ഒരു കടലോര യാത്ര സാധ്യമാണ്. ഏതു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് തിരുവനന്തപുരത്തിന്റെ കടലോര സൗന്ദര്യം.
കോവളം
നവംബറില്‍ വിനോദസഞ്ചാര സീസണ്‍ പുലരുമ്പോള്‍ കോവളത്ത് പുലരിയിലെ ആകാശത്തെന്നപോലെ വെള്ളകീറും. കറുത്ത മണല്‍പ്പരപ്പ് പഞ്ചാരപോലെ വെളുത്തുതുടങ്ങും. അപ്പോഴേക്കും മായാജാലം തുടങ്ങുകയായി. ദേശാടനപ്പക്ഷികളെപ്പോലെ പലനാടുകളില്‍ നിന്ന് പലമൊഴികള്‍ മൊഴിഞ്ഞ് പലവേഷങ്ങളില്‍ ആണും പെണ്ണും ഇവിടേക്ക് പറന്നെത്തുകയായി. ഇവരില്‍ ഏതാണ്ടെല്ലാ ആണ്ടിലും എത്തുന്ന തീര്‍ത്ഥാടകരുണ്ട്. ആയുസ്സിനിടെ ഒരുവട്ടം സ്വര്‍ഗം നുകരാനെത്തുന്ന യാത്രക്കാരുണ്ട്. ഏതാണ്ട് എഴുപതുകൊല്ലത്തോളമായി, പറുദീസയുടെ പകിട്ടില്‍ കോവളം നില്‍ക്കുന്നു.
ലോക പ്രശസ്തമായ കോവളം കടപ്പുറത്ത് ഇനി നിങ്ങള്‍ എത്തുമ്പോള്‍ കാഴ്ചയുടെ വ്യത്യസ്തത തേടാം. പറവക്കാഴ്ചയെന്നോ, വിളക്കുമരക്കാഴ്ചയെന്നോ നിങ്ങള്‍ക്കതിനുപേരിടാം. കോവളത്തെ തെക്കേയറ്റത്തെ കടലോരമാണ് ലൈറ്റ് ഹൗസ് ബീച്ച. ഈ പേരിന് കാരണം തന്നെ ഇവിടത്തെ ലൈറ്റ് ഹൗസാണ്. 118 മീറ്റര്‍ ഉയരമുള്ള ഈ ലൈറ്റ് ഹൗസിന്റെ മുകളില്‍ നിന്ന് ഈ ആഴിപ്പരപ്പും സഞ്ചാരികളുെട പ്രണയത്തുടിപ്പുകളും തീരത്തെ ജീവിതവുമൊക്കെ വിശാലമായ ഫ്രെയിമില്‍ക്കാണാം.

ഇതു വിഴിഞ്ഞം ലൈറ്റ് ഹൗസെന്നും അറിയപ്പെടും. കോവളം ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്ക് തിരിയാതെ തന്നെ ഇവിടെ എത്തിച്ചേരാം. ലൈറ്റ്ഹൗസ് വരെ വാഹനങ്ങള്‍ പോകും. അല്ലെങ്കില്‍ ലൈറ്റ്ഹൗസ് ബീച്ചില്‍ നിന്ന് പാറക്കെട്ടുകളിലൂടെ ഇവിടേക്ക് നടന്നുകയറാം. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ലൈറ്റ് ഹൗസുകളില്‍ ഒന്നാണിത്. വൈകുന്നേരം മൂന്നുമുതല്‍ അഞ്ചുവരെയാണ് പ്രവേശനം. പത്തുരൂപ ടിക്കറ്റെടുക്കണം. പിരിയന്‍ ഗോവണി കയറിച്ചെന്നാല്‍ ലൈറ്റ് ഹൗസിന്റെ ഗ്യാലറിയായി.
