പന്തളം: മരംകോച്ചുന്ന തണുപ്പും മലമടക്കുകളില്‍ വിരിയുന്ന പഴവര്‍ഗങ്ങളും തേയിലത്തോട്ടവുമൊന്നുമില്ലെങ്കിലും ആതിരമലയ്ക്ക് മനംമയക്കുന്ന പ്രകൃതി സൗന്ദര്യമുണ്ട്. പച്ചപുതച്ചുകിടക്കുന്ന കൃഷിയിടങ്ങളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന ചെറിയ വഴികളും അസ്തമയവും മലമുകളില്‍നിന്ന് ആസ്വദിക്കാം. പന്തളം നഗരസഭയില്‍പ്പെട്ട പ്രദേശമാണ് ജില്ലയിലേതന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ കുരമ്പാല ആതിരമല.

ദൂരക്കാഴ്ച കണ്ട് ആസ്വദിക്കാന്‍ പറ്റിയ ഒരിടമാണ് ഇത്. സമീപപ്രദേശങ്ങളായ കുരമ്പാല, പന്തളം, തട്ടയില്‍, അടൂര്‍, കോന്നി, ഇലവുംതിട്ട തുടങ്ങിയ സ്ഥലങ്ങളും പന്തളത്തിന്റെ നെല്ലറയായി വിശേഷിപ്പിക്കുന്ന കരിങ്ങാലി പാടശേഖരവും ഇതിനിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന വലിയതോടും മലമുകളില്‍നിന്ന് ആസ്വദിക്കാം. വൈകുന്നേരങ്ങളില്‍ കുളിര്‍കാറ്റും കൂട്ടിനുണ്ടാകും.

പന്തളം നഗരസഭയില്‍ കുരമ്പാല തെക്കാണ് ആതിരമല സ്ഥിതിചെയ്യുന്നത് മലയുടെ അടിവാരത്തില്‍നിന്ന് ചെങ്കുത്തായ 700 മീറ്ററോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് പാതയുണ്ട്. മലമുകളില്‍ മലദൈവങ്ങളെ വെച്ചാരാധിച്ചിരുന്നതായി പറയുന്നു. ഇന്നിവിടെയുള്ളത് ആതിരമല ശിവപാര്‍വതിക്ഷേത്രമാണ്. ആചാരങ്ങളില്‍ ഇപ്പോഴും പഴമയുണ്ട്.

Athiramala 1
ആതിരമലയുടെ മുകളില്‍നിന്നുള്ള കാഴ്ച

മനോഹാരിത കളയുന്ന മണ്ണെടുപ്പ്

ആതിരമലയിലേക്ക് കയറിയാല്‍ ഇപ്പോള്‍ രണ്ട് കാഴ്ചകളാണുള്ളത്. മനോഹരമായ പ്രകൃതിയെ കാണുന്ന കണ്ണുകൊണ്ടുതന്നെ പ്രകൃതിയെ കാര്‍ന്നുതിന്നുന്ന മണ്ണെടുപ്പ് ഒരുഭാഗത്ത് കാണാന്‍ കഴിയും. വര്‍ഷങ്ങളായി തുടങ്ങിയ മണ്ണെടുപ്പ് പലതവണ നാട്ടുകാര്‍ തടഞ്ഞിട്ടും ഫലമുണ്ടാകുന്നില്ല.

വീടുകളും റോഡുകളും അപകടത്തില്‍

വളരെ നാളായി നടന്ന മണ്ണെടുപ്പ് പരിസ്ഥിതിക്കുതന്നെ മാറ്റം വരുത്തിയിട്ടുണ്ട്. കുടിവെള്ളം തേടി നാട്ടുകാര്‍ മലയിറങ്ങേണ്ട അവസ്ഥയിലായി. മലയില്‍നിന്ന് ഒഴുകിയിറങ്ങിയിരുന്ന നീരുറവകള്‍ ഇല്ലാതെയായി. മലയിലേക്ക് കയറുന്ന വഴികളും ചില വീടുകളും മണ്ണെടുപ്പുകാരണം അപകടാവസ്ഥയിലായിട്ടുണ്ട്.

എത്തിച്ചേരാന്‍

എം.സി.റോഡില്‍ പന്തളം-അടൂര്‍ റൂട്ടില്‍ കുരമ്പാല ജങ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്തുനിന്ന് പഴകുളം റോഡില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് പോസ്റ്റോഫീസ് കവലയില്‍നിന്ന് തിരിഞ്ഞ് ആതിരമലയിലെത്താം.

എം.സി.റോഡില്‍ പറന്തല്‍ സെന്റ് ജോര്‍ജ് പള്ളി ജങ്ഷനില്‍നിന്ന് രണ്ടര കിലോമീറ്റര്‍ യാത്രചെയ്തും ആതിരമലയുടെ നെറുകയിലെത്താം.

Content Highlights: Tourists Spots in Pathanamthitta, Athiramala Trekking, Trekking Place in Pathanamthitta