നിനക്ക് ചുറ്റും സംഭവിക്കുന്ന അദ്ഭുതങ്ങൾ നിരീക്ഷിക്കുക. അവയ്ക്ക് മുകളിൽ അവകാശമുന്നയിക്കരുത്. കടന്നുപോയിക്കൊണ്ടിരിക്കുന്നവയുടെ കലാപരത നിശ്ശബ്ദനായിരുന്നനുഭവിക്കുക - റൂമി

രു മരം മുറിക്കുന്നത് കാണുമ്പോൾ, ഒരു ജീവി വാഹനമിടിച്ചുകിടക്കുന്നത് കാണുമ്പോൾ, മുറ്റത്തെ ചെടിയിൽ ഒരു കുഞ്ഞുകുരുവി കൂടുവയ്ക്കുമ്പോൾ, ഒരു ചിത്രശലഭം തൊടിയിലെവിടെയോ പാറിപ്പറക്കുന്നത് കാണുമ്പോൾ, ഉള്ളിൽ ഒരു ചെറുതിര ഇളകുന്നുണ്ടെങ്കിൽ, ഹൃദയത്തിൽ ഒരു തുടിതാളം ഉണരുന്നുണ്ടെങ്കിൽ, ഓർക്കുക ഒരു കാട് നിങ്ങളെ മാടിവിളിക്കുന്നുണ്ട്. മനുഷ്യജന്മത്തിന്റെ ഭൂമിയിലെ ആവിർഭാവത്തിന്റെ വയസ്സ് എണ്ണിയാൽ ഒരുപക്ഷേ, വളരെ ചുരുങ്ങിയ കാലമായിക്കാണുകയേയുള്ളൂ നമ്മുടെ നാഗരിക ജീവിതത്തിന്. അതിലും എത്രയോ ഇരട്ടി വർഷം നാം കാടിന്റെ മക്കളായിരുന്നു. ആ ഗൃഹാതുരതയാവാം എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കാട് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്, വീണ്ടും വീണ്ടും അവിടേക്ക് ക്ഷണിക്കുന്നത്...

നഗരത്തിരക്കുകൾക്കിടയിൽനിന്ന് ഊളിയിട്ട്, മൊബൈൽ വർക്കുകളുടെയും കണ്ണഞ്ചിക്കുന്ന നവമാധ്യമ വൃന്ദങ്ങളുടെയും, ജീവിത്രപാരാബ്ധങ്ങളുടെയും കണ്ണുവെട്ടിച്ച് നമുക്ക് പോകാം, ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക്, റോക്ക് വുഡിലേക്ക്.

Rockwood
റോക്ക് വുഡ് ബംഗ്ലാവ്‌

കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം വലംവെച്ച് ഞങ്ങളുടെ വാഹനം കുറച്ചുദൂരം കുളത്തൂപ്പുഴയാറിന്റെ മറുകര തൊട്ടും, ജനവാസമേഖലയിലൂടെയും മെല്ലെ വനഭൂമിയിലെത്തി. ഒരു കാട്ടരുവിയുടെ ഓരം ചേർന്ന് നിർത്തി കൈയിൽ കരുതിയിരുന്ന ഉച്ചഭക്ഷണം, കാട്ടിലകൾ നിരത്തി പങ്കിട്ടു. നീർച്ചോലയിലെ തെളിനീര് ആവോളം കുടിച്ചു. കുളിരിന്റെ നേർത്ത അലകൾ, ശരീരത്തെ മാത്രമല്ല ആത്മാവിനെപ്പോലും തണുപ്പിച്ചു. മെല്ലെ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി.

