ണ്ടുപണ്ട് സൂര്യകിരണങ്ങൾ അടിത്തട്ടിലെത്താൻ പാടുപെടുന്ന നിബിഡവനമായിരുന്നു ഇത്. വ്യവസായ ഭീമൻമാർക്കുവേണ്ടി വനം വെളുപ്പിച്ചു. മരങ്ങൾ കാടുകടത്തി. യൂക്കാലിപ്റ്റസും അക്കേഷ്യയും നട്ടു. നെൽക്കൃഷിയും കപ്പക്കൃഷിയും ചെയ്തു. വെള്ളം വറ്റി. അടിക്കാടുകൾ നശിച്ചു. കാടുതന്നെ ഇല്ലാതായി. യൂക്കാലികൾ അതിജീവിച്ചില്ല. കൃഷിയും പരാജയമായി. സ്വാഭാവികവനം വീണ്ടും വരുമെന്നു കാത്തിരുന്നെങ്കിലും അതും സംഭവിച്ചില്ല. അപ്പോഴാണ് ആനപെട്ടകോങ്കലിലെ പ്രകൃതിസ്നേഹികളും കെ.സി.സ്മാരക സാംസ്കാരികകേന്ദ്രവും ചേർന്ന് വർഷാവർഷം വനയാത്രയും കാട്ടുമരങ്ങൾ നടീലും തീരുമാനിച്ചത്. വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഈ യാത്രയ്ക്ക് 10 വയസ്സാവുകയാണിപ്പോൾ. വരുന്ന ശനിയാഴ്ചയാണ് ഇത്തവണത്തെ യാത്ര. അതിനു മുന്നോടിയായിരുന്നു ഈ സഞ്ചാരം

Nedungallur Pacha
വ്യത്യസ്ത മരങ്ങൾ നിറഞ്ഞ മൊട്ടൽപ്പച്ചയുടെ കാഴ്ച

റേഞ്ച് ഓഫീസർ ബി.ആർ.ജയന്റെയും ഫോറസ്റ്റർ എസ്.അനിൽകുമാറിന്റെയും അനുവാദം വാങ്ങി. രാവിലെ കാട്ടിനുള്ളിലേക്ക് പ്രവേശിച്ചു. മുറിച്ചുകൊണ്ടുപോകുന്നതിനായി നിർമിച്ച കൂപ്പ്റോഡിലൂടെ ജീപ്പ് അള്ളിപ്പിടിച്ച് അകത്തേക്ക്‌. കുത്തിയൊലിച്ച വെള്ളത്തിൽ റോഡ് ഒലിച്ചുപോയിരിക്കുന്നു. മുൻഗിയറുകൂടി ഇട്ടിട്ടും രക്ഷയില്ലാത്തിടത്ത് ഇറങ്ങി നടന്നു. കരിമ്പാറയിൽ ഇത്തിരി മണ്ണിൽ പറ്റിപ്പിടിച്ചുവളരുന്ന മരങ്ങൾ. . നല്ല ഉറപ്പുള്ള ഈ മരങ്ങളായിരുന്നു കാട്ടിലേറെയും. അതാണ് വെട്ടിമാറ്റിയത്. നട്ടുപിടിപ്പിച്ചതിൽ ബാക്കിയായ യുക്കാലി മരങ്ങൾ, ചെയ്ത തെറ്റിന്റെ ഓർമപ്പെടുത്തൽപോലെ നിൽക്കുന്നു. ജീപ്പ് നിർത്തിയതിനടുത്ത് കടുവാച്ചിലന്തിയുടെ കൂടുകണ്ടു. മണ്ണിൽ മാളങ്ങളുണ്ടാക്കി ഇലകൾകൊണ്ട് അലങ്കരിച്ചാണ് കൂട്. ഞങ്ങളെ കണ്ടപ്പോൾ ചിലന്തിയാശാൻ കുഴിയിലേക്ക് മറഞ്ഞു. കടിച്ചാൽ അപകടകാരിയാണ് ഇവൻ. പേശികളെ ബാധിക്കുന്ന വിഷമാണ്. അവിടെനിന്ന്‌ ട്രെക്കിങ് ആരംഭിക്കുകയായി.