ഗ്യാലറിയോട് ചേര്‍ന്നുള്ള കുത്തനെയുള്ള ചെറിയപടവുകള്‍ കയറുന്നത് അല്‍പം സാഹസികമാണ്. പക്ഷെ ഉള്‍ക്കിടിലമെല്ലാം മാറ്റിവെച്ച് ഗ്യാലറിയില്‍ എത്തിയാല്‍ ആഞ്ഞുവീശുന്ന കാറ്റ് നിങ്ങള്‍ക്ക് ഒരുപാട് കാഴ്ചകള്‍ കൊണ്ടുതരും. കോവളത്തെ എല്ലാ ബീച്ചുകളും അതിന്റെ പ്രാന്തങ്ങളും അങ്ങ് പൂവാറുവരെനീളുന്ന മീന്‍പിടിത്തവള്ളങ്ങളുെട നിരയും കടലോരത്ത് പ്രാര്‍ത്ഥനകളുടെ മീനാരങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ദേവാലയങ്ങളുമൊക്കെ നിറയുന്ന കാഴ്ചകള്‍. ഉയരങ്ങളില്‍ കണ്ണുകളിലും കടലിലും നോക്കിനിന്ന കാമുകീ കാമുകന്‍മാര്‍ പടിയിറങ്ങി പാറക്കെട്ടുകളിലൂടെ തിരമാലകള്‍ക്ക് ഓരംചേര്‍ന്ന് നടന്നുപോകുമ്പോള്‍ അവര്‍ക്ക് കടല്‍കാക്കകളുടെ വലിപ്പമേയുള്ളൂ.
ഹവ്വാ, ലൈറ്റ് ഹൗസ് തുടങ്ങിയ ബീച്ചുകള്‍ ഹിപ്പികളുെട കാലത്തേ പ്രശസ്തം. ഇപ്പോള്‍ അധികം ആള്‍തിരക്കില്ലാത്ത പുതിയ ബീച്ചുകളും സ്വകാര്യബീച്ചുകളും തേടുകയാണ് വിദേശ വിനോദ സഞ്ചാരികള്‍. കോവളത്തിന്റെ കാണാച്ചന്തങ്ങള്‍ പയ്യെ വെളിപ്പെടുകയാണ്. ആഴിമലയും പുളിങ്കുടിയും പൊഴിക്കരയുമൊക്കെ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുന്നു.
കോവളത്തുനിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ് ആഴിമല. തിരകളുടെയും പ്രാര്‍ത്ഥനകളുടെയും സംഗമം, കന്യാതീരം. വിഴിഞ്ഞത്തുനിന്ന് പൂവാറിലേക്കുള്ള വഴിയില്‍ പുളിങ്കുടിക്കടുത്താണിത്. മുക്കോല ജംഗ്ഷനില്‍ നിന്ന് പൂവാറിലേക്കുള്ള യാത്രയില്‍ മൂന്നുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ പുളിങ്കുടിക്കടുത്ത് വലത്തായി ക്ഷേത്രത്തിലേക്കുള്ള കമാനം കാണാം. കരയിലെ പാറക്കെട്ടിനോട് ചേര്‍ന്ന് പ്രശസ്തമായ ആഴിമല ശിവക്ഷേത്രം. തീരത്ത് പാറക്കൂട്ടങ്ങളുെട വിസ്മയ ശില്പങ്ങള്‍.
ആഴിമലയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ ചൊവ്വര ശാസ്്താക്ഷേത്രം. കടപ്പുറത്ത് ഒരു കുന്നിന്‍ പുറത്താണിത്. ഇതിനരുകില്‍ കാറ്റാടിമരങ്ങളുടെ ചെറുകാട്. ഇവിടെനിന്നാല്‍ കടലിനെ ഉയരങ്ങളില്‍ നിന്നുകാണാം. ചെങ്കുത്തായ കുന്നിന് താഴെ തെങ്ങിന്‍തലപ്പുകളുടെ ഉന്മാദപ്പരപ്പ്. അതുകഴിഞ്ഞാല്‍ നീലവെള്ളം അതിരിട്ട മണല്‍പ്പരപ്പ്. പിന്നെ ആകാശത്തേക്ക് അലിഞ്ഞുകയറുന്ന കടല്‍. ചപ്പാത്തില്‍നിന്ന് അടിമലത്തുറക്കുള്ള റോഡിലൂടെ പോയാല്‍ കടപ്പുറത്തെത്താം.

