നിധി ഒളിഞ്ഞിരിക്കുന്നൊരു കുഞ്ഞു ദ്വീപ്, പൊന്നും തുരുത്ത് അഥവാ ഗോള്‍ഡന്‍ ഐലന്‍ഡ്. പേരിലെ പുതുമകൊണ്ട് ഒരിക്കലെങ്കിലും ചെന്നെത്തണം എന്ന് തോന്നിയ ഒരു സ്ഥലമായിരുന്നു ഈ തുരുത്ത്. പറഞ്ഞുകേട്ട കഥളിലെല്ലാം ഇവിടത്തെ ഉദയാസ്തമയവും ഔഷധസസ്യങ്ങള്‍ നിറഞ്ഞ കാടും നിറഞ്ഞുനിന്നു. സര്‍പ്പം കാക്കുന്ന പൊന്നുതേടിയിറങ്ങാന്‍ പ്രധാന കാരണവും അക്കഥകള്‍ തന്നെയായിരുന്നു.

നിധി കാക്കുന്ന ശ്രീപദ്മനാഭനെയും തൊഴുതിറങ്ങി നേരേ വര്‍ക്കലയ്ക്ക് വെച്ചുപിടിച്ചു. എവിടെ, എങ്ങനെ, എപ്പോള്‍ എത്തണമെന്നൊന്നും ഒരു പിടിയും ഇല്ല. ആറ്റിങ്ങല്‍ കഴിഞ്ഞ് ഉപ്പുസോഡാ കുടിക്കാന്‍ ഇറങ്ങുമ്പോള്‍ അവിടെ കണ്ട ചേട്ടനോട് പൊന്നുംതുരുത്തെന്നു പറഞ്ഞപ്പോ, കക്ഷിക്കെന്തോ ഉബൈക്കിസ്താന്‍ എന്ന് കേട്ട ഭാവം. ഒടുവില്‍ ഒരുപാട് വഴിതെറ്റിച്ചിട്ടുള്ളവളാണെങ്കിലും ഗൂഗിള്‍ മാപ്പിനെയും കൂട്ടുപിടിച്ച് നേരെ വര്‍ക്കലയില്‍നിന്ന് 12 കിലോമിറ്റര്‍ അകലെയുള്ള നെടുങ്ങണ്ടക്ക് വെച്ചുപിടിച്ചു. തുരുത്തിലേക്ക് പോകാനുള്ള വള്ളവുമായി മണി ചേട്ടന്‍ കടവില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ആടിയുലയുന്ന വള്ളത്തിന്റെ തുഞ്ചത്തുതന്നെ ഇരിപ്പുറപ്പിച്ചു. തുരുത്തിനെ ചുറ്റിപ്പറ്റിയുള്ള കഥകളും വിശ്വാസങ്ങളുമെല്ലാം മണിചേട്ടന്‍ പറഞ്ഞുതരുമ്പോള്‍ മുത്തശ്ശിക്കഥകള്‍ കേട്ടിരിക്കുന്നതു പോലൊയാരു അനുഭവമായിരുന്നു. ആദ്യമേ തന്നെ കക്ഷിയെ വിളിച്ചത് എന്തായാലും നന്നായി. ഇല്ലെങ്കില്‍ ഒരിടത്തും ഇല്ലാത്തെ കൂലി പറഞ്ഞ് ഞങ്ങളെ പറ്റിക്കുന്നതിനായി മാത്രം ക്ലബിന്റെ ഏജന്റുമാര്‍ ആ കടവില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു.

അഞ്ചുതെങ്ങ് കായലിന്റെ ഓളപ്പരപ്പില്‍ സ്ലോമോഷനില്‍ തുഴഞ്ഞുകയറുമ്പോള്‍ പൊന്നുംതുരുത്ത് കൂടുതല്‍ അടുത്തടുത്ത് വന്നുതുടങ്ങി. ദ്വീപിലേക്ക് അടുക്കുമ്പോള്‍തന്നെ പല പക്ഷികളുടെയും കളകളാരവം കേള്‍ക്കുന്നുണ്ടായിരുന്നു. പേരു പോലെ ദ്വീപില്‍ പൊന്നുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് നമ്മുടെ മണിയാശാന്റെ മറുപടി, 'ഇതുവരെ ആര്‍ക്കും കി ടിയതായി കേട്ടിട്ടില്ല. നിങ്ങളൊന്നു പോയി നോക്ക് ചിലപ്പോള്‍ കിട്ടിയാലോ' എന്നായിരുന്നു.