ഇതാണ് ആനനിരപ്പ്. യാത്ര നയിക്കുന്ന വനയാത്രാസമിതി പ്രസിഡന്റ് എ.ടി.ഫിലിപ്പ് പറഞ്ഞു. അപ്പുറത്ത് ഈറപ്പച്ചയിൽനിന്ന് അതെല്ലാം ഒടിച്ചുതിന്ന് പള്ളനിറയുമ്പോൾ ആനകൾ ഇവിടെ വരും. ഇവിടെയാണ് സമ്മേളനം. പിന്നെ താഴേക്കിറങ്ങും. ആനകളുടെ പഴകിയ പിണ്ടങ്ങളും കാല്പാടുകളും ധാരാളം കാണാമായിരുന്നു.

Nedungalloor Pacha Waterfalls
പാൽനുരചിതറി... നെടുങ്ങല്ലൂർ പച്ചയിലുള്ള വെള്ളച്ചാട്ടം

ഇനി ആനതെളിച്ച വഴിയിലൂടെ നടക്കാം. അങ്ങിനെ മൊട്ടൽപച്ചയിലെത്തി. മനോഹരമായൊരു കാടിടം. വള്ളിപ്പടർപ്പുകൾ ചുറ്റിവരിഞ്ഞ മരങ്ങൾ. ചെറിയ ചരിവ് അവസാനിക്കുന്നിടത്ത് നീരൊഴുക്ക്. നല്ലകാറ്റും ചെറിയ തണുപ്പും. കടുംപച്ചിലകൾ ധാരാളമുള്ള മരങ്ങൾ. അതാണ് മൂട്ടിൽപ്പുളിയുടെ മരങ്ങൾ. തടിനിറയെ ചുമന്ന പുളിപിടിച്ചുനിൽക്കുമ്പോൾ കണ്ടാൽ ആഹാ എന്ന്‌ ആരും പറഞ്ഞുപോകും.

കുട്ടിക്കാലത്ത് ഈ കാട്ടിൽ വന്നിട്ടുള്ള ഫിലിപ്പിന്റെ വാക്കുകളിൽ സങ്കടം. ഇവിടെ മൂട്ടിൽപ്പുളിയുടെ ചെടികൾ നട്ടുപിടിപ്പിക്കാൻ പദ്ധതിയുണ്ട്. അതിനായി ഒരു നഴ്‌സറി തുടങ്ങും. ഒരുവർഷം അഞ്ചുഹെക്ടർ വനം എന്ന രീതിയിൽ നാലഞ്ചുകൊല്ലംകൊണ്ട് പഴയ വനമാക്കി മാറ്റുകയാണ് ലക്ഷ്യം.

Nedungalloor Pacha 3

നെടുങ്ങല്ലൂർ പച്ചയുടെ ചരിത്ര ഐതിഹ്യപ്പെരുമകളിലേക്കും സഞ്ചരിച്ചു. ‘22 ഹെക്ടർ വനഭൂമിയാണ് നെടുങ്ങല്ലൂർ പച്ച എന്നറിയപ്പെടുന്നത്. പണ്ട് കുലശേഖരപ്പെരുമാളിന്റെ ഭരണകാലത്ത് ചോള ആക്രമണം പതിവായിരുന്നു. അന്ന് മിന്നലാക്രമണത്തിലൂടെ തിരിച്ചടിക്കാനുള്ള ചാവേർസംഘം നിലയുറപ്പിച്ചത് ഇവിടെയായിരുന്നു. മധുര-ചെങ്കോട്ട-ആര്യങ്കാവ് റോഡ് ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ മാറിയാണ്. ആവഴി ആക്രമണകാരികൾ വരുമ്പോൾ ഇൗ കാണുന്ന കുന്നിനുമുകളിൽ കയറിനിന്നാൽ വ്യക്തമായി കാണാം. വീണ്ടും മുന്നോട്ട്. തൊടലിമുള്ളുകൾ ഇടയ്ക്ക് പിടിച്ചുനിർത്താൻ ശ്രമിക്കുന്നുണ്ടു. പാറക്കൂട്ടങ്ങളും വീണലിഞ്ഞുകൊണ്ടിരിക്കുന്ന കാട്ടുമരങ്ങളും കടന്ന് പളിയൻപാറയിലേക്ക്. ചെറിയ രണ്ടുകരിമ്പാറമലകളാണ് പളിയൻപാറ. നടുവിൽ ചെറിയൊരു വെള്ളച്ചാട്ടവും. പണ്ട് ആദിവാസികൾ താമസിച്ചിരുന്നിടമാണ്.