പൂവാറിനടുത്ത് പൊഴിക്കരയില്‍ എത്തിയാല്‍ നെയ്യാറും അറബിക്കടലും കണ്ടുമുട്ടുന്നതുകാണാം. പൂവാറില്‍ ബസ്സ്റ്റാന്റിനുതൊട്ടുമുമ്പുള്ള ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് കടപ്പുറത്ത് എത്തേണ്ടത്. അവിസ്മരണീയമാണ് പൊഴിക്കരയിലെ സായാഹ്നം. പൊന്നിന്‍ നിറമുള്ള മണല്‍തീരത്ത് പതഞ്ഞലിയുന്ന തിരമാലകള്‍. അസ്തമയത്തിന്റെ നിറങ്ങളണിഞ്ഞ ആകാശം. അരികില്‍ നിദ്രയിലെന്നപോല്‍ ശാന്തമായി നെയ്യാര്‍ തീര്‍ത്ത തടാകം. വെള്ളത്തില്‍ മുഖംനോക്കുന്ന റിസോര്‍ട്ടുകള്‍. തടാകത്തില്‍ ബോട്ട് സര്‍വീസുണ്ട്. കോവളം മുതല്‍ പൊഴിയൂര്‍ വരെയുള്ള ഈ തീരത്ത് റിസോര്‍ട്ടുകളുടേയും ഹോംസ്‌റ്റേകളുടേയും നീണ്ടനിരയാണ്. എന്നാല്‍ തീരത്തൊന്നും വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളില്ല. കടലില്‍ കുളിക്കാനിറങ്ങിയാല്‍ സുരക്ഷയുമില്ല.
നഗരത്തില്‍ നിന്ന് കോവളത്തേക്കുള്ള യാത്രയില്‍ തിരുവല്ലത്തും ബോട്ടിങ് ഉണ്ട്. കോവളത്തിടുത്ത് വെള്ളാറില്‍നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ സമുദ്ര ബീച്ച്. കെ.ടി.ഡി.സിയുടെ സമുദ്ര ഹോട്ടലിനോട് ചേര്‍ന്ന മനോഹരവും ശാന്തവുമായ ബീച്ചാണിത്. കോവളത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ സമീപമാണ് കോവളം കൊട്ടാരം എന്ന ഹാല്‍സിയന്‍ പാലസ്. വാഴമുട്ടത്തുനിന്ന് കടത്തുകടന്നാല്‍ പനത്തുറബീച്ചിലെത്താം. കാലംചെല്ലുന്തോറും കോവളത്ത് കാഴ്ചകള്‍ പെരുകുകയാണ്.
പൂവാറും ചൊവ്വരയും ആഴിമലയും
തിരക്കില്‍ മുങ്ങിയുള്ള സഞ്ചാരമാണ് കോവളത്ത്. അവിടെ നിന്ന്്് പ്രകൃതിയുടെ ശാന്തസുന്ദരമായ മറ്റു തീരങ്ങളിലേക്ക് സഞ്ചാരികളുടെ ഗതിമാറ്റമുണ്ടാകുന്നു. ആഴിമല, ചൊവ്വര, പൂവാര്‍ വരെ ശാന്തവും സൗമ്യവും രൗദ്രവും ഘോരവുമായ കടലിന്റെ വ്യത്യസ്തമുഖം കാണാനാകും. തിരക്കില്‍ നിന്നകന്ന് ഒറ്റയ്ക്കിരിക്കാനും പൊഴിമുഖത്തെ അസ്തമനദൃശ്യം കാണാനും റിസോര്‍ട്ടുകളില്‍ ആയുര്‍വേദചികിത്സയ്ക്കും ഈ തീരങ്ങളില്‍ സൗകര്യമുണ്ട്.
നെയ്യാര്‍ അറബിക്കടലില്‍ ചേരുന്നിടത്ത് എ. വി. എം. കനാലിന്റെ (അനന്തവിക്ടോറിയ മാര്‍ത്താണ്ഡന്‍ കനാല്‍) കൂടി സംഗമതീരമാണ് പൂവാര്‍.

