രോ യാത്രകളും ഓരോ  അടയാളപ്പെടുത്തലുകളാണ്. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത ചില അടയാളങ്ങള്‍ ഓരോ പ്രദേശത്തുമുണ്ടാകാം. ഇത്തരത്തിലുള്ള വയനാടിന്റെ ഒരടയാളമാണ് പാക്കം കേണി. കഷ്ടിച്ച് ഒരു മുഖം നോക്കാന്‍ വിസ്തൃതിയുള്ള ഒരു കേണിയും അതിലേക്ക് നീളുന്ന സഞ്ചാരികളുടെ വഴികളുമാണ് ഈ വേനല്‍ക്കാലത്ത് കുളിരുള്ള അനുഭവമാകുന്നത്. വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത പാക്കം കുറുമ കോളനിയിലെ ഇനിയും വറ്റാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേണിയും അതിനോട് ഇഴപിരിയുന്ന ഗോത്രജീവിതവുമാണ് പുതിയ തലമുറയുടെ വിസ്മയം. ദിവസവും ഒട്ടേറെ സഞ്ചാരികള്‍ ഈ കേണി കാണാന്‍ എത്തുന്നുണ്ട്. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും അങ്ങിനെ പാക്കം കേണിയും സഞ്ചാരികള്‍ക്ക് കൗതുകമായി. ചുട്ടുപൊള്ളുന്ന വേനലിലും നന്മയുടെ നനവാര്‍ന്ന ചരിത്രമാണ് സഞ്ചാരികളോട് പാക്കത്തുകാര്‍ക്ക് പങ്ക് വെക്കാനുള്ളത്. കുടിയേറ്റ കാലത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മുളപൊട്ടിയും വേരാഴ്ത്തിയും വളര്‍ന്ന ഗോത്രജീവിത പശ്ചാത്തലത്തില്‍ നിന്നും ഒടുവില്‍ കാലത്തോട് പ്രതിരോധിച്ചു നിന്ന പ്രകൃതിയിലെ ഈ പാനപാത്രം നാടിന്റെ പകരം വെക്കാനില്ലാത്ത സമ്പാദ്യമാണ്. ഇവര്‍ ഇതില്‍ നിന്നും കോരിയെടുക്കുന്ന പുണ്യം വരുംതലമുറയ്ക്ക് നല്‍കുന്ന അമൂല്യമായ ഒരു സമ്പാദ്യം കൂടിയാണ്.

Pakkam Keny 1  

തലമുറകളുടെ നിഴല്‍ പതിഞ്ഞ കേണി

കൊടും വരള്‍ച്ചയുടെയും പ്രകൃതി ചൂഷണത്തിന്റെയും പൊള്ളുന്ന കഥകള്‍ക്കപ്പുറം ആദിവാസികളായ കുറുമരുടെ പാക്കം കേണി പുതിയ കാലത്തിനായി ഇന്നും തെളിനീര് ചുരത്തുന്നു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങിക്കഴുയുന്ന ആദിവാസികള്‍ ഒരു ജലശ്രേണിയെ നൂറ്റാണ്ടുകളായി പരിരക്ഷിക്കുന്ന കഥയാണ് പാക്കത്തിന് പറയാനുള്ളത്. കാടിനുള്ളിലെ അരയ്‌ക്കൊപ്പം മാത്രം താഴ്ചയുള്ള ഈ കേണിയില്‍ നിന്നാണ് തലമുറകളായി പാക്കം  ഗ്രാമത്തിന്റെ ദാഹമകലുന്നത്. പ്രകൃതി കനിഞ്ഞു നല്‍കിയ ഈ നീരുറവയെ ജീവിത സംസ്‌കാരത്തിനൊപ്പം ചേര്‍ത്ത ഒരു പറ്റം മനുഷ്യര്‍ക്കിടയില്‍ ഈ കേണി സൗഭാഗ്യത്തിന്റെത് കൂടിയാണ്. ഏതോ കാലത്ത് ആരോ പറഞ്ഞ് പഠിപ്പിച്ചതുപോലെ ഈ തീര്‍ത്ഥത്തെ ഇവര്‍ ഇന്നും കൈക്കുമ്പിളില്‍ ഏറ്റുവാങ്ങുന്നു. 

