കൊടുമുന്താരിമലകളുടെ കാവൽക്കാരാ, അതിക്രമിച്ചെത്തിയത് പൊറുക്കുക. കാട്ടിലെ കൗതുകങ്ങൾ തേടിയെത്തിയ സഞ്ചാരികളാണ് ഞങ്ങൾ. 104-ലും കാടിന്റെ തളരാത്ത വീര്യവുമായി മുന്നിൽ നിൽക്കുന്ന അപ്പണ്ണയെ കണ്ടപ്പോൾ മനസിൽ വിശ്വസഞ്ചാരിയായ എസ് കെ പൊറ്റക്കാടിന്റെ വരികൾ ആവേശിച്ചു.

മുന്താരിയിലെത്തുന്നതിനു മുമ്പ് ചെറുപുഴയിൽ നിന്നു തന്നെ ഈ അപ്പണ്ണയെ കുറിച്ച് കേട്ടിരുന്നു. ഷാർപ്പ് ഷൂട്ടർ. മുന്താരിയെന്ന കൊടുംവനത്തിൽ കൃഷിയുമായെത്തിയ അയ്യങ്കാർമാർക്കു വേണ്ടി മൃഗങ്ങളെ തുരത്തിയും ഏലത്തിനും കാപ്പിയ്ക്കും കാവലിരുന്നും ജീവിതം കാട്ടിൽ ഒഴിഞ്ഞുവെച്ചൊരാൾ. കാക്കിപാന്റും ഷർട്ടും കയ്യിൽ തോക്കുമായി കാടുചുറ്റുന്ന കാവൽക്കാരൻ. മകൻ ബെള്ളയപ്പനും പെൺമക്കളുമെല്ലാം കാടിന്റെ മക്കളായി വളർന്നു. പനയിൽ കയറി കള്ളെടുക്കാനും തേനെടുക്കാനും എല്ലാം മതിയായ പെൺതരികൾ. അങ്ങിനെ നാട്ടിൽ അപ്പണ്ണയെ കുറിച്ചുള്ള കഥകൾ കേട്ട് മുന്താരിക്കാടിന്റെ പുറംലോകമായ പുളിങ്ങോമുകാരും ചെറുപുഴക്കാരും അയാളെ കാണണമെന്നാഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു യാത്രയുണ്ടെന്നറിഞ്ഞപ്പോൾ നാട്ടുകാരായ സുനിൽ ആമ്പിലേരിയും സുജിത്തും കൂടെ വന്നത്. അവരുടെ ഭാവനയിൽ ഒരു അപ്പണ്ണയുണ്ടായിരുന്നു. ഇപ്പോഴിതാ ഞങ്ങളുടെ മുന്നിൽ സാക്ഷാൽ അപ്പണ്ണ. മുറുക്കിയതിന്റെ ഇത്തിരി ബാക്കി നുണഞ്ഞു കൊണ്ട് കൊടുമുന്താരിമുടിയിലെ കുടിലിന്റെ വരാന്തയിലെ ബെഞ്ചിലിരിക്കുന്നു. കൈയിൽ തോക്കില്ല. വേഷത്തിൽ പ്രതാപമില്ല. മുന്താരിയുടെ പ്രതാപവും അസ്തമിച്ചിരിക്കുകയാണ്. ജൻമികൾ ഭൂമി കൈയൊഴിഞ്ഞു. കർഷകരും കാടിറങ്ങി. 40 ഓളം കുടുംബങ്ങളെ ഇപ്പോൾ അവശേഷിക്കുന്നുള്ളു. അതിൽ തന്നെ പലരും കൃഷി ആവശ്യത്തിന് മാത്രം വന്ന് തിരിച്ചുപോകുന്നവരാണ്. മാത്തച്ചനാണ് കൂട്ടത്തിൽ പ്രമുഖനായ കർഷകൻ. അതുകൊണ്ട് തന്നെ യാത്ര പുറപ്പെടും മുമ്പ് ഞങ്ങൾ മാത്തച്ചനെ വിളിച്ചിരുന്നു. ഞങ്ങളൊരു അഞ്ചുപേരങ്ങോട്ട് വരുന്നുണ്ട്. ഉച്ചയ്ക്ക് ഊണ് കിട്ടിയാൽ സന്തോഷായി. ഡ്രൈവർ മുരളിയേട്ടൻ വിളിച്ചു പറഞ്ഞു. അതിരാവിലെ പുളിങ്ങോമിൽ നിന്നാണ് പുറപ്പെട്ടത്. തലേദിവസം കർണാടക വനംവകുപ്പിന്റെ പുളിങ്ങോമിലുള്ള ഓഫീസിൽ ചെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ അരുണിനെ കണ്ട് അനുവാദം വാങ്ങിവെച്ചിരുന്നു. തോട്ടിലെ ഉരുളൻ കല്ലുകൾ താണ്ടി ചാഞ്ചാടിയാടി പോകുന്ന ജീപ്പിൽ, മഴയും കാടും തമ്മിലുള്ള ലയനഭംഗികൾക്കിടയിലൂടെയായിരുന്നു സവാരി. മഴയിൽ അടിക്കാടുകൾ സമൃദ്ധമായിരുന്നു. തേക്കുമരങ്ങൾ കിരീടം ചൂടി വേറിട്ടു നിന്നു.

