നഗരത്തിന്റെ തിരക്കുകളില്‍ നിന്നുമാറി സമയം ചെലവഴിക്കാനും അവധി ആഘോഷിക്കാനും പോന്ന സുന്ദരമായൊരിടമാണ് തിരുവനന്തപുരത്തെ പൂവാര്‍. അതിഥികളായെത്തുന്നവരെ കാത്ത് ബോട്ട് ക്ലബ്ബുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

 

ണ്ടല്‍ക്കാടുകള്‍ തിങ്ങിനില്‍ക്കുന്ന തീരങ്ങളുള്ള വീതികുറഞ്ഞ നീര്‍ച്ചാലുകളിലൂടെ നാലാള്‍ക്കിരിക്കാവുന്ന ബോട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. വെള്ളത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന മീന്‍കൊതിയന്‍മാരായ നീലപ്പൊന്‍മാനുകളും നീര്‍ക്കാക്കകളും. ആകാശത്ത് വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തുകളുടെ കൂട്ടം. വെള്ളത്തെ തഴുകിവരുന്ന ഇളംകാറ്റേല്‍ക്കുന്നതുകൊണ്ട് നട്ടുച്ചനേരത്തും ഒട്ടും ഉഷ്ണമനുഭവപ്പെടുന്നില്ല. വെള്ളത്തിന് പുറത്തേക്ക് തലയുയര്‍ത്തിപ്പിടിച്ച് നീന്തിപ്പോവുന്ന നീര്‍ക്കോലിയെ പെട്ടെന്ന് റാഞ്ചിയെടുത്ത പരുന്ത് ഒരു കാഴ്ചയായിരുന്നു. ജൈവവൈവിധ്യവും നൈസര്‍ഗികമായ ഭംഗിയും കൊണ്ട് യാത്രികരെ ലഹരിപിടിപ്പിക്കുന്ന പൂവാറിലെ കായലിന്റെ കൈവഴികളിലൂടെയാണ് ഈ ജലയാത്ര.

അഗസ്ത്യമലയില്‍നിന്ന് ഉദ്ഭവിച്ച് ഒഴുകുന്ന നെയ്യാര്‍ പൂവാറിലെത്തി അറബിക്കടലില്‍ സംഗമിക്കുന്ന സ്ഥാനമാണ് ഈ കായല്‍. പുഴയും കായലും കടലും ഒന്നുചേരുന്ന ഇവിടം അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ട് അധികകാലമായിട്ടില്ല. നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി സമയം ചെലവഴിക്കാനും അവധി ആഘോഷിക്കാനും പോന്ന സുന്ദരമായൊരിടം. അതിഥികളായെത്തുന്നവരെ കാത്ത് ബോട്ട്ക്ലബ്ബുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്. പൂവാറിലെ ആദ്യത്തെ ബോട്ട്ക്ലബ്ബുകളില്‍ ഒന്നായ ലെയ്ക്ക് പോര്‍ട്ടായിരുന്നു ഞങ്ങളുടെ ആതിഥേയര്‍. ബോട്ടിലേക്ക് കയറും മുന്‍പ് സുരക്ഷാ ജാക്കറ്റുകള്‍ ധരിക്കണമെന്ന് ബോട്ട്ക്ലബ്ബ് ഉടമ സതീഷിന്റെ കര്‍ശന നിര്‍ദേശം. ''ഇന്നേവരെ ഇവിടെ അപകടമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, കരുതല്‍ നല്ലതല്ലേ?'' മോട്ടോര്‍ ഘടിപ്പിച്ച ഫൈബര്‍ബോട്ടിന്റെ ഡ്രൈവറുടെ പേര് ചോദിച്ചു. മറുപടി കിട്ടി 'ടാര്‍സന്‍'. വിളിപ്പേരാണ്. പക്ഷേ, അങ്ങനെ വിളിച്ചുവിളിച്ച് ഉറ്റവര്‍പോലും യഥാര്‍ഥപേര് മറന്നുപോയിരിക്കുന്നു. 

