രോ യാത്രയും സാര്‍ത്ഥകമാകുന്നത് അതിലൂടെ  നാം  നേടുന്ന  പുതിയ അറിവുകളിലൂടെയാണ്. യാത്രികന്റെ വിയര്‍പ്പ് യാത്രയില്‍  പൊഴിയുമ്പോള്‍ അതിന്റെ മൂല്യം വര്‍ദ്ധിക്കുന്നു. മുന്നിലുള്ള മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യം തേടിയുള്ള ഓരോ യാത്രയിലും ലഭ്യമാകുന്ന അനുഭവസമ്പത്ത് നമ്മെ പരിപക്വരാക്കി മാറ്റുകയും ചെയ്യുന്നു.രണ്ടു വലിയ പ്രളയങ്ങള്‍ക്കു ശേഷം പുഴയുടെ നേര്‍ക്കാഴ്ച്ച തേടിയുള്ള അന്വേഷണമായിരുന്നു 'നിളാ വൈഖരി' യെന്ന നാമത്തിലുള്ള ഈ യാത്ര. മണ്ണും, മണലും, ചരലും, ചളിയും,വെള്ളവും  താണ്ടി നിളയുടെ വിരിമാറിലൂടെ പാലക്കാട് ജില്ലയിലെ തൃത്താല വെള്ളിയാങ്കല്‍ മുതല്‍ കൂട്ടകടവ് തൂതപ്പുഴ നിളയില്‍ ചേരുന്നിടം വരെ നിളയുടെ മടിത്തട്ടിലൂടെ, നിളയെ കണ്ടും, കേട്ടും,  പറഞ്ഞും മനസ്സിലാക്കിയും അറിവു തേടിയുള്ള ഞങ്ങളുടെ റിവര്‍ ട്രെക്കിങ്ങ്.

nila 5

കോവിഡ് കാലമായതിനാല്‍ വളരെ കുറച്ചു പേരെമാത്രമാണ് യാത്രയില്‍ കൂടെ കൂട്ടിയത്. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍, പരിസ്ഥിതിയെ സ്‌നേഹിക്കുന്ന സാധാരണക്കാരായവര്‍, ഇങ്ങനെയുള്ള  ആകെ പതിമൂന്നു പേരടങ്ങിയതായിരുന്നു ഞങ്ങളുടെ സംഘം. മീനമാസത്തിലെ സൂര്യന്‍ ഉച്ചസ്ഥായിയില്‍ നിന്നും പടിഞ്ഞാറോട്ട് നീങ്ങിയ വൈകീട്ട് മൂന്നര മണിയോടു കൂടിയ സമയത്തായിരുന്നു യാത്ര. എങ്കിലും ചൂടിന് ഒട്ടും കുറവുണ്ടായിരുന്നില്ല, പക്ഷെ നിളയിലെ ഇളം കാറ്റും, നിളയെ കണ്ടറിയാനുള്ള ആവേശവും സൂര്യന്റെ വെയിലിന്റെ താപം കുറച്ച്, ഞങ്ങളില്‍ കുളിര്‍മ്മയേകി എന്നുതന്നെ പറയാം.നിളയിലേയ്ക്കല്ലേ, വെറും കൈയ്യോടെ പോകേണ്ടല്ലോ എന്നു കരുതി കുറച്ച് മീന്‍ തീറ്റ കൈയ്യില്‍ കരുതി. യാത്രയിലെ മുതിര്‍ന്ന അംഗവും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സസ്യ ശാസ്ത വിഭാഗം വകുപ്പ് മേധാവിയുമായ ഡോ. ഉദയന്‍ നിളയിലെ മത്സ്യങ്ങള്‍ക്ക് ഭക്ഷണമേകിക്കൊണ്ട് യാത്രയ്ക്ക് തുടക്കമിട്ടു. വെള്ളിയാങ്കല്‍ റഗുലേറ്ററിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പുഴയെ ഗതിമാറ്റി തെക്കു ഭാഗത്തേയ്ക്കാക്കിയിരിക്കുന്നു. 

