കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലാണ് റോസ്മല. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവി സങ്കേതത്തിനും ഇടയിലാണ് ഈ മനോഹരപ്രദേശം. യാത്രയ്ക്കിടെ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കാണാം. ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ പാതയ്ക്ക്. ഏറ്റവും പഴക്കമുള്ള റെയിൽപ്പാതകളിലൊന്നുകൂടിയാണിത്. വേണമെങ്കിൽ ഒന്ന് വാഹനം നിർത്തി പ്രകൃതി ആസ്വദിക്കുകയുമാവാം.

തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ ആര്യങ്കാവിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്കാണ് പോകേണ്ടത്. ഈ വഴി 12 കിലോമീറ്റർ പോയാൽ റോസ്മലയെത്തി. കാട്ടിലൂടെയാണ് യാത്ര. ഇടയ്ക്ക് പാതയെ മുറിച്ച് കാട്ടരുവികൾ കാണാം. കാട്ടിലൂടെയുള്ള യാത്രയായതിനാൽ വനമേഖലയിൽ അച്ചടക്കം പാലിക്കേണ്ടത് ആവശ്യമാണ്. വനംവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചുവേണം മുന്നോട്ടുപോകാൻ. വന്യജീവികളുടെ വഴികൂടിയാണിത്. കടുവയും പുലിയും ആനയും കാട്ടുപോത്തുമെല്ലാം ഈ വഴി വരാറുണ്ട്. കാട്ടുവഴികളിൽ വണ്ടിനിർത്താതിരിക്കുന്നതാണ് ഏറ്റവും ഉചിതം.

വനത്തിനകത്തായി ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെ പേരുവിവരങ്ങൾ നൽകിയേ യാത്രതുടരാനാവൂ. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഒഴിവാക്കാനും ഈ യാത്രയിൽ നമ്മൾ ശ്രദ്ധിക്കണം. കുറച്ചുദൂരം പോകുമ്പോൾ കാടുമാറി നാടിന്റെ അടയാളങ്ങൾ കാണാനാനാവും. കൃഷിയാണ് ഇവിടെയുള്ളവരുടെ പ്രധാന തൊഴിൽ. വരുന്നവർ പരപ്പാറ വ്യൂപോയിന്റ് കാണാനാണ് താത്പര്യപ്പെടാറ്. കൗണ്ടറിൽ നിന്ന് നാല്പതുരൂപ ടിക്കറ്റെടുത്താൽ മുകളിലേക്ക് പോകാം.

ഏതാണ്ട് അര കിലോമീറ്റർ നടന്നാൽ കാഴ്ചയുടെ ഉയരങ്ങളെ തൊടാം.വലിയ പാറക്കല്ലുകൾക്കിടയിലൂടെ വേണംനടന്നുനീങ്ങാൻ. ഒരു ചെറിയ ട്രെക്കിങ് അനുഭവം. നടന്ന് വ്യൂപോയിന്റിലെത്തിയാൽ ശെന്തുരുണി വനമേഖലയൊരുക്കുന്ന കാഴ്ചയുടെ വസന്തം ആസ്വദിക്കാം. ഈ കാഴ്ചകൾക്ക് സമം നിൽക്കുന്ന വാക്കുകളില്ല. 

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)

Content Highlights: Rosemala, Parappar View Point, Kollam Tourism, Kerala Tourism, Mathrubhumi Yathra