ഉരുളൻ കല്ലുകളും കുഴികളും നീർച്ചാലുകളും താണ്ടി വലിയ കയറ്റം കയറി വാഹനം ഒരു ഇരുമ്പുഗേറ്റിന് മുന്നിൽ എത്തി. റോക്ക് വുഡ് എസ്റ്റേറ്റ് എന്ന ബോർഡ് പതിച്ച തൂണും ചേർന്ന് കാണാമായിരുന്നു. കൂടെ ഉണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരൻ തന്റെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് ഗേറ്റ് തുറന്നു. വാഹനം വീണ്ടും മുകളിലേക്ക്. റോക്ക് വുഡ് എസ്റ്റേറ്റിന്റെ തോട്ടം മേഖലയിൽ കൂടിയാണ് ഇപ്പോൾ യാത്ര. റബ്ബർ തോട്ടങ്ങൾ ടാപ്പിങ് ഇല്ലാതെ ഏറെക്കുറെ കാടുമൂടിക്കിടക്കുന്നു.

ആടിയുലഞ്ഞ് വാഹനം എത്തിനിന്നത് പഴയൊരു ബംഗ്ലാവിന്റെ മുന്നിൽ, റോക്ക് വുഡ്. ഒരുകാലത്ത് കൊല്ലം ജില്ലയിൽ തേയില കൃഷിയു ണ്ടായിരുന്ന സ്ഥലം ആയിരുന്നു ഇത്. ബ്രിട്ടീഷുകാരനായ ഒരു സായിപ്പ് തന്റെ നാല് സഹോദരിമാർക്കൊപ്പം ഈ ബംഗ്ലാവിൽ കഴിഞ്ഞിരുന്നു. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുത്തിരുന്ന തോട്ടങ്ങൾ സായിപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്നു.

പിന്നീട്, പല കൈമറിഞ്ഞ് തോട്ടം ഇപ്പോൾ ഒന്നിൽ കൂടുതൽ വ്യക്തികളുടെ കൈയിൽ ആണ്. ആനയും കാട്ടുപോത്തും പുലിയും കരടിയും കടുവയും വിഹരിക്കുന്ന മണ്ണിൽ കൃഷി ബുദ്ധിമുട്ടായതിനാൽ ഏറെ കുറെ കാട് മൂടിയ അവസ്ഥയിലാണ്. വീണ്ടും മുന്നോട്ട്. വനംവകുപ്പ് വക ക്യാമ്പ് ഷെഡ്ഡിലാണ് താമസം ഏർപ്പാടാക്കിയിരിക്കുന്നത്.

Malabar Giant Squirrelഒരു ചെരുവിൽ മൂപ്പെത്താത്ത ഓറഞ്ച് പഴങ്ങൾ തളിർത്തുനിൽക്കുന്നു. ഒരു ചില്ലയിലിരുന്ന് പുളിപ്പൻ ഓറഞ്ച് ഒരു ഭാവവ്യത്യാസവും ഇല്ലാതെ ശാപ്പിടുന്ന മലയണ്ണാനെ (Malabar Giant Squirrel) കണ്ടു. വാഹനത്തിന്റെ ഇരമ്പലിൽ കൈയിൽനിന്ന് താഴേക്ക് വീണ ഓറഞ്ചിനെ ഒന്ന് നോക്കിയിട്ട് അവൻ അടുത്ത ഓറഞ്ച് പറിച്ച് സൂക്ഷ്മതയോടെ തോട് കളഞ്ഞ് കഴിച്ചുതുടങ്ങി.

ആൾപൊക്കത്തിൽ വളർന്ന കാട്ടുപേരമരങ്ങൾ ആണ് ഒരുവശത്ത്. അവയിൽനിന്ന് ആവോളം പേരയ്ക്ക ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം നീലതത്തകൾ (Blue Winged Parakeet) വലിയ ശബ്ദത്തോടെ പറന്നുപോയി. സ്വൈരവിഹാരത്തെ തടസ്സപ്പെടുത്തിയ ഞങ്ങളുടെ കടന്നുവരവിൽ പ്രതിഷേധിച്ചിട്ടെന്നോണം ഉയർന്ന മരച്ചില്ലകളിൽ ഇരുന്ന് അവർ ചിലച്ചുകൊണ്ടേയിരുന്നു. ഇത്തിരി കുഞ്ഞൻ സുന്ദരന്മാരായ തത്തചിന്നന്മാരും (Vernal Hanging Parrot) പേരയ്ക്ക വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.

