പ്രളയകാലം കഴിഞ്ഞു. രാജമല അതിന്റെ പ്രൗഢിയിലേക്ക് തിരികെ പോവുകയാണ്. അതിന്റെ ആദ്യപടിയാണ് രാജമലയില്‍ എമ്പാടും വിരിഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍. കാറ്റില്‍ തലയാട്ടി താളം പിടിക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ സഞ്ചാരികളും എത്തിത്തുടങ്ങി.

Neelakkurinji 2

മൂന്നാറില്‍ നിന്ന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് ഇരവികുളം ദേശീയ ഉദ്യാനം. പഴയ മൂന്നാറിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിട്ടുള്ള കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കാം. മുതിര്‍ന്നവര്‍ക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോട്ടോ എടുക്കണമെങ്കില്‍ സാദാ ക്യാമറയ്ക്ക് 40 രൂപയാണ് നല്‍കേണ്ടത്.

പണമടച്ച് കഴിഞ്ഞാല്‍ ഇരവികുലം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ റെഡിയാക്കിയിട്ടുള്ള പ്രത്യേക വാഹനത്തില്‍ കയറാം. 20 രൂപയാണ് ഇതിന് ഒരാള്‍ നല്‍കേണ്ടത്. പതിനഞ്ച് മിനിറ്റുകൊണ്ട് ഇരവികുളത്തെത്തും. ഇവിടെ നിന്നും രാജമല സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് ലഭിക്കും. ഇരവികുളത്ത് നിന്നും മറ്റൊരു വാഹനത്തില്‍ കയറി രാജമല കയറ്റം തുടങ്ങാനുള്ള വ്യൂപോയിന്റിലെത്താം.

Neelakkurinji 3

ഇരവികുളത്തു നിന്ന് പുറപ്പെടുമ്പോള്‍ മുതല്‍ തന്നെ നയനമനോഹരമായ കാഴ്ചകള്‍ തുടങ്ങുകയായി. പരന്നുകിടക്കുന്ന ഇളംപച്ച നിറത്തിലുള്ള തേയിലച്ചെടികളും തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വതഗംഭീരനും സഞ്ചാരികളെ സ്വാഗതം ചെയ്യും. വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡില്‍ രണ്ട് വാഹനത്തിന് കഷ്ടി പോകാം. എതിര്‍വശത്ത് നിന്ന് ഒരു വാഹനം വന്നാല്‍ കുടുങ്ങിയത് തന്നെ. ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് അല്‍പ്പം മുകളിലേക്ക് ചെല്ലുമ്പോള്‍ത്തന്നെ പൂത്തുനില്‍ക്കുന്ന കുറിഞ്ഞിച്ചെടികള്‍ കാണാനാവും. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ചിലത് പാറയോട് ചേര്‍ത്ത് കെട്ടിയിട്ടുമുണ്ട്.

Rajamala tea

വ്യൂ പോയിന്റിന് മുകളിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ നടന്നാണ് സഞ്ചാരികള്‍ മുകളിലേക്ക് കയറേണ്ടത്. സീസണായതിനാല്‍ വിനോദസഞ്ചാരികളുടെ തിരക്കാണിവിടെ. ഇടവിട്ട് മഴപെയ്യുന്നതിനാല്‍ ഇത്തവണ രാജമലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൂ കുറവാണ്. വ്യൂപോയിന്റില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. വഴിയോരത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഒരു ഭാഗത്ത് പൂക്കളും മറുഭാഗത്ത് പ്രകൃതിയുടെ വന്യതയും സമ്മേളിക്കുന്നു രാജമലയില്‍. പോകുന്ന വഴിയില്‍ വലതുഭാഗത്ത് ഒരു ക്ഷേത്രവും അനുബന്ധമായി ഭണ്ഡാരവും കാണാം. വനകാളിയാണ് പ്രതിഷ്ഠ. ശ്രീകോവില്‍ ഇല്ലാതെ പടുകൂറ്റന്‍ ആല്‍മരത്തണലിലാണ് വനകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാജമല അടച്ചിടുന്ന സമയത്ത് മാത്രമാണ് ഇവിടുത്തെ പൂജ. സമീപത്തെ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പൂജ നടത്തുന്നത്.

Vanakali Temple

നീലക്കുറിഞ്ഞി എന്നപോലെ രാജമലയിലെത്തുന്ന ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്ന ഒന്നാണ് വരയാടുകളുടെ സാന്നിധ്യം. നിസ്സംഗമായ മുഖഭാവത്തോടെ സന്ദര്‍ശകര്‍ക്കിടയിലൂടെ അവ സ്വസ്ഥമായി വിഹരിക്കുന്നു. പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത പായലാണ് ഇഷ്ടഭക്ഷണങ്ങളിലൊന്ന്. വഴിയരികില്‍ കെട്ടിയിരിക്കുന്ന വേലിക്കിടയിലൂടെ തലയിട്ട് പുല്‍ നാമ്പുകള്‍ കഴിക്കുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്. പ്രത്യേകരീതിയില്‍ തലയാട്ടിക്കൊണ്ട് ആഹാരം കഴിക്കുന്നതും കൗതുകമുണര്‍ത്തും. സഞ്ചാരികളില്‍ ചിലര്‍ ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചെങ്കിലും 'എനിക്കിതിലൊന്നും വല്യ തത്പര്യമില്ലേ...' എന്ന മട്ടില്‍ അവ ഒഴിഞ്ഞുമാറും.

Neelagiri Thar

മാജിക് പ്ലെയ്‌സ് എന്നൊരു ചെല്ലപ്പേരുണ്ട് രാജമലയ്ക്ക്. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയമായിരിക്കും. ചൂടുസഹിക്കാനാവാത്തതുകൊണ്ടോ എന്തോ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ പതിയെ മഞ്ഞിന്റെ കരിമ്പടം പുതയ്ക്കും. അതിനെ തുളയ്ക്കാന്‍ പൂര്‍വാധികം ശക്തിയോടെ സൂര്യനും ശ്രമിക്കും. ഈ ദ്വന്ദയുദ്ധം ഏറെ നേരം നീണ്ടുനില്‍ക്കും. മലകളെ ചെന്നുതൊടാന്‍ പുകമഞ്ഞ് ഒഴുകിനീങ്ങുന്നത് കണ്ടാല്‍ ആരോ പുകകൂട്ടുന്നതാണെന്നേ തോന്നൂ. പൊടുന്നനെയായിരിക്കും അകലെ താഴ്‌വരയില്‍ ഒരു വെളിച്ചം പ്രത്യക്ഷപ്പെടുക. പുകമഞ്ഞ് സൃഷ്ടിച്ച കറുത്ത വലയം ഭേദിച്ച് സൂര്യരശ്മികള്‍ പുറത്തുവരാന്‍ വെമ്പുന്ന ദൃശ്യമാണത്. 

Rajamala Magic Place

Magic place 2

ഇവിടെ വേറൊന്നും ചെയ്യാനില്ല. പ്രകൃതി തീര്‍ക്കുന്ന മായക്കാഴ്ചകള്‍ ആസ്വദിക്കുക. അതിലേക്ക് ഊളിയിട്ട് ലയിക്കുക.