കേരളത്തിന്റെ അതിര്‍ത്തിയായ കോട്ടവാസല്‍ കുന്നില്‍നിന്ന് നോക്കുമ്പോള്‍ത്തന്നെ അങ്ങ് വിദൂരതയില്‍  തമിഴ്‌നാട് ഭാഗത്ത് കിലോമീറ്ററോളം ദൂരത്ത് വ്യാപിച്ചുകിടക്കുന്ന നെല്‍പാടങ്ങള്‍ കാണാം. കൊയ്ത്ത് കഴിഞ്ഞതോടെ എല്ലാപാടത്തും അടുത്ത വിളവിനുള്ള ഒരുക്കങ്ങളായി. പുളിയറ,തെക്കുംമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഞാറ് നടീല്‍ തുടങ്ങിക്കഴിഞ്ഞു.

Kottavasal 1
നടാനുള്ള ഞാറ് കുട്ടകളില്‍ ചുമന്നുകൊണ്ടുവരുന്ന കര്‍ഷകന്‍

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ പതിവിലും അല്പം താമസിച്ചാണ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. മഞ്ഞ് വീഴുന്നത് നെല്‍ നാമ്പുകള്‍ക്ക് ദോഷമായതിനാല്‍ രണ്ടാഴ്ച താമസിച്ചാണ് ഞാറ് നടാന്‍ തുടങ്ങിയത്. മഞ്ഞിനെ പ്രതിരോധിക്കുന്ന എ.ഡി.റ്റി 45 എന്ന വിത്തിനമാണ് ഇവിടെ കൂടുതലായും നട്ടിരിക്കുന്നത്. ഒരേക്കറില്‍ നിന്ന് 35 മുതല്‍ 40 ചാക്ക് നെല്ലുവരെ ലഭിച്ചാല്‍ കൃഷിക്കാര്‍ക്ക് നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാനാകുമെന്ന് പറയുന്നു. സാധാരണയായി ഞാറ് നടുമ്പോള്‍ യൂറിയ മാത്രമാണ് വളമായി ഉപയോഗിക്കുന്നത്.

ഞാറ് നടുന്നതും വയലുകള്‍ ഉഴുന്നതും ഒരു ഉത്സവമായാണ് നടക്കുന്നത്. കൂടുതലും സ്ത്രീ തൊഴിലാളികളാണ് ജോലിക്കെത്തുന്നത്. തമാശകളും വീട്ട് വര്‍ത്തമാനങ്ങളും പറഞ്ഞാണ് ഞാറ് നടീല്‍ പുരോഗമിക്കുന്നത്. ഒരാള്‍ക്ക് ഇത്രസ്ഥലമെന്ന് ആദ്യംതന്നെ തിട്ടപ്പെടുത്തുന്നു. ഒരേ അകലത്തില്‍ ഒരേ വേഗതയില്‍ നടക്കുന്ന ജോലി കാണാന്‍ പ്രത്യേക രസം തന്നെയാണ്. സ്ത്രീകള്‍ക്ക് 200 ഉം ഞാറ് ചുമക്കാനെത്തുന്ന പുരുഷന്മാര്‍ക്ക് 400 രൂപയുമാണ് കൂലി. രാവിലെ തുടങ്ങുന്ന ജോലി മൂന്ന് മണിയോടെ അവസാനിക്കും.കേരളത്തിലെ കൂലി പറഞ്ഞപ്പോള്‍ അവര്‍ അതിശയം പ്രകടിപ്പിച്ചു.

Kottavasal 2
ഞാറ് നടീല്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍

എന്നാല്‍ നിലം ഒരുക്കുന്നതിന് തുക കൂടിയിട്ടുള്ളതായി ഇവര്‍ പറയുന്നു. കാളകളെ ഉപയോഗിച്ച് നിലമുഴുന്നതിന് ദിവസക്കൂലി 1000 ഉം ട്രാക്ടറിന് മണിക്കൂറിന് 800 മാണ്. പുളിയറയുടെ പലഭാഗത്തുമുള്ള നിലമൊരുക്കലും ഞാറുനടീലും ആസ്വദിക്കാനും ക്യാമറയില്‍ പകര്‍ത്താനും സഞ്ചാരികളുടെ നല്ല തിരക്കുമാണ്. കഴിഞ്ഞ പ്രാവശ്യം പൊതുവെ ലാഭം കുറവായിരുന്നുവെങ്കിലും തനിക്ക് നല്ല വിളവ് ലഭിച്ചതായി അലിയെന്ന കൃഷിക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരും പുഴുവിനെ തുരത്താന്‍ മരുന്നടിച്ചിട്ടും താന്‍ മരുന്നടിച്ചില്ലന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.