Pakkam Kenyജല സംരക്ഷണത്തിന്റെ വലിയ സന്ദേശമാണ് പുതിയ തലമുറയ്ക്കും ഇവിടെ നിന്നും പഠിക്കാനുള്ളത്. അതിരാവിലെ തന്നെ കുന്നിറങ്ങി കാടിന്റെ തണലിലെ ഈ കേണിക്കരികില്‍ ഗ്രാമവാസികളെത്തും. ഓരോ കുടുംബത്തിനും അന്നന്ന് ആവശ്യമുള്ള ജലം വൃത്തിയുള്ള പാത്രത്തില്‍ മുക്കിയെടുത്ത് ഇവര്‍ വീട്ടിലേക്ക് മടങ്ങും. എല്ലാവര്‍ക്കും ആവശ്യത്തിനുള്ള ജലം ഈ കേണി കരുതിവെക്കുമെന്ന വിശ്വാസം ഏതുകാലത്തും വെറുതെയായിരുന്നില്ല.  ഇതുകൊണ്ട് തന്നെ ഇവര്‍ക്ക് കാലങ്ങളായി കുടിവെള്ളത്തിന് മറ്റൊരു വഴിതേടി പോകാനും തോന്നിയിട്ടില്ല. ആരെയും നിരാശപ്പെടുത്താതെ തീര്‍ത്ഥജലം ചുരത്തി ഈ കേണി കാലത്തെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. വലിയ പ്ലാവിന്റെ തടി തുരന്നുണ്ടാക്കിയ കുറ്റിയിലാണ് ജലം നിറഞ്ഞു തുളുമ്പുന്നത്. നൂറ് വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ക്കപ്പുറവും ഈ പ്ലാവിന്‍കുറ്റിയും കേണിയും പാക്കത്തിന്റെ ചരിത്രത്തിലും അനുഭവത്തിലുമുണ്ട്. ചുറ്റുമുള്ള ഗ്രാമങ്ങളിലെ കിണറുകള്‍ പോലും കടുത്ത വേനലില്‍ വറ്റി വരണ്ടപ്പോഴും ഇതൊന്നും ഏശാതെ കവിഞ്ഞൊഴുകിയ ചരിത്രം മാത്രമാണ് പാക്കം കേണിക്കുള്ളത്. കുറുമ വംശജരാണ് പരമ്പാരഗതമായി ഈ ജലസ്രോതസ്സിനെ പരിപാലിക്കുന്നത്. ഒരു ഇലപോലും വീഴാതെ ഈ കേണിയുടെ പരിസരവും ഇവര്‍ വൃത്തിയായി പരിപാലിക്കുന്നു.

