കേരള സംസ്‌ക്കാരവുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്നു നിളയെന്ന ഭാരതപ്പുഴ. നിളയുടെ കരയില്‍ ചരിത്രമുറങ്ങുന്ന നരിപ്പെറ്റ മന. പറയിപ്പെറ്റ പന്തിരുകുലത്തിലെ പറയിപ്പെണ്ണിനെ എടുത്തുവളര്‍ത്തിയ മന. രാമായണത്തിലെ പ്രധാന ശ്ലോകം കണ്ടെത്തിയ വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളാല്‍ പ്രധാനിയായ വരരുചി എത്തപ്പെട്ടത് സാക്ഷാല്‍ നരിപെറ്റ മനയില്‍. മനയില്‍ തന്നെ പരിചരിച്ച കന്യകയില്‍ വരരുചിക്ക് അനുരാഗം തോന്നിയത് വിവാഹത്തില്‍ കലാശിച്ചു. വിധിമഹിമ അലംഘനീയമാണെന്ന കാര്യത്തിന്റെ ഊട്ടിഉറപ്പിക്കല്‍ കൂടിയായിരുന്നു ആ വിവാഹം. അവിടെവെച്ച് സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് വരരുചിയും ഭാര്യയും ദേശാടനത്തിന് ഇറങ്ങി. ആ യാത്രയില്‍ പിറന്ന പന്ത്രണ്ട് മക്കളില്‍ ഒരാളാണ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാറാണത്ത് ഭ്രാന്തന്‍. 

കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കല്‍പിച്ചു പോരുന്നത്. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന്‍. നിളയുടെ പോഷകനദിയായ ഭാരതപ്പുഴ ചെത്തല്ലൂരില്‍  എത്തുമ്പോള്‍ ഉരുണ്ട പാറക്കെട്ടുകളില്‍ തട്ടിത്തെറിച്ച് പതറിപ്പാഞ്ഞൊഴുകുന്നു. ഇവിടുത്തെ മണല്‍തിട്ടയിലൂടെയാണ് ആറുവിരലുകളുള്ള കാലുമായി ഒരി ഭ്രാന്തന്‍ നടന്നു നീങ്ങിയത്. മന്തന്‍ കാല്‍പ്പാടുകള്‍ക്കൊപ്പം നടന്നാല്‍ കേള്‍ക്കാം, അനുസൃതമായ പൊട്ടിച്ചിരിക്കുന്ന ചങ്ങലയുടെ  കിലുക്കം ചുടലക്കളത്തില്‍ വെച്ചിട്ടുണ്ട്. അവിടെ അന്തിയുറങ്ങിയ ഭ്രാന്തന്‍ ജീവിച്ചതെവിടെയാണ്. ചുടല ഭദ്രകാളി പ്രത്യക്ഷപ്പെട്ട ഭ്രാന്തന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതും ഇവിടെവെച്ചാണ്.
 
എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്തു ഭ്രാന്തന്‍ രാത്രി എവിടെയാണോ എത്തുന്നത് അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കില്‍ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും. അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തന്‍ എത്തിച്ചേര്‍ന്നതു ഒരു ചുടുകാട്ടിലായിരുന്നു. അവിടെ അന്നു ഒരു ശവം ദഹിപ്പിക്കല്‍ ഉണ്ടായിരുന്നതിനാല്‍ ധാരാളം തീക്കനല്‍ കിട്ടാനുണ്ടായിരുന്നു. ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാല്‍ അടുപ്പുകല്ലില്‍ കയറ്റിവച്ചു ഭ്രാന്തന്‍ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേര്‍ന്നത്. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവര്‍ ഭീകരശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു.
 
Rayiranelloor Temple
 
ചുടലപ്പറമ്പില്‍ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനക നൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തു ഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാന്‍ പറഞ്ഞപ്പോളാദ്യം താന്‍ മരിക്കാന്‍ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു.. കാളി ഉത്തരം പറഞ്ഞപ്പോള്‍ ഏനിക്ക് ഒരു ദിവസം കൂടുതല്‍ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തന്‍. അതും സാധ്യമല്ല. എങ്കില്‍ ഒന്നു പോയിത്തരണമെന്നു ഭ്രാന്തന്‍. ആ ദിവ്യന്റെ മുമ്പില്‍ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടില്‍ നാറാണത്തു ഭ്രാന്തന്‍ ആവശ്യപ്പെട്ടത്.
 
