മൂന്നാര്‍: പഴയ മൂന്നാറിലെ കുന്നിന്‍മുകളില്‍ ഒരു കല്ലറയുണ്ട്. ഇംഗ്ലണ്ടുകാരിയായ എലനോര്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറ. സ്‌നേഹത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമായി ആ കല്ലറ രൂപംകൊണ്ടിട്ട് 123 വര്‍ഷങ്ങള്‍ തികഞ്ഞു.

എലനോറിന്റെ കഥയിങ്ങനെ: ബ്രിട്ടീഷ് അധീനതയിലായിരുന്ന മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയിലകമ്പനി മാനേജരായിരുന്നു ഇംഗ്‌ളണ്ട് സ്വദേശിയായ ഹെന്‍ട്രി മാന്‍സ് നൈറ്റ്. ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു എലനോര്‍ ഇസബെല്‍. 1894 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഇവര്‍ മൂന്നാറിലെത്തി. മധുവിധു ആഘോഷത്തിനിടയില്‍ ഭര്‍ത്താവുമൊന്നിച്ച് പഴയ മൂന്നാറിലെ തേയിലതോട്ടത്തിന്റെ നെറുകയിലെത്തി. മൂന്നാറിന്റെ മനം മയക്കുന്ന സൗന്ദര്യത്തില്‍ മുഴുകി, ഭര്‍ത്താവുമൊത്ത് കുന്നിന്‍മുകളിലിരുന്ന എലനോര്‍ താന്‍ മരിച്ചാല്‍ എന്നെ ഈ മലമുകളില്‍തന്നെ അടക്കണം എന്ന് തമാശമട്ടില്‍ ഭര്‍ത്താവിനോട് പറഞ്ഞു.

ഈ വാക്കുകള്‍ അറംപറ്റിയതുപോെലയായി. തൊട്ടടുത്ത നാളില്‍ കോളറ പിടിപെട്ട് എലനോര്‍ കിടപ്പിലായി. 1894 ഡിസംബര്‍ 23-ന് ഇരുപത്തിനാലാം വയസില്‍ മരിച്ചു. പ്രിയതമയുടെ മൃതശരീരം സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും ഹെന്‍ട്രി സമ്മതിച്ചില്ല.
 
ഭാര്യയുടെ ആഗ്രഹപ്രകാരം അതേ കുന്നിന്‍മുകളില്‍തന്നെ സംസ്‌കരിച്ചു. ഇതിനുശേഷം 17 വര്‍ഷം കഴിഞ്ഞാണ് ഇവിടെ സി.എസ്.ഐ. ദേവാലയം സ്ഥാപിച്ചത്. മൂന്നാറില്‍ മരിച്ച് അടക്കം ചെയ്ത ആദ്യ വിദേശിയാണ് എലനോര്‍. ഇതടക്കം 44 വിദേശികളെ ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്. കുന്നിന്‍മുകളില്‍ പ്രത്യേകം ഒരുക്കിയ കല്ലറയിലാണ് എലനോറിനെ അടക്കം ചെയ്തിരിക്കുന്നത്.