ഴ അതിന്റെ ശക്തി മുഴുവന്‍ പുറത്തെടുത്തിരിക്കുന്നു; ഗവി അതിസുന്ദരിയായി. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം. കാട്ടരുവികളും ചോലകളും മഞ്ഞുപുതഞ്ഞ മലകളും കോടമഞ്ഞും ആഞ്ഞടിക്കുന്ന കുളിര്‍കാറ്റും...

എല്ലാം കുളിര്‍മ പകരുന്ന കാഴ്ച. ഗവി യാത്രയിലെ ഏറ്റവും സുന്ദരകാഴ്ചകളാണ് ഇപ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മഴ ശക്തമായതിനാല്‍ ഗവിയിലേക്കുള്ള യാത്ര ഇപ്പോള്‍ ആരെയും ഹരം കൊള്ളിക്കും.

കാട്ടരുവികളെല്ലാം നിറഞ്ഞൊഴുകുകയാണ്. മലമുകളില്‍നിന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ തൂവെള്ളനിറത്തില്‍ താഴേക്ക് നുരഞ്ഞൊഴുകുന്ന കാട്ടുചോലകള്‍ ഗവിയുടെ മാത്രം പ്രത്യേകതയാണ്.

ഹുങ്കാരശബ്ദത്തോടെ വീശിയടിക്കുന്ന കോടമഞ്ഞ് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാമറയത്താക്കുന്നു. ഇങ്ങനെ സൗന്ദര്യം ആവോളം ആസ്വദിക്കാമെങ്കിലും ഗവിയിലേക്കുള്ള ഇപ്പോഴത്തെ യാത്ര അല്‍പ്പം അപകടം നിറഞ്ഞതാണെന്ന് പറയാതെ വയ്യ.

Gavi 2

കാഴ്ചകള്‍ അനവധി

ആങ്ങമൂഴിക്കും മൂഴിയാറിനും മധ്യേ ഉറപ്പായും കാട്ടാനയെ കാണാതിരിക്കാന്‍ വഴിയില്ല. വന്യമൃഗങ്ങളെ കണ്ടാല്‍ ബഹളംകൂട്ടാനോ പ്രകോപനമുണ്ടാക്കാനോ ശ്രമിക്കരുതെന്ന് മാത്രം. മൂഴിയാറിലെത്തിയാല്‍ ശബരിഗിരി ജലവൈദ്യുതി പദ്ധതിയും മൂഴിയാര്‍ ഡാമുമെല്ലാം കാണാം. മൂഴിയാര്‍ നാല്‍പ്പതേക്കര്‍ കഴിയുന്നതോടെ തണുപ്പിന്റെ കാഠിന്യം വര്‍ദ്ധിക്കും. വാല്‍വ്ഹൗസ്, അരണമുടി തുടങ്ങിയ സ്ഥലങ്ങളിലെത്തുമ്പോഴേക്കും കോടമഞ്ഞില്‍ പുതഞ്ഞാവും യാത്ര. പട്ടാപ്പകല്‍ പോലും കാഴ്ച മറയ്ക്കുന്ന മഞ്ഞ് ഈ മേഖലയുടെ പ്രത്യേകതയാണ്.

പിന്നീട് കക്കി ഡാം പ്രദേശത്തേക്കാണ് യാത്ര. മൊട്ടക്കുന്നുകളും ഡാമും എക്കോപ്പാറയും എല്ലാം ഏറെ രസം പകരും. ആനത്തോട്, കൊച്ചുപമ്പ, പൊന്നമ്പലമേട്, ഗവി ഏലത്തോട്ടം, കുട്ടവഞ്ചിസവാരികേന്ദ്രം അങ്ങനെ ഗവിയിലെത്തുമ്പോഴേക്കും കാഴ്ചകളേറെ വേറെയും കാത്തിരിക്കുന്നു.. അപൂര്‍വ്വയിനം സസ്യങ്ങളും ജന്തുജാലങ്ങളും എല്ലാം നിറഞ്ഞ പരിസ്ഥിതിലോല മേഖലയാണ് ഗവി. അതുകൊണ്ടുതന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഗവിയെ കാണാനാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഗവിയിലേക്കുള്ള സഞ്ചാരത്തിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയിലാണ്.

എത്തേണ്ട വഴി

വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ ആങ്ങമൂഴി ചെക്ക് പോസ്റ്റ് വഴിയാണ് ഗവിയിലേക്ക് കടന്നുപോകേണ്ടത്. കൊച്ചാണ്ടിയിലെ ഈ പോസ്റ്റ് കഴിയുന്നതോടെ പൂര്‍ണമായും വനത്തിലൂടെയാണ് യാത്ര. ഗവി യാത്രക്കാര്‍ക്ക് സഹായമേകി മാതൃഭൂമി നമ്പരും- മൊബൈല്‍ 9447249290, 04682222552

Content Highlights: Gavi Travel, Pathanamthitta Tourism, Kerala Tourism