ലയാറ്റൂരിനോടും കാലടിയോടും തൊട്ടുകിടക്കുന്ന ഗ്രാമമാണ് നീലീശ്വരം. ഇത് ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ പേര് 'മലയാറ്റൂര്‍-നീലീശ്വരം' ഗ്രാമപ്പഞ്ചായത്ത് എന്നാണ്. എന്നാല്‍, രാജഭരണകാലത്ത് നീലീശ്വരം തിരുവിതാംകൂറിന്റെയും മലയാറ്റൂര്‍ കൊച്ചിയുടെയും ഭാഗം ആയിരുന്നു. 1930-ല്‍ മലയാറ്റൂര്‍ വില്ലേജ് പഞ്ചായത്ത് ആണ് ആദ്യം നിലവില്‍ വന്നത്. 1953-ലാണ് മലയാറ്റൂര്‍ വില്ലേജും മാണിക്കമംഗലം താലൂക്കിലെ നീലീശ്വരം കരയും ചേര്‍ത്ത് മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് രൂപവത്കരിച്ചത്.

'നീലീശ്വര'ത്തിനെ പലരും തെറ്റായി എഴുതി 'നീലേശ്വരം' ആക്കാറുണ്ട്. നീലീശ്വരം തന്നെയാണ് ശരി. കാസര്‍കോഡ് ജില്ലയിലാണ് നീലേശ്വരം എന്ന സ്ഥലം. നീലേശ്വരത്തിനും നീലീശ്വരത്തിനും പേരുണ്ടായത് 'നീല ഈശ്വരന്‍' ആയ ശിവനില്‍ നിന്നുതന്നെ. നീലീശ്വരത്ത് ഒരു ശിവക്ഷേത്രമുണ്ട്.

മറ്റൊരു കഥയുള്ളത് 'നീലി' എന്ന ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ്. പണ്ടിവിടെ വടക്കേടത്ത് മുകുന്ദരാജാ എന്നൊരു നാടുവാഴി ഉണ്ടായിരുന്നു. നാടുവാഴി തുറവൂരില്‍ നിന്ന് നീലി എന്നൊരു സ്ത്രീയെ കൊണ്ടുവന്ന് ഇവിടെ ദേവീക്ഷേത്രത്തിനടുത്ത് പാര്‍പ്പിച്ചിരുന്നുവത്രെ. നീലിയെ പാര്‍പ്പിച്ചിരുന്ന സ്ഥലം പിന്നീട് നീലീശ്വരം ആയി അറിയപ്പെടാന്‍ തുടങ്ങിപോലും. പറവൂര്‍

തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പണ്ടിവിടം. ദ്വാപര യുഗത്തില്‍ പാണ്ഡവന്മാര്‍ വനവാസം നടത്തിയത് ഇവിടെയായിരുന്നുവെന്നുമുണ്ട് ഒരു വിശ്വാസം. അന്നൊക്കെ ഇവിടം നിബിഡവന പ്രദേശമായിരുന്നു. ജനങ്ങളെ ഉപദ്രവിച്ചിരുന്ന ബകന്‍ എന്ന രക്ഷസനെ ഭീമസേനന്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ കൊന്ന് തുണ്ടുതുണ്ടാക്കി വലിച്ചെറിഞ്ഞത് ഇവിടെ വച്ചായിരുന്നു എന്നാണ് ഐതിഹ്യം.

ബകന്റെ തല ചെന്നു വീണ സ്ഥലം തലക്കോടും നടുഭാഗം വീണിടം നടുവട്ടവും കൈ വീണിടം കൈപ്പട്ടൂരും കാല് വീണിടം കാലടിയും മണ (കുടല്‍മാല) വീണിടം മണപ്പാട്ടുചിറയും ആയി എന്നുമുണ്ട് കഥ. ('ഏകചക്ര' എന്ന ഗ്രാമത്തിലാണ് ബകാസുരന്‍ താമസിച്ചിരുന്നതെന്നും അയാള്‍ ദിവസവും ഓരോ മനുഷ്യനെ വീതം മുഴുവനോടെ ഭക്ഷിച്ചിരുന്നുവെന്നുമാണ് പുരാണം പറയുന്നത്. അത് ശരിയെങ്കില്‍ ഈ പ്രദേശം പണ്ട് 'ഏകചക്ര' ആയിരുന്നിരിക്കണമല്ലോ. ബകന്‍ ഈ നാട്ടുകാരില്‍ പലരെയും തിന്നുതീര്‍ത്തിരിക്കാനുമിടയുണ്ട് !). പാണ്ഡവരുടെ കഥയുമായി ബന്ധം അരക്കിട്ടുറപ്പിക്കുന്ന മട്ടില്‍ 'പാണ്ഡുപാറ' എന്ന പേരിലുമുണ്ട് ഒരു സ്ഥലം ഈ പ്രദേശത്തുതന്നെ.

രാജഭരണകാലത്ത് ഇവിടെ കാവല്‍മാടങ്ങളും വഴിവക്കില്‍ സ്ഥാപിച്ച കൈയാമങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇതുവഴി സഞ്ചരിക്കുന്നവരെ രാജഭടന്മാര്‍ ചോദ്യം ചെയ്യുകയും സംശയം തോന്നിയാല്‍ കൈയാമങ്ങളില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്നുവത്രെ.

തിരുവിതാംകൂര്‍-കൊച്ചി അതിര്‍ത്തിയിലായതിനാല്‍ പണ്ടിവിടെ 'ചൗക്ക'യും 'കൊതി' കല്ലുകള്‍ എന്നറിയപ്പെടുന്ന അതിര്‍ത്തിശിലകളും ഉണ്ടായിരുന്നു. പള്ളുപ്പേട്ട തോട് ആണ് നീലീശ്വരത്തെയും മലയാറ്റൂരിനെയും പരസ്പരം വേര്‍തിരിക്കുന്നത്. ഇവിടെ പുതിയ പാലം വന്നെങ്കിലും നൂറ്റാണ്ടിന്റെ പഴക്കമുള്ള പഴയ പള്ളുപ്പേട്ട ഇരുമ്പുപാലം ചരിത്രാവശിഷ്ടമായി ഇപ്പോഴുമുണ്ട്.

*****

'മാഞ്ഞാലി' ലേഖനത്തില്‍ വിട്ടുപോയത് -മാഞ്ഞാലി കോട്ടയുടെ ഉള്ളില്‍ നിന്ന് പണ്ട് മാഞ്ഞാലിപ്പുഴയിലേക്ക് ഭൂഗര്‍ഭപാത ഉണ്ടായിരുന്നത്രെ. മാഞ്ഞാലി പാലത്തില്‍ നിന്ന് നോക്കിയാല്‍ കല്‍പ്പലക വച്ച് അടച്ചതുപോലെ കാണുന്ന പാറ ഈ തുരങ്കത്തിന്റെ പുറത്തേക്കുള്ള കവാടം ആയിരുന്നുവെന്നും പറയപ്പെടുന്നു.

അടുത്തത്: കൊറ്റമം

Content Highlights: Neeleeswaram, Sthala Namam, Malayattoor Grama Panchayath