രാവിലെ നല്ല മഴയായിരുന്നു, തലേന്ന് രാത്രി പെയ്ത മഴയുടെ ബാക്കിയെന്നോണം. കൊയിലാണ്ടിയിൽ എത്തിയപ്പോൾ സമയം ഏഴു മണി. കാത്തുനിന്നിരുന്ന കാറിൽ കയറി നേരെ വടകരയ്ക്ക്. മഴ കാര്യമായി പെയ്ത ലക്ഷണങ്ങൾ വഴിയിലെമ്പാടുമുണ്ടായിരുന്നു. പാതയുടെ വീതികൂട്ടൽ പ്രവൃത്തികൾ തകൃതിയായി നടക്കുന്നു. ഇതൊക്കെ എന്ന് തീരുമെന്ന് കാറിലിരുന്ന് വെറുതേ ആലോചിച്ചു. എട്ടു മണിയോടടുപ്പിച്ച് വടകരയിലെത്തി. ഇനിയാണ് ലക്ഷ്യത്തിലേക്കുള്ള യഥാർത്ഥ പ്രയാണം. ലക്ഷ്യം മുത്തപ്പൻ കാവലിരിക്കുന്ന പയംകുറ്റി മല.

ലോകനാർക്കാവായിരുന്നു അടയാളമായി മനസിലാക്കിയിരുന്നത്. അതുകൊണ്ട് പയംകുറ്റിയിലേക്കുള്ള വഴി ഒരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടില്ല. ലോകനാർക്കാവ് ക്ഷേത്രത്തിന്റെ നേരെ മുന്നിലൂടെയുള്ള വഴിയേ അല്പം മുന്നോട്ടു പോയാൽ ഇടതുഭാ​ഗത്ത് സൂചനാ ബോർഡ് കാണാം. വലതുഭാ​ഗത്തേക്കുള്ള റോഡിലൂടെ പോയാൽ മതിയെന്ന് മനസിലാക്കി. എങ്കിലും റോഡിറങ്ങി വന്ന ഒരു പ്രദേശവാസിയോട് വഴി അതുതന്നെയല്ലേ എന്ന് ചോദിച്ച് ഉറപ്പിച്ചു.

വണ്ടി റോഡ് മുറിച്ച് പയംകുറ്റിയിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു. കുത്തനെയുള്ള കയറ്റമാണ്. ഒരു വണ്ടി എതിരേ വന്നാൽ മുന്നോട്ടുള്ള പോക്ക് കഠിനമായിരിക്കും. ഭാ​ഗ്യത്തിന് അങ്ങനെയൊന്ന് സംഭവിച്ചില്ല. ഒരിടത്തെത്തിയപ്പോൾ കയറ്റം കുറച്ചുകൂടി കഠിനമായി. പോകുന്ന വഴിയേ ചെക്ക്പോസ്റ്റ് പോലെ ഒരിടം കണ്ടു. സമീപത്ത് ഒരു കടയുണ്ടെങ്കിലും തുറന്ന് പ്രവർത്തനം തുടങ്ങിയിട്ടില്ല. അല്പനേരത്തെ കയറ്റത്തിനൊടുവിൽ പയംകുറ്റിമലയുടെ കവാടത്തിലെത്തി.

Payamkuttimala 2

ഇരുവശത്തുമുള്ള വിളക്കുകാലുകളാണ് ആദ്യം കണ്ണിൽപ്പെട്ടത്. അടുത്തിടെ സ്ഥാപിച്ചതാണ്. ടാറിട്ട വീതികുറഞ്ഞ പാതയിലൂടെ മുന്നോട്ടുപോയി വാഹനം പാർക്ക് ചെയ്ത് ഇറങ്ങി. തണുത്ത കാറ്റ് പിന്നിലൂടെ വന്ന് തൊട്ടു. ടൈലുകൾ പാകി, ഇടയ്ക്കിടെ പുല്ലുപിടിപ്പിച്ച് ഭം​ഗിയാക്കിയ പാർക്കിന് അതിരായി കമ്പിവേലികൾ കെട്ടിയിരിക്കുന്നു. തലേന്ന് പെയ്ത മഴയെ അടയാളപ്പെടുത്താനെന്നോണം കമ്പിവേലിയിൽ മഴത്തുള്ളികൾ നിദ്രകൊള്ളുന്നു. ഇരുന്ന് വിശ്രമിക്കാൻ ചെറിയ ഇരിപ്പിടങ്ങളുണ്ട്. മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരിക്കാൻ മുതിർന്നില്ല. 