രണ്ടുകിലോമീറ്ററോളം ദൂരത്ത് വിശാലമായ കടപ്പുറം പൂവാറിലുണ്ട്. തടാകരൂപമാര്‍ന്ന നെയ്യാറിന്റെ തീരത്തെ കണ്ടല്‍ക്കാടുകള്‍ കാഴ്ചയുടെ സൗന്ദര്യം തീര്‍ക്കുന്നു. തടാകത്തില്‍ ബോട്ടിംഗിന് സൗകര്യമുണ്ട്. നദിക്കുള്ളിലെ ഫ്്‌ളോട്ടിംഗ് റെസ്റ്റാറന്റുകളിലിരുന്ന് കായല്‍ച്ചന്തം നുകരാം. പൂവാര്‍ തീരത്തെ അസ്തമനദൃശ്യം ചേതോഹരമാണ്. നദിയുടെ ഒരുഭാഗം പൂവാറിലും മറുഭാഗം പൊഴിയൂരിലുമാണ് ഉള്‍പ്പെടുക. പൂവാര്‍ പാലം കടന്ന് മറുഭാഗത്തേക്കും കവലയില്‍ നിന്ന്് പൊഴിക്കര റോഡിലൂടെ പൊഴിമുഖത്തേക്കും സഞ്ചാരികള്‍ക്ക് പോകാം.

കോവളം കഴിഞ്ഞ് വിഴിഞ്ഞം പിന്നിടുമ്പോഴാണ് മറ്റ് തീരങ്ങള്‍ തെളിയുന്നത്. കൂറ്റന്‍ പാറക്കെട്ടുകളുള്ള തീരമാണ് ആഴിമല. ഒരുഭാഗത്ത് കടലും മറുഭാഗത്ത് കുന്നും. പ്രകൃതിരമണീയമായ തീരത്തുനിന്നാല്‍ വിഴിഞ്ഞം തുറമുഖം കാണാം. പാറക്കെട്ടില്‍ ആഴിമല ശിവക്ഷേത്രമുണ്ട്.
കാഴ്ചയില്‍ വരണ്ടതെന്ന് തോന്നിക്കുന്ന പാറക്കെട്ടുകള്‍ പായല്‍ നിറഞ്ഞവയാണ്. ഇവയിലൂടെ കടലിലേക്ക് ഇറങ്ങുന്നത് അപകടകരമാണ്. ആഴിമലയ്ക്കുസമീപത്തെ അടിമലത്തുറ തീരമാണ് സഞ്ചാരികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
കാടും പടര്‍പ്പും നിറഞ്ഞ് ഹരിതശ്യാമമാണ് ചൊവ്വരയിലെ തീരം. കുന്ന്, താഴെ സമതലം, ഇത് കടന്നാല്‍ കടല്‍- ഇതാണ് ചൊവ്വരയുടെ ഭൂപ്രകൃതി.

കര കടലിനോട് നേര്‍രേഖയില്‍ സംഗമിക്കുന്നു. ചൊവ്വേയുള്ള വരയാണത്രെ ചൊവ്വരയായത്. പാറക്കെട്ടിന് മുകളില്‍ ധര്‍മശാസ്താക്ഷേത്രമുണ്ട്. 18 പടികളുള്ള ക്ഷേത്രത്തിലേക്ക് ഭക്തര്‍ ഇരുമുടിക്കെട്ടേന്തിയാണ് ദര്‍ശനത്തിനെത്തുന്നത്. പൂവാര്‍ മുതല്‍ കോവളം വരെ 15 കിലോമീറ്റര്‍ ദൂരത്ത് നിരവധി ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട്.
വര്‍ക്കല
ടൂറിസ്റ്റുകളുടെ സ്‌നേഹതീരമാണ് വര്‍ക്കല. അറബിക്കടല്‍ താലോലമാട്ടുന്ന തങ്കത്തൊട്ടില്‍.നീളമേറിയ കടല്‍ത്തീരം.കരയില്‍ സിന്ദൂരവര്‍ണമണിഞ്ഞ ചെമ്മണ്‍കുന്നുകള്‍. അവയില്‍ നിന്ന് എക്കാലത്തും ഉറവ പൊട്ടുന്ന തെളിനീരിന്റെ മധുരം. ക്ലിഫ് കടന്നാല്‍ കായല്‍പ്പരപ്പിന്റെ കണ്ണെത്താത്ത സൗന്ദര്യം.ജലപാതയില്‍ വര്‍ക്കല തുരപ്പെന്ന നിര്‍മാണവിസ്മയം.ശിവഗിരിയും ജനാര്‍ദ്ദനസ്വാമി ക്ഷേത്രവും നല്‍കുന്ന തീര്‍ത്ഥാടനപുണ്യം. വര്‍ക്കല മുതല്‍ കാപ്പില്‍ വരെ നീളുന്ന പ്രദേശം ടൂറിസ്റ്റുകളുടെ പറുദീസയാണ്.ശിവഗിരി, പാപനാശം, കാപ്പില്‍ എന്നിവ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസമെന്ന ആശയത്തിന് ഇപ്പോള്‍ വര്‍ക്കല മേഖലയില്‍ പ്രാധാന്യമേറുന്നുണ്ട്.

