പാണ്ഡവർക്ക് കേരളമണ്ണിനോട് വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നിരിക്കും. അവരുമായി ബന്ധപ്പെട്ട് അത്രയധികം ഇടങ്ങളുണ്ട് കേരളത്തിൽ. പാണ്ഡവപ്പാറ, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ തുടങ്ങി പലയിടങ്ങളും ആ ബന്ധത്തിന് അടിവരയിടുന്നുണ്ട്. ഇപ്പോഴും പാണ്ഡവപ്പെരുമ തിളക്കം നഷ്ടപ്പെടാതെ പ്രോജ്ജ്വലിക്കുന്ന പ്രദേശങ്ങൾ കേരളത്തിൽ അങ്ങിങ്ങായുണ്ട്. അതിൽ മൂന്നാറിന് വലിയ സ്ഥാനമാണുള്ളത്. മലകളും താഴ്വാരങ്ങളും ഡാമുകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം വിസ്മയം തീർക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന പേരിനൊപ്പം ചരിത്രവുമായും മിത്തുകളുമായും ഇടകലരുന്ന, അധികമാരുമറിയാക്കഥകൾ ഈ സുന്ദരഭൂമികയ്ക്ക് പറയാനുണ്ട്. മൂന്ന് ആറുകൾ ചേരുന്ന ദക്ഷിണേന്ത്യയുടെ കശ്മീരിൽ പാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നത്. പഞ്ചപാണ്ഡവ മല, പാഞ്ചാലിമേട്, മുനിയൂർ തുടങ്ങിയവയെല്ലാം മൂന്നാറിനെ ആ ഐതിഹ്യവുമായി ബന്ധിപ്പിക്കുന്നു. മുനിയൂരിലെ പാണ്ഡവബന്ധം അറിയാനാണ് ഈ യാത്ര.

Muniyara 3
മുനിയറയിലെ കാറ്റേറ്റ്...

കോഴിക്കോട്ടുനിന്ന് മൂന്നാറിലേക്ക് രാത്രി പന്ത്രണ്ടരയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറി. ഇടയ്ക്കെപ്പഴോ ഉറക്കത്തിലേക്ക് ഊളിയിട്ടു. ഉണർവിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഒരു കാറ്റായിരുന്നു. പാതി ചിമ്മിയ കണ്ണിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തീപ്പെട്ടിക്കൂടുകൾ അടുക്കിവെച്ചിരിക്കുന്നതുപോലുള്ള കെട്ടിടങ്ങൾ, വളഞ്ഞും പുളഞ്ഞുമുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, കണ്ണെത്താദൂരത്തോളം തേയി ലത്തോട്ടങ്ങൾ, പൈൻമരങ്ങൾ അതിരിട്ട വഴികൾ, ആകാശത്തെ ചുംബിച്ച് നിൽക്കുന്ന മലനിരകൾ... മൂന്നാർ സ്വാഗതം ചെയ്യുകയാണ്. മരംകോച്ചുന്ന തണുപ്പിൽ മൂന്നാർ ടൗണിൽ ഇറങ്ങി. ശരിക്കുമൊരു തമിഴ്നാട് ഗ്രാമം. മുറിമലയാളവുമായി പലരും റൂം വേണമാ സാർ എന്നും പറഞ്ഞ് ചുറ്റും കൂടി. ഒരു കട്ടൻചായ കുടിച്ച് മൂന്നാറിന്റെ പ്രഭാതാനുഭവം സുന്ദരമാക്കി.

മൂന്നാർ സ്വദേശിയും സുഹൃത്തുമായ സിബു ഞങ്ങളെയും കാത്തുനിൽപ്പുണ്ടായിരുന്നു. റൂമെടുത്ത് ഒന്ന് കുളിച്ച് ഉഷാറായി. മൂന്നാറിലെ മിക്ക സ്ഥലങ്ങളും ഇതിനോടകം പലകുറി കണ്ടതാണ്. പുതുതായി എന്തെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുനിയറയിലേക്ക് യാത്ര തുടങ്ങിയത്. പഞ്ചപാണ്ഡവരുമായി ബന്ധമുള്ള ഇടമാണ് മുനിയറ, സിബുച്ചേട്ടൻ പറഞ്ഞു. മൂന്നാറിൽ ഐതിഹ്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സഞ്ചാരയിടങ്ങൾ കുറവാണ് എന്ന ധാരണയെ പൊളിച്ചടുക്കുന്നതായിരുന്നു ഈ അറിവ്. അതുമാത്രമല്ല, പല ഗുഹകളും മലകൾക്കിടയിലൂടെയുള്ള തുരങ്കങ്ങളും മൂന്നാറിലുണ്ട്. അവയെല്ലാം പറ്റുമെങ്കിൽ കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ മുനിയറയിലേക്ക്.