അറ്റകുറ്റ പണികള്‍ക്കായി മണലെടുത്തും മണല്‍ നീക്കിയും പുഴയെ നാം പിച്ചിച്ചീന്തി കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തു നിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. കാഴ്ചയില്‍ ഒരു സാധാരണ ടൂറിസ്റ്റ് പ്രദേശമായി മാറികൊണ്ടിരിക്കുന്ന ആ ഭാഗത്ത്  പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ ധാരാളം. എല്ലാറ്റിനും മൂക സാക്ഷിയായി പറയിപെറ്റ പന്തീരുകുല മിത്തിലെ 'വെള്ളിയാങ്കല്‍' പാറ  നിളയിലേയ്ക്ക് ചാഞ്ഞിറങ്ങി ശയിക്കുന്നു. അവിടുന്ന് ഞങ്ങള്‍ പടിഞ്ഞാറ് ആദിത്യനഭിമുഖമായി നടന്നു. അപ്പോള്‍ കിഴക്കു പടിഞ്ഞാറുള്ള നിളയുടെ തെക്കു,വടക്കു വീതിയില്‍ മണല്‍ പരപ്പാണ്. തെക്കേ അരികിലൂടെ  പുഴയൊരു നീര്‍ച്ചാലായി അറബിക്കടലിനെ ലക്ഷ്യമാക്കി പതിയെ ഒഴുകുന്നു. പുഴയ്ക്കരികില്‍ അസ്ഥിയൊഴുക്കിയ കലങ്ങളും, മണ്‍കുടശകലങ്ങളും അങ്ങിങ്ങായി കാണാം. ഒരു പുഴയും വെറുമൊരു നീര്‍ചാലല്ല, മറിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ കണ്ണികളാണ്.

nila

കുറച്ച് മുന്‍പോട്ടു നീങ്ങിയപ്പോഴേക്കും പുഴയില്‍ പുരാതനമായി അടിഞ്ഞിട്ടുള്ള വന്‍ വൃക്ഷങ്ങളുടെ തടികള്‍ കണ്ടു. കറുത്ത് കാരിരുമ്പിന്റെ ബലമുള്ള കൂര്‍ത്ത ചീന്തലുകളായ തലയോടു കൂടിയവ. അതിലൊന്നില്‍ നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ  പ്രൊഫസറായ ഡോ പി പി മൂസ,   തെറിച്ചു നില്‍കുന്ന ഒരു ചെറിയ കഷണം എടുത്തു. എന്തിനെന്നോ, അതിന്റെ പ്രായം നിര്‍ണ്ണയിക്കുന്നതിനുള്ള പരിക്ഷണശാലയിലേക്ക് അയയ്ക്കാന്‍. ഒരു പക്ഷെ ആയിരക്കണക്കിനു വര്‍ഷങ്ങളുടെ മുന്‍പത്തെ നിളയുടെ  കഥ പറയുവാന്‍ അതിനു കഴിഞ്ഞെങ്കിലോ? അനാഥമായി കിടക്കുന്ന ഇത്തരം മരങ്ങള്‍ കുറെയൊക്കെ ഒലിച്ചു വന്നതാകാം, അല്ലെങ്കില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുള്ള പ്രളയത്തില്‍ പുഴയ്ക്കടിയില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നതാകാം. പണ്ടത്തെ പുഴയേക്കാള്‍ എത്രയോ താഴ്ചയിലാണല്ലോ പുഴയിപ്പോള്‍ കിടക്കുന്നത്. ഇടക്കിടയ്ക്ക് ആറ്റുവഞ്ചിപുല്ലും, മറ്റനേകം ചെറു ചെടികളും വളര്‍ന്നു നില്‍കുന്നു. ഏകദേശം മുന്നൂറ് മീറ്റര്‍ നടന്നപ്പോഴേക്കും പുഴയുടെ വടക്ക് വശത്ത് കുറച്ച് ഉയര്‍ന്ന് ഒരു മണല്‍ തിട്ട്. ഇളം കാറ്റിലാടുന്ന ആറ്റുവഞ്ചി തൂവെള്ള കതിരാല്‍ വെഞ്ചാമരം വീശിക്കൊണ്ട്ഞങ്ങളെ നിളയുടെ ആ തിട്ടിലേക്ക്
എതിരേറ്റു. വഞ്ചിപുല്ലുകളും, മറ്റു കുറ്റി ചെടികളും ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന ആ പ്രദേശത്തിലൂടെയാക്കി ഞങ്ങളുടെ നടത്തം.  ഒരിടത്ത്  ചാക്കില്‍ മരത്തിന്റ കഷ്ണങ്ങള്‍ കൊണ്ടു പോകാനായി ചാക്കില്‍ നിറച്ചിരിക്കുന്നതും കണ്ടു.