ഇരുവശവും വൃക്ഷങ്ങളാൽ ഇരുട്ടിന്റെ കോട്ട കെട്ടിയ ഒരു പാതയിലേക്ക് വാഹനം കടന്നു. വലിയ മരങ്ങളായി കാഴ്ചയെ മറച്ച് വളർന്ന് നിൽക്കുന്ന അവ, ഒരുകാലത്ത് ഒരുപാട് സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെട്ട, വിശിഷ്ടമായ ചായ നിർമിക്കാൻ ഉപയോഗിച്ചിരുന്ന തേയിലച്ചെടികൾ വളർന്നുണ്ടായവയാണ് എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം

Malabar Whistling Thrush
ചൂളക്കാക്ക

ഇപ്പോൾ ഞങ്ങൾ ക്യാമ്പ് ഷെഡ്ഡിന്റെ മുന്നിലാണ്. അടുത്ത് ഒരു കാട്ടരുവിയുടെ കളകളാരവം. ബാഗും, യാത്രാക്ഷീണവും മുറിക്കുള്ളിലാക്കി വന്നപ്പോഴേക്കും ആവി പറക്കുന്ന കട്ടൻ റെഡി. പെട്ടെന്ന് എവിടെനിന്നോ ഒരു മഴ വന്നു. കാടിന് നടുവിൽ, ആ മഴയിൽ കട്ടൻ ആസ്വദിച്ച് കുടിക്കുമ്പോൾ എവിടെയോനിന്ന് ആ ഗാനം കേട്ടു. ശ്രുതി മുറിയാതെ, ആരോഹണത്തിലും അവരോഹണത്തിലും ലയഭംഗി കലർത്തിയ പാട്ടുകാരൻ ആരായിരിക്കും.

മഴ മുറിഞ്ഞു, വെയിലുദിച്ചു. അതാ ആ ഗായകൻ ഞങ്ങൾക്ക് മുന്നിൽ അവതരിച്ചു. പുറംതിരിഞ്ഞിരിക്കുന്ന അവന്റെ പിന്നിൽ ചാഞ്ഞു പതിച്ച സൂര്യകിരണങ്ങളിൽ കറുപ്പിൽ ഒളിപ്പിച്ച നീലവർണം പുറത്തിറങ്ങി, ചൂളക്കാക്ക (Malabar Whistling Thrush). ഒരു ക്ലിക്കിന് അവസരം നൽകി അവൻ വലിയൊരു ചൂളം കുത്തി എവിടെയോ മറഞ്ഞു.

ക്യാമ്പ് ഷെഡിന് ഏതാണ്ട് അർധവൃത്താകൃതിയിൽ വലംവെച്ച് ഒരു അരുവി ഒഴുകുന്നുണ്ട്. അല്പം പിന്നിലേക്കു മാറി പരന്നും, കുറച്ചു താഴെയായി ഒരു കുഞ്ഞൻ വെള്ളച്ചാട്ടം സൃഷ്ടിച്ചും അതങ്ങനെ ഒഴുകുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വെള്ളച്ചാട്ടത്തിലും അല്ലാത്തവർക്ക് മറ്റിടത്തും കുളിക്കാം. ആ വെള്ളത്തിൽ കുളിച്ചാൽ എന്റെ പൊന്നു സാറേ, പിന്നെ ചുറ്റുമുള്ള തൊന്നും കാണാൻ പറ്റില്ല. രാത്രി കഞ്ഞിയും കപ്പയും ചമ്മന്തിയും പയറുമായിരുന്നു ഭക്ഷണം. വാച്ചർ കണ്ണന്റെ കൈപ്പുണ്യം കലർന്ന രുചികരമായ ഭക്ഷണം. ഏതാണ്ട് മുഴുവൻ വനം വകുപ്പ് ഇക്കോ സ്റ്റേകളിലെയും പ്രധാന ആകർഷണം പാചകത്തിൽ നളന്മാരായ വാച്ചർമാരാണെന്നു തോന്നിയിട്ടുള്ളത് എനിക്കു മാത്രമാണോ എന്തോ!

