വേനലവധി ആഘോഷിക്കാന്‍ പീച്ചി ഡാമിലേക്ക് എത്തുന്നവരുടെ എണ്ണമേറുന്നു. നിലവില്‍ പ്രതിദിനം എത്തുന്നത് അഞ്ഞൂറിലേറെ ആളുകളാണ്. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലാണ് ഡാം സ്ഥിതിചെയ്യുന്നത്. പ്രകൃതിസൗന്ദര്യം തന്നെയാണ് സഞ്ചാരികളെ പീച്ചിയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.
തൃശ്ശൂരില്‍നിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പീച്ചി റോഡ് ജങ്ഷനില്‍ എത്തും. അവിടെനിന്ന് എട്ട് കിലോമീറ്റര്‍ പോയാല്‍ ഡാമിലെത്താം. ശക്തന്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സര്‍വീസ് ഉണ്ട്.
രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുമണിവരെ പത്തു മിനിറ്റ് ഇടവേളകളില്‍ ബസുകളുണ്ട്. പാലക്കാട്ടുനിന്നു വരുന്ന സഞ്ചാരികള്‍ക്ക് പട്ടിക്കാട്ടുനിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികള്‍ക്ക് 10 രൂപ. രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവേശനസമയം.

മനോഹരക്കാഴ്ചകള്‍
വെള്ളാനി മലയില്‍നിന്നു വരുന്ന മണലിപ്പുഴയുടെ കുറുകെയാണ് പീച്ചി ഡാം നിര്‍മിച്ചത്. ഒട്ടേറെ സിനിമകള്‍ക്കും ഗാനരംഗങ്ങള്‍ക്കും പീച്ചി പശ്ചാത്തലമായിട്ടുണ്ട്. സാങ്കേതികക്കുരുക്കില്‍പ്പെട്ട് നിലച്ചുപോയ ബോട്ട് സവാരിയാണ് ഇന്ന് സഞ്ചാരികള്‍ ഏറെ 'മിസ്' ചെയ്യുന്നത്. എങ്കിലും പ്രധാന കെട്ടിന് മുകളില്‍നിന്നു നോക്കിയാല്‍ രണ്ടു ദിശകളിലായി ഡാമിന്റെ വൃഷ്ടിപ്രദേശം നീണ്ടുപോകുന്നതായി കാണാം.

രണ്ട് ഉദ്യാനങ്ങള്‍
രണ്ട് ഉദ്യാനങ്ങളാണ് പീച്ചി ഡാമിലുള്ളത്. ഇതില്‍ മൈസൂര്‍ പൂന്തോട്ടമാതൃകയില്‍ നിര്‍മിച്ച പ്രധാന ഉദ്യാനമാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. ഓവല്‍ ഗാര്‍ഡന്‍ എന്നാണ് പേര്. രണ്ടാമത്തെ ഉദ്യാനം തട്ടുണ്ടാക്കി തിരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലൂടെ വെള്ളം ഒഴുകുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇതിന് ഇരുപുറവും ആധുനികരീതിയില്‍ കൈവരിയും പിടിപ്പിച്ചിട്ടുണ്ട്.
റോസ്, ജമന്തി, സൈക്കസ് തുടങ്ങി അമ്പതോളം പൂച്ചെടികളുണ്ട്. ആന, മയില്‍, ഒട്ടകങ്ങളുടെ ആകൃതിയില്‍ വെട്ടിയൊതുക്കിയ കുറ്റിച്ചെടികളുമുണ്ട്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ കോണ്‍ക്രീറ്റുകൊണ്ട് തയ്യാറാക്കിയ റെയിന്‍ ഷട്ടറുകളും വള്ളിക്കുടിലുകളും ഉദ്യാനത്തിന്റെ ഭംഗി കൂട്ടുന്നു.

പീച്ചിയുടെ നക്ഷത്രബംഗ്ലാവ്
ഡാമിന്റെ പ്രധാന കെട്ടിലൂടെ നടന്നുചെല്ലുന്നത് പവിലിയനിലേക്കാണ്. പീച്ചിക്കാര്‍ക്ക് ഇത് നക്ഷത്രബംഗ്ലാവാണ്. ഇതിന്റെ താഴെ നിന്ന് നോക്കിയാല്‍ ആകാശം മുട്ടിനില്‍ക്കുന്നതുപോലെ തോന്നുന്നതിനാലാവാം ഇങ്ങനെയൊരു പേര് വന്നത്. ഇതിന് മുകളില്‍ കയറിയാല്‍ ഡാമിന്റെ രണ്ടു ഭാഗവും കാണാനാവും. ഡാമിലെ ഉദ്യാനങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, പ്രധാന നടപ്പാത, ഡാം ഷട്ടറുകള്‍, കെട്ടിക്കിടക്കുന്ന വെള്ളം, പീച്ചി വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗം തുടങ്ങിയവ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും.
പീച്ചിയിലെത്തുന്ന സഞ്ചാരികള്‍ ആദ്യം വരുന്നതും ഇങ്ങോട്ടാണ്. നക്ഷത്രബംഗ്ലാവിന്റെ താഴ്ഭാഗം (കുട്ടികളുടെ പഴയ പാര്‍ക്ക്) ടൈല്‍ പാകി മനോഹരമാക്കിയിട്ടുണ്ട്.

