'ദീപാവലിക്ക് നിങ്ങള്‍ എവിടേലും പോകുന്നുണ്ടോ?' ചോദ്യം ഓഫീസിലെ രാധിയുടേതാണ്. 'ഞങ്ങള്‍ക്ക് ഇതുവരെ പ്ലാന്‍സ് ഒന്നുമില്ല, നോക്കാം.' അപ്പോള്‍ അങ്ങനെ പറഞ്ഞെങ്കിലും പിന്നീട്  അതിനെ കുറിച്ചോര്‍ത്തത് ശനിയാഴ്ചയാണ്. റോസ്മല ആയാലോന്നു പെട്ടെന്നൊരു തോന്നല്‍. കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്  ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലെ റോസ്മല. മുന്‍പൊരിക്കല്‍ അരിപ്പ കാടുകയറാന്‍ പോയപ്പോള്‍ പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് ഗൈഡ് പ്രിജിത് ഉണ്ട്. റോസ്മലയെ കുറിച്ച് അന്ന് പുള്ളിയോട് ചോദിച്ചതാണ്. ഓഫ് റോഡ് ഡ്രൈവാണ്. ജീപ്പില്‍ പോകേണ്ടി വരും. ഇല്ലേല്‍ ബൈക്ക്. പോകാന്‍ പ്ലാന്‍ ഉണ്ടേല്‍ വിളിച്ചാല്‍ മതി എന്ന് പറഞ്ഞിരുന്നു.

Rosemala 1

വിഷ്ണുവിനോട് ചോദിച്ചു, ആള്‍ ഓക്കേയാണ്. രാധിയോടും പറഞ്ഞു, അവളും സച്ചിനും റെഡിയാണ്. പിന്നെ മടിച്ചു നില്‍ക്കാതെ പ്രിജിത്തിനെ വിളിച്ചു ആരാ എന്താ എന്നൊക്കെ പറഞ്ഞു പിടിപ്പിച്ചു. 'ദീപാവലിക്ക് ഒരു റോസ്മല.' 'ഓക്കേ, ജീപ്പ് ബുക്ക് ചെയ്‌തേക്കാം. ഏകദേശം 1500 രൂപ ആണ് ചാര്‍ജ്. രാവിലെ 8 മണിക്ക് അരിപ്പ എത്തിയാല്‍ മതി. കഴിക്കാന്‍ എന്തേലും കയ്യില്‍ കരുതേണ്ടി വരും, അവിടെ ചെറിയ കടകളേ ഉള്ളു.' അതൊക്കെ നമ്മള്‍ ഓക്കേ ആണ് എന്ന് പറഞ്ഞു ജീപ്പ് ബുക്ക് ചെയ്‌തോളാന്‍ പറഞ്ഞു. കൂടെയുള്ള പതിവ് കറക്കക്കാര്‍ ഒന്നും തലസ്ഥാനത്തില്ല. ദീപാവലി ആയിട്ട് നാട്ടിലാണ്. ഒന്നും ചോദിക്കാതെ കൂടെ കൂട്ടിയത് നമ്മടെ മൊയ്തൂനെ ആണ്. വാട്‌സ്ആപ്പില്‍ ഒരു മെസ്സേജ്. 'Get ready by 6.30am on Nov 6th. We are going to Rosemala'. അവനു അത് തന്നെ ധാരാളം. അവന്റെ ഹിമാലയന്‍ ചങ്കുമായി ഒരു കറക്കം. അതിനു അവന്‍ ഒരിക്കലും നോ പറയില്ല.

അങ്ങനെ ദീപാവലി ദിവസം എത്തി. രാവിലെ 7 മണിക്ക് കഴക്കൂട്ടത്തു നിന്നും ഞങ്ങള്‍ 5 പേര്‍ ഒരു കാറിലും ഒരു ബൈക്കിലുമായി നേരെ വെച്ചടിച്ചു. ആര്യങ്കാവിലേക്കാണ് യാത്ര. അവിടെ നിന്നാണ് ജീപ്പ് യാത്ര തുടങ്ങേണ്ടത്. ഇടയ്ക്കു 3 ചവിട്ടു മാത്രം. ബ്രേക്ഫാസ്റ്റിനും, പ്രിജിത്തിനെ കൂടെ കൂട്ടാനും, പിന്നെ ഒരു പാലം കാണാനും. തെന്മല കഴിഞ്ഞു പോകുമ്പോള്‍ പതിമൂന്ന് കണ്ണറപ്പാലം ഒരു നല്ല കാഴ്ചയാണ്. കണ്ണറ പാലത്തിന് പതിമൂന്ന് കമാനങ്ങളുണ്ട്. മുകളിലായി റെയില്‍പാതയും താഴെയായി ദേശീയപാതയും കടന്നു പോകുന്നു. അവിടെ കുറച്ചു സമയം ഞങ്ങള്‍ ചിലവഴിച്ചു. 