nila 1

തിട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഞങ്ങളുടെ ശ്രദ്ധ തിട്ടിന്റെ അരുകില്‍ ഉടക്കി, മണലും മണ്ണും ചേര്‍ന്ന മിശ്രിതം. മുകള്‍ഭാഗം പൂര്‍ണ്ണമായും മണ്ണ്, അതിനാല്‍ പുഴയുടെ പ്രകൃതം തന്നെ മാറിയിരിക്കുന്നുഉയര്‍ന്നു നില്‍കുന്ന വഞ്ചി പുല്ല്  വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നു. ഇടയ്ക്ക് തലയുയര്‍ത്തി നില്‍കുന്ന കരിമ്പന. കവയത്രി മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിച്ച് നീര്‍മാതളം നല്ല പച്ചപ്പില്‍ പലയിടത്തായി നില്‍ക്കുന്നുണ്ട്. അവിടെ കണ്ട 26 തരം ഔഷധ സസ്യങ്ങള്‍, 3 തരം കുറ്റിചെടികള്‍, അത്രതന്നെ  ലതകള്‍, രണ്ടു തരം വൃക്ഷങ്ങള്‍, ഇവയെക്കുറിച്ചെല്ലാം ഉദയന്‍ സാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.  കാര്‍ഡമൈന്‍ ട്രൈകൊകാര്‍പ്പാ, സാമുദ്രചാംപാ എന്നിവ അന്യം നിന്നു പൊയ്‌കൊണ്ടിരിക്കുന്നവയാണെന്നും പറഞ്ഞു. ഇടയ്ക്ക് നൊട്ടിനൊടിയന്‍ കായ പറിച്ച് ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നു, കാന്‍സര്‍ രോഗത്തിന്റ ഔഷധമാണ് ഇതെന്നുള്ള അറിവ് കൗതുകാവഹമായി. ഇടയ്‌ക്കെപ്പോഴോ ഒരു കുറുക്കന്‍ ഞങ്ങളുടെ കുറുകെ ഓടി മറഞ്ഞു. 

nila 5

വൃഷ്ടി പ്രദേശത്തെ അമിതമായ മണ്ണൊലിപ്പ് പുഴയെ നാശമാക്കുന്നതില്‍ വലിയൊരു പങ്കു വഹിക്കുന്നു എന്ന് മൂസ സാര്‍ അഭിപ്രായപ്പെട്ടു. പലതരത്തിലുള്ള കല്ലുകളും, പാറക്കഷണങ്ങളും അതിനുദാഹരണങ്ങളായി അദ്ദേഹം കാണിച്ചു തന്നു. ചിലയിടത്ത് തിട്ട് വളരെ ഉയര്‍ന്നു കിടക്കുന്നു. പുഴയിലെ വെള്ളത്തില്‍ നിന്നും മൂന്നില്‍ താഴെ  മീറ്ററോളം ഉയരം വരും തിട്ടിന്. കുറച്ച് നടന്നപ്പോഴേക്കും ഉയരമുള്ള ഒരു സ്ഥലത്തെത്തി അവിടെ നിന്നാല്‍ കിഴക്ക് വെള്ളിയാങ്കല്‍ പാലം കാണാം. ചിലയിടത്ത് പുല്ലുകള്‍ക്ക് തീയിട്ടു നാശം വരുത്തിയിരിക്കുന്നു. പാമ്പുകള്‍ ഉണ്ടാകുമെന്നും ശ്രദ്ധയോടെ വേണം നടക്കാനെന്നും ഉദയന്‍ സാര്‍ സൂചിപ്പിച്ചു.