നേരെ നോക്കിയാൽ പണിപൂർത്തിയാകാത്ത വാച്ച് ടവറുണ്ട്. ഞങ്ങൾ വന്നതറിഞ്ഞ് രാജൻ ചേട്ടനും സുമലും വന്നു. സുമലിന്റെ കയ്യിൽ ഒരു താക്കോൽക്കൂട്ടമുണ്ടായിരുന്നു. വാച്ച് ടവറിന്റേതാണത്. പുറത്തുനിന്നുള്ള വാതിൽ തുറന്ന് പടിക്കെട്ടുകൾ കയറി മുകളിലേക്ക്. അന്തരീക്ഷത്തിലാകെ മഞ്ഞുമയം. സൂര്യൻ തന്റെ രശ്മികൾ കൊണ്ട് കറുത്ത മേഘപാളികൾ വകഞ്ഞുമാറ്റി പുറത്തേക്കെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ദൂരെയായി അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെന്ന് തോന്നിക്കും വിധം വെളിച്ചത്തിന്റെ ഒരു കുഞ്ഞുകീറൽ. അത് പതിയെ വികസിച്ചു വന്നു. ആ വെളിച്ചത്തിന് വഴിയൊരുക്കും വിധം മഞ്ഞ് ഇരുവശത്തേക്കും ഭവ്യതയോടെ മാറുന്നതുപോലെ തോന്നി. മുമ്പിൽക്കണ്ട ഹരിതദൃശ്യത്തിന് മോടി കൂട്ടാനെന്നവണ്ണം ഏതാനും വെളുത്ത പക്ഷികൾ കണ്മുന്നിലൂടെ പറന്നു.

Payamkuttimala 3

വാച്ച് ടവറിൽ നിൽക്കുമ്പോൾ രാജൻ ചേട്ടൻ ഒരു കാര്യം പറഞ്ഞു. ഭൂമിയുടെ കിടപ്പിനേക്കുറിച്ചാണ്. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്ന് ഭൂവിഭാ​ഗങ്ങളും പയംകുറ്റിമലയിൽ നിന്നുള്ള കാഴ്ചകളിൽ സം​ഗമിക്കുന്നു. വാച്ച് ടവറിൽ നിന്ന് നേരെ പാർക്കിന് അഭിമുഖമായി നിന്നാൽ വലതുഭാ​ഗത്തുള്ളതാണ് മലനാട്. പശ്ചിമഘട്ട മലനിരകളാണ് ഇവിടെ കോട്ട തീർക്കുന്നത്. രാത്രിയിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വാഹനങ്ങൾ വയനാടൻ ചുരമിറങ്ങുന്ന കാഴ്ച കാണാം. പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇടനാടിലാണ്. ഇടതുഭാ​ഗമാകട്ടെ തീരപ്രദേശവും.

തീരപ്രദേശത്താണ് കാഴ്ചകളുടെ സമൃദ്ധി. എഴുത്തച്ഛൻ നിർമിച്ചു എന്ന് കരുതപ്പെടുന്ന കുട്ടോത്ത് ക്ഷേത്രം, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, സാൻഡ് ബാങ്ക്, നേരെ താഴെ ലോകനാർക്കാവ് എന്നിങ്ങനെ നീളുന്നു പട്ടിക. വ്യൂ പോയിന്റിൽനിന്ന് നേരെ നോക്കിയാൽ ഇരുണ്ട പച്ച നിറത്തിൽ രേഖപോലെ ഒരതിർത്തി കാണാം. കടലാണ് അപ്പുറം.

പയംകുറ്റിമലയിലെ മുത്തപ്പനേക്കുറിച്ച് പറയാതിരിക്കാനാവില്ല. ഈ മലയുടെ കാവൽക്കാരനാണ് മുത്തപ്പൻ. ദേവിയും ​ഗുരുവുമാണ് ഒപ്പം അരുളുന്നത്. ഇപ്പോഴും പൂജയുണ്ട്. വെള്ളാട്ട് പോലുള്ള ചടങ്ങുകളും നടക്കാറുണ്ട്. ആ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ വിനോദത്തിനപ്പുറം ആത്മീയ ഉണർവുകൂടി നൽകുന്നുണ്ട് പയംകുറ്റിമല. വെറും ചെങ്കൽപ്പാറകളായിരുന്നു ഇവിടെ. അവിടേക്കാണ് വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്നത്. ലോക്ക്ഡൗണിന് തൊട്ടുമുമ്പുവരെ എല്ലാവർഷവും ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും നടന്നിരുന്നു. കാഴ്ചകൾ കണ്ടിരിക്കേ ഭക്ഷണം റെഡിയായെന്ന് വിളി വന്നു. പതിയെ വാച്ച് ടവറിൽ നിന്ന് താഴേക്കിറങ്ങി.