Muniyara 5
മുനിയറ

മൂന്നാറിൽ നിന്ന് ദേവികുളം പൂപ്പാറ റൂട്ടിലൂടെയാണ് യാത്ര. കേരളത്തിലൊന്നാകെ നാശം വിതച്ച പ്രളയം മൂന്നാറിനെയും ഛിന്നഭിന്നമാക്കിയിരുന്നു. അതിൽനിന്ന് പ്രദേശം ഉയിർത്തെഴുന്നേൽക്കുകയാണ്. പേമാരിയിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകളെല്ലാം നീക്കി വീതികൂടിയ റോഡുകൾ നിർമിക്കുന്നുണ്ട്. കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലെ തൊണ്ടി പോയിന്റ് വരെയുള്ള ദേശീയപാത 85 ആണിത്. സർവം പൊടിമയം. നല്ല വെയിലുണ്ട്. പക്ഷേ, തണുപ്പുകലർന്ന കാറ്റ് പോകുന്ന വഴിയിൽ ഗ്യാപ്പ് റോഡിലെത്തിയപ്പോൾ ഒരു ഗുഹ ശ്രദ്ധയിൽപ്പെട്ടു. അത് ഒരു തുരങ്കമാണ്. മലക്കള്ളൻ എന്ന കാട്ടുകള്ളൻ താമസിച്ചിരുന്ന ഗുഹയാണത് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. ആ തുരങ്കത്തിലൂടെ സഞ്ചരിച്ചാൽ തമിഴ്നാട്ടിലെത്തും. പലരും അത് കണ്ടെത്താൻ അതിലൂടെ യാത്ര നടത്തിയെങ്കിലും പാതിവഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തിരിച്ചുപോന്നു. ഇപ്പോഴും ആ ഗുഹ ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്നു. ഗുഹയിലൂടെ ഒന്നു പോയാലോ എന്നാലോചിച്ചു. ജീവനിൽ കൊതിയുണ്ടേൽ ആ മോഹം അങ്ങ് കളഞ്ഞേക്ക് എന്ന് സിബു ചേട്ടൻ പറഞ്ഞതോടെ ആഗ്രഹത്തെ എട്ടായി മടക്കി പോക്കറ്റിലിട്ടു.

ഗ്യാപ്പ് റോഡിൽ നിന്നും 13 കിലോമീറ്റർ പിന്നിട്ടപ്പോൾ ആനയിറങ്ങൽ ഡാമിലെത്തി. അതിനടുത്തുള്ള ഒരു നാടൻ ഭക്ഷണശാലയിൽ നിന്ന് ഉച്ചയൂൺ ശാപ്പിട്ടു. കൂട്ടിന് നല്ല ബീഫ് വരട്ടിയതും. കുറച്ചുനേരം വിശ്രമിച്ചതിനുശേഷം മുനിയറയിലേക്ക് വെച്ചുപിടിച്ചു. കണ്ണൻദേവൻ മലനിരകളും തേയിലത്തോട്ടങ്ങളും കാഴ്ചയുടെ വസന്തമൊരുക്കുകയാണ്. ഉയരം കൂടുന്തോറും തണുപ്പിന്റെ കടുപ്പം കൂടി വരുന്നുണ്ട്. യാത്ര ചെയ്ത് പെരിയകനാലിലെത്തി. അവിടെനിന്ന് വലത്തോട്ടുള്ള ചെറിയ റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മുനിയറയിലെത്താം. ആ റോഡ് നേരേ മുട്ടുകാട് ചെന്നാണ് അവസാനിക്കുക. അതുവഴി തേനി ഭാഗത്തുനിന്നും വരുന്നവർക്ക് മൂന്നാറിനെ തൊടാ തെ അടിമാലിയിൽ എത്താം.