Poovar 2
ഗോള്‍ഡന്‍ സാന്‍ഡ് ബീച്ചിലേക്ക് നീങ്ങുന്ന ബോട്ടുകള്‍

കായലില്‍ അലകളുണ്ടാക്കി ബോട്ട് മുന്നോട്ടുനീങ്ങാന്‍ തുടങ്ങി. കായലിന് അപ്പുറം കടലാണ്. കടലിനെയും കായലിനെയും വേര്‍തിരിക്കുന്ന ചെറിയ ബീച്ച്. അകലെനിന്നേ സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന ഈ തീരം കാണാം. ആ നിറം കൊണ്ടുതന്നെയാണ് ഗോള്‍ഡന്‍ സാന്‍ഡ് ബീച്ച് എന്ന് ഇതിനെ വിളിക്കുന്നത്. കായലില്‍ വെള്ളം കയറുമ്പോള്‍ ഈ തീരത്തിന് കുറുകെ ആഴമുള്ള ചാലുണ്ടാക്കി കടലിലേക്ക് ഒഴുക്കിവിടും. പൊഴി മുറിക്കുക എന്നാണ് ഇതിനെ തദ്ദേശീയര്‍ വിശേഷിപ്പിക്കുന്നത്. പിന്നീട് വീണ്ടും കടലിലേയും കായലിലേയും മണ്ണു ചെന്നടിഞ്ഞ് ഈ ചാല് തൂര്‍ന്നുപോവും. ബോട്ടുകളെല്ലാം തീരത്ത് ചെന്ന് യാത്രക്കാരെ ഇറക്കുന്നു. ഭംഗിയുള്ള തീരത്ത് കുറച്ചുസമയം ചെലവഴിക്കണം. നട്ടുച്ചയ്ക്കുപോലും സഞ്ചാരികളുടെ തിരക്കാണ് ഗോള്‍ഡന്‍ സാന്‍ഡ് ബീച്ചില്‍. കടല്‍ കണ്ട് കടല കൊറിച്ച് വീണ്ടും ബോട്ടിലേക്ക്. ഇനിയാണ് കായലിന്റെ കൈവഴികളിലൂടെയുള്ള യാത്ര. വെള്ളത്തില്‍ അങ്ങിങ്ങ് പുറത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന പാറകളുണ്ട്. പകുതി വെള്ളം മൂടിനില്‍ക്കുമ്പോള്‍ ആനയുടെ പിന്‍വശംപോലെ തോന്നിക്കുന്ന ഒരു പാറയുണ്ട്. എലിഫന്റ് റോക്കെന്നാണ് ഇതിനു പേര്. 

Elephant rock
പൊഴി മുറിഞ്ഞ് വെള്ളം താണപ്പോള്‍ എലിഫന്റ് റോക്ക്‌

ഉച്ചയ്ക്ക് വയറുകത്താന്‍ തുടങ്ങിയപ്പോള്‍ സതീഷ് ചൂണ്ടിക്കാണിച്ച സമുദ്ര ഫ്‌ളോട്ടിങ് റസ്റ്റോറന്റിലേക്ക് ബോട്ട് തിരിച്ചുവിട്ടു. കായലിലെ വെള്ളത്തില്‍ വലിയ വടങ്ങള്‍കൊണ്ട് കെട്ടിയുറപ്പിച്ച പ്ലാറ്റ്ഫോമുകള്‍ക്ക് മുകളിലാണ് ഈ റസ്റ്റോറന്റ്. ഞങ്ങളുടെ ബോട്ട് ചെന്നുകയറിയ സമുദ്രയ്ക്ക് പുറമെ രണ്ട് മൂന്നു ഫ്‌ളോട്ടിങ് റസ്റ്റോറന്റുകള്‍ വേറെയുമുണ്ട്. അതില്‍ ഒന്ന് വെജിറ്റേറിയനാണ്. സമുദ്രയിലെ ഷെഫിന്റെ പേരും സതീഷ് എന്നുതന്നെ. ജീവനുള്ള രണ്ടുമൂന്ന് കായല്‍ഞണ്ടുകളുമായി സതീഷ് മുന്നില്‍ വന്നു. ''ഇതു മതിയാവുമോ ഊണിനൊപ്പം?'' ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം തയ്യാര്‍. ചോറും മീന്‍കറിയും വറുത്ത മീനും തോരനും ഒപ്പം സ്പെഷലായി ക്രാബ് മസാലയും. ഞണ്ടിന്റെ തോട് പൊട്ടിച്ച് കഴിക്കാന്‍ ഒരു കവണയും. വെള്ളത്തിന് നടുവില്‍ ഇരുന്ന് തണുത്ത കാറ്റേറ്റ് രുചിയോടെ ഭക്ഷണം. കട്ടിയുള്ള തോട് പൊട്ടിച്ച് മൃദുവായ ഞണ്ടിറച്ചി എടുത്ത് കഴിക്കാന്‍ ഇരുകൈകളും പല്ലുകളും നന്നായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇങ്ങനെ അല്പം അധ്വാനിച്ചാലും നഷ്ടമില്ല. രുചിയുടെ കാര്യത്തില്‍ പുള്ളിക്കാരന്‍ സ്റ്റാറാണ്. സതീഷിന്റെ പാചകത്തിനും നൂറുമാര്‍ക്ക്. ഭക്ഷണത്തിന് മേമ്പൊടിയായി മാങ്ങയും ആപ്പിളും ചേര്‍ത്തുണ്ടാക്കിയ ക്രിസ്പെല്‍ ഡെസേര്‍ട്ടും കഴിച്ചാണ് വീണ്ടും കായല്‍ യാത്രക്കിറങ്ങിയത്.