Kannara

ഏകദേശം 10 മണി കഴിഞ്ഞപ്പോള്‍  ആര്യങ്കാവിലെത്തി. ജീപ്പും ഡ്രൈവര്‍ ചേട്ടനും റെഡിയായിരുന്നു. 'ചേട്ടന്റെ പേര് റെജിയെന്നല്ലേ?' എന്റെ ചോദ്യം കേട്ട് ചേട്ടന്‍ ഒന്ന് ഞെട്ടാതിരുന്നില്ല. 'എന്നെ എങ്ങനെ പരിചയം?' ഞാന്‍ തലേന്ന് റോസ്മല വീഡിയോസ് ചിലത് യൂട്യൂബില്‍ കണ്ടിരുന്നു. അതില്‍  ഒരു യാത്രയിലെ സാരഥി റെജി ചേട്ടന്‍ ആയിരുന്നു. 'ആ.. കുറെ പേര്‍ അത് കണ്ടു ട്രിപ്പ് ബുക്ക് ചെയ്യാന്‍ വിളിക്കാറുണ്ട്.' ചേട്ടന്‍ എന്തായാലും ഹാപ്പി ആയി.

Rosemala 2

അങ്ങനെ നമ്മള്‍ യാത്ര തുടങ്ങി. ആദ്യം പോയത് രാജാത്തോട്ടത്തിലേക്കാണ്. ഗ്രാമ്പു, ഓറഞ്ചു്, ജാതി അങ്ങനെ നിറയെ കൃഷികള്‍ ആണ്. കോഴി വേഴാമ്പലുകള്‍ ഉണ്ടെങ്കിലും ക്യാമറക്കു പിടി തരാതെ പറന്നകന്നു. പക്ഷിനിരീക്ഷണത്തിനായി ഇനി ഒരിക്കല്‍ വരണം. അതിനു വേണ്ടത് ക്ഷമയാണല്ലോ? ഇപ്പൊള്‍ മനസ്സില്‍ റോസ്മലയാണ്. ഇടയ്ക്കു വഴിയില്‍ ആന ഇറങ്ങാറുള്ള ആനത്താരകളും അവര്‍ കാട്ടിത്തന്നു. അതിനു സമീപത്തൊരു വീടുണ്ട്. നേരത്തെ ബുക്ക് ചെയ്താല്‍ അവിടെ സ്റ്റേ എടുക്കാം. ഭാഗ്യം ഉണ്ടേല്‍ ആനക്കൂട്ടത്തെയും  കാണാം. പോകുന്ന വഴിയിലായി അഞ്ചാനക്കുഴി ഉണ്ട്. മുന്‍പൊക്കെ നാട്ടാനയാക്കാന്‍ ഉള്ള കാട്ടാനകളെ പിടിക്കുന്നത് അവിടെയായിരുന്നു.

Raja Thottam

ഇടയ്ക്കിടെ വീടുകള്‍ ഉണ്ട്. രാവിലെയും വൈകിട്ടും KSRTC ബസ് സര്‍വീസ് നടത്തുന്നുണ്ട്. അത് കഴിഞ്ഞാല്‍ ബൈക്കും ജീപ്പും തന്നെ ആണ് അവിടെക്കുള്ളവരുടെ ആശ്രയം.  റോഡ് പണിക്കായുള്ള സാധനസാമഗ്രികള്‍ ഒക്കെ വഴിയരികില്‍ ഇറക്കിയിട്ടുണ്ട്. ഉടനെ പണി തുടങ്ങുമായിരിക്കും. റെജി ചേട്ടന്‍ പറഞ്ഞു. ഓഫ് റോഡ് യാത്രയാണെങ്കിലും അതിന്റെ ഒരു ബുദ്ധിമുട്ട് ആര്‍ക്കും തോന്നിയതേയില്ല. ഒരു സഞ്ചാരിക്ക് പാതകള്‍ എത്ര ദുര്‍ഘടമാണെങ്കിലും കാണാന്‍ പോകുന്ന കാഴ്ചകള്‍ ഓര്‍ക്കുമ്പോള്‍ അതൊന്നും ഒരു പ്രശ്‌നമേയല്ലല്ലോ.