Muniyara 6
ഏറ്റവും ചെറിയ അറ

മുട്ടുകാട് റോഡിൽ വലതുവശത്തായി, രാജാക്കാട് എസ്.എ സ്.എം കോളേജ് വിദ്യാർഥികൾ സ്ഥാപിച്ച് മുനിയറയിലേയ്ക്കുള്ള സൂചനാബോർഡുകൾ കാണാം. കല്ലിട്ടവഴിയിലൂടെ മലമുകളിലേ നടന്നു. റോഡിൽനിന്ന് ഏകദേശം 200 മീറ്റർ കുത്തനെയുള്ള വഴിയിലൂടെ നടന്നാൽ മുനിയറയിലെത്താം. അതിവിശാലമായ പാറക്കെട്ടുകളാൽ സമ്പന്നമാണ് പ്രദേശം. വലതുവശത്ത് വലിയ മലനിരകൾ. ഇടതുവശത്ത് കണ്ണെത്താദൂരത്തോളം കൃഷിയിടങ്ങൾ. മൂന്നാറിൽ നെൽകൃഷിയുമുണ്ടെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.

മലമുകളിൽ ആറ് അറകൾ നിർമിച്ചിരിക്കുന്നു. വലിയ പാറക്കല്ലുകളുടെ നേർത്ത പാളികൾ കൊണ്ടാണ് അറകൾ നിർമിച്ചിരിക്കുന്നത്. ഇത് മനുഷ്യനിർമിതമാണോ എന്നു സംശയിച്ചു പോകും. ഒരു പാളി എടുത്തുപൊക്കാൻ ആയിരം പേർ വിചാരിച്ചാൽ പോലും നടക്കില്ല. ചിലപ്പോൾ ഭീമസേനൻ നിർമിച്ചതാകാം. പഞ്ചപാണ്ഡവന്മാർക്കും പാഞ്ചാലിക്കുമായി ഓരോ അറകൾ നിർമിച്ചിരിക്കുന്നു. ആറ് അറകളും അടുത്തടുത്തായാ ണ് സ്ഥിതിചെയ്യുന്നത്. കുറച്ചുകൂടി മുന്നോട്ട് നടന്നാൽ ഇതു പോലെയുള്ള അറകൾ വീണ്ടും കാണാം. അങ്ങ് ദൂരെ മലമുകളിൽ മറ്റൊരറയുണ്ട്. അതിന് വലുപ്പം കൂടുതലാണ്. വനവാസകാലത്ത് പഞ്ചപാണ്ഡവർ മൂന്നാറിൽ വന്നിട്ടുണ്ടാകാം. മുനിയറയും പാഞ്ചാലിമേടും സൈലന്റ് വാലി യിലുള്ള പഞ്ചപാണ്ഡവമലയും അതിലെ ഗുഹകളും മറയൂരിലുള്ള മുനിയറയുമെല്ലാം അക്കഥകളാണല്ലോ പറയുന്നത്.

Muniyara 7
പൊളിഞ്ഞ ​ഗുഹകളിൽ ഒന്ന്

വൈകുന്നേരം മലമുകളിലെത്തുന്നതാണ് നല്ലത്. സായംസന്ധ്യ മലമേടയിൽ ചായം പൂശുന്നത് കാണാം. ഒപ്പം തണുത്ത കാറ്റ് വീശിയടിക്കുന്നത് ആസ്വദിക്കുകയും ചെയ്യാം. ആരാലും സംരക്ഷിക്കപ്പെടാത്തതിനാൽ മുനിയറ ഇന്ന് തകർച്ചയുടെ വക്കിലാണ്. സഞ്ചാരികളിൽ ചിലർ മദ്യക്കുപ്പികൾ പൊട്ടിച്ച് ഇവിടമാകെ മലീമസമാക്കിയിട്ടുണ്ട്. ചിലർ അറകളിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് വികൃതമാക്കിയിട്ടുമുണ്ട്. എന്നാൽ ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

കുറച്ചുകൂടി മുന്നോട്ടു നടന്നാൽ പുല്ലുകൾ നിറഞ്ഞ വഴി മൂടപ്പെട്ടതായി കാണാം. അത് വകഞ്ഞുമാറ്റി മുന്നോട്ട് നടക്കുമ്പോൾ ഒരു ഗുഹാമുഖം തെളിഞ്ഞുവരും. പടുകൂറ്റൻ പാറയുടെ അടിയിലായി നീണ്ടു നിവർന്നു കിടക്കുന്ന വലിയൊരു ഗുഹ. അതിനിടയിലൂടെ വലിഞ്ഞുകയറി. എന്തൊരു തണുപ്പ്! കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ കിളിക്കൂടുകൾ ശ്രദ്ധയിൽപ്പെട്ടു. ധാരാളം ജന്തുജാലങ്ങളുടെ അഭയകേന്ദ്രം കൂടിയാണ് ഈ ​ഗുഹ. താപസാദ്രി ​ഗുഹ എന്നാണ് ഇതിന്റെ പേര്. ഗുഹയ്ക്കകത്തുകൂടെ കുറേദൂരം സഞ്ചരിക്കാനാകുമത്രേ. എന്നാൽ അപ്പുറത്ത് എന്തെല്ലാം കാഴ്ചകളാണുള്ളത് എന്ന കാര്യം ആർക്കും ഒരു പിടിയുമില്ല. പാമ്പുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള ഇടമായതിനാൽ റിസ്കെടുക്കേണ്ട എന്ന് വിചാരിച്ചു. ​ഗുഹയിൽ നിന്നും പുറത്തുകടന്നപ്പോൾ ചുറ്റും ഇരുട്ടുപടരാൻ തുടങ്ങിയിരുന്നു.