ദ്വീപിനോട് ചേര്‍ന്ന് ചെറിയ രീതിയില്‍ തടിക്കഷണങ്ങള്‍ കൂട്ടിക്കെട്ടിയ ഒരു കടവിലായിരുന്നു വള്ളം അടുത്തത്. കരയിലിറങ്ങുമ്പോള്‍ തണല്‍വിരിച്ച മരങ്ങള്‍ക്കിടയില്‍നിന്ന് സ്വച്ഛവിഹാരം തടസ്സപ്പെടുത്തുന്നതാരെടാ എന്ന മട്ടില്‍ കുറെ കിളികള്‍ തലചെരിച്ച് കള്ളനോട്ടമെറിയുന്നു. കായലിനോട് ചേര്‍ന്നുള്ള മരത്തിനുമുകളിലും ചുറ്റിലുമായി കമ്പും കയറും കൊണ്ട് നിര്‍മിച്ച ധാരാളം ഇരിപ്പിടങ്ങള്‍ ഉണ്ട്. അല്‍പസമയം ഇരുന്ന് കാറ്റുകൊണ്ടശേഷം, വേലി കെട്ടിത്തിരിച്ച വഴിയിലൂടെ മെല്ലെ ദ്വീപിന്റെ ഉള്ളിലേക്ക് നടന്നു.

Ponnumthuruth 1
പൊന്നുംതുരുത്തിലെ കടവ്‌

സര്‍പ്പം കാക്കുന്ന നിധി

പൊന്നുംതുരുത്തിന് ഈ പേര് വന്നതിന് പിന്നിലെ കഥയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. തിരുവിതാംകൂറിന്റെ വിലാ തിക്കാനാവാത്ത നിധിശേഖരങ്ങളും മഹാറാണിമാരുടെ സ്വര്‍ണാഭരണങ്ങളും കൊട്ടാരത്തില്‍ സൂക്ഷിക്കാനാകാത്ത സാഹചര്യം വന്നപ്പോള്‍ അവര്‍ ആ പൊന്നും പണ്ടങ്ങളും വീപിന്റെ പലയിടങ്ങളിലായി ഒളിപ്പിച്ചുവയ്ക്കുകയും ദീപിലെ സര്‍പ്പങ്ങളെ അതിന് കാവലിരു ത്തുകയും ചെയ്തു എന്നതാണ് ഒരു കഥ. ഹനുമാന്‍ മരുത്വാമല കൊണ്ടുപോകുമ്പോള്‍ മലയുടെ ഒരു ഭാഗം അടര്‍ന്ന് കായലില്‍ വീണാണ് ദ്വീപുണ്ടായതെന്ന് മറ്റൊരു കഥ. ഇങ്ങനെ ഒരുപാട് കഥകളും കാര്യങ്ങളും കൂടി ക്കുഴഞ്ഞുകിടക്കുന്ന ദ്വീപില്‍ നിന്ന് ഇതുവരെ നിധിയൊന്നും ആര്‍ക്കും കിട്ടിയിട്ടില്ലെങ്കിലും പൊന്നുംതുരുത്തെന്ന പേര് ഈ ദ്വീപിന് എന്തുകൊണ്ടും അനുയോജ്യമാണ്. വള്ളിപ്പടര്‍പ്പുകളും തണല്‍മരങ്ങളും ഓളങ്ങള്‍ കിന്നാരം ചൊല്ലുന്ന കായല്‍ക്കരയുമെല്ലാം ചേര്‍ന്ന ഇടത്തെ മറ്റെന്തു വിളിക്കും.

