വധിക്കു നാട്ടിലെത്തിയ അളിയന്മാർ കുടുംബസമേതം ഒന്നിച്ച് ഒരു പകൽ ചെലവഴിക്കാൻ ആലോചിച്ചു. പിന്നെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും പഴുത്ത ഏത്തക്ക പൊരിച്ചതും ഓർത്തപ്പോൾ കുമരകം  ഹൗസ് ബോട്ട് യാത്ര തന്നെ മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ രാവിലെ റാന്നിയിൽനിന്നു സുഹൃത്തിന്റെ വണ്ടിയിൽ കയറി നേരെ കെട്ടുവള്ളങ്ങളുടെ പ്രധാന കേന്ദ്രമായ കുമരകം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

Kumarakom 2

കുമരകം അടുക്കുംതോറും പല തരത്തിലുള്ള വള്ളങ്ങൾ, ബോട്ട് ജെട്ടികൾ, ചെറു പാലങ്ങൾ, കള്ളു ഷാപ്പുകൾ, അവിടവിടെയായി കണ്ടു. കുമരകത്തുനിന്നു ചേർത്തലയ്ക്ക് പോകുന്ന മെയിൻ റോഡിൽ ചീപ്പുങ്കൽ പാലത്തിനടുത്തു ഞങ്ങളെ കാത്ത് നേരത്തേ ബുക്ക് ചെയ്ത ഹൗസ് ബോട്ട് ഉടമ നില്പുണ്ടായിരുന്നു. അവിടെനിന്നു അദ്ദേഹത്തിന്റെ സ്കൂട്ടറിന്  പിറകേ ഒരുവശത്തു കെട്ടു വള്ളങ്ങൾ വരി വരിയായി നിർത്തിയിട്ടിരിക്കുന്ന ഇടവഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു.

Kumarakom 3

ഞങ്ങൾക്ക് പറഞ്ഞുവച്ച കെട്ടുവള്ളം കിടക്കുന്ന സ്ഥലത്തെത്തി വന്ന വണ്ടി പാർക്ക് ചെയ്തു.  ഹൗസ് ബോട്ട് ഉടമ ഞങ്ങളെ യാത്രക്കുള്ള ബോട്ട് ചൂണ്ടിക്കണിച്ചു തന്നിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് വന്ന വഴിയേ തന്നെ സ്‌കൂട്ടർ ഓടിച്ചു പോയി. ഞൊടിയിടയിൽ ഉച്ചയൂണിനു തയാറാക്കാനുള്ള കരിമീൻ മേടിച്ചു ബോട്ടിൽ എത്തിച്ചു ഞങ്ങളെ കൈവീശി കാണിച്ചു യാത്രയാക്കി. വരുന്ന വഴി കോട്ടയത്ത് നിന്നു കുമരകത്തേക്കുള്ള റൂട്ടിൽ കണ്ട കിളിക്കൂട് കള്ളു ഷാപ്പിൽനിന്ന് മേടിച്ച പ്രഭാതഭക്ഷണം മറക്കാതെ എടുത്തു ഹൗസ് ബോട്ടിൽ കയറ്റി ചെറു ചാറ്റൽ മഴയുടെ താളത്തിൽ ഓളപ്പരപ്പിലൂടെയുള്ള വഞ്ചി യാത്ര തുടങ്ങി. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയത് കൊണ്ടും ബോട്ടിൽ ഉച്ചക്ക് മാത്രമേ ഭക്ഷണവും കിട്ടൂ എന്നുള്ളത് കൊണ്ടും വിശപ്പു മാറ്റാൻ കള്ളു ഷാപ്പിൽനിന്നു വാങ്ങിയ ലഘുഭക്ഷണം ബോട്ടിൽ കയറിയ പാടെ തുറന്നു. പാത്രം നിമിഷനേരം കൊണ്ട്  കാലിയായി. ചുറ്റിലും  വെള്ളവും വള്ളവും മാത്രം നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശം ഓരോന്നായി പിന്നിട്ടു.

