വേനല്‍ച്ചൂട് കനത്തതോടുകൂടി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്. എന്നാല്‍ ബേക്കല്‍ കോട്ടയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു.
റാണിപുരത്ത് 2018 ഡിസംബറില്‍ വിദേശികളടക്കം 6591 പേര്‍ സന്ദര്‍ശിച്ചു. ജനുവരിയില്‍ 5165 പേര്‍ സന്ദര്‍ശിച്ചപ്പോള്‍ ഫെബ്രുവരിയില്‍ അത് 2739 പേരായി ചുരുങ്ങി. മാര്‍ച്ചില്‍ റാണിപുരത്തെത്തിയത് 2647 മാത്രമാണ്. വിദേശികളുടെ വരവും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഡിസംബറില്‍ 522 പേര്‍ റാണിപുരത്തെത്തി. ജനുവരിയില്‍ 300, ഫെബ്രുവരിയില്‍ 87, മാര്‍ച്ചില്‍ 124 പേര്‍ എന്നിങ്ങനെയാണ് കണക്ക്. കടുത്ത ചൂടുതന്നെയാണ് ഇതിന് പ്രധാനകാരണമായി നടത്തിപ്പുകാര്‍ പറയുന്നത്. കൊടുംവേനലില്‍ സൂര്യതാപം, തളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലായതും സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമാകുന്നുണ്ട്.
വേനല്‍ രൂക്ഷമാകുംമുമ്പ് കാസര്‍കോട്ടെ പ്രധാന ബീച്ചുകളില്‍ ദിവസം മുഴുവനും ടൂറിസ്റ്റുകളെ കാണാമായിരുന്നു. എന്നാല്‍ ചൂടു കൂടിയതിന് ശേഷം വൈകുന്നേരങ്ങളില്‍ മാത്രമാണ് ടൂറിസ്റ്റുകളും ജനങ്ങളും ബീച്ചിെേലക്കത്തുന്നത്. പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നതായി ബി.ആര്‍.ഡി.സി. അധികൃതര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷം അവധിക്കാലസീസണില്‍ ബീച്ചിലേക്ക് ദിവസം രണ്ടായിരത്തോളം ആളുകള്‍ വന്നിരുന്നതായാണ് കണക്ക്. എന്നാല്‍ ഈ വര്‍ഷം 900 മുതല്‍ ആയിരത്തോളം ആളുകള്‍ മാത്രമാണ് ബീച്ചിലെത്തുന്നത്. അതും വൈകുന്നേരങ്ങളില്‍ മാത്രം. വൈകിട്ട് ഏഴ് വരെ മാത്രമാണ് സന്ദര്‍ശന സമയം. വൈകുന്നേരങ്ങളില്‍ വരുന്ന ടൂറിസ്റ്റുകളെ പെ?െട്ടന്നുതന്നെ തിരിച്ചയക്കേണ്ടി വരുന്നതും ബുദ്ധിമുട്ടാണ്- ബി.ആര്‍.ഡി.സി. അധികൃതര്‍ പറയുന്നു.
ബേക്കലില്‍ രാവിലെയും വൈകിട്ടും തിരക്ക്
കടുത്തചൂടിലും ബേക്കല്‍ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവരില്‍ കുറവില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെയിലുള്ള പകല്‍സമയത്തിന് പകരം ആളുകള്‍ രാവിലെയും വൈകുന്നേരങ്ങളിലും ബേക്കല്‍ കോട്ടയിലെത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ 42,309 പേര്‍ കോട്ട സന്ദര്‍ശിക്കാനെത്തി. ജനുവരിയില്‍ 32,132 പേര്‍ കോട്ട സന്ദര്‍ശിച്ചു.
ഫെബ്രുവരിമാസം 26,036 ആളുകള്‍ മാത്രമാണ് കോട്ടയിലെത്തിയത്. എന്നാല്‍ മാര്‍ച്ചില്‍ 42,309 പേര്‍ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു. വിദേശികളുടെ എണ്ണത്തിലും മാറ്റമൊന്നുമില്ലാതെ തുടരുന്നുണ്ട്. ഡിസംബറില്‍ 147 വിദേശികളാണ് കോട്ട സന്ദര്‍ശിച്ചത്. ജനുവരിയില്‍ 192, ഫെബ്രുവരിയില്‍ 141, മാര്‍ച്ചില്‍ 147 വിദേശികള്‍ കോട്ട സന്ദര്‍ശിക്കാനെത്തി. ഏപ്രില്‍ ഏഴുവരെ 7338 സഞ്ചാരികള്‍ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു. ഇതില്‍ ഒമ്പതുപേര്‍ വിദേശികളാണ്.
ഹൗസ് ബോട്ട് ടൂറിസത്തിന് നേരിയ വര്‍ധന
വേനല്‍ച്ചൂട് കനത്തപ്പോളും ഹൗസ് ബോട്ടുകളിലേക്കെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും അവധിക്കാലം തുടങ്ങിയതോടെ നേരിയ വര്‍ധന വന്നിട്ടുണ്ടെന്നും ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ശിവദാസ് പറഞ്ഞു. കഴിഞ്ഞമാസം ആഴ്ചയില്‍ രണ്ടോ മൂന്നോ ടിപ്പ് മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ചൂടുകാലം തുടങ്ങിയതുമുതല്‍ കൂടുതല്‍ ട്രിപ്പ് ലഭിക്കുന്നുണ്ട്.
വെയിലേല്‍ക്കാതെയുള്ള ജലപാതയിലൂടെയുള്ള സഞ്ചാരം, തണുത്ത കാറ്റ് തുടങ്ങിയവയൊക്കെയാകാം ഹൗസ് ബോട്ടുകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.20 കിലോമീറ്ററുള്ള ജലപാതയിലൂടെയുള്ള സഞ്ചാരമാണ് ഹൗസ് ബോട്ടുകള്‍ നടത്തുന്നത്.
Content Highlights: Summer Heat, Ranipuram Tourism, Bekkal Fort