Rosemala 3

വഴിയരികില്‍ നിറയെ വന്മരങ്ങള്‍. കുന്തിരിക്കത്തിന്റെ മരം പ്രിജിത് കാട്ടിത്തന്നു. കൂടാതെ എടുത്തു പറയാന്‍ ഒരു ചെങ്കുറുഞ്ഞി മരം(Red Wood) ഉണ്ട്. വനംവകുപ്പ് അതിനെ പ്രത്യേകം സംരക്ഷിച്ചിരിക്കുന്നു. വഴികളില്‍ ഇടക്കിടെയായി ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും കാണാം. ഇടയ്ക്കു ഈ അരുവികള്‍ മുറിച്ചു കടന്നാണ് യാത്ര. വണ്ടി നിര്‍ത്തി ഇതൊക്കെ ആസ്വദിച്ചു, നിറയെ ചിത്രങ്ങളും എടുത്തു. അരുവിയിലെ വെള്ളത്തിന് നല്ല തെളിമയും കുളിര്‍മയും. പച്ചനിറത്തിലുള്ള തുമ്പികളെ അരികിലെ ചേമ്പിലകളില്‍ കാണാം. പറക്കുമ്പോള്‍ അതിനു ഭംഗി കൂടുന്നുണ്ട്.

Red Wood

ജീപ്പിനു ചുറ്റും അകമ്പടി എന്ന പോലെ കൃഷ്ണശലഭങ്ങള്‍(Blue Mormon Papilio polymnestor) പറക്കുന്നുണ്ടായായിരുന്നു. പതിവിലും കൂടുതല്‍ ഉണ്ടല്ലോ എന്ന് പ്രിജിത് ആശ്ചര്യപ്പെട്ടു. നമ്മുടെ ജീപ്പിന്റെ തൊട്ടു പിറകെ കാഴ്ചകള്‍ ഒക്കെ ആസ്വദിച്ചു മൊയ്തീനും അവന്റെ ഹിമാലയനും ഉണ്ട്. അത് കണ്ടിട്ട് ആണെന്ന് തോന്നുന്നു, ബൈക്ക് സവാരികള്‍ ഇഷ്ടപെടുന്ന സച്ചിന്‍ പറഞ്ഞു. 'ഇനി ഞാന്‍ ഒരുവട്ടം ബൈക്കില്‍ വരുന്നുണ്ട്'.

Rosemala 5

ഓഫ് റോഡ് ബൈക്ക് ഡ്രൈവ് പ്രേമികള്‍ക്ക് എന്ത് കൊണ്ടും പറ്റിയതാണ് റോസ്മല യാത്ര. അങ്ങനെ ആര്യങ്കാവില്‍ നിന്നും 13 കിലോമീറ്റര്‍ കാട്ടുപാതകളും താണ്ടി, വനം വകുപ്പിന്റെ ചെക്ക് പോസ്റ്റും കടന്നു ഏകദേശം ഉച്ചയോടെ നമ്മള്‍ റോസ്മല എത്തി. വ്യൂ പോയിന്റിലേക്കു 25 Rs ആണ് ഒരാള്‍ക്ക് ചാര്‍ജ്. 

Rosemala View Point

റോസ്മലയില്‍ ഉള്ളത് റോസാപ്പൂക്കള്‍ അല്ല കേട്ടോ. പിന്നീട് ചിത്രങ്ങള്‍ കണ്ടിട്ട് തമാശക്കും അല്ലാതെയും കുറെ പേര്‍ ചോദിച്ചു. എവിടെ റോസ്? വ്യൂ പോയിന്റില്‍ നിന്നും നോക്കുമ്പോള്‍ പരപ്പാര്‍ ഡാമിനുള്ളില്‍ റോസാപ്പൂക്കള്‍ ഇതള്‍ കൊഴിഞ്ഞു വീണപോലെ  കാണുന്ന ചെറിയ പച്ചതുരുത്തുകളാണ് ഇതിനു ഈ പേര് നല്‍കിയെതെന്നു ഒരു കൂട്ടര്‍. ഇടയ്ക്കു ഹൃദയാകൃതിയില്‍ ഉള്ള ഒരു തുരുത്തും കാണാം. ഇവിടെ എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ളാന്ററുടെ ഭാര്യ റോസ്ലിന്റെ പേരില്‍നിന്നാണ് ഇത് റോസ്മലയായതെന്നും വായിച്ചിട്ടുണ്ട്. ഡാമിലെ വെള്ളത്തിനും ഒരു പച്ച നിറമാണ്. എന്തായാലും പ്രകൃതി ഏതു രൂപത്തിലും പേരിലും സുന്ദരിയാണ്. അത് കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുക്കെല്ലാം ഉണ്ടെന്നു മാത്രം.