കുട്ടികളുടെ പാര്‍ക്ക്
ഡാമിലെത്തുന്ന മുതിര്‍ന്നവര്‍ക്ക് പ്രകൃതിഭംഗിയാണ് ഹരമെങ്കില്‍ കുട്ടികള്‍ക്കിഷ്ടം പാര്‍ക്കാണ്. പന്ത്രണ്ടിലേറെ റൈഡുകളാണ് ഇവിടെയുള്ളത്. അത്യാധുനിക രീതിയില്‍ അപകടരഹിതമായാണ് ഓരോ റൈഡും സജ്ജമാക്കിയിട്ടുള്ളത്.
പാര്‍ക്കിന്റെ അതിരുകള്‍ ഉരുക്കുകൈവരികൊണ്ട് വേര്‍തിരിച്ചിട്ടുള്ളതിനാല്‍ സുരക്ഷിതത്വം ഉറപ്പാണ്. റോളര്‍ സ്ലൈഡ്, എഫ്.ആര്‍.പി. മെറി ഗോ റൗണ്ട്, സ്വിങ്, മള്‍ട്ടി പ്ലേ സ്റ്റേഷന്‍ മുതലായവയാണ് പ്രധാന റൈഡുകള്‍. നാലു കോടി രൂപയുടെ വികസനങ്ങളുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്കും വിപുലീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ റൈഡുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി.

നീന്തല്‍ക്കുളവും നക്ഷത്രവനവും
വേനലവധിക്കാലത്ത് ഏറ്റവും സജീവമാകുന്നത് പീച്ചിയിലെ നീന്തല്‍ക്കുളമാണ്. പരിസരപ്രദേശത്തുള്ളവരെയും സഞ്ചാരികളായെത്തുന്നവരെയും ഇത് ഒരുപോലെ ആകര്‍ഷിക്കുന്നു. ശുദ്ധീകരിച്ച വെള്ളമാണ് കുളത്തിലുള്ളത് എന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ ആശങ്ക വേണ്ട. നിശ്ചിത ഉയരത്തില്‍നിന്ന് കുളത്തിലേക്ക് ചാടാനുള്ള സജ്ജീകരണവും ഇവിടെയുണ്ട്.
നീന്തല്‍ക്കുളത്തിനോടു ചേര്‍ന്ന് ജീവനക്കാര്‍ തയ്യാറാക്കിയതാണ് ഡാമിലെ നക്ഷത്രവനം. അഞ്ചു സെന്റ് സ്ഥലത്താണ് തയ്യാറാക്കിയിട്ടുള്ളത്. ഡാമിന്റെ താഴ്ഭാഗത്തുകൂടി വരുന്ന സന്ദര്‍ശകര്‍ക്ക് ഇതും ഏറെ പ്രിയപ്പെട്ട ഇടമാണ്.
മുഖംമിനുക്കി പീച്ചി
കഴിഞ്ഞകാലങ്ങളെയപേക്ഷിച്ച് പീച്ചി ഡാം സഞ്ചാരികള്‍ക്ക് നല്‍കുന്നത് മികച്ച അടിസ്ഥാനസൗകര്യങ്ങളാണ്. പ്രധാന ഉദ്യാനത്തിന്റെ നടപ്പാതയെല്ലാം ഓട് പാകി വൃത്തിയാക്കി. മറ്റിടങ്ങളില്‍ പൂന്തോട്ടപ്പുല്ല് വളര്‍ത്തി മനോഹരമാക്കിയിട്ടുമുണ്ട്. മഴപോലും ഇരുന്നുകണ്ട് ആസ്വദിക്കാന്‍ കോണ്‍ക്രീറ്റ് റെയിന്‍ ഷട്ടര്‍ ഡാമിനകത്ത് പുതിയതായി അഞ്ചെണ്ണം നിര്‍മിച്ചു. വലിയ കുടയുടെ ആകൃതിയില്‍ നിര്‍മിച്ച ഇതിനകത്ത് സഞ്ചാരികള്‍ക്കിരിക്കാന്‍ ഇരിപ്പിടവും സജ്ജമാക്കി. ഡാമും പരിസരവും പ്ലാസ്റ്റിക്മുക്തമാണ്. പവിലിയന്റെ താഴെ മുലയൂട്ടല്‍കേന്ദ്രവും അംഗപരിമിതര്‍ക്കുള്ള ശൗചാലയവുമുണ്ട്.
നക്ഷത്രബംഗ്ലാവ് കാണാം
ഡാമിന്റെ പ്രധാന കെട്ടിലൂടെ നടന്നുചെല്ലുന്നത് പവിലിയനിലേക്കാണ്. പീച്ചിക്കാര്‍ക്ക് ഇത് നക്ഷത്രബംഗ്ലാവാണ്. ഇതിന്റെ താഴെ നിന്ന് നോക്കിയാല്‍ ആകാശം മുട്ടിനില്‍ക്കുന്നതുപോലെ തോന്നുന്നതിനാലാവാം ഇങ്ങനെയൊരു പേര് വന്നത്. ഇതിന് മുകളില്‍ കയറിയാല്‍ ഡാമിന്റെ രണ്ടു ഭാഗവും കാണാനാവും. ഡാമിലെ ഉദ്യാനങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, പ്രധാന നടപ്പാത, ഡാം ഷട്ടറുകള്‍, കെട്ടിക്കിടക്കുന്ന വെള്ളം, പീച്ചി വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗം തുടങ്ങിയവ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും.
പീച്ചിയിലെത്തുന്ന സഞ്ചാരികള്‍ ആദ്യം വരുന്നതും ഇങ്ങോട്ടാണ്. നക്ഷത്രബംഗ്ലാവിന്റെ താഴ്ഭാഗം (കുട്ടികളുടെ പഴയ പാര്‍ക്ക്) ടൈല്‍ പാകി മനോഹരമാക്കിയിട്ടുണ്ട്.
Content Highlights: Peechi Dam, Nakshthra Bunglow Peechi, Peechi Tourism