ഗോള്‍ഡന്‍ സാന്‍ഡ് ബീച്ചിനരികിലൂടെ കൈവഴിയിലേക്ക് കയറി പട്ടണക്കാട്ടേക്കാണ് അടുത്ത യാത്ര. വെള്ളത്തെയും അതുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപാട് ജീവജാലങ്ങളെയും അറിയാനുതകുന്ന രസകരമായ ഒരു ട്രിപ്പ്. വെള്ളത്തിലേക്ക് ഇറക്കിവെച്ചിരിക്കുന്ന ആഡംബര ഫ്‌ളോട്ടിങ് വീടുകള്‍ കുറേയേറെ ഇവിടെയുണ്ട്. താമസിക്കാനെത്തുന്നവര്‍ അധികവും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും വിദേശികളുമാണ്. കായലിലൂടെ തുഴഞ്ഞുനീങ്ങുന്ന നാടന്‍വള്ളങ്ങളാണ് വിദേശ ടൂറിസ്റ്റുകള്‍ മിക്കവരും തിരഞ്ഞെടുക്കുന്നത്. 

Horse Poover
ഗോള്‍ഡന്‍ സാന്‍ഡ് ബീച്ചില്‍ കുതിരസവാരി നടത്തുന്നവര്‍

മുന്നോട്ടു പോവുമ്പോള്‍ കഷ്ടിച്ച് രണ്ട് വള്ളങ്ങള്‍ക്ക് കടന്നുപോവാനുള്ള വീതിയേയുള്ളൂ. മുകളില്‍ വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തുകളുടെ വിസ്മയലോകം. ഇരുകരയിലുംനിന്ന് വെള്ളത്തിലേക്ക് ഈളിയിടുന്ന നീര്‍ക്കാക്കകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍. വെള്ളത്തിന്റെ ഉപരിതലത്തില്‍ ചിത്രംവരച്ചുകളിക്കുന്ന എഴുത്തച്ഛന്‍മാരുള്‍പ്പെടെയുള്ള സൂക്ഷ്മജീവികളെപോലും ശ്രദ്ധിക്കാതിരിക്കാനാവില്ല.  രണ്ടു മണിക്കൂറോളം ഇങ്ങനെ പതുക്കെ ബോട്ട് വെള്ളത്തില്‍ കറങ്ങി. ചിലപ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്ത് കരയിലെ പക്ഷികള്‍ക്കടുത്തേക്ക് ബോട്ട് നിരക്കിനീക്കും. അവയെ ശല്യപ്പെടുത്താതെ അടുത്തുചെന്ന് ഫോട്ടോയെടുക്കാന്‍ ടാര്‍സന്‍ സൗകര്യം ചെയ്തുതരുന്നതാണ്. തിരിച്ചുപോരുമ്പോള്‍ ഒരിക്കല്‍കൂടി ഗോള്‍ഡന്‍ ബീച്ചില്‍ ബോട്ടടുപ്പിച്ചു. വെയില്‍ താണതുകൊണ്ട് ബീച്ചില്‍ കൂടുതല്‍ പേരെത്തിയിരിക്കുന്നു. നൂറുമീറ്ററിലധികം വീതിയില്‍ നാടപോലെ തിളങ്ങിനില്‍ക്കുന്ന തീരത്തിന് ഒരു വശത്ത് കടലും മറുവശത്ത് കായലും. കുതിരപ്പുറത്ത് ഒരു യാത്ര ആഗ്രഹിക്കുന്നുവെങ്കില്‍ ഇവിടെയാവാം. കുതിരയോട്ടത്തിന് മുന്‍പ് ഉപയോഗിച്ചിരുന്ന കുതിരകളാണ് മിക്കതും. നല്ല ഇണക്കമുള്ളവയാണ്. സഹായത്തിന് കുതിരകളുടെ ട്രെയിനര്‍മാരുമുണ്ട്. 

