ലോകത്തെ ഏറ്റവും വലിയ തേക്കിന്റെ നാള്‍ വഴികളും ചരിത്രവും തേടി സഞ്ചാരികള്‍ എത്തുകയാണ് , കേരള വന ഗവേഷണ കേന്ദ്രത്തിന്റെ തേക്ക് മ്യൂസിയത്തില്‍. നിലമ്പൂര്‍ തേക്കിനു മാത്രമായി നിര്‍മ്മിക്കപ്പെട്ട മ്യൂസിയമാണ് നിലമ്പൂര്‍ തേക്ക് മ്യൂസിയം. 1995 ല്‍ സ്ഥാപിച്ച ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ നിന്നും ഊട്ടി റോഡിലാണ്.

Nilambur Teak

160 വര്‍ഷം മുന്‍പ് ഈ തേക്ക് മരങ്ങള്‍ വളര്‍ത്താനുള്ള ശ്രമം ആരംഭിച്ച സ്ഥലത്തു തന്നെയാണ് ഈ പ്രദര്‍ശനാലയവും സ്ഥാപിച്ചിട്ടുള്ളത്. ഇതിനു വളരെ അടുത്തായാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തേക്ക് മരവും (കന്നോലിസ് പ്ലോട്ട്) സ്ഥിതി ചെയ്യുന്നത്. ഇത്തരത്തില്‍പ്പെട്ട ലോകത്തിലെതന്നെ ആദ്യത്തെ മ്യൂസിയമാണിത്. തേക്കിനെക്കുറിച്ചും, അതിന്റെ ചരിത്രം, തേക്ക് വളര്‍ത്തലും പരിപാലനവും അതിന്റെ വിവിധ ഉപയോഗങ്ങളും സാമൂഹിക വാണിജ്യപ്രാധാന്യങ്ങളും മ്യൂസിയത്തില്‍ വിവരിക്കുന്നു.

തേക്കിന്റെ സവിശേഷതകള്‍, പരിപാലന രീതികള്‍, ഇനങ്ങള്‍, ചരിത്രം, ഉപയോഗങ്ങള്‍ എന്നിവ വളരെ വിശദമായി ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ എങ്ങിനെയാണ് തേക്കിന്റെ അന്തരാഷ്ട്ര വിപണന സാധ്യത മനസ്സിലാക്കി അവ ലോക വിപണികളില്‍ എത്തിക്കാന്‍ കടല്‍ കനാല്‍, റയില്‍, റോഡ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിയെന്നത് കൗതുകകരമാണ്. സില്‍ക്കുപാത എന്നറിയപ്പെടുന്ന പുരാതന വാണിജ്യ പാതയുടെ രേഖചിത്രം. ചീനയിലെയും റോമിലെയും പുരാതന സംസ്‌കാരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കരമാര്‍ഗ്ഗവും കടല്‍മാര്‍ഗവുമുള്ള പാതകളില്‍ കേരളത്തിനു പ്രത്യേക പ്രാധാന്യമുണ്ട്.

Nilambur Teak 2

പുരാതനകാലത്ത് കേരളത്തില്‍ വന്ന വ്യാപാരികള്‍ കുരുമുളകിനേക്കാള്‍ മുന്നേ തന്നെ തേക്കും വീട്ടിയുമാണ് വാങ്ങിയിരുന്നതെന്ന് വിശ്വസിക്കുന്നു. റോമില്‍ നിന്നും നിലമ്പൂര്‍ കാടുകളില്‍ മാത്രം കാണപ്പെടുന്ന വീട്ടി മരത്തില്‍ നിര്‍മ്മിച്ച മേശ കണ്ടെത്തിയിട്ടുണ്ട്. സുലൈമാന്‍ നബിയുടെ കാലത്ത് നിലമ്പൂര്‍ കാടുകളില്‍ നിന്ന് തേക്ക് കൊണ്ടുപോയതായി പരാമര്‍ശമുണ്ട്. എന്നാല്‍ 1840 ല്‍ ബ്രിട്ടീഷുകാര്‍ ലോകത്തു തന്നെ ആദ്യമായി ശാസ്ത്രീയമായി നിലമ്പൂരില്‍ കനോലി പ്ലോട്ട് എന്ന പേരില്‍ തേക്ക് പ്ലാന്റേഷന്‍ ആരംഭിച്ചു. നിലമ്പൂര്‍ തേക്ക് തടികളുടെ പ്രധാന വില്‍പ്പന കേന്ദ്രങ്ങളായ അരുവാക്കോട്, നെടുങ്കയം എന്നീ പ്രദേശങ്ങള്‍ പുരാതന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. കനോലി ജലപാതയും നിലമ്പൂര്‍ റയില്‍ പാതയും തേക്ക് കൊണ്ട് പോകാന്‍ ഉണ്ടാക്കിയതാണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

Nilambur Teak Museum

ജൈവ വിഭവ ഉദ്യാനം

തേക്ക് മ്യൂസിയത്തോട് ചേര്‍ന്ന ജൈവ വിഭവ ഉദ്യാനം ജൈവ വൈവിധ്യത്തിന്റെ കാഴ്ചകളിലേക്കാണ് മിഴി തുറക്കുന്നത്. ഓര്‍ക്കിഡ് ഗൃഹം, ജല സസ്യോദ്യാനം, പന്നല്‍ ഗൃഹം, പായലുകളുടേയും മോസ്സുകളുടേയും ഉദ്യാനം, റോക്ക് ഗാര്‍ഡന്‍, മരുപ്രദേശിനികളുടേയും രസ സമൃദ്ധ സസ്യങ്ങളുടേയും ഉദ്യാനം, കുട്ടികളുടെ പാര്‍ക്ക്, ഔഷധ സസ്യ ഉദ്യാനം, ശലഭോദ്യാനം, പനകളുടെ ഉദ്യാനം, ഭക്ഷ്യയോഗ്യമായ മുളകളുടെ ഉദ്യാനം, ടാക്‌സോണമിക് ഗാര്‍ഡന്‍ എന്നിവയാല്‍ സമ്പന്നമാണിവിടം.

Nilambur 3

മ്യൂസിയവും ജൈവ വിഭവ ഉദ്യാനവും ഇന്ന് സഞ്ചാരികള്‍ക്ക് വിജ്ഞാനവും പ്രോത്സാഹനവും കൂടിയാണ്  പകര്‍ന്ന് നല്‍കുന്നതെന്ന് പദ്ധതിയുടെ പ്രധാന രൂപ കല്പകനും വനഗവേഷണ കേന്ദ്രം നിലമ്പൂര്‍ സബ് ഡിവിഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോക്ടര്‍ യു.എം. ചന്ദ്രശേഖര പറഞ്ഞു. കൂടുതല്‍ ബോധവത്ക്കരണ പഠന ക്യാമ്പുകളും പരിശീലനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും പൊതു ജനങ്ങള്‍ക്കായി ഒരുക്കുമെന്നും ചന്ദ്രശേഖര പറഞ്ഞു.

Content Highlights: Nilmabur Teak Museum, Nilambur Teak Plantation History