തമ്പുരാന്‍ തമ്പുരാട്ടി പാറ; തലസ്ഥാന നഗരിയില്‍ അധികമാരും അറിയാത്ത ഈ പ്രദേശം അവിസ്മരണീയമായ കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മദപുരത്താണ് തമ്പുരാന്‍ തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 700 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറക്കെട്ട് 17 ഏക്കറോളം വ്യാപിച്ചു കിടക്കുന്നു.
പ്രകൃതിയിലെ സ്ത്രീ-പുരുഷസൗന്ദര്യങ്ങള്‍
സ്ത്രീ സൗന്ദര്യം കടഞ്ഞെടുത്ത തമ്പുരാട്ടി പാറ, ശംഖുമുഖം കടപ്പുറത്തെ മത്സ്യകന്യകയെ അനുസ്മരിപ്പിക്കും. അതില്‍ മാതൃത്വത്തെ നെഞ്ചിലേറ്റിയതിനു സമാനമായി ഒരിക്കലും വറ്റാത്ത നീരുറവ. പാറയുടെ ഒത്ത മധ്യത്തിലാണ് കടുത്ത വേനലിലും വറ്റാത്ത ഈ ജല ശ്രോതസ്സ്. സമീപത്ത് തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന തമ്പുരാന്‍ പാറയും. നയനമനോഹരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
തമ്പുരാന്‍ പാറയുടെ നെറുകയില്‍ എപ്പോഴും ശക്തിയായി കാറ്റുവീശിക്കൊണ്ടിരിക്കും. തിരുവനന്തപുരം നഗരവും ചുറ്റുമുള്ള ഗ്രാമങ്ങളുടെ ഹരിതസൗന്ദര്യവും ഇവിടെ നിന്ന് ആസ്വദിക്കാം. പലപ്പോഴും കരുത്താര്‍ജ്ജിക്കുന്ന കാറ്റ്, നമ്മെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ളതാണ്. തമ്പുരാന്‍ പാറയിലിരുന്ന് സൂര്യോദയവും അസ്തമയവും കാണുക എന്നത് അവിസ്മരണീയമായ അനുഭവമായിരിക്കും. പാറയില്‍ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ശിവരാത്രി ദിനത്തില്‍ പൂജ നടക്കാറുണ്ട്.
രാജഭരണകാലത്ത് പാറയിലേക്ക് എത്തിച്ചേരുവാന്‍ പാതയുണ്ടായിരുന്നുവെന്നും രാജാക്കന്‍മാര്‍ വൈകുന്നേരങ്ങളില്‍ ഇവിടെ വിശ്രമിക്കാനായി എത്തിയിരുന്നു എന്ന് നാട്ടിലെ പഴമക്കാര്‍ പറയുന്നു. സിനിമാചിത്രീകരണത്തിനും വളരെ അനുയോജ്യമാണ് ഈ മനോഹരപ്രദേശം.
തമ്പുരാന്‍ തമ്പുരാട്ടി പാറയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യം വൈകുന്നേരങ്ങളാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സമയം ചിലവിടാന്‍ അനുയോജ്യമായ പ്രദേശമാണിവിടം.
എങ്ങനെ എത്താം?
തിരുവനന്തപുരത്തു നിന്ന് സംസ്ഥാനപാത വഴി 22 കിലോമീറ്ററും നെടുമങ്ങാട് വെമ്പായം റോഡ് വഴി എട്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ വെമ്പായം ജംഗ്ഷനില്‍ എത്തിച്ചേരാം. അവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് മദപുരം.
ചെങ്കുത്തായ പ്രദേശത്തുകൂടി നടന്നു കയറിയാല്‍ പാറകളുടെ പ്രവേശന കവാടമായി. തമ്പുരാന്‍ തമ്പുരാട്ടി പാറകളുടെ അംഗരക്ഷകരായി നില്‍ക്കുന്ന തിരുമുറ്റം, മുത്തിപ്പാറകളാണ് ഇവ. ഇവിടെ നിന്നാണ് തമ്പുരാട്ടി പാറയിലേക്ക് പ്രവേശിക്കുന്നത്.
പാറയിലേക്ക് കയറുന്നതിനുള്ള പടികെട്ടിന്റെ പണികള്‍ പുരോഗമിക്കുകയാണ്. പാറയുടെ മുകളില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനും വിദൂര കാഴ്ച കാണുന്നതിനുമുള്ള സൗകര്യങ്ങള്‍ വിനോദസഞ്ചാരവകുപ്പ് ഒരുക്കിവരുന്നു.