Boats Poovar
വെള്ളത്തിലെ ഫ്‌ളോട്ടിങ് അപ്പാര്‍ട്ട്‌മെന്റുകള്‍

സൂര്യന്‍ ചായാറായി. ഇനി ബോട്ട്ക്ലബ്ബിലേക്കുള്ള മടക്കയാത്ര. സായാഹ്നസൂര്യന്റെ തിളക്കം പൂവാറിന് കൂടുതല്‍ ഭംഗി നല്‍കിയപോലെ. ഈ ഭംഗിയില്‍ മയങ്ങിപ്പോയ ഒരാളാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തിന് പൂവാര്‍ എന്ന പേര് നല്‍കിയതത്രെ. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടം ഉള്‍പ്പെടെയുള്ള തിരുവിതാംകൂര്‍ രാജ്യത്ത് ഭരണം നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മ ഇളയരാജാവ്. എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണം കാരണം രക്ഷതേടി രാജാവ് പോക്കുമൂസാപുരത്തെത്തിയെന്നും അവിടുത്തെ കല്ലറയ്ക്കല്‍ വീട്ടില്‍ ഇളയ രാജാവിന് ഉമ്മച്ചിയുമ്മ അഭയം നല്കിയെന്നുമാണ് ചരിത്രം. അടുത്ത ദിവസം രാവിലെ പ്രഭാതകര്‍മങ്ങള്‍ക്കായി ആറിനടുത്തേക്ക് വന്നു. വെള്ളത്തിനു മേല്‍ പരന്നുകിടക്കുന്ന കൂവളപ്പൂക്കള്‍ കണ്ട രാജാവ് പൂവും നദിയും ചേര്‍ന്ന ഒരു പേര് ആ നാടിന് നല്‍കി-പൂവാര്‍. പിന്നീട് പോക്കുമൂസാപുരം എന്ന പേര് വിസ്മരിക്കപ്പെടുകയും പൂവാര്‍ ആയി മാറുകയും ചെയ്തുവത്രെ. ഈ കഥ കേട്ടുകൊണ്ടാണ് യാത്ര അവസാനിപ്പിച്ചത്. സന്ധ്യക്ക് തിരുവനന്തപുരം നഗരത്തിലേക്ക് മടങ്ങുമ്പോള്‍ വെള്ളത്തിലെ കാഴ്ചകളും ഗന്ധങ്ങളും കായല്‍ ഞണ്ടിന്റെ രുചിയും കൂടെയുണ്ടായിരുന്നു.

                ക്രിസ്പല്‍ ഡെസേര്‍ട്ട് 
 
ചേരുവകള്‍
 
Crisapl desertപഴുത്തമാങ്ങ, ആപ്പിള്‍(തൊലികളഞ്ഞ് നേര്‍ത്ത പാളികളായി അരിഞ്ഞെടുത്തത്) - പകുതിവീതം
മൈദ - 100 ഗ്രാം
മുട്ട - ഒന്ന്
പഞ്ചസാര - 15 ഗ്രാം
വെണ്ണ - 10 ഗ്രാം
പാല്‍ - 50 മില്ലിഗ്രാം
കറുവാപ്പട്ടപ്പൊടി - ആവശ്യത്തിന്
 
മാങ്ങയുടെയും ആപ്പിളിന്റെയും അരിഞ്ഞെടുത്ത കഷണങ്ങള്‍ കറുവാപ്പട്ടയും അല്പം പഞ്ചസാരയും ചേര്‍ത്ത വെള്ളത്തിലിട്ട് ചെറുതായി വേവിച്ചുവെക്കുക. മൈദ, മുട്ട, പഞ്ചസാര, പാല്‍ എന്നിവ മിക്സിയിലിട്ട് അടിച്ചെടുത്ത് ചട്ടിയിലില്‍ ദോശ ഉണ്ടാക്കും പോലെ മൂന്നെണ്ണമായി ചെറുതായി ചുട്ടെടുടുക്കുക. വേവിച്ചുവെച്ച മാങ്ങ, ആപ്പിള്‍ കഷണങ്ങള്‍ അതില്‍വെച്ച് ചുരുട്ടിയെടുക്കുക. അത് ചട്ടിയിലിട്ട് വെണ്ണ ഒഴിച്ച് ടോസ്റ്റ് ചെയ്‌തെടുത്താല്‍ ഡെസേര്‍ട്ട് തയ്യാറായി.
 
ചിത്രങ്ങള്‍ :  ബി.മുരളീകൃഷ്ണന്‍