കൈയെത്തും ദൂരത്തിൽ വന്യമൃഗങ്ങളെ കാണാം, കാടിനെ അടുത്തറിയാം. സഞ്ചാരികളേ,  കേരളത്തിലെ രണ്ടാമത്തെ വന്യജീവി സംരക്ഷണകേന്ദ്രമായ പാലക്കാട് ജില്ലയിലെ  പറമ്പിക്കുളത്തേക്ക് വരൂ. സുഖമുള്ള കാഴ്ചകൾക്കൊപ്പം സുഖദമായ കാലാവസ്ഥയും അനുഭവിച്ച് മടങ്ങാം. 643 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള പറമ്പിക്കുളം ആനകളുടെ താവളമാണ്. കാട്ടുപോത്ത്, മ്ലാവ്, വരയാട്, കടുവകൾ, പുള്ളിപ്പുലി, കരടി, പാമ്പുകൾ, ചിത്രശലഭങ്ങൾ മലയണ്ണാൻ, കുരുങ്ങുവർഗങ്ങൾ എന്നിവയുടെ ആവാസകേന്ദ്രവുമാണ്. 

സമുദ്രനിരപ്പിൽനിന്ന് 1969 അടി ഉയരത്തിലുള്ള പറമ്പിക്കുളത്ത് ഒരുഭാഗം വാഴച്ചാൽ കാടും മറുഭാഗം തമിഴ്നാടിന്റെ ആനമലൈ കാടുമാണ് അതിരുകൾ പങ്കുവെക്കുന്നത്. ഇവിടേക്ക് പ്രവേശനം ആനമലൈ കടുവാസങ്കേതത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. തമിഴ്നാട്ടിലെ സേത്തുമടയിലൂടെയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. പാലക്കാട് നഗത്തിൽനിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽനിന്ന് 45 കിലോമീറ്ററും അകലെയാണ് പറമ്പിക്കുളം. ഗോപാലപുരം ചെക്പോസ്റ്റ് കഴിഞ്ഞാൽ പുളിമരങ്ങൾ അതിരിട്ട മനോഹരമായ പാതയിലൂടെയാണ് യാത്ര.

യാത്ര ഇതിലേ...

പാലക്കാടുനിന്ന് വരുന്നവർക്ക് പൊള്ളാച്ചി ടൗൺ കയറാതെ മൂന്ന് കിലോമീറ്റർ ഇപ്പുറത്ത് വലതുവശത്തേക്ക് തിരിഞ്ഞ് അമ്പ്രാംപാളയത്തിൽനിന്ന് ആനമല റോഡിലേക്ക് കയറാം. അവിടെ പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ദിശാസൂചികയുണ്ട്. തുടർന്ന് യാത്രചെയ്താൽ ആനമല കടുവാസങ്കേതത്തിൻറെ കവാടത്തിലെത്തും. ചെക്‌പോസ്റ്റിൽ ഫീസടച്ച്‌ യാത്ര തുടരാം. സ്വകാര്യവാഹനങ്ങൾക്ക് 100 രൂപയാണ് ഫീസ്. ഒരാൾക്ക് 30 രൂപ വീതമാണ് ഈടാക്കുക. പിന്നീടെത്തുന്നത് ടോപ് സ്ലിപ്പിലാണ്. അവിടെനിന്ന് രണ്ട്‌ കിലോമീറ്റർ കഴിഞ്ഞാൽ പറമ്പിക്കുളം കടുവാസങ്കേതത്തിൻറെ കവാടത്തിലെത്തും. വെൽകം ടു കേരള ബോർഡും കാണും. അവിടെയുള്ള ഇൻഫർമേഷൻ സെൻററിൽനിന്ന് മറ്റുവിവരങ്ങൾ തേടാം.

പാലക്കാടുനിന്ന് രാവിലെ എട്ടിന് പൊള്ളാച്ചിവഴി പറമ്പിക്കുളത്തേക്ക്  കെ.എസ്.ആർ.ടി.സി. ബസുണ്ട്. പൊള്ളാച്ചിയിൽനിന്ന് രാവിലെ ആറിനും വൈകീട്ട്‌ മൂന്നിനും തമിഴ്നാടിന്റെട്രാൻസ്പോർട്ട്  ബസ്‌ കിട്ടും. ഉച്ചയ്ക്ക് 12 മണിക്കാണ് പറമ്പിക്കുളത്തുനിന്ന്‌ പാലക്കാട്ടേക്കുള്ള ബസ്‌.

ഡാം വ്യൂ പോയന്റ് 

പറമ്പിക്കുളം ഡാം പോയന്റിൽനിന്നാൽ താഴെനിന്ന് അവിടേക്ക് കയറിവന്ന സ്ഥലങ്ങളും ഒപ്പം തൂണക്കടവ് ഡാമും അതിന്റെ റിസർവോയറും, പിന്നെ പറമ്പിക്കുളം കാടിന്റെ കാഴ്ചയും കിട്ടും. വ്യൂ പോയന്റ് കടന്ന് നേരെ അല്പദൂരം പോയാൽ വാലി വ്യൂ പോയൻറിലെത്തും. ഇതും ചുരം റോഡിൽത്തന്നെയാണ്. ഇവിടെനിന്ന് പടിഞ്ഞാറുഭാഗത്തെ മലകളുടെയും താഴ്വരകളുടെയും മനോഹരമായ കാഴ്ച ലഭിക്കും. 

ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് 

പറമ്പിക്കുളത്തെ പ്രധാന കാഴ്ചകളിലൊന്നാണ് കന്നിമര തേക്ക്. ഏഷ്യയിലെ നിലനിൽക്കുന്ന ഏറ്റവും വലിയ തേക്കാണ് കന്നിമര തേക്ക്. 7.02 മീറ്റർ ചുറ്റളവും 39.98 മീറ്റർ നീളവുമുള്ള മരമാണിത്. 1994-95-ൽ കേന്ദ്രസർക്കാരിന്റെ മഹാവൃക്ഷ പുരസ്കാരത്തിനും അർഹമായി. 

ബാംബൂ റാഫ്റ്റിങ് 

മുളകൊണ്ടുണ്ടാക്കിയ വലിയ ചങ്ങാടം. ഇരിക്കാൻ രണ്ടുവശത്തും മുളയിൽത്തന്നെ നിർമിച്ച ബെഞ്ചും സീറ്റും. നാലുഭാഗത്തും നാലുപേർ ഇരുന്ന്‌ തുഴയും. വളരെ ആസ്വാദ്യകരമായ വേറിട്ട അനുഭവമാണ് പറമ്പിക്കുളം ചങ്ങാടയാത്ര.

ഇവിടെ രാപ്പാർക്കാം

താമസവും ഭക്ഷണവും സഫാരിയും ട്രെക്കിങ്ങും ചേർന്ന പാക്കേജുകളാണ് പറമ്പിക്കുളത്ത് ലഭ്യമാവുക. ഉച്ചയ്ക്ക് 12  മുതൽ അടുത്തദിവസം രാവിലെ 10.30വരെയാണ് താമസിക്കാൻ അനുവദിക്കുക. കേരളീയർക്കും വിദേശികൾക്കും വ്യത്യസ്തനിരക്കിലാണ് പാക്കേജ് തുക. ടെൻറഡ് നിഷേ, എയർകണ്ടീഷണറുള്ള ഹണി കോമ്പ്, തൂണക്കടവിലും പറമ്പിക്കുളത്തും ട്രീ ടോപ്പ് ഹട്ട്, വീട്ടിക്കുന്ന് ഐലൻഡ്, പെരുവാരി ഐലൻഡ് നെസ്റ്റ് എന്നിവയിൽ താമസിക്കാം. 
ടെന്റഡ് നിഷേയിൽ അവധിദിനത്തിൽ വിദേശികൾക്ക് -12,100 രൂപ, ഇന്ത്യക്കാർക്ക് -7300. മറ്റുദിനങ്ങളിൽ വിദേശികൾക്ക് 9700 രൂപ, ഇന്ത്യക്കാർക്ക് -6,100.

കൂടുതൽ ആളുകളുണ്ടെങ്കിൽ വിദേശികൾക്ക് -2,400രൂപ, ഇന്ത്യക്കാർക്ക്-1,800, കുട്ടികൾ വിദേശീയർ-1,200, ഇന്ത്യക്കാർ-600 (ഉച്ചഭക്ഷണം, ലഘുഭക്ഷണം, രാത്രിഭക്ഷണം, പ്രഭാതക്ഷണം, താമസം, ബാംബൂ റാഫ്റ്റിങ്, ട്രക്കിങ്, ട്രൈബൽ സിംഫണി, പക്ഷിനിരീക്ഷണം, ഷോപ്പിങ് എന്നിവയെല്ലാം ഉൾപ്പെടെയാണിത്).

ഹണികോമ്പിൽ അവധിദിനത്തിൽ വിദേശികൾക്ക് - 8,500 രൂപ, ഇന്ത്യക്കാർ‍ക്ക്-6,100. 

കൂടുതൽ പേരുണ്ടെങ്കിൽ ഒരാൾക്ക് 1,800, കുട്ടികൾ-600. 

ട്രീടോപ്പ് ഹട്ട് തൂണക്കടവ്  - അവധിദിനത്തിൽ വിദേശീയർക്ക്-9,700, ഇന്ത്യക്കാർക്ക് -6,100.

മറ്റ്‌ ദിനങ്ങളിൽ വിദേശീയർക്ക്-7,300, ഇന്ത്യക്കാർക്ക്-4,800,

ട്രീടോപ്പ് ഹട്ട് പറമ്പിക്കുളം-അവധിദിനത്തിൽ   വിദേശീയർക്ക്-6,100, ഇന്ത്യക്കാർക്ക്-3,600. 

മറ്റ്‌ ദിനങ്ങളിൽ വിദേശീയർക്ക്-3,600, ഇന്ത്യക്കാർക്ക്-3,000.

വീട്ടിക്കുന്ന് ഐലന്‍ഡ്‌  അവധിദിനത്തിൽ വിദേശീയർക്ക്- 12,100, ഇന്ത്യക്കാർക്ക്-9,700.

മറ്റുദിനങ്ങളിൽ വിദേശീയർക്ക്-10,300, ഇന്ത്യക്കാർക്ക്-9,100. 

പെരുവാരി ഐലൻഡ് നെസ്റ്റ് അവധിദിനത്തിൽ വിദേശീയർക്ക്-10,000, ഇന്ത്യക്കാർക്ക്-8,000. 

മറ്റ്‌ ദിനങ്ങളിൽ വിദേശീയർക്ക്-8,000, ഇന്ത്യക്കാർക്ക്-6,000 രൂപ.