Nedungalloor Pachaമുള്ളുകൾ നൂഴ്‌ന്നുകടന്നു. കരിയിലകൾ മെത്തയായി മാറിയ കാട്ടിലൂടെ, ചതുപ്പിലെ പച്ചപുല്ലുകളിലൂടെ, കാക്കപ്പൂക്കളും പേരറിയാത്ത കൊച്ചുകൊച്ചു പൂക്കളും കണ്ട് കുളത്തിലേക്ക്. മുന്നിലെ പച്ചപ്പുല്ലുനിറഞ്ഞ ചെറിയ ചതുപ്പ് മൃഗങ്ങളുടെ കളിസ്ഥലമെന്നാണ് അറിയപ്പെടുന്നത്. ഇവിടെ വെള്ളം കുടിക്കാനും കുളിക്കാനും കളിക്കാനും പലതരം മൃഗങ്ങൾ ഒത്തുചേരും. ഈ കുളം കവിഞ്ഞുവരുന്ന തോടാണ് പളിയൻപാറയിൽ വെള്ളച്ചാട്ടമാകുന്നതും അങ്ങ്‌ താഴ്വരയിൽ കുടിവെള്ളമാകുന്നതും. പണ്ടു താഴെ ഞങ്ങളുടെ വീടിനടുത്തൊക്കെ ഒരിക്കലും വറ്റാത്ത തോടുകളായിരുന്നു. വനം വെളുപ്പിച്ച് യൂക്കാലി നട്ടതിൽപ്പിന്നെ മഴക്കാലത്തുമാത്രമേ വെള്ളമുള്ളൂ. മഴമാറി അൽപ്പം കഴിയുമ്പോൾ ഇതെല്ലാം വറ്റും. ദിപിന്റെ ഓർമകൾക്കും സങ്കടം. മുകളിലേക്ക് കയറുമ്പോൾ ജയദേവൻ ഒരുചെടി കാണിച്ചുതന്നു. ഇതാണ് കൽത്താമര. ആദിവാസിസ്ത്രീകൾ പ്രസവവേദന ലഘൂകരിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്.

Nedungallur Pacha 2

വഴിക്ക് കാട്ടുകുരുമുളകിന്റെ കയ്പ് അറിഞ്ഞു. ബ്രഹ്മവ്രതൻ പറിച്ചുതന്ന കുഞ്ഞുനെല്ലിക്കയുടെ ആദ്യകയ്പും പിന്നെ മധുരവും നുണഞ്ഞു. നടന്ന് മുകളിലെത്തി. അവിടെയാണ് പുരാതനകാലംമുതലേയുള്ള കുളം. ഒരിക്കലും വറ്റാത്ത നീരുറവ. സോമരാജേന്ദ്രനും രാജീവും ചേർന്ന് അവിടം വൃത്തിയാക്കി. വീണ്ടും മുകളിലേക്ക് കയറി. കൂപ്പുറോഡായി. അവിടെ ജീപ്പു കിടപ്പുണ്ടായിരുന്നു. കാലുവയ്യാത്തതിനാൽ ട്രെക്കിങ്ങിനു വരാതിരുന്ന അബ്ദുൾ ലത്തീഫും കാത്തിരിക്കുന്നുണ്ടായിരുന്നു. കൊണ്ടുവന്ന നാടൻപഴവും അരുവിയിലെ വെള്ളവും കുടിച്ച് തിരികെ നാട്ടിലേക്ക്... കാടുതന്ന കുളിർമ മനസ്സിൽ. കാട് തിരിച്ചുപിടിക്കാനാഗ്രഹിക്കുന്ന ഒരുനാടിന്റെ നന്മയും.

Content Highlights: Nedungalloor Pacha, kollam forest trekking, jungle trekking in kerala