Heart Island

വ്യൂ പോയിന്റിനു മുന്‍പ് മേല്‍ക്കൂരയില്ലാരുന്നു. ഇപ്പോള്‍ വെയില്‍ കൊള്ളാതെ റോസ്മല കാണാന്‍ ഉള്ള സൗകര്യം ഉണ്ട്. പക്ഷെ കേരളത്തിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കാണുന്ന പോലെ 'Achu loves Kichu', 'Call me' ഒക്കെ ഇവിടെയും ഉണ്ട്. നമ്മള്‍ ഇതൊക്കെ ഇനി എന്നാണോ പഠിക്കുക? ഇതൊക്കെ നിയമം കൊണ്ട് തടയുന്നതിനേക്കാള്‍ അവനവന്റെ ഉത്തരവാദിത്തബോധത്തില്‍ നിന്നും വിവേകത്തില്‍ നിന്നും സ്വയം തോന്നേണ്ടതാണ്. ഈ കാഴ്ചകള്‍ എന്റേത് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇനി വരുന്ന തലമുറകള്‍ക്കും കൂടിയുള്ളതാണ്. ആ ബോധം എല്ലാവര്ക്കും എന്നെങ്കിലും വരുമായിരിക്കുമല്ലേ? ഞാന്‍ എന്നോട് തന്നെ പറഞ്ഞാശ്വസിച്ചു.

Rosemala 6

അധികം തിരക്കില്ല, ആളുകള്‍ വന്നും പോയുമിരിക്കുന്നു. ചുറ്റും പച്ചപ്പ്, കൂട്ടിനു കാറ്റും. ഇടയ്ക്കു മഴ ചെറുതായി ഒന്ന് ചാറി തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ മാറി. ഒരു മൂടിയ കാലാവസ്ഥയായതിനാല്‍ വെയിലിന്റെ ആധിക്യം അറിഞ്ഞതേയില്ല. കുറെ നേരം അവിടെ കൂടി. പടം പിടിക്കല്‍, വീഡിയോ പിടിക്കല്‍, തമാശകള്‍. അങ്ങനെ ഏകദേശം രണ്ടു 2 - 3 മണിയായപ്പോള്‍ തിരിച്ചിറങ്ങി. താഴെയുള്ള കടയില്‍ നിന്നും നാരങ്ങാ വെള്ളവും കുടിച്ചു കയ്യില്‍ കരുതിയ സ്നാക്സും കഴിച്ചു തിരിച്ചു വീണ്ടും ആര്യങ്കാവിലേക്ക്. റോസ്മലയേക്കാള്‍ ഞാന്‍ കൂടുതല്‍ ആസ്വദിച്ചത് ഒരു പക്ഷെ  കാടിന് നടുവിലൂടെ അവിടേക്കുള്ള  യാത്ര ആണെന്ന് തോന്നി. 

Rosemala 7

വൈകിട്ടോടെ ആര്യങ്കാവിലെത്തി റെജി ചേട്ടനോട് യാത്ര പറഞ്ഞു ജീപ്പ് ചാര്‍ജും കൊടുത്തു കാറില്‍  വീണ്ടും തലസ്ഥാനത്തേക്ക്. വരുന്ന വഴി വിശപ്പിന്റെ വിളി കൊണ്ട് തെന്മല ഇറങ്ങി ചെറിയ ഒരു ചായ കുടിയും നടത്തി, അരിപ്പയില്‍ പ്രിജിത്തിനെയും ഇറക്കി,  വീണ്ടും ടെക്കികളുടെ കൂടാരമായ കഴക്കൂട്ടത്തേയ്ക്ക് എത്തിയപ്പോള്‍ ഇരുട്ടു വീണിരുന്നു. യാത്രയുടെ ക്ഷീണം ഉണ്ടെങ്കിലും കാഴ്ചകളുടെ സൗന്ദര്യം മതിയല്ലോ ആ ആലസ്യം മാറ്റാന്‍. കണ്ട കാഴ്ചകളിലേയ്ക്ക് ചേര്‍ത്ത് വെയ്ക്കാന്‍ ഒരെണ്ണം കൂടി. റോസ്മല....

 

 

കൂടുതല്‍ ചിത്രങ്ങള്‍

Rosemala 8

Rosemala 9

Rosemala 10

Rosemala 11

Rosemala 12

Rosemala 13

Rosemala 14

Rosemala 15

Rosemala 16

Rosemala 17

Rosemala 18

Rosemala 19

Rosemala 20