ഇന്നുവരെ അനുഭവിച്ചറിഞ്ഞതിലും കുളിരുള്ള കാഴ്ചയിലേക്കായിരിക്കും വെളുപ്പാന്‍കാലത്തെ ആ യാത്രയെന്ന് കരുതിയതേയില്ല. തൊടുപുഴയാറിനോട് യാത്രപറഞ്ഞ് കാളിയാര്‍ എസ്റ്റേറ്റും വണ്ണപ്പുറവും ഹൈറേഞ്ചിന്റെ കവാടമായ വെണ്‍മണിയും കടന്ന് വലിയൊരു കുന്നുംകയറി ചെന്നുനിന്നത് കഞ്ഞിക്കുഴിയെന്ന കുടിയേറ്റഗ്രാമത്തില്‍. അവിടെനിന്ന് ഇനി എത്തേണ്ടത് വായിച്ചറിഞ്ഞ പുന്നയാര്‍ വെള്ളച്ചാട്ടത്തിന്റെ മടിത്തട്ടിലേക്ക്.
ഇടതുതിരിഞ്ഞ് ചൂടന്‍സിറ്റിയിലെ ചെറിയ വഴികള്‍ പിന്നിട്ടോടുമ്പോള്‍ ഒപ്പമോടാന്‍ ഒരു ചൂടന്‍നദിയും കൂടെക്കൂടി. പാറക്കൂട്ടങ്ങളില്‍ തട്ടി ആര്‍ത്തലച്ച് പ്രക്ഷുബ്ധമായ മനസ്സുമായി കലങ്ങിമറിഞ്ഞ് താഴേക്ക് ഒഴുകുന്ന പഴയരിക്കണ്ടം പുഴ. ടൗണില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ പിന്നിട്ട് ഗ്രാമീണ പാതയിലൂടെ പുന്നയാറിലേക്ക് എത്തി. സൂചനബോര്‍ഡിനെ വിശ്വസിച്ച് വെള്ളച്ചാട്ടത്തിലേക്ക് വടിയും കുത്തിപ്പിടിച്ച് നടപ്പ് തുടങ്ങി.
ഏലവും ചുവന്ന പൂമരങ്ങളും തൊട്ടുതലോടുന്ന കുത്തിറക്കവുമുള്ള ചെറിയൊരു വഴി. യാത്രയില്‍ പിന്നിലായിപ്പോയ നദി എനിക്കൊപ്പമെത്താന്‍ തിടുക്കപ്പെട്ട് അകലെനിന്ന് അതിവേഗം ഒഴുകിയെത്തുന്നത് കാണാമായിരുന്നു. റബ്ബര്‍കാടും പിന്നിട്ട് നേരെയെത്തിയത് അവളുടെ മുന്നിലേക്കായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ആ സുന്ദരി മനസ്സിലൊരു മഴ പെയ്യിച്ചു. അകലെനിന്ന് ആര്‍ത്തലച്ചെത്തുന്ന നദി 70 അടി മുകളില്‍നിന്ന് വെള്ളിവിതാനമായി താഴെ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ചിന്നിച്ചിതറുന്നു. അവിടെനിന്ന് ശാന്തയായി കരയെ തഴുകി വീണ്ടും യാത്ര തുടരുന്നു. മുകളിലുള്ള കൂറ്റന്‍പാറ വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ രണ്ടായി തിരിച്ചാണ് താഴേക്ക് എത്തുന്നത്.