കേണിയില്‍ നിന്നുള്ള ഒരു കുടം വെള്ളം വീടിന്റെ അകത്തളങ്ങളിലെത്തുന്നതോടെയാണ് ഈ ഗ്രാമത്തിന്റെ ഒരു ദിനം തുടങ്ങുന്നതുപോലും. മുന്‍ തലമുറകള്‍ അവരുടെ മുതിര്‍ന്നവരില്‍ നിന്നും ശീലിച്ചതാണ് ഈ ചിട്ടകളെല്ലാം. കുടുംബത്തിലെ അംഗങ്ങള്‍ കല്ല്യാണം കഴിഞ്ഞാല്‍ നവവധു പിറ്റേന്ന് പുലര്‍ച്ചെ ഈ കേണിയില്‍ നിന്നും ഒരു കുടം വെള്ളമെടുത്ത് വീടിന്റെ അകത്തളങ്ങളിലെത്തിക്കണം. പിന്നീട് ജീവിതാവസാനം വരെയും  ഈ ചിട്ട ഇവരുടെ ശീലമായിരിക്കും. കുടിവെള്ളത്തെ എല്ലാത്തിനും മീതെയായി കാണുന്ന ഒരു ഗോത്രജനതയുടെ സംസ്‌കൃതി കൂടിയാണ് ഇത് വെളിപ്പെടുത്തുന്നത്. വിശേഷ ദിവസങ്ങളിലെ ആവശ്യങ്ങള്‍ക്കുപോലും ഈ തീര്‍ത്ഥജലം തന്നെ വേണമെന്നാണ് ഇവരുടെ തീരുമാനം. മുക്കിയെടുക്കും തോറും നിമിഷങ്ങള്‍ക്കം ഇത് നിറഞ്ഞ വരും. കലങ്ങാത്ത തണുപ്പുള്ള ഈ തെളിനീര് പുറമെ നിന്നും കേണി കാണാന്‍ വരുന്നവര്‍ക്ക് ഒരേ സമയം അത്ഭുതവുമാണ്. ചെരിപ്പുകള്‍ പോലും കേണിയുടെ പരിസരത്തൊന്നും ഇവര്‍  അടുപ്പിക്കില്ല. ദൈവം കനിഞ്ഞു നല്‍കിയ ഈ ജലസ്രോതസ്സിനെ അതിന്റെ ആചാരപ്രകാരം കാത്തുവെക്കാന്‍ ഗോത്രവംശജരും ശ്രദ്ധവെക്കുന്നു. സ്ത്രീകള്‍ക്ക് തൊട്ടുകൂടായ്മയുള്ളപ്പോഴും പുലയുള്ളപ്പോഴുമൊന്നും ഇവര്‍ ഈ കേണിയില്‍ നിന്നും വെള്ളമുക്കാന്‍ പോകുന്ന പതിവില്ല. അങ്ങിനെ ആരെങ്കിലും പോയാല്‍ തന്നെയും കേണിക്കരികില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നതാണ് ഇവരുടെ വിശ്വാസം.  കുടുംബത്തിലെ മറ്റാരുമെങ്കിലുമാണ് ഈ ദിവസങ്ങളില്‍ വെള്ളമെത്തിക്കുക. കുടിവെള്ളത്തിനെ ഏറ്റവും അമൂല്യമായി മുന്‍ തലമുറ കാലങ്ങളോളം കരുതിവെച്ചതിനും പാക്കം കേണിയോളം വലിയൊരു തെളിവ് മറ്റൊന്നുമില്ല.
 