പാപനാശം മുതല്‍ വെറ്റക്കട വരെ നീളുന്ന വിശാലമായ ബീച്ചാണ് വര്‍ക്കലയുടെ മുഖശ്രീ. വര്‍ക്കല ഫോര്‍മേഷന്‍ എന്ന ഭൂമിശാസ്ത്രഘടന ഈ ഭാഗത്താണുള്ളത്. പാപനാശം കടല്‍ത്തീരത്തെ ചുറ്റി അര്‍ധവൃത്താകൃതിയില്‍ കാവിപുതച്ചുനില്‍ക്കുന്ന കുന്നുകള്‍ (ക്ലിഫ്) അനന്യമായ കാഴ്ചയാണ്. വന്‍തോതില്‍ ധാതുനിക്ഷേപം ഈ കുന്നുകളിലുണ്ടെന്ന്് കണ്ടെത്തിയിരുന്നു. കുന്നുകളിലെ ഉറവകള്‍ക്ക് ഔഷധഗുണമുണ്ടായതും ഇതുമൂലമാണ്. കടലിന് അഭിമുഖമായി നില്‍ക്കുന്ന കുന്നുകളുടെ ചുവടുവരെ വേലിയേറ്റ സമയത്ത് തിരമാലകളെത്തും.
50 മുതല്‍ 75 അടിവരെ ഉയരമുള്ള കുന്നിന്റെ മുകള്‍ഭാഗം ഹില്‍ടോപ്പ് എന്നാണ് അറിയപ്പെടുന്നത്. റിസോര്‍ട്ടുകളിലേറെയും ഈ ഭാഗത്താണുള്ളത്.350 ഓളം റിസോര്‍ട്ടുകള്‍ പാപനാശത്തും പരിസരത്തുമുണ്ട്. സര്‍ക്കാറിന്റെ പ്രകൃതിചികിത്സാകേന്ദ്രം ഹില്‍ടോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും റോഡ്, റെയില്‍ മാര്‍ഗം വര്‍ക്കലയിലെത്താം.
വര്‍ക്കല തുരപ്പ്
തിരുവനന്തപുരം -കൊല്ലം ജലപാതയുടെ ഭാഗമാണ് വര്‍ക്കല തുരപ്പ്.വര്‍ക്കല നിന്ന്് ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കനാലിനുള്ളില്‍ തുരപ്പ് കാണാം. ആധുനികനിര്‍മാണ സാങ്കേതികവിദ്യ വികസിക്കുന്നതിന് മുന്‍പ് കുന്ന്് തുരന്ന് നിര്‍മിച്ച ജലപാത ഈ രംഗത്തെ വിസ്മയമാണ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് 1880 ലാണ് കനാലും തുരപ്പും നിര്‍മിച്ചത്. തിരുവനന്തപുരത്തുനിന്ന്് കൊല്ലം വരെ ജലപാത പൂര്‍ത്തിയാക്കാന്‍ വര്‍ക്കല ക്ലിഫ് തടസ്സമായി. ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരപ്പുകള്‍ കനാലിനുവേണ്ടി നിര്‍മിച്ചിരുന്നു.