വഴിയിലൊരു തോടുണ്ടായിരുന്നു അവിടെ നിർത്തി കുറച്ച് ചിത്രങ്ങളെടുത്തു. പിന്നെ അഞ്ചുകിലോമീറ്റർ താണ്ടിയപ്പോൾ വണ്ടി നിർത്തി. ഇനി നിങ്ങൾക്കൊരു അത്ഭുതലോകം കാട്ടിതരാം. മുരളിയേട്ടൻ നയിച്ച പാതയിലൂടെ, സോറി പാതയല്ല, കല്ലും മുള്ളും താണ്ടി താഴെയെത്തി. എന്നോ വീണ് ജീർണിച്ചുകൊണ്ടിരിക്കുന്ന ഒരു മരം പാലമായി കിടപ്പുണ്ട്. അതിൽ തപ്പി പിടിച്ചിറങ്ങിയത് ഒരു പ്ലാറ്റ്ഫോറം പോലുള്ളൊരു വിശാലമായ പാറയിൽ. ചുറ്റും കൊടുംകാട്. നടുവിൽ തുറന്നുകിടക്കുന്ന പാറതുരുത്തും. വഴുക്കലുണ്ടായിരുന്നു. കാറ്റും കുളിരുമുണ്ടായിരുന്നു. പിന്നെ ഇരു വശത്തുമായി കുതിച്ചൊഴുകുന്ന പുഴയുടെ പൊട്ടിച്ചിരിയും. വാലുപോലെ കിടക്കുന്ന പാറയായതു കൊണ്ട് വാലൻപാറയെന്നായിരുന്നു പേര്. എന്നാൽ വല്ലപ്പോഴുമെത്തുന്ന സഞ്ചാരികൾ ഇതിനുമുകളിലിരുന്ന് മദ്യസേവ തുടങ്ങിയതിൽ പിന്നെ പാറയിപ്പോൾ വിസ്കിപ്പാറയാണ്.

വീണ്ടും ജീപ്പിൽ കയറി. ചില കയറ്റങ്ങളിൽ നിന്ന് ജീപ്പ് പോയപോലെ തിരിച്ചുവരും. ഹനുമാൻ ഗിയറും പിടിക്കാതാവുമ്പോൾ ഞങ്ങൾ ഇറങ്ങും. അതിനു കാത്തിരിക്കുന്നപോലെ അട്ടകൾ വന്ന് പൊതിയും. മുന്താരിയിലെ കർഷകർക്ക് തങ്ങളുടെ കാർഷിക വിളകൾ മാർക്കറ്റിലെത്തിക്കാൻ സൗകര്യത്തിന് ആഴ്ചയിൽ രണ്ടു ദിവസമേ ജീപ്പ് അകത്തേക്ക് വിടൂ. ആ ദിവസം നോക്കി ജീപ്പുകാരെ പിടിച്ചാൽ നിങ്ങൾക്കും ഈ കാടുകാണാം. അല്ലാതൊരു വിനോദസഞ്ചാര പാക്കേജ് ഇങ്ങോട്ട് പ്രതീക്ഷിക്കരുത്.

