മംഗലംഡാം: മംഗലം ഡാമിലെ പുതിയ പാര്‍ക്ക് തുറക്കുന്നത് അടിസ്ഥാനസൗകര്യങ്ങളില്ലാതെയെന്ന് ആരോപണം. ജലസേചന-വിനോദസഞ്ചാര വകുപ്പുകള്‍ചേര്‍ന്ന് നവംബര്‍ ഒന്നിനാണ് പാര്‍ക്ക് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനമായി രണ്ടാഴ്ച കഴിഞ്ഞിട്ടും പാര്‍ക്ക് തുറക്കാനുള്ള തയ്യാറെടുപ്പുകളൊന്നും ആരംഭിച്ചില്ല. സന്ദര്‍ശകരുടെ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടില്ല.

പാര്‍ക്കിലെ ഉണങ്ങി മറിഞ്ഞുവീഴാറായ മരങ്ങള്‍ മുറിച്ചുനീക്കാനുള്ള നടപടിയും എങ്ങുമെത്തുന്നില്ല. അമ്യൂസ്മെന്റ് പാര്‍ക്കിനടുത്ത് ഒരു വലിയ താന്നിമരം വീഴാറായി നില്‍ക്കുകയാണ്. മരം വീണാല്‍ കോടികള്‍മുടക്കിയുള്ള നിര്‍മിതികള്‍ തകരും. നാല് മുളങ്കൂട്ടങ്ങള്‍ ഉണങ്ങി നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഷട്ടര്‍ഭാഗത്തെ പ്രധാന പാതകളിലും ഇതേ സ്ഥിതിയുണ്ട്.

4.76 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഒരുവര്‍ഷമായി നടക്കുന്നില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മാനേജരെപ്പോലും ഡി.ടി.പി.സി. നിയമിച്ചില്ലെന്ന ആരോപണവും ശക്തം. അഞ്ച് ജീവനക്കാരും മൂന്ന് ശുചീകരണത്തൊഴിലാളികളുമാണ് ഇവിടെയുള്ളത്. സാഹസികോദ്യാനവും മിനി അമ്യൂസ്മെന്റ് പാര്‍ക്കും തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെക്കൂടി നിയമിക്കണമെന്ന ആവശ്യവും നിലവിലുണ്ട്.

Content Highlights: new park in mangalam dam to open soon, but basic facilities in vain