നാറാണത്ത് വളര്‍ന്നത് ചെന്തല്ലൂരെ നാരായണ മംഗലത്ത് ഇല്ലത്താണെന്നാണ് വിശ്വാസം. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള തിരുവേഗപ്പുറം ഇല്ലത്തും വന്നു. ചെറുപ്പത്തിലെ അസാധാരണ പെരുമാറ്റത്തിന് ഉടമയായ നാറാണത്ത് രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരുട്ടി തന്റെ പെരുമാറ്റ വൈചിത്രം ആവര്‍ത്തിച്ചു. നാറാണത്ത് കല്ലുരുട്ടിക്കയറ്റിയ രായിരനെല്ലൂര്‍ മല ചരിത്രമായി. തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറിയാല്‍ കുട്ടികളുടെ വിദ്യാതടസം നീങ്ങി ഭാഗ്യദേവത അനുഗ്രഹിക്കുമെന്ന് വിശ്വാസം. പട്ടാമ്പിയില്‍ നിന്നും കൊപ്പം വളാഞ്ചേരി റൂട്ടില്‍ ഒന്നാന്തി പടിയില്‍ നിന്നാണ് രായിരനെല്ലൂര്‍ മലകയറ്റം തുടങ്ങുന്നത്.
 
നാല് കുന്നുകള്‍ക്ക് നടുവിലാണ് രായിരനല്ലൂര്‍ മല. മുത്തശ്ശിയാര്‍ കുന്ന്, ചളമ്പ്രകുന്ന്, പടവെട്ടികുന്ന്, ഭ്രാന്താചലം എന്നിവയാണവ. മലയുടെ അടിവാരത്താണ് നാരായണമംഗലത്തുമന. ഇവിടെനിന്ന് ഒരംഗം എല്ലാദിവസവും മലകയറി രായിരനല്ലൂര്‍ ക്ഷേത്രത്തില്‍ എത്തും. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം. അറിവ് ആരാധനയാകുന്ന ക്ഷേത്രമാണ് രായിരനല്ലൂര്‍  ദേവീക്ഷേത്രം. പ്രതിഷ്ഠ ഇല്ലാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. നാറാണത്തിന് മലമുകളില്‍ ദര്‍ശനം നല്‍കിയ ശേഷം ദേവി പ്രദക്ഷിണ രീതിയില്‍ ഒന്‍പത് കാലടികള്‍ വെച്ചുവെന്നും ആ ചുവടുകള്‍ പാറപ്പുറത്ത് പതിഞ്ഞുവെന്നുമാണ് വിശ്വാസം. തെളിയാത്ത ബുദ്ധിക്ക് ഉടമയായിരുന്ന നാറാണത്തിന് ബുദ്ധി തെളിഞ്ഞത് മലമുകളിലെ ദേവീദര്‍ശനത്തിന് ശേഷമായിരുന്നുവത്രെ. അതിനാല്‍ ഇവിടെ തുലാം ഒന്നിന് എത്തിയാല്‍ ബുദ്ധി തെളിയുമെന്ന് വിശ്വാസം. 
 
Rayiranelloor
 
ദേവിയുടേതെന്ന് കരുതുന്ന ചുവടുകളിലാണ് ഇവിടെ പൂജ. ഒന്‍പത് ചുവടുകളില്‍ ഏഴ് ചുവടുകളില്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് കാണാനാകും. രണ്ട് ചുവടുകള്‍ ഉള്ളിലേക്കാണ്. ഇതില്‍ ഇടതുവശത്തെ ചുവടില്‍ നിന്ന് ജലം ഊറി വരുന്നതുകാണാം. ഈ ജലമാണ് ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കുള്ള ജലത്തിനായി ഇവിടെ രണ്ട് കിണറുകള്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടാത്തിനാല്‍ നികത്തി. എന്നാല്‍ ഇവിടെ പാറപ്പുറത്ത് ജലം ഊറുന്നത്  ഇന്നും കാഴ്ച്ചയാണ്. ശാന്തസ്വരൂപിയായ ദേവീ സങ്കല്പമാണ് ഇവിടെയുള്ളത്. ഉപദേവത സങ്കല്പത്തില്‍ ഗണപതിയും അയ്യപ്പനും. പെണ്‍കുട്ടി ഉണ്ടാകാന്‍ ഓട്ടം കമഴ്ത്തുന്ന വഴിപാടുള്ള ഏക ക്ഷേത്രമെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കുഞ്ഞു പിറക്കാന്‍ വേണ്ടി മല കയറുന്ന ദമ്പതികളും ധാരാളമായി ഇവിടെ എത്താറുണ്ട്. മലര്‍ പറയാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയുടെ കിഴക്കേ ചരുവില്‍ നാറാണത്ത് ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമയുണ്ട്. ക്ഷേത്രത്തില്‍ നിന്ന് വിളിപ്പാടകലെയാണ് നാറാണത്ത് ഭജനമിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഭ്രാന്താചലം. ഈ പാറക്കുന്ന് കയറാന്‍ 63 പടികള്‍ കൊത്തിയെടുത്തിട്ടുണ്ട്. 
 