ഇതാ മാത്തച്ചന്റെ വീടായി. ഇവിടുത്തെ ഏക ടെറസ് വീടാണ്. തികഞ്ഞ കൃഷിക്കാരനാണ് മാത്തച്ചൻ. കാപ്പിയും വാഴയും കപ്പയും ജാതിയും തെങ്ങും കവുങ്ങുമെന്നു വേണ്ട ഏതാണ്ട് സ്വയംപര്യാപ്തമായ ഒരു കാർഷികഭൂമി. മാത്തച്ചൻ തൊടുപുഴയിൽ നിന്നും കുടിയേറിയതാണ്. വർഷങ്ങളായി ഇവിടെ കൃഷിയുമായി കഴിയുന്നു. മൂന്നു മക്കളും കൃഷിപ്പണിയിൽ സഹായിക്കുന്നു. മൂത്തമകൻ ജിതേഷ് എൽ എൽ ബി അവസാനവർഷമായിരുന്നു. അവന്റെ അമ്മ മരിച്ചതിൽ പിന്നെ പഠിത്തം നിർത്തി ഇപ്പോൾ കൃഷിപ്പണിയിൽ അപ്പനെ സഹായിക്കുന്നു. എൽ എൽ ബി പൂർത്തിയാക്കികൂടായിരുന്നോ? ജിതേഷിനോട് ചോദിച്ചപ്പോൾ മറുപടി മാത്തച്ചനാണ് പറഞ്ഞത്. കൃഷിപ്പണി അത്ര മോശമൊന്നുമല്ല.

മുന്താരി ചുറ്റിക്കാണാൻ ജിതേഷ് കൂടെ വന്നു. മുന്താരിയിലിപ്പോൾ നാൽപ്പതോളം മലയാളികളാണ് ഉള്ളത്. അതിൽ പലരും നാട്ടിലേക്ക് പോയി. കൃ ഷിപ്പണിക്കും വിളവെടുപ്പിനും മാത്രം വരും. മാത്തച്ചനെ പോലെ പത്തോളം കുടുംബങ്ങളേ സ്ഥിരതാമസമുള്ളു. പിന്നെ മുന്താരിയുടെ ആദ്യകാല കാവൽക്കാരനായ അപ്പണ്ണയും.

ഞങ്ങൾ കൃഷിയിടത്തിലൂടെ നടന്നു. കവുങ്ങ് പലതും രോഗം വന്ന് നശിച്ചിരിക്കുന്നു. തെങ്ങിനും ക്ഷീണകാലമാണ്. വാഴയും കപ്പയും കാപ്പിയും ജാതിയുമാണ് ഇപ്പോൾ വരുമാനം കൊണ്ടുവരുന്നത്.

Munthari 2

എല്ലായിടത്തും വൈദ്യുതി സ്വന്തമായുണ്ട്. പി വി സി പൈപ്പിൽ നദിയിൽ നിന്നും വെള്ളം കൊണ്ടുവന്നു ശക്തി കൂട്ടി ഫാനിലേക്ക് വിടും ഡയനാമോ പ്രവർത്തിപ്പിച്ച് വൈദ്യുതിയുണ്ടാക്കി. ഫാനും ലൈറ്റും അത്യാവശ്യം ടി വി യും അതിൽ പ്രവർത്തിക്കും. വിദ്യാഭ്യാസമാണ് വലിയ പ്രശ്നം. മിക്കവരും ബോർഡിങ്ങിൽ പഠിച്ചവരാണ്. ചെറിയ ക്ലാസ്സുകളിലേക്ക് കോഴിച്ചാൽ വരെ നടന്നു പോകും. ആനയും പുലിയുമെല്ലാമുള്ള കാട്ടിൽ അതൊരു സാഹസികയാത്ര തന്നെയായിരുന്നു. എന്തായാലും അതെല്ലാം താണ്ടി അനേകം കുടുംബങ്ങളിവിടെ ജീവിതം നട്ടുനനച്ചു വളർത്തിയെടുത്തു. എല്ലാവരും മനസു കൊണ്ട് മലയാളികളും ശരീരം കൊണ്ട് കർണാടകക്കാരുമാണിവിടെ. വോട്ട് കർണാടകയിലാണ്. കൃഷി ആനുകൂല്യങ്ങളെല്ലാം കർണാടക സർക്കാരിന്റേതാണ്. ബാങ്കിടപാടുകൾക്ക് മടിക്കേരി പോവണം ഇവർ.