ഇടുക്കിയില്‍ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം. കൂടുതല്‍ കാഴ്ച കാണണമെങ്കില്‍ നിരങ്ങി മാത്രമേ താഴേക്ക് ഇറങ്ങാനാവൂ. അവിടെനിന്ന് വെള്ളച്ചാട്ടത്തിന് തൊട്ടടുത്തെത്താന്‍ വെള്ളത്തിലൂടെ സാഹസിക യാത്രയും വേണം. വെല്ലുവിളി എറ്റെടുത്ത് ഒപ്പമുള്ള സുഹൃത്ത് അവിടെയെത്തുന്നത് കണ്ടപ്പോള്‍ വെറുതെ കണ്ടുനില്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല. ഇത്തിരി സമയമെടുത്ത് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ തൊട്ടടുത്തെത്തി. പക്ഷേ, ആ നിമിഷത്തെ അനുഭവം പറഞ്ഞറിയിക്കുന്നതിനുമപ്പുറമായിരുന്നു.
ചിന്നിച്ചിതറുന്ന ജലകണങ്ങള്‍ ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടി മൂടിക്കളഞ്ഞു. മുഖത്തേക്ക് കുളിരായി പെയ്തിറങ്ങിയ തുള്ളികള്‍ മനസ്സിനെയും അലിയിച്ചു കളഞ്ഞു. ആ നിമിഷങ്ങളില്‍ അതുവരെയുണ്ടായിരുന്ന എല്ലാം മനസ്സില്‍നിന്ന് മാഞ്ഞുപോയി. ഇവിടെനിന്ന് തിരികെ നടക്കുമ്പോള്‍ ആ കാഴ്ചകളെ ഉപേക്ഷിച്ചു പോരാന്‍ മനസ്സുണ്ടായിരുന്നില്ല. കാഴ്ചകള്‍ അവിടെ തീരുന്നില്ലായിരുന്നു.
പുന്നയാര്‍ വെള്ളച്ചാട്ടത്തില്‍നിന്ന് ഒഴുകുന്ന നദി താഴെ പെരിയാറുമായി കൂട്ടുകൂടാന്‍ പോകുന്നത് തൊട്ടടുത്ത വ്യൂ പോയിന്റില്‍നിന്നാല്‍ കാണാം. മലകളെ കീറിമുറിച്ച് ഒരുവരയായി പച്ചപ്പിനുള്ളിലൂടെ നദി കടന്നുപോകുന്നു. ഉദിച്ചുയര്‍ന്ന് സൂര്യന്‍ അതിന്റെ ദൃശ്യഭംഗി കൂട്ടി. തിരിച്ചെത്തിയപ്പോള്‍ വാഹനം നിര്‍ത്തിയതിനു തൊട്ടടുത്തായി പുന്നയാറിലെ മറ്റൊരു വെള്ളച്ചാട്ടവുമുണ്ടെന്നറിഞ്ഞു. അല്‍പ്പം സാഹസികമെങ്കിലും ഈറ്റക്കാടുകളും പാറക്കൂട്ടങ്ങളും ശ്രദ്ധയോടെ കടന്നെത്തിയപ്പോള്‍ വീണ്ടും മനോഹരമായൊരു കാഴ്ചകൂടി കണ്‍മുന്നില്‍. മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന തണുത്തുറഞ്ഞ വെള്ളത്തിലൊരു കുളിയും പാസാക്കി മനസ്സില്ലാമനസ്സോടെയാണ് ഇവിടെനിന്ന് മടങ്ങിയത്. ചൂടന്‍സിറ്റിയില്‍നിന്ന് ഊതിയൂതി ചൂടുചായ അകത്താക്കുമ്പോള്‍ ഈ കാഴ്ചകള്‍ വീണ്ടും കാണാനെത്തണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.
പുന്നയാറിലെത്താന്‍
തൊടുപുഴയില്‍നിന്ന് വരുമ്പോള്‍ കഞ്ഞിക്കുഴി ടൗണിന് മുന്‍പ് വട്ടോന്‍പാറയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് രണ്ടുകിലോമീറ്റര്‍. തൊടുപുഴയില്‍നിന്ന് 40 കിലോമീറ്റര്‍. അടിമാലിയില്‍നിന്ന് 25 കിലോമീറ്ററും.
Content Highlights: Punnayar Waterfalls, Idukki Waterfalls, Kerala Waterfalls, Kerala Tourism