രാവിലെ വീണ്ടും വരാന്തയിൽ ആ കട്ടൻ ഊതിക്കുടിക്കുമ്പോൾ, അതിഥിയായി എത്തിയത് കോടമഞ്ഞായിരുന്നു. ഓരോ നിമിഷത്തിലും മാറിമറിയുന്ന കാലാവസ്ഥ തന്നെയാണ് റോക്ക് വുഡിന്റെ പ്രത്യേകത. ചായ കുടിച്ചുകഴിഞ്ഞു. പ്രാതൽ തയ്യാറാകുന്നതേയുള്ളൂ. ആ ഇടവേളയിൽ മുകളിൽ വ്യൂപോയിന്റ് കണ്ടു വരാമെന്നു കരുതി ഞങ്ങൾ ഇറങ്ങി.

തിരികെ ലീസ്ലി മദാമ്മ ഉറങ്ങുന്ന പള്ളിക്കരികിലെത്തിയപ്പോൾ അല്പമകലെയായി ആനകളെ കണ്ടു. പിന്നെ അവയ്ക്കു പിന്നാലെ മുകളിലേക്ക്. കുറച്ചുദൂരം വാഹനത്തിനുമുന്നിൽ നടന്ന അവ ഇടയ്ക്കു തിരിഞ്ഞ് ഒരു താഴ്വാരത്തേയ്ക്കിറങ്ങി. വീണ്ടും മുകളിലേക്കു കടന്ന ഞങ്ങൾ എത്തിയത് സ്വർഗം തോൽക്കുന്ന ഒരു ഭൂമിയിൽ.

നോക്കെത്താദൂരം പ്രകൃതി വരച്ചു കാണാക്കാഴ്ചകൾ. താഴെയായി അവയ്ക്ക് കണ്ണേൽക്കാതെ പുള്ളികുത്തിയ പോലെ സഹ്യന്റെ മക്കളും. ഒരുവശത്ത് അകലെ തെന്മല ഡാം തടാകവും വൃഷ്ടിപ്രദേശവും പുകമഞ്ഞിന്റെ മേലാപ്പുചൂടി കിടക്കുന്നു. കുളത്തൂപ്പുഴ പട്ടണത്തിലെ കെട്ടിടങ്ങൾക്കപ്പുറം കൊല്ലം ജില്ല ഏതാണ്ട് മുഴുവനായിത്തന്നെ കാണാം. മറ്റൊരു വശത്ത് അഗസ്ത്യാർകൂടം ബയോസ്ഫിയർ റിസർവിന്റെ അനന്തമായ കാഴ്ചകളും, ശരിക്കും സ്വർഗം... മൂടൽമത്തിനപ്പുറം ഏതോ വലിയ വൃക്ഷത്തലപ്പിൽനിന്ന് മല മുഴക്കിയുടെ ഗംഭീരശബ്ദം അകലെ ഗിരിശൃംഗങ്ങളിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു, പശ്ചിമഘട്ടത്തിന്റെ ഹൃദയതാളം പോലെ...

Crested Serpent Eagle
ചുട്ടിപ്പരുന്ത്

മഞ്ഞിന്റെ മറനീക്കി ആ കൂറ്റൻ പക്ഷി ഞങ്ങൾക്ക് ഒരുമാത്ര ദർശനം നൽകി. പ്രകമ്പനംകൊള്ളിക്കുന്ന ചിറകടികളോടെ അത് അടുത്ത മല ലക്ഷ്യമാക്കി പറന്നുപോയി. ഒരു ചുട്ടിപ്പരുന്ത് (Crested Serpent Eagle) അടുത്ത ഇരയെ കാത്ത് മരച്ചില്ലയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.