Muniayar 4
താപസാദ്രി ​ഗുഹ

മുനിയറയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതാണ്. പഞ്ചപാണ്ഡവരുമായുള്ള ബന്ധത്തെ കൂടാതെ പല കഥകളുമായും ഇവിടം കെട്ടുപിണഞ്ഞുകിടക്കുന്നു. മഹാശിലായുഗത്തിലാണ് ഇവ നിർമിക്കപ്പെട്ടതെന്നും അന്ന് ജീവിച്ചു മരിച്ച ആളുകളെ മറവ് ചെയ്യാനാണ് ഇത്തരം അറകൾ നിർമിച്ചതെന്നും ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ഋഷിവര്യന്മാർ ഇവിടെവന്ന് തപസ്സനുഷ്ഠിച്ചുവെന്നും അവർ താമസിച്ച അറയായതുകൊണ്ടാണ് മുനിയറ എന്ന പേര് ഈ പ്രദേശത്തിന് കൈവന്നതെന്നുമാണ് മറ്റൊരു വാദം. ഇവിടെ ഇരുന്ന് ധ്യാനിച്ചാൽ ഓംകാരധ്വനി ഇപ്പോഴും കേൾക്കാനാകും എന്ന് പ്രദേശവാസികൾ പറയുന്നു. കാഴ്ചകളെല്ലാം കണ്ടു. ഇനി ഒന്ന് വിശ്രമിക്കാം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ആ പാറമുകളിൽ കണ്ണടച്ചിരുന്നു. കാറ്റിന്റെ തലോടലും മൂളലും മാത്രം. ഐതിഹ്യങ്ങൾ എന്തുമാകട്ടെ, പക്ഷേ, കണ്ണടച്ച് ഇരിക്കുമ്പോൾ ദൈവികമായ എന്തോ ഒരനുഭൂതി ശരീരത്തിനെയും മനസ്സിനെയും പൊതിയുന്ന പോലെ. അതോ പഞ്ചപാണ്ഡവർ അറിയാതെ തൊട്ടരികിലൂടെ കടന്നുപോയതാണോ?

Yathra Travel Info

 

Munnar

The idyllic hill station Munnar. famous for its tea estates, exotic lush greenery and craggy peaks, is located in the as the Western Ghats, in the state of Kerala. It serves as commercial centre for some of the world's largest tea estates. In addition, Munnar has many protected areas which are home to endemic and highly endangered species like the Nilgiri Thar and the Neelakurinji. Muniyara is situ ated in Muttukadu approxi in mately 22 kms from Munnar The place takes the name from the legendary Pandavas, as de scribed in the great Indian epic Mahabharata". Historians says that the Pandavas, during their exile, resided at Muniyara

Getting There

By Air: Munnar does not have its own airport. If you wish to fly to Munnar, the nearest airport is Cochin) International airport, which is located at a distance of 110 km from Munnar. From here on, you can hire a cab or board the Kerala road transport bus ar By Road: es directly to connected Munnar Munnar is well-connected from the main cities of Kerala You can find a huge number of public buses from all the major cities of Kerala. Buses are also available from Tamil Nadu to Munnar By Rail: The nearest railway station to Munnar is: Aluva, located approximately 100 km away from Munnar

Yathra Subscription
യാത്ര വാങ്ങാം

Sights Around 

Tea museum, Echo point, Mattupetty Dam, Theni, Pothanmedu, Eraviku lam National Park, Top station, Kandala Dam, Chinnakkanal Waterfalls, Marayoor

Best Season 

September to May

Stay 

there are many stay options available at Munnar


(മാതൃഭൂമി യാത്ര 2019 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: mysterious caverns in munnar, munnar hills, munnar travel, mathrubhumi yathra