നടന്ന് നടന്ന് കയറ്റത്തിലെത്തി. അവിടെ നിന്നും വലത്തോട്ട് തിരിയണം. അവിടെയാണ് അപ്പണ്ണ താമസിക്കുന്നത്. അപ്പണ്ണയുടെ മകൻ ബെള്ളയപ്പൻ ഞങ്ങളെ കണ്ടതും ഓടി വന്നു. രണ്ട് കുട്ടികൾ അകത്ത് കളിക്കുന്നു. ബെള്ളയപ്പന്റെ മക്കളാണ്. ആദ്യഭാര്യയിൽ മൂന്നു വലിയ കുട്ടികളുണ്ടയാൾക്ക്. ഇതിപ്പം രണ്ട് കുട്ടികൾ. ബെള്ളയപ്പൻ ഞങ്ങളെ മുന്താരിയുടെ പ്രതാപകാലത്തേക്ക് കൂട്ടികൊണ്ടുപോയി. മുകളിൽ ഏലം ഉണക്കുന്ന സൗകര്യവും കെട്ടിടവും ഉണ്ടായിരുന്ന സ്ഥലം കാട്ടി തന്നു. കെട്ടിടങ്ങൾ തകർന്നു കിടക്കുകയാണ്. അപ്പണ്ണ താമസിച്ചിരുന്ന സ്ഥലവും തകർന്നു കിടക്കുന്നു. ഒരു കുല പാതി പഴുത്തു കിടക്കുന്നു. കുറച്ചു കിളികൾ തിന്നിട്ടുണ്ട്. ബെള്ളയപ്പൻ അപ്പണ്ണയെ കുടകുഭാഷയിൽ നീട്ടി വിളിച്ചു. അപ്പണ്ണ നല്ല പയറുമണിപോലെ കയറിവന്നു. കയ്യിലൊരു കൊടുവാളും. കുലകൊത്തി താഴോട്ട് വന്ന് കുട്ടികൾക്ക് കൊടുത്തു. കൊതിയസമാജം കുലയ്ക്ക് ചുറ്റും കൂടി. ബെള്ളയപ്പൻ അകത്തുപോയി തലേദിവസം എടുത്ത തേനടകൾ കൊണ്ടു തന്നു. വാഴയിലകളിൽ വെച്ച് തേനടകൾ ഞങ്ങൾ പങ്കുവെച്ചു കഴിച്ചു.

വഴിക്ക് നിറയെ പേരമരം. മാങ്ങയുമുണ്ട്. അട്ടയെ തുരത്താനെടുത്ത ഉപ്പും കാട്ടിലെ കാന്താരിമുളകും ഉടച്ച് പച്ചമാങ്ങയും പേരക്കയും തിന്നു. കാട്ടാറിലെ വെള്ളവും കൂടിയായപ്പോൾ എരിവടങ്ങി. വിശപ്പും പോയി.

മാത്തച്ചന്റെ വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും ഊണ് കാലമായിരുന്നു. കാടല്ലേ, ഒരു ചോറും ചമ്മന്തിയും ഏറിയാൽ കുറച്ചു തൈരും കാണുമായിരിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാലങ്ങിനെ ആയിരുന്നില്ല. രണ്ട് കൂട്ടം തോരനും ഉണക്കമീൻ കറിയും, സ്പെഷൽ അരിക്കൂൺ തോരനും. ഊണും കുശാലായെന്നു പറഞ്ഞാൽ മതിയല്ലോ?

