ഡിസംബർ മാസത്തിലെ തണുപ്പ് മാറുന്നതിനു മുൻപ് ഒരു യാത്ര പോകണം. തീരുമാനം യാഥാർഥ്യമാക്കാൻ മകൻ നസീബ് വാശിപിടിച്ചു. അവന്റെ കൊഞ്ചലിൽ ഗൃഹനാഥൻ സമ്മതം മൂളി. ഒരു ശനിയാഴ്ച രാവിലെ 7 മണിക്ക് ഞങ്ങൾ മൂന്നുപേരും കാറിൽ പുറപ്പെട്ടു.
കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് പച്ചപ്പട്ട് പുതച്ച മലയോരഗ്രാമം. അതാണ് തെന്മല. സഹ്യപർവ്വതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്‌യുന്ന തെന്മല ഇക്കോടൂറിസം പദ്ധതി ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം ആണ്. വീട്ടിൽ നിന്നും ഏകദേശം 70 കിലോമീറ്റർ വേണം അവിടെ എത്താൻ. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കടക്കലെത്തി. അവിടെ ഇറങ്ങി ഒരു സുലൈമാനി കുടിച്ച ശേഷം യാത്ര തുടർന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ ഇരുവശങ്ങളിലും റബ്ബറും തേക്കും നിറഞ്ഞിരിക്കുന്നു.
പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കഴുതുരുട്ടിയാർ, ശെന്തുരുണിണിയാർ, കുളത്തൂപ്പുഴയാർ. ഇവ കഥകൾ പറഞ്ഞ് തോളോട് തോൾ ചേർന്ന് കല്ലടയാറായി പടിഞ്ഞാറോട്ടൊഴുകുന്നു. ഇത് അഷ്ടമുടിക്കായലിൽ ചേരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ഇവിടെയാണ്.

വിവിധ ഇടങ്ങളിലേക്ക് ഉള്ള ടിക്കറ്റുകൾ കരസ്ഥമാക്കിയ ശേഷം ആദ്യം അഡ്വഞ്ചർ പാർക്കിലേക്ക് ആണ് പോയത്. ആകാശത്ത് സ്ഥിതി ചെയ്‌യുന്ന പോലുള്ള നടപ്പാതയിലൂടെ നടന്നപ്പോൾ ഉള്ളൊന്നു കിടുങ്ങി. അതിനടുത്തു തന്നെ റോപ് വേയുണ്ട്. സായിപ്പന്മാർ അതിൽ കയറുന്നു. നക്ഷത്ര വനത്തിളും ചിൽഡ്രൻസ് പാർക്കിലും കുറച്ച് സമയം ചെലവഴിച്ചു. മകന് കളിക്കിടയിൽ കുറച്ചു കൂട്ടുകാരെയും കിട്ടി. ഡീർ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് അവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ഉണ്ട്.
പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച അതിപുരാതനമായ മാമ്പഴ്ത്തറ ക്ഷേത്രം കണ്ടു. ലെഷർ പാർക്കും കല്ലട ഡാമും എല്ലാം മതിവരുവോളം ആസ്വദിച്ചു. മനസ്സിന് ഒരു കുഞ്ഞിന്റെ ബാല്യം ഉണ്ടായിരുന്നു. തെന്മലയിൽ നിന്നും ശെന്തുരുണിയിലേക്ക് ജീപ്പുണ്ട്. കാട്ടുമൃഗങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ദിവസം ഫുൾ പ്രൊട്ടക്ഷനോടെ തങ്ങാം. ഒരു യാത്ര, അതിന്റെ പ്രചോദനം പച്ചപ്പോ ആകാശഭംഗിയോ ബീച്ചോ സഹസികതയോ പ്രകൃതിയോ എന്തുമാകട്ടെ. മാനസിക പിരിമുറുക്കങ്ങൾ മാറ്റിവെച്ച് സഞ്ചാരികൾ ഇവിടെ ഒത്തുചേരുന്നു.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: Thenmala Travel, Thenmala Eco Tourism Center, Kerala Tourism, Mathrubhumi Yathra