Payamkuttimala 4

ക്ഷേത്രത്തിൽ അന്ന് വൈകീട്ട് വെള്ളാട്ട് നടക്കുന്നുണ്ട്. അവർക്ക് കൂടിയുണ്ടാക്കിയ ഭക്ഷണമാണ്. കൈകഴുകി ക്ഷേത്രത്തിന് പിന്നിലെ ചെറിയ മുറിയിലേക്ക് ചെന്നു. കപ്പയും പയറും ചേർത്തുണ്ടാക്കിയ കട്ടി കുറച്ചുണ്ടാക്കിയ പുഴുക്കായിരുന്നു ഭക്ഷണം. ഗോതമ്പുനുറുക്കു കൊണ്ടുള്ള ഉപ്പുമാവ് പിന്നാലെയെത്തി. ഭക്ഷണം കൊണ്ടുവന്ന ചേച്ചി അതെങ്ങനെ കഴിക്കണമെന്ന് പറഞ്ഞുതന്നു. ആദ്യം മുന്നിലുള്ള തെളിഞ്ഞ സ്റ്റീൽ പാത്രത്തിലേക്ക് പുഴുക്ക് കോരിയിടണം. കട്ടി കുറവായതിനാൽ പാത്രത്തിൽ കുറച്ചങ്ങനെ പരന്ന് നിൽക്കും.അതിന് മുകളിലേക്കാണ് ഉപ്പുമാവ് കോരിയിടേണ്ടത്. രണ്ടും ചേർത്ത് കുഴച്ച് കഴിക്കുകയേ വേണ്ടൂ. ഉപ്പുമാവിന്റെ തരികളും പുഴുക്കിന്റെ എരിവും ചേർന്ന് നാവിൽ മേളാങ്കം തന്നെ തീർത്തു.

സമയം ഉച്ചയോടടുത്തു. ആകാശത്ത് അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പുകൾ കണ്ടുതുടങ്ങി. പതിയെ മലയിറങ്ങാൻ തുടങ്ങി. ഇനിയും വരാമെന്ന ഉറപ്പോടെ. വാഹനം പതിയെ മുന്നോട്ടുചലിച്ചുതുടങ്ങി. പയംകുറ്റിമല പതിയെ കാഴ്ചയുടെ പിന്നിലേക്ക് അലിഞ്ഞുചേർന്നു.

ശ്രദ്ധിക്കാൻ

പയംകുറ്റിമലയിലേക്ക് വരുമ്പോൾ വാഹനങ്ങൾ മുകളിലേക്ക് മുഴുവനായും എത്തും. വീതി കുറഞ്ഞ വളവുകളുള്ള റോഡാണ്. മുകളിൽ ഒരുപാട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ല. അതിരാവിലെ തന്നെ എത്താം. വൈകിട്ട് ഏഴുമണി വരെയാണ് നിലവിൽ പ്രവേശിക്കാൻ അനുവാദമുള്ളത്. ഭക്ഷണശാലയുടെ നിർമാണം പൂർത്തിയാവാത്തതുകൊണ്ട് ആഹാരത്തിന് ലോകനാർക്കാവിന് സമീപത്തെത്തണം. വ്യൂപോയിന്റും പരിസരവും മാലിന്യങ്ങൾ നിറയ്ക്കാതെ വൃത്തിയായി സംരക്ഷിക്കണം.

പയംകുറ്റിയിൽ വരുമ്പോൾ 800 മീറ്റർ അകലെയാണ് ലോകനാർക്കാവ്. വടകര സാൻഡ് ബാങ്ക്, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, ഇരിങ്ങ ക്രാഫ്റ്റ് വില്ലേജ്, മേലടി ബീച്ച്, കൊളാവി ബീച്ച്, തിക്കോടി ബീച്ച് എന്നിവയെല്ലാം അടുത്തുണ്ട്. സൗകര്യമനുസരിച്ച് ഒറ്റ ട്രിപ്പിൽ ഒന്നിലേറെ സ്ഥലങ്ങൾ സഞ്ചരിക്കാം.

Content Highlights: Payamkuttimala view point, local tourism destination kozhikode, hill stations in kozhikode