ഇടയ്ക്ക് മുന്നോട്ടു വഴി നടക്കാന്‍ പറ്റാതെ വരുമ്പോള്‍ തിരികെ നടന്ന് പുഴവെള്ളത്തിനരികിലേക്കിറങ്ങി വീണ്ടും കയറി നടന്നു. ഈ തിട്ടില്‍ പ്രകൃതി രൂപാന്തരം പ്രാപിച്ച് പുതിയ ആവാസ വ്യവസ്ഥ രൂപപ്പെട്ടുവന്നിരിക്കുന്നു. എത്രയോ വര്‍ഷങ്ങള്‍ കൊണ്ടായിരിക്കാം ഇതു സംഭവിച്ചത്. വെറുതെയല്ല പുഴ ദിശമാറി തെക്ക് ചിറ്റപ്പുറത്തിലൂടെയും,  കൂടല്ലൂരിലൂടെയും കഴിഞ്ഞ പ്രളയക്കാലത്തൊഴുകിയത്. പുഴയുടെ സംഭരണ ശേഷി എത്രയോ കുറഞ്ഞിരിക്കുന്നു. പ്രകൃതിയ്ക്കു പോലും കഴിയില്ല ഇനിയാ പ്രദേശം പഴയ രൂപത്തിലേക്കാക്കാന്‍. അത്രയ്ക്കു മാത്രം പുഴ രണ്ട് കിലോമീറ്റര്‍ നീളത്തിലും ഏകദേശം മുന്നൂറു മീറ്റര്‍ വീതിയിലും പറമ്പായി മാറിക്കഴിഞ്ഞു. മരണം നിളയെ പതിയെ പുല്‍കുന്നതിന്റ  നേര്‍കാഴ്ച്ച.

nila 2

ചെറു കുരുവികളും ഇറ്റിറ്റാം കിളികളും കലപിലയുണ്ടാക്കി പറന്നു നടക്കുന്നു. താഴ്ന്ന് പറന്ന് മീനുകളെ ലക്ഷ്യമാക്കി സൂക്ഷ്മതയോടെ പറക്കുന്ന പരുന്തുകള്‍ കൗതുകമായി. ചരലുകള്‍ക്കിടയില്‍ ഏതോ പക്ഷിയുടെ മുട്ടകള്‍. മണലില്‍ പക്ഷികളുടെ കാലുകള്‍ പല ചിത്രങ്ങളും വരച്ചത് കണ്ടു. പടിഞ്ഞാറ് സൂര്യന്‍ അസ്തമയത്തിന് തയ്യാറായി കുങ്കുമ വര്‍ണ്ണമായി മാറിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക്  മുന്നില്‍ വഴി അപ്രത്യക്ഷമായി. നേരെ മുന്നില്‍ വലിയ കയം, ഞങ്ങളുടെ ശബ്ദം കേട്ടതും കയത്തില്‍ നിന്നും മൂന്ന് നീര്‍ നായകള്‍ ശബ്ദമുണ്ടാക്കി തലപൊക്കി നോക്കി, ഞങ്ങളെ കണ്ടതും അവ വെള്ളത്തില്‍ ഊളിയിട്ടു. കുറച്ചു നേരം ഞങ്ങളവിടെ വിശ്രമിച്ചു. വീണ്ടും നടന്നു, ഇടതൂര്‍ന്ന് നില്‍കുന്ന വഞ്ചി പുല്ല് വകഞ്ഞു മാറ്റി പൊന്തകള്‍ക്കിടയിലൂടെ മുന്നോട്ട്, വടിയോ ആയുധമോ ഇല്ല, ഒരിടത്ത് വലിയൊരു ചാല്, പൊന്ത വകഞ്ഞു മാറ്റി മുന്നോട്ടു പോകാന്‍ വയ്യ, മറ്റൊരു വഴി കണ്ടെത്തി താഴെയുള്ള മണല്‍ തട്ടിലേക്ക് തിട്ടില്‍ നിന്നും ഇറങ്ങി,, 

പിന്നെ യാത്ര മണലിലൂടെ, മണലും,ചരലും പലയിടത്തും., ഓരോ സ്ഥലത്തെയും മണലിനു തന്നെ വ്യത്യസ്ഥമായ സ്വഭാവം, ചിലയിടത്ത് പല വലുപ്പത്തിലും, ആകൃതിയിലുമുള്ള കല്ലുകളിലൂടെ ചെറുതായി വെള്ളം പരന്നൊഴുകുന്നു. കൂടാതെ വെള്ളത്തോടുചേര്‍ന്ന് വ്യത്യസ്ത ഇനത്തില്‍പെട്ട കൊറ്റികള്‍. കാരിമുണ്ടിയും, ചാരമുണ്ടിയുമെല്ലാമുണ്ട്. ചിലയിടത്ത് ഇരണ്ടകള്‍ മിന്‍ പിടിക്കുന്നു. അജിത്ത് മാസ്റ്റര്‍ പക്ഷികളെ കുറിച്ച് പറഞ്ഞു തന്നു.  എല്ലാം കണ്ടാസ്വദിച്ച് മുന്നോട്ട് തൂതപ്പുഴയെ ലക്ഷ്യമാക്കി നടത്തം.