Kumarakom 4

പാതിരാമണൽ പക്ഷിസങ്കേതം അടുത്ത് കണ്ടശേഷം ഉച്ചയോടെ ഭക്ഷണം കഴിക്കാൻ ബോട്ട് കായൽ തീരത്തോട് അടുപ്പിച്ചു. തനി നാടൻ ഊണ് വീട്ടിൽ കിട്ടുന്ന അതേ രുചിയിൽ കരിമീൻ പൊള്ളിച്ചത് കൂട്ടി ഞങ്ങൾ എല്ലാവരും കഴിച്ചു.  മേമ്പൊടിക്ക് അല്പം പനംകുലയിൽനിന്ന് അപ്പോൾ വെട്ടി ഇറക്കി കിട്ടിയ മധുരക്കള്ള് ഊണ് ദഹിക്കാൻ മാത്രം ഒന്ന് രുചിച്ചു നോക്കി. വീണ്ടും യാത്ര തുടർന്ന് തണ്ണീർമുക്കം ബണ്ട് കണ്ടു തിരികെ ഞങ്ങൾ ബോട്ടിൽ കയറിയ സ്ഥലത്തേക്ക് തിരിച്ചു. മഴയും തുടക്കം മുതൽ കൂട്ടിനുണ്ടായിരുന്നു. മഴ തിമിർത്തു പെയ്ത മടക്കയാത്രയിൽ കിട്ടിയ ചൂട് ഏത്തക്ക പൊരിച്ചതും പാൽ ചായയും ഞങ്ങളുടെ വയറും മനസും നിറച്ചു.  കായലിലെ ബോട്ട് യാത്രയും  ഉച്ചഭക്ഷണവും സ്‌നാക്‌സും ഒക്കെ ലഭിച്ച സംതൃപ്തിയിൽ  വീണ്ടും വരുമ്പോൾ വഞ്ചി വീട്ടിൽ താമസിക്കാൻ കഴിയാഞ്ഞതിന്റെ കുറവ് പരിഹരിക്കാം എന്ന് മനസിനെ പറഞ്ഞു  സമാധാനിപ്പിച്ചു. ബോട്ടിൽ രാവിലെ കയറിയ അതേ സ്ഥലത്ത് തിരിച്ചെത്തി. ഒരു പകൽ അസ്തമിക്കാൻ തിടുക്കം കൂട്ടിയ പോലെ സമയം പോയതറിഞ്ഞില്ല. ഡ്രൈവർ നിശബ്ദനായി ബോട്ട് ഓടിക്കുന്ന കാര്യത്തിൽ ശ്രദ്ധയൂന്നി.

Kumarakom 5

യാത്രയിലുടനീളം കായലിൽനിന്ന് പിടിച്ച മീനുകൾ, കൊഞ്ചുകൾ, കല്ലുമ്മക്കായ് എന്നിവ വിൽക്കുന്ന സ്ഥലങ്ങൾ കാണുവാൻ സാധിച്ചു. പ്രദേശവാസികൾ വല വീശിയും ചൂണ്ട ഇട്ടും മീൻ പിടിക്കുന്നത് മിക്കയിടങ്ങളിലും സ്ഥിരം കാഴ്ചയാണ്.  പിടക്കുന്ന കൊഞ്ചും മീനും വാങ്ങാൻ ആളുകളുടെ തിരക്ക് വഴിയോരത്തെവിടെയും കാണാം. കുമരകത്തിന്റെ തനതായ ഉൾനാടൻ  ഗ്രാമീണഭംഗി ആവോളം ആസ്വദിച്ച് മനസ് നിറച്ചു. കായലും കരയും ഒരുമിച്ചു സമ്മാനിച്ച നല്ല നിമിഷങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായ് അനുഭവപ്പെട്ടു.

Content Highlights: Pathiramanal island travel, house boat travel in kumarakom, kumarakom tourism