വാഹനം കുറച്ചുകൂടി മുകളിലേക്കു പോയി, മറ്റൊരു മലയിലേക്ക്. കാടുമൂടിക്കിടക്കുന്ന എണ്ണപ്പനകളാണ് ചുറ്റും. കൂടെ കാട്ടുപേരമരങ്ങളും. പെട്ടെന്ന് ചെരിവിലായി കാട്ടുപോത്തുകളെ കണ്ടു. ഒരു തള്ളയും കുട്ടിയുമുണ്ട് കൂട്ടത്തിൽ. തീരെ ചെറിയ കുഞ്ഞ്, കാഴ്ചയിൽ പശുക്കുട്ടിതന്നെ. അമ്മയ്ക്കുചുറ്റും തുള്ളിക്കളിക്കുന്നു. കാമറയുടെ കാര്യം മറന്ന് ആ മനോഹരദൃശ്യം കണ്ടുനിന്നപ്പോൾ പെട്ടെന്ന് ഞങ്ങളെ തല യുയർത്തിനോക്കിയ അമ്മ ശബ്ദമുണ്ടാക്കി കുട്ടിയോടൊപ്പം പേരമരങ്ങൾക്കിടയിൽ മറഞ്ഞു. കൂറ്റനൊരു ഒറ്റയാൻ പോത്ത് ഇതിനിടെ ദർശനം നൽകി മറഞ്ഞു.

Bison
ഒറ്റയാൻ കാട്ടുപോത്ത്

തിരിച്ച് ക്യാമ്പ് ഷെഡിൽ എത്തിയപ്പോഴേക്കും ചൂടു ചപ്പാത്തിയും മുട്ടക്കറിയും റെഡി. അരുവിയിൽ ഒരു കുളികഴിഞ്ഞുവന്ന് അതു ശാപ്പിട്ട് ഞങ്ങൾ മലയിറങ്ങി, ഇനിയും എന്നെങ്കിലും എത്താമെന്ന പ്രതീക്ഷയോടെ.

Yathra Cover
യാത്ര വാങ്ങാം

റോക്ക് വുഡ് ബംഗ്ലാവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ബ്രിട്ടീഷുകാരനായ സായിപ്പ് തന്റെ നാല് സഹോദരിമാർക്കൊപ്പം ഈ ബംഗ്ലാവിൽ കഴിഞ്ഞിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ബ്രിട്ടീഷുകാർ മടങ്ങിയപ്പോൾ, സായിപ്പും മൂന്ന് സഹോദരിമാരും ഇംഗ്ലണ്ടിലേക്ക് മടങ്ങി. എന്നാൽ സഹോദരിമാരിലൊരാൾ, വയലറ്റ് ഗിൽറ്റി ലീസ്ലി ഇവിടെ തുടരാൻ തീരുമാനിച്ചു. അവർക്ക് ഈ നാട് അത്രമേൽ ഇഷ്ടമായിരുന്നു.

ബംഗ്ലാവിന് കുറച്ച് മുകളിലായി ഒരു ചെറിയ പള്ളി, ഏതാണ്ട് മുഴുവനും പൊളിഞ്ഞ നിലയിൽ നമുക്ക് കാണാനാവും. അതിനടുത്തായി ഒരു കല്ല റയും. ഈ നാടിന്റെ സൗന്ദര്യത്തിൽ മയങ്ങി, ഇവിടെ ജീവിച്ചു മരിച്ച ലീസ്ലി മദാമ്മ ആ കല്ലറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഒരുപക്ഷേ, ഈ വനഭൂമിയെയും, ജീവികളെയും സംരക്ഷിച്ച് ഇന്നും അവർ ഇവിടെ അലയുന്നുണ്ടാവാം, ആരാലും കാണാതെ, ഇവിടെ ഇനിയൊരു ജന്മവും മോഹിച്ച്...

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: shendurney travel, rock wood bunglow, kollam trekking, kerala tourism