തിരുവമ്പാടി: സായാഹ്നങ്ങള്‍ ആസ്വദിക്കാന്‍ ഇടങ്ങളില്ലാതെ മലയോര, കുടിയേറ്റ മേഖലയുടെ ആസ്ഥാന നഗരമായ തിരുവമ്പാടി. പാര്‍ക്ക്, സായാഹ്ന വിശ്രമ സങ്കേതം തുടങ്ങി യാതൊന്നും ഇവിടെയില്ല. കുടുംബത്തോടൊപ്പം സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ സമീപ നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.

ജില്ലയില്‍ ഏറ്റവുംകൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള മേഖലയുടെ ആസ്ഥാനനഗരത്തിനാണ് ഈ ഗതിയെന്നത് ദൗര്‍ഭാഗ്യകരം. ഔദ്യോഗിക തിരക്കുകളില്‍നിന്നെല്ലാമൊഴിഞ്ഞ് അല്‍പനേരമിരിക്കാന്‍ ഇവിടെ സായാഹ്നവിശ്രമ, വിനോദ കേന്ദ്രങ്ങള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെ. 

എന്നാല്‍ മാറിമാറി വന്ന പഞ്ചായത്ത് ഭരണസമതികളെല്ലാം ഇക്കാര്യം ഗൗനിച്ചതേയില്ല. ഏക ആശ്രയമായിരുന്ന സിനിമാ തിയേറ്റര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ അടച്ചുപൂട്ടി. നാമമാത്രമായ സാംസ്‌കാരികനിലയത്തിന്റെ പ്രവര്‍ത്തനം ഭാഗികം. കോവിഡിനെത്തുടര്‍ന്ന് അടഞ്ഞുകിടന്ന ലൈബ്രറി വീണ്ടും തുറന്നതുമാത്രമാണ് ഏക ആശ്വാസം. സ്‌കൂള്‍ഗ്രൗണ്ടുകള്‍ അല്ലാതെ പൊതുമൈതാനവും ഇല്ലാത്തത്‌ കായിക, വിജ്ഞാന, വിനോദ കുതുകികള്‍ക്കെല്ലാം ഒരേപോലെ ആവലാതി.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ടൗണില്‍നിന്നും അകലെ പാതിരാമണ്ണില്‍ പുറംപോക്ക് ഭൂമിയില്‍ കളിസ്ഥലം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. 200 മീറ്റര്‍ അധികം നീളത്തിലും 70 മീറ്റര്‍ അധികം വീതിയിലും കിടക്കുന്ന വിശാലസ്ഥലം അനാഥമായി കിടക്കുന്നു.

കുടിയേറ്റമേഖലയിലെ പ്രധാനനഗരം

ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റമേഖലയിലെ പ്രധാന നഗരമാണ് തിരുവമ്പാടി. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. നിയോജകമണ്ഡലം ആസ്ഥാനം. വാണിജ്യസിരാകേന്ദ്രം. ധാരാളം സര്‍ക്കാര്‍സ്ഥാപനങ്ങള്‍.ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. നിര്‍ദിഷ്ട തുരങ്കപാത, കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ, ഗവ. ഐ.ടി.ഐ., മലയോരഹൈവേ, ജലവൈദ്യുത പദ്ധതികള്‍, സബ് ട്രഷറി, ദേശസാത്കൃത ബാങ്കുകള്‍ തുടങ്ങി ഈ നാടിന്റെ വികസനക്കുതിപ്പിന് നാഴികക്കല്ലാകുന്ന പദ്ധതികളേറെ.

അരിപ്പാറ, പതങ്കയം വെള്ളച്ചാട്ടങ്ങള്‍ തിരുവമ്പാടി പഞ്ചായത്തിലാണ്.വിനോദസഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, കക്കാടംപൊയില്‍, ഉറുമി എന്നിവിടങ്ങളിലേക്കുള്ള റൂട്ട് കൂടിയാണ് ഈ നഗരം. തിരുവമ്പാടി എസ്റ്റേറ്റ്, ആദിവാസി കോളനികള്‍, പ്രധാന കാര്‍ഷികമേഖല തുടങ്ങി ഈ പഞ്ചായത്തിനുള്ള പ്രാധാന്യമേറെയാണ്.

Content Highlights: thiruvampadi have no places to enjoy evening