വലിയ തുരപ്പിന് 2500 അടിയും ചെറുതിന് 1000 അടിനീളവുമുണ്ട്. 16 അടി എട്ട് ഇഞ്ച് വിസ്തൃതിയും അത്രതന്നെ ഉയരവും തുരപ്പിനുണ്ട്.സമുദ്രനിരപ്പില്‍ നിന്ന്് 188 അടി താഴ്ചയിലാണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. തുരപ്പിന്റെ നിര്‍മാണത്തിന് അക്കാലത്ത് 10 ലക്ഷം ചെലവായി. കേരളവര്‍മ വലിയകോയിതമ്പുരാന്റെ മയൂരസന്ദേശത്തില്‍ വര്‍ക്കല തുരപ്പിനെക്കുറിച്ച് പരാമര്‍ശമുണ്ട്. വര്‍ക്കല റെയില്‍പ്പാതയും റോഡും തുരപ്പിന് മുകളിലൂടെയാണ് പോകുന്നത്.മുന്‍പ് ചരക്കുവള്ളങ്ങള്‍ തുരപ്പിലൂടെ പോയിരുന്നു. ജലപാത നിലച്ചതോടെ തുരപ്പും ഉപയോഗശൂന്യമായി.

ഓഗസ്റ്റ് മുതല്‍ അടുത്ത ഏപ്രില്‍ വരെ നീളുന്നതാണ് വര്‍ക്കലയുടെ സീസണ്‍. ഫ്രാന്‍സില്‍ നിന്ന് നിരവധി ടൂറിസ്റ്റ്് എത്തുന്ന ജൂലായ്-ഓഗസ്റ്റ് കാലം ഫ്രഞ്ച് സീസണ്‍ എന്നാണ് അറിയപ്പെടുന്നത്. പാപനാശത്തിനുസമീപത്തെ തിരുവാമ്പാടിയിലെ ബ്ലാക്ക് ബീച്ചിലും ടൂറിസ്റ്റുകള്‍ അധികമെത്തുന്നുണ്ട്. തിരക്കൊഴിഞ്ഞ ബീച്ചിന്റെ പ്രത്യേകതയാണ് കാരണം.
ജനാര്‍ദ്ദനസ്വാമി ക്ഷേത്രം
പാപനാശം കുന്നിലെ പുരാതനമായ വിഷ്ണുക്ഷേത്രം. ഡച്ചുകാര്‍ നടയ്ക്കുവച്ച ഓടില്‍ നിര്‍മിച്ച മണി ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നില്‍ നിന്ന് സമീപത്തെ ചക്രതീര്‍ത്ഥക്കുളത്തിലേക്ക് ഒഴുകുന്ന ഒരിക്കലും വറ്റാത്ത ഉറവ കൗതുകമാണ്. കര്‍ക്കടകവാവു ദിവസം നിരവധി പേര്‍ പാപനാശത്ത് ബലിതര്‍പ്പണത്തിനെത്തും.ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയാണ് മടങ്ങാറുള്ളത്. ക്ഷേത്രത്തില്‍ തിലഹോമം പതിവുണ്ട്.
കാപ്പില്‍ തീരം
കായലും കടലും മുഖാമുഖം ഉരുമ്മുന്ന മനോഹരതീരമാണ് കാപ്പില്‍. പരവൂര്‍-നടയറ കായലിന്റെ വിശാലദൃശ്യം ഇവിടെയുണ്ട്.തീരദേശറോഡിലൂടെ കായലും കടലും കണ്ട് കിലോമീറ്ററോളം യാത്ര ചെയ്യാം. പൗര്‍ണമിദിവസം രാത്രിയിലെ കായല്‍ക്കാഴ്ച ചേതോഹരമാണ്. ഡി.ടി.പി.സിയുടെ ബോട്ട്ക്ലബില്‍ കായല്‍സവാരിക്ക് സൗകര്യമുണ്ട്. താമസത്തിന് കായല്‍ക്കരയില്‍ ലേക് സാഗര്‍ എന്ന ഹോട്ടലുണ്ട്. വര്‍ക്കല നിന്നും ഇടവ വഴി കാപ്പിലിലേക്ക് ഏഴ് കിലോമീറ്ററാണ് ദൂരം. പരവൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസ്സും വര്‍ക്കല നിന്ന് ഓട്ടോറിക്ഷയും ലഭ്യമാണ്.
Content Highlights: Thiruvananthapuram beach circuit mathrubhumi yathra