Ponnumthuruth 2

തുരുത്തിക്ഷേത്രം

പൊന്നുംതുരുത്തില്‍ സ്ഥിതിചെയ്യുന്ന ഒരേയൊരു നിര്‍മിതിയാണ് പൊന്നുംതുരുത്ത് ശിവപാര്‍വതി-വിഷ്ണുക്ഷേത്രം. മഹാദേവന്‍ തന്റെ ഇടതുതുടയില്‍ ശ്രീപാര്‍വതിയെ ഇരുത്തിഅനുഗ്രഹം ചൊരിയുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. മഹാവിഷ്ണുവും ഇവിടത്തെ ആരാധനാമൂര്‍ത്തിയാണ്. ക്ഷേത്രത്തിനോട് ചേര്‍ന്നുതന്നെ രണ്ട് സര്‍പ്പക്കാവുകളും ഉപദേവതാക്ഷേത്രവും ക്ഷേത്രക്കുളവും സ്ഥിതിചെയ്യുന്നു. 

കരയില്‍നിന്ന് പുല്ലുവെട്ടുന്നതിനായി ദ്വീപിലേക്ക് വന്നവര്‍ക്ക് ദീപിന് നടുവിലെ കാട്ടില്‍നിന്ന് പ്രധാന വിഗ്രഹം കിട്ടുകയും സമീപപ്രദേശങ്ങള്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ശ്രീനാരായണഗുരുവിന്റെ കരങ്ങളാല്‍ തന്നെ ഇവിടെ വിഗ്രഹപ്രതിഷ്ഠ നടത്തുകയുമായിരുന്നു. ശിവരാത്രി ദിനമാണ് പ്രധാന ഉത്സവം നടക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മുടങ്ങാതെ പൂജ ചെയ്യുന്നതിനായി പൂജാരിമാര്‍ തുരുത്തിലേക്ക് വള്ളങ്ങളില്‍ കൃത്യമായി വന്നുപോകുന്നുണ്ട് ഇപ്പോഴും.

ക്ഷേത്രവും കടന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ നിശ്ശബ്ദമായ തുരുത്തിനുള്ളില്‍ കായലോളങ്ങളുടെയും, മരങ്ങള്‍ക്കിടയിലൂടെ വീശി വരുന്ന ഇളംകാറ്റിന്റെയുമൊപ്പം എവിടെനിന്നല്ലാമോ സ്വാഗതം പറയുന്ന കിളിക്കൊ ഞ്ചലുകളും മാത്രമേ കേള്‍ക്കാനാകു. നഗരത്തിരക്കും ശബ്ദകോലാഹലങ്ങളും മറന്ന് ശുദ്ധവായു ശ്വസിച്ച് നമുക്ക് എത്ര സമയം വേണമെങ്കിലും ദ്വീപില്‍ ചെലവഴിക്കാം. കായലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളില്‍ ഊഞ്ഞാലാടിയും കാറ്റില്‍ കരയിലേക്ക് വന്നണയുന്ന വെള്ളത്തിലേക്ക് വെള്ളാരം കല്ലുകളെറിഞ്ഞും ബാല്യകാലസ്മരണകളെ തിരികെ വിളിക്കാം. കാല്‍പാദങ്ങളെ മെല്ലെ തഴുകി ഒഴുകുന്ന കായലോളങ്ങളെ സ്‌നേഹിച്ച് തീരങ്ങളില്‍ ഇരിക്കാം. പൊന്നില്‍ ഊതിക്കാച്ചിയ പൊന്നുംതുരുത്തിനെ ഒരിക്കല്‍ കണ്ടവര്‍ പിന്നെ എന്നും പ്രണയിച്ചുകൊണ്ടേയിരിക്കും.