nila 3

പുഴയുടെ തെക്കേ അരികില്‍ അങ്ങിങ്ങായി മറഞ്ഞിരുന്ന് ചീട്ട് കളിക്കൂട്ടം. ഞങ്ങളെ കണ്ടതും ആശങ്കയോടെ അവരുടെ നോട്ടം, എന്നാലും ഞങ്ങള്‍ വളരെ ദൂരെയാണ്. ചിലയിടത്ത് പോത്തുകള്‍ മേയുന്നു. കൂടല്ലൂര്‍ ഏത്താറായപ്പോഴേക്കും കുട്ടികളുടെ പന്തു കളി ഒരു ഭാഗത്ത്. പലയിടങ്ങളിലായി ആള്‍ക്കാര്‍ കുളിക്കുന്നു. ചിലയിത്ത് മീന്‍ പിടിയ്ക്കുന്നതിനായി വല പുഴയ്ക്കു കുറുകെ, ഞങ്ങളുടെ യാത്ര കൂടല്ലൂര്‍ ഭാഗത്തെത്തുമ്പോഴേയ്കും കുറേകൂടി വടക്കേ ദിശയിലേക്കാക്കി നടത്തം. അങ്ങു വടക്കു കിഴക്കു നിന്നാണല്ലോ തൂത പുഴ ശക്തിയായൊഴുകി വരുന്നത്!

മണലിലൂടെയും ചരലിലൂടെയും യാത്ര കുറച്ചു മുന്നോട്ടു പോയപ്പോള്‍ നല്ല കറുകറുത്ത കളിമണ്ണ്, അതിനു മുകളിലൂടെ പുയൊഴുകുന്നു. ചിലയിടത്ത് കറുത്ത പാറപോലെ തന്നെ കാണപ്പെട്ടു.കളിമണ്ണ് ചവിട്ടി വെള്ളത്തിലൂടെ വീണ്ടും വടക്കോട്ട്. ഇടയ്ക്ക് വെള്ളത്തിനു മീതെ ഒരു പഴയ മരം വിലങ്ങനെ കിടക്കുന്നു, അതൊരു പാലമാക്കി ഞങ്ങള്‍ തൂതയ്ക്കരികിലേക്ക്, വൈകീട്ട് ആറു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി. തൂത നിളയില്‍ ചേരുന്ന സംഗമത്തില്‍ ഇറങ്ങി മുഖമെല്ലാം കഴുകി. കൂടെയുണ്ടായിരുന്ന മുദ്ര ഗോപി നല്ല ഏതാനും ചിത്രങ്ങള്‍ പകര്‍ത്തി. അപ്പോഴേയ്ക്കും സൂര്യന്‍ ഞങ്ങളോട് യാത്ര പറഞ്ഞിരുന്നു. 
nila 4

അസ്തമയ സൂര്യന്‍ തന്റെ പൊന്‍പ്രഭ അങ്ങു പടിഞ്ഞാറന്‍ ചക്രവാളത്തിലും നിളയുടെ മീതെ ആറ്റുവഞ്ചിപ്പൂവിലും മതിതീരെ വാരിപ്പൂശിയിരുന്നു.തിരികെ ഞങ്ങള്‍ നടന്ന് പുഴ കുറുകെ കടന്ന് റോഡിലെത്തി.കുളിര്‍മ്മയുടെ പൊട്ടിച്ചിരികളല്ല ഞങ്ങള്‍ നിളയിലെ ഓളങ്ങളില്‍ കണ്ടത്. മറിച്ച് ദീര്‍ഘനിശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നാളെയിലെ നിളയുടെ, മരണത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞപോലെ.......

Content Highlights: Nila River Bharathapuzha River trekking