ഈ കരിമ്പാറയില്‍ വറ്റാത്ത തീര്‍ത്ഥക്കിണറുകള്‍ ഉണ്ട്. നാറാണത്തിനെ ബന്ധിച്ചിരുന്നുവെന്നു കരുതുന്ന കാഞ്ഞിരമരവും ചങ്ങലകണ്ണികളും ഇപ്പോളും കാണാം. ആയിരത്തിലധികം അടി ഉയരത്തിലാണ് രായിരനല്ലൂര്‍ മല സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് രായിരനല്ലൂരിലേക്ക് 22 കിലോ മിറ്റര്‍ ദൂരം. പട്ടാമ്പിയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഒരു മണിക്കൂറോളം സമയം വേണം രായിരനല്ലൂര്‍ മല നടന്നു കയറാന്‍. രായിരനല്ലൂര്‍ മലയുടെ ഉച്ചിയിലേക്ക് കൂറ്റന്‍ കരിമ്പാറ ഉരുട്ടി കയറ്റിയതിനുശേഷം അത് താഴേക്ക് തള്ളിയിട്ട് രസിച്ച നാറാണത്ത് ഭ്രാന്തന്‍ ഉറക്കെ പാടി.
 
''ഉന്നതിവരുത്തുവാനെത്രെയോ പരാധീനം
പിന്നെയങ്ങതോഗധിക്കെത്രെയും എളുപ്പമാം''
 
ഇന്നുംപ്രസക്തിയോടെ നില്‍ക്കുന്നു ഭ്രാന്തന്റെ വചനം. ഭ്രാന്താചലത്തിലെ കാഞ്ഞിരമരത്തില്‍ കാണുന്ന ചങ്ങലക്കണ്ണികള്‍ ഉന്‍മാദനാളുകളില്‍ നാറാണത്തിനെ തളച്ചതാണെന്ന് ഐതിഹ്യം. രായിരനല്ലൂര്‍ മലകയറ്റം തുടങ്ങുന്ന സ്ഥല നാമമായി ഒന്നാന്തിപടിക്ക് ആ പേരു വന്നതിനു പിന്നിലുമുണ്ട് ചരിത്രം. രായിനല്ലൂര്‍ ക്ഷേത്രത്തില്‍ തുലാം ഒന്നിനുള്ള പ്രാധാന്യം കൊണ്ട് ലഭിച്ച വിളിപ്പേരാണത്രെ ഒന്നാന്തിപടി.
 
പെണ്‍കുട്ടി പിറക്കാന്‍ വഴിപാടു നടത്തുന്ന ഇന്ത്യയിലെ അപൂര്‍വ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഐതിഹ്യങ്ങള്‍ക്കപ്പുറം ചില വിശ്വാസ്യതയുടെ തെളിവുകള്‍ കൂടി രായിരനല്ലൂര്‍ മല കാട്ടിത്തരുന്നു. കാഞ്ഞിരവും ചങ്ങലയുമൊക്കെ ഇതിന്റെ ഭാഗം മാത്രം. രായിരനല്ലൂരില്‍ നിന്ന് വിളിപ്പാടകലത്തില്‍ മാത്രമാണ് നാറാണത്ത് ഭ്രാന്തന്‍  ഭജനമിരുന്നു എന്ന് വിശ്വസിക്കുന്ന പാറക്കുന്ന്. ഭ്രാന്തന്‍ കോട്ട എന്ന ഭ്രാന്താചലം. വാസ്തു വൈദഗ്ദ്ധ്യത്തിന്റെ  വിസ്മയമായി ഈ ഒറ്റക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നു. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇത് സ്ഥിതിചെയ്യുന്നത്. ഭ്രാന്താചലത്തിന്റെ കിഴക്ക് ഭാഗത്തായി കരിമ്പാറയില്‍ തുരന്നെടുത്തതുപോലെ കാണുന്ന മൂന്ന് ഗുഹാക്ഷേത്രങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഭ്രാന്തന്റെ ഭൂതഗണങ്ങള്‍ കൈനഖം കൊണ്ട് മാന്തി നിര്‍മ്മിച്ച താണെന്ന് വിശ്വാസം. ഈ ഗുഹയിലായിരുന്നു നാറാണത്ത് ഭ്രാന്തന്റെ തപസ്സ്.
 