കണ്ണടയുന്നില്ല ഈ നീരുറവകള്‍

പാക്കത്തെ തിരുമഖം കുറുമ കോളനിയിലെ നാല്‍പ്പതോളം വീടുകളില്‍ ഈ കേണിയില്‍ നിന്നുമുള്ള ഒരു കുടം വെള്ളമെങ്കിലും ഇന്നും അതിരാവിലെ തന്നെ കോളനിവാസികള്‍ എത്തിക്കും. മഴക്കാലമായാലും വേനലായാലും ഇതിനൊന്നും മാറ്റമില്ല. ആദ്യമൊക്കെ കുറുമ സമുദായക്കാര്‍ മാത്രമായിരുന്നു ഈ പൂര്‍വികമായ ജലസംഭരണിയില്‍ നിന്നും കുടിവെള്ളം എടുത്തുകൊണ്ടിരുന്നത്. പിന്നീട് ഇവര്‍ക്ക് ചുറ്റിലുമായി അനേകം മറ്റുവീടുകളുമെത്തിയതോടെ എല്ലാവര്‍ക്കും കാലങ്ങളോളം ആശ്രയം ഈ കേണി തന്നെയായി. ആര്‍ക്കും വെള്ളമെടുക്കുന്നതിന് വിലക്കില്ല. ഗോത്രകുലം പരിപാലിക്കുന്ന അതേ നിഷ്ഠകള്‍ തന്നെ ഇവരും ശീലിച്ചു. കുടിവെള്ളം അമൂല്യമായ പൈതൃകമാണെന്ന പാഠമാണ് ആദിവാസി സമുദായത്തില്‍ നിന്നും കുടിയേറ്റക്കാരും ഗ്രഹിച്ചത്. പിന്നീട് പരിസരത്ത് കിണറുകള്‍ വന്നെങ്കിലും വേനലില്‍ ഈ ജലാശയത്തിന്റെ കരയിലേക്ക് തന്നെയാണ് ഇപ്പോഴും ഇവരുടെയും യാത്ര. വരിവരിയായി നിന്ന് ചെറുപാത്രം കൊണ്ട് മുക്കി നിറച്ച ചെപ്പുകുടങ്ങളുമായി വേനലില്‍ കുന്നുകയറുന്ന ഗ്രാമീണരര്‍ ഇവിടുത്തെ പരിചിതമായ കാഴ്ചകളാണ്. കാട്ടാനകള്‍ ധാരാളമായി വിഹരിക്കുന്ന ഇടമാണെങ്കിലും ഒരിക്കല്‍ പോലും ഈ കേണിയെ വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തിരുമുഖം കോളനിയിലെ മീനാക്ഷി പറയുന്നു. വനം വകുപ്പ് പ്ലാവിന്റെ കുറ്റിയിലുള്ള ഈ നീരുറവയ്ക്ക് ചുറ്റും കോണ്‍ക്രീറ്റ് റിങ്ങ് താഴ്ത്തി തരാം എന്നു പറഞ്ഞപ്പോഴും ഇവര്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയായിരുന്നു. കാലം നല്‍കിയത് അതുപോലെതന്നെ വരും തലമുറയ്ക്കായും കൈമാറട്ടെ എന്നാണ് ഇവരും പറയുന്നത്. മഴയില്ലാ മഴക്കാലവും മാറുന്ന കാലാവസ്ഥയും വരച്ചിടുന്ന വയനാടിന്റെ വരണ്ട ചിത്രങ്ങളില്‍ കുളിരുള്ള ഓര്‍മ്മകൂടിയാണ് പാക്കം കേണയിയും പരിസരവാസികളും പങ്ക് വെക്കുന്നത്.

Pakkam Keny 2

ആവശ്യത്തിനുള്ളത് മാത്രം മുക്കിയെടുക്കാന്‍ മുളകൊണ്ടുള്ള കുഴല്‍ത്തണ്ടും ഇവര്‍ തന്നെ നിര്‍മ്മിച്ചു. വെളളത്തിന്റെ കരുതലോടെയുള്ള ഉപയോഗവും വരും കാലത്തേക്കും ഇവയെല്ലാം നിലനില്‍ക്കണമെന്നുമുള്ള സന്ദേശമായിരുന്നു ഇവര്‍ പങ്ക് വെച്ചിരുന്നത്. കിണറുകള്‍ക്കെല്ലാം ബദലകാന്‍ ഈ ജലസ്രോതസ്സിനു കഴിഞ്ഞിരുന്നതായും മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ പറയുന്നു. കാലത്തിനൊപ്പം കാത്തു നില്‍ക്കാതെ പാരമ്പര്യ ജലസ്രോതസ്സുകള്‍  വയനാടന്‍ ഗ്രാമീണ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുകയാണ്. ഇതിനിടിയിലാണ് പാക്കം കേണി പ്രതിരോധിച്ച് നില്‍ക്കുന്നത്.  പരാശ്രയത്തിന്റെ പുതിയ പാഠങ്ങളില്‍ നിന്നും പ്രകൃതി നല്‍കിയ വരദാനം അപ്പോഴും തെളിനീര് ചുരത്തുന്നു.

Content Highlights: Pakkam Keny, Wayanadu Tribal Village, Wayanadu Tourism