മാതൃഭൂമി കപ്പ ടി.വിക്കുവേണ്ടി ട്രാവല്‍ ജേര്‍ണലിസ്റ്റ് റോബി ദാസ് നടത്തുന്ന 'ഓപ്പണ്‍ റോഡി'ല്‍ നിന്ന്
വീതി കുറഞ്ഞ റോഡ്. കല്ലുകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. മധ്യത്തിലായി കോണ്‍ക്രീറ്റുകൊണ്ട് വരച്ച, കാലപ്പഴക്കത്താല്‍ പൊട്ടിപ്പൊളിഞ്ഞ ഒരു രേഖ കാണാം. വെറും രേഖയല്ല, അതിര്‍ത്തിരേഖ. കാലൊന്നെടുത്ത് അപ്പുറത്തേക്ക് വച്ചാല്‍ തമിഴ്‌നാടായി. ഇപ്പുറത്തേക്കായാലോ കേരളവുമായി. ഇങ്ങനേയും ഒരു സ്ഥലമുണ്ട്. ഇത് ഇടുക്കി ജില്ലയിലെ പാണ്ടിക്കുഴി.
ചെല്ലാര്‍കോവിലിന്റേയും തമിഴ്‌നാട് അതിര്‍ത്തിയുടേയും ഇടയ്ക്കാണ് ഈ പ്രദേശം. ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കടക്കാന്‍ ചെക്ക്‌പോസ്റ്റ് പോലുമില്ലാത്ത സ്ഥലം. നേരെ തമിഴ്‌നാട് ഭാഗത്തേക്ക് നടന്നാല്‍ കാടാണ്. കേരളത്തില്‍ നിന്നുകൊണ്ട് കമ്പത്തിന്റേയും ഗൂഡല്ലൂരിന്റേയും ദൂരക്കാഴ്ച ആസ്വദിക്കാനാവും എന്നതാണ് പാണ്ടിക്കുഴിയുടെ ഏറ്റവും വലിയ പ്രത്യേകത. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ വാഹനം കൊണ്ടുവരാനാവില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഇരുവശത്തും മുളങ്കാടുകള്‍ കാണാം.അതിമനോഹരമാണ് വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച. മേഘങ്ങളുടെ നിഴല്‍ പുതച്ചുകിടക്കുന്ന താഴ്‌വാരം. പെട്ടികള്‍ കണക്കെ വീടുകള്‍. കടലാസില്‍ വരച്ച് നിറം കൊടുത്ത കളങ്ങള്‍ പോലെ പച്ചയും ഇളംപച്ചയും നിറത്തിലുള്ള പാടങ്ങള്‍. ഒപ്പം ഒരുഭാഗത്ത് ശാന്തരായി നിലകൊള്ളുന്ന പാറക്കെട്ടുകളും കൊടും കാടും. മഴയില്ലെങ്കില്‍ കമ്പം, തേനി, ഗൂഡല്ലൂര്‍ എന്നീ പ്രദേശങ്ങള്‍ വ്യക്തമായി ഇവിടെ നിന്നും കാണാം.
കുമളിയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള ബസില്‍ കയറി എട്ടാം മൈലിലോ ആനക്കരയിലോ ഇറങ്ങുക. പാണ്ടിക്കുഴിയില്‍ നിന്ന് ചെല്ലാര്‍കോവിലിലേക്ക് ഒരു കി.മീ മാത്രമേയുള്ളൂ. ഓട്ടോ റിക്ഷ വിളിക്കുകയോ അതല്ല ട്രെക്കിങ് താത്പര്യമുള്ളവര്‍ക്ക് അതും ആവാം. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.