View Point
Photo: CR Gireeshkumar
 
വരരുചി ഉപേക്ഷിച്ചുപോയ ഭ്രാന്തന്‍കുട്ടിയെ എടുത്തുവളര്‍ത്തിയ നാരായണ മംഗലത്ത് മനയ്ക്ക് ആമയൂര്‍ മന എന്നും പേരുണ്ട്. അത്തിപറ്റക്കുന്നിന്റെ സമീപമായിരുന്നു ഈ മന. ഈ കുന്നിന്‍ മുകളിലേക്കാണത്രെ നാറാണത്ത് തന്റെ ആദ്യ കല്ലുരുട്ടാന്‍ തുടങ്ങിയത്. പിന്നീട് വേദാഭ്യാസത്തിനായി തിരുവേഗപ്പുറത്തെ അഴവേഗപ്പുറം ഇല്ലത്ത് കൊണ്ടാക്കിയിട്ടും തന്റെ കല്ലുരുട്ടല്‍ സ്വഭാവം നിര്‍ത്താന്‍ തയ്യാറായില്ല. അവിടെ രായിരനല്ലൂര്‍ മലയിലേക്കായിരുന്നു കല്ലുരുട്ടല്‍. ഈ കല്ലുരുട്ടലിനിടയിലാണ് ഒരു തുലാം മാസം ഒന്നാം തീയതി വനദുര്‍ഗയായി ദേവി നാറാണത്തിനു മുന്‍പില്‍ പ്രത്യക്ഷമായത്. തുടര്‍ന്ന് തന്റെ ഭക്തനും ഭക്തിക്കും വേണ്ടി ഒരു പാറക്കല്ലില്‍ ദേവി തന്റെ  പാദമുദ്രകള്‍ അവശേഷിപ്പിച്ചു എന്ന് ഐതിഹ്യം. ആണ്‍കുട്ടി പിറക്കാന്‍ ഓട്ടു കിണ്ടിയും പെണ്‍കുട്ടി പിറക്കാന്‍ ഓടവും കമഴ്ത്തുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. മംഗല്യ ഭാഗ്യത്തിനായി മലര്‍പ്പറ വഴിപാട് നടത്തുന്നു. ദേവിയുടെ ആറാമത്തെ കാലടി പതിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന കുഴിയില്‍ നിന്ന് ഊറുന്ന ജലമാണ് ഇവിടെ തീര്‍ത്ഥമായി നല്‍കുന്നത്.
 
ആമയൂര്‍ മനയിലെ ഇരുപതുപേര്‍ക്ക് രായിനെല്ലൂര്‍  ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ അവകാശമുണ്ടത്രെ. ക്ഷേത്രനടത്തിപ്പില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ ഇവരില്‍ ആര്‍ക്കും ചുമതലയേറ്റെടുക്കാമെന്നാണ് വ്യവസ്ഥ. രായിരനെല്ലൂര്‍ മലയില്‍ ദേവി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അവിടെ പൂജ ആരംഭിച്ചത്.അതിനായി ആദ്യം മൂലകുടുംബമായ ചെത്തല്ലൂരില്‍ നിന്ന് ഒരാളെ പൂജക്ക്  നിയോഗിച്ചു. പിന്നീട് രായിരനല്ലൂര്‍  മലയടിവാരത്ത് ഒരു ഇല്ലം പണികഴിപ്പിച്ച് കുടുംബാംഗങ്ങള്‍ അങ്ങോട്ട് താമസം മാറ്റി. പരഹിതകരണം' എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഭ്രാന്തന്‍ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരു താന്ത്രികനുമായിരുന്നു. കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. താംബൂലം കൊണ്ട് പ്രതിഷ്ഠ ഉറപ്പിച്ച ഭ്രാന്തന്റെ കഥയും വാമൊഴിയായും വരമൊഴിയായും ഉണ്ട്.
 
Content Highlights: Rayiranelloor Mount, Naranath Bhranthan, Parayi Petta Panthirukulam