Ponnumthuruth 3

പതിനഞ്ച് ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന പൊന്നുംതുരുത്തിന്റെ പല ഭാഗങ്ങളും പിന്നീട് കായലിനോടുചേരുകയും ഇപ്പോള്‍ ഈ പ്രദേശം ഏകദേശം ആറര ഏക്കര്‍ മാത്രമായി തീരുകയും ചെയ്തു. ദ്വീപില്‍ കുട്ടികള്‍ക്കായി നിര്‍മിച്ച ഭാഗവും വന്നുപോകുന്ന സഞ്ചാരികള്‍ക്കായി ഒരുക്കിയ പല പ്രദേശങ്ങളുമിന്ന് കാടുമൂടിയിട്ടുണ്ട്. തിരക്കൊഴിവായതുകൊണ്ട് തന്നെ ഇവിടെ മാലിന്യങ്ങളോ പതിവ് സഞ്ചാരകേന്ദ്രങ്ങളിലേതുപോലെ കാലിക്കുപ്പികളോ കാണാന്‍ സാധിക്കില്ല. ആത്മീയമായ അന്തരീക്ഷവും മനോഹരമായ പ്രകൃതിയുടെ പരിലാളനവും സ്വച്ഛമായ ഏകാന്തതയുടെ പൂര്‍ണതയുമാണ് പൊന്നുംതുരു ത്തിനെ പൊന്നാക്കി മാറ്റുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കഠിനംകുളം-കാപ്പില്‍ കായലോര വിനോദസഞ്ചാര പദ്ധതിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. എങ്കില്‍പോലും ഇന്നും ഏറ്റവും കുറച്ച് സഞ്ചാരികള്‍ മാത്രം സന്ദര്‍ശിക്കുന്ന ഇടമാണ് പൊന്നുംതുരുത്ത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രമുറങ്ങുന്ന അഞ്ചുതെങ്ങ് കോട്ടയും മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയുമെല്ലാം പൊന്നുംതുരുത്തിന്റെ ഒരു വശത്തായി സ്ഥിതിചെയ്യുന്നു. ആശാന്റെ മഹാകാവ്യങ്ങള്‍ പിറവിയെടുത്ത ചെമ്പകത്തറയും ദ്വീപിനോട് ചേര്‍ന്നുത ന്നെയാണ് വരുന്നത്. സ്വകാര്യ റിസോര്‍ട്ടുകളുടെ ബോട്ടിങ്ങിന്റെ ഭാഗമായി ഇവിടേക്ക് എത്തു ന്നതിന് സ്പീഡ് ബോട്ടുകള്‍ ലഭിക്കുമെങ്കിലും ഇന്നും വിദേശസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശയിക്കുന്നത് മണി ചേട്ടനെപോലെയുള്ളവരുടെ പരമ്പരാഗത വള്ളങ്ങളെയാണ്.

തുരുത്തില്‍ നിന്നകലുമ്പോള്‍ നഗരത്തിന്റെ തിരക്കിലേക്ക് വീണ്ടും ഊളിയിട്ടുചെല്ലുന്നതിന്റെ തരത്തില്‍നിന്ന് അകലുമ്പോള്‍ നഗരത്തിന്റെ തിരക്കിലേക്ക് വീണ്ടും ഊളിയിട്ടുചെല്ലുന്നതിന്റെ നിരാശയും ഈ ഇടത്തെ ഇവിടെ ഉപേക്ഷിച്ചുപോകുന്നതിന്റെ നഷ്ടബോധവും മാത്രമായിരുന്നു ഉള്ളില്‍.

Ponnumthuruthu

Ponnumthuruthu is an island situated in Trivandrum Dis trict which is near by famous beach site Varkala.The place contains many stories and interesting facts related to the history of the Travancore Dynasty Ponnumthuruthu is a great place to spend the holidays or weekends in all weather. The main feature of the island is the sunrise and sunset view from the lake from a boat

Best Season: The best time to visit this place is between October and March as this area receives abundant rainfall during monsoon season due to its geographical topography, Visit Timings are from Monday to Sunday,

5.30 AM 12.00 PM and 4.00 PM to 7.00 PM Getting there By Road: You have to go to Nedunganda which is 12 kms from Varkala. Tourists have to board a country boat from Nedunganda and take a tour through the backwaters for about 30 minutes to reach Ponnum thuruthu, By Train: Akathumuri railway station (4 km), Varkala railway station (10 km). By Air: Invandrum Inter national airport is the nearest airport Sikkim) Sights Around: A Century Old Shiva temple one of the main attraction in island There are a lot of other places to be explored in the nearby regions such as Janardhanaswa mi temple Kappil Lake Varkala Tunnel. Varkala Lighthouse Varkala Beach, Papanasam Beach, Kaduvayil Jama Masjid etc...

Contact: Mom for country boat9072275340

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Ponnumthuruth Travel, Golden Island Trip, Kerala Tourism