കുരുമുളകുവള്ളികൾ പിടിച്ചുകെട്ടാൻ കാട്ടിൽ നിന്നുള്ള മരത്തിന്റെ തോലുകൊണ്ടു വന്നു പൊളിച്ചെടുക്കുകയാണ് രണ്ടുപേർ. അവർ വയനാട്ടിൽ നിന്നും വന്നവരാണ്. സീസണിൽ പണിക്കുവരും, അതു കഴിഞ്ഞാൽ പോകും. അതാണ് പതിവ്. അങ്ങിനെയും ചില സന്ദർശകരുണ്ടിവിടെ.

ഭക്ഷണം കഴിഞ്ഞപ്പോ മാത്തച്ചനോടൊരു നേന്ത്രക്കുലയും വാങ്ങി ജീപ്പിലിട്ടു. വീണ്ടും നാട്ടിലേക്ക്. കർണാടക അതിരിലെത്തും മുമ്പൊരു തൂക്കുപാലമുണ്ടെന്ന് മുരളിയേട്ടൻ പറഞ്ഞു. എന്നാൽ അതുകൂടിയൊന്നു കണ്ടേക്കാമെന്നു കരുതി. ജീപ്പ് നിർത്തി കുറച്ചുദൂരം കാട്ടിലൂടെ നടന്നു. ഓടി എന്നു പറയാം. കാരണം അട്ടകൾ പൊതിയാൻ തുടങ്ങിയിരുന്നു. തേജസ്വിനിക്കു കുറുകെയാണ് തൂക്കുപാലം. പാലം കടന്നാൽ മറ്റൊരു കാ നനപാതയാണ്. കർണാടക വനംവകുപ്പിന്റെ ഗസ്റ്റ്ഹൗസുമുണ്ട്.

തിരിച്ചെത്തി കർണാടക അതിർത്തിയിലെത്തി. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. കാവൽക്കാരൻ കേരളത്തിലാണ്. ഒരു പീടികമുറിയുടെ മുകളിൽ താമസിക്കുന്ന അയാളെ കണ്ടെത്തി. താക്കോലു വാങ്ങികൊണ്ടു വന്നു. സുനിലും ഡവറും താക്കോലു വാങ്ങാൻ പോയ നേരം കൊണ്ട് ഞങ്ങളാ അരുവിയിൽ കിടന്നു കുളിച്ചു. അവർ താക്കോലുമായെത്തി. ചങ്ങലഗേറ്റ് തുറന്നു. കേരളമെത്തി. തിരിഞ്ഞുനോക്കി. പളുങ്കുപോലുള്ള അരുവി കടന്ന് കാട്ടിനുള്ളിലേക്ക് നീണ്ടു വളഞ്ഞ് കിടക്കുന്ന പാത മരങ്ങൾക്കിടയിലേക്ക് മന്ദമായി മറയുന്നു.

Travel Info 

Mathrubhumi Yathra
മാതൃഭൂമി യാത്ര വാങ്ങാം

ചുറ്റുവട്ടം

മുന്താരിയിലേക്കുള്ള യാത്രയിൽ പ്ലാൻ ചെയ്യാവുന്ന മറ്റു പ്രധാന സ്ഥലങ്ങൾ കൊട്ടത്തലച്ചി, തേജസ്വിനിയിലെ റാഫ്റ്റിങ്ങ് എന്നിവയാണ്. ചെറുപുഴയോ പുളിങ്ങോമോ കേന്ദ്രീകരിച്ചാണ് ഈ യാത്രകൾ. ചെറുപുഴയിൽ നിന്ന് കൊട്ടത്തലച്ചിക്ക് 12 കിലോമീറ്റർ. റാഫ്റ്റിങ്ങ് നടക്കുന്ന പുളിങ്ങോമിലേക്ക് 5 കിലോമീറ്റർ. ജോസ്ഗിരി 18. കൊട്ടഞ്ചേരി മല 15 കിലോമീറ്റർ. പൈതൽ മല 45 കി.മീ. ബേക്കൽ കോട്ട 55 കി.മീ. എന്നിവ യാണ് മറ്റു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ.

(മാതൃഭൂമി യാത്ര 2014 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Munthari, jeep